പഴമയുടെ സൗഹൃദം പൂത്തുലയുന്ന സംഗമവേദികൾ., പുനഃസമാഗമങ്ങൾ ഒരുങ്ങുകയാണ് എല്ലായിടത്തും. അതിന്റെ കൊടിയേറ്റവും വെടിക്കെട്ടും പലർക്കും ഉത്സാഹം പകരുന്നെങ്കിലും ചിലരൊക്കെ ആശങ്കയോടെയാണ് ഇതൊക്കെ നോക്കികാണുന്നുവെന്നുള്ളത് രസകരമാണ്. ഇതിലെ കലാപരിപാടികളിൽ മുഴങ്ങി കേൾക്കുന്നത് മിക്കവാറും സിനിമാഗാനങ്ങളും അതിലെ ഡയലോഗുകളുമാണ്. ഓർമ്മയുണ്ടോ ഈ മുഖം, ഒരു വട്ടംകൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ, അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അങ്ങനെ ഓരോരുത്തരും കാത്തു സൂക്ഷിക്കുന്ന സ്വപനങ്ങളുടെ പട്ടങ്ങൾ അവിടെ പറത്തുന്നു.ഇതെല്ലാം ആനന്ദദായകങ്ങൾ എങ്കിലും കലാപരിപാടികളിൽ അവസാനത്തെ ഇനമായ "ഒളിച്ചോട്ടം" സന്നിഹിതരാകുന്നവർക്കൊക്കെ പേടിസ്വപ്നമാണ്.
പൂർവ്വവിദ്യാർത്ഥി സംഗമത്തിന് പോകാനൊരുങ്ങുന്ന ഭാര്യയോട് ഭർത്താവ് ചോദിച്ചുവത്രെ "നീ തിരിച്ചു വരുമല്ലോ". മനം പോലെ മാംഗല്യം നടക്കാത്തവരൊക്കെ പൂർവകാമുകികാമുകന്മാരെ മനസ്സിൽ ആരാധിച്ചുകൊണ്ടിരിക്കും. കാലം വരുത്തുന്ന ചില്ലറ കേടുപാടുകളോടെ അവരെ വീണ്ടും കണ്ടുമുട്ടുമ്പോൾ സകലതും മറന്നു ആ വിഗ്രഹങ്ങൾക്ക് പുറകെ അനുരാഗഭകതർ പുറപ്പെട്ടു പോകാൻ തയ്യാറാകുന്നു. ധാരാളം പ്രിയ കാമുകിമാർ ഉണ്ടായിരുന്നവരൊക്കെ ഇത്തരം വേദികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കയാണ് ബുദ്ധിയെന്നു അയാൾ മനസ്സിൽ കരുതി. അവരെല്ലാം കൂടെപോന്നാൽ പിന്നെ മായക്കണ്ണനായി അവരെയൊക്കെ ഗോപികമാരാക്കി യമുനാതീരത്തേക്ക് കൊണ്ടുപോകേണ്ടി വരും. എന്നിട്ട് അവരിൽ ഒരാൾ വശം രാധക്ക് കൊടുക്കുവാനായി സന്ദേശം നൽകുക.
“ധീര സമീരെ യമുന തീരെ വസതിവനെ വനമാലി” കാനനപ്പൂക്കൾ കൊണ്ട് കോർത്തെടുത്ത മാലയണിഞ്ഞു മന്ദമാരുതൻ എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന യമുനയുടെ തീരത്ത് കാമദേവനെ വെല്ലുന്ന വിധം വശ്യതയോടെ കൃഷ്ണൻ കാത്തിരിക്കുന്നു. ഓ ദേവന്മാരുടെയൊക്കെ ഒരു യോഗവും സൗഭാഗ്യവും. മനുഷ്യർക്ക് അതെല്ലാം ഓർക്കാനും അതേപ്പറ്റി എഴുതാനുമാത്രം വിധി.
എന്തായാലും ആൾക്കൂട്ടത്തിൽ തനിയെ ഇങ്ങനെ കഴിയുന്ന സുഖം ഒന്ന് വേറെ. പ്രണയംപോലെ ലഹരി പകരുന്നതാണ് ഭക്തിയും. തൊട്ടടുത്താണ് ദക്ഷിണ കൈലാസം എന്ന പേരിലറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കുംനാഥന്റെ പ്രദിക്ഷണവഴിയായിട്ടാണ് സ്വരാജ് റൗണ്ട് അറിയപ്പെടുന്നത്. വിദ്യാഭ്യാസകാലത്ത് ഇവിടെ കൂട്ടുകാരുമായി നിന്ന അപൂർവ നിമിഷങ്ങൾ പൂക്കാവടി എടുത്ത് ആട്ടം ആരംഭിച്ചു. സുന്ദരിമാരെ കാണാൻ ഭഗവാനെ തൊഴാനെന്ന വ്യാജേന അമ്പലത്തിലേക്ക് കയറിപോയിരുന്ന കോളേജ്‌കുമാരന്റെ മനസ്സ് കളഞ്ഞുപോയിരുന്നു. ഇപ്പോൾ ശരിക്കും ഭഗവത് ദർശനത്തിനായി ക്ഷേത്രത്തിലേക്ക് ചെന്നു.
വടക്കുന്നാഥന്റെ മുന്നിൽ പോയി തൊഴുതു മടങ്ങുമ്പോൾ ചുറ്റും കണ്ണോടിച്ചു. തേക്കിൻകാട് മൈതാനം മാറിപ്പോയി. പുതുവത്സരപ്പിറവി പ്രമാണിച്ച് അമ്പലത്തിലേക്ക് ധാരാളം പേർ പോകുന്നുണ്ട്. “”ദേഹോ ദേവാലയ പ്രോക്തു ജീവേ ദേവ സദാശിവ” എന്നാണു “കുളാർവ തന്ത്രത്തിൽ: പറയുന്നതു.. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനിൽ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണർത്തുകയാണ്. ദേഹം ദേവാലയമായി സങ്കല്പിച്ചാൽ ജീവൻ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിൽ എങ്ങനെയാണോ ജീവൻ അതേപോലെയാണ് ക്ഷേത്രത്തിൽ ദേവചൈതന്യം. ആളുകൾ ഇതൊന്നുമറിയാതെ കണ്ണെഴുതി പൊട്ടും തൊട്ടു അണിഞ്ഞൊരുങ്ങി പോകുന്നു.
ഇതുവഴി പഴയകാല വിദ്യാർത്ഥിസുഹൃത്തുക്കൾ കടന്നു വന്നേക്കാം.. തേക്കിൻകാട് മൈതാനം ഒരു സംഗമവേദിയാക്കാം.മുന്നിലേക്ക് മുടി പിന്നിയിട്ടു ചന്ദനകുറിയിട്ട് വരുന്ന രാധാലക്ഷ്മി (യഥാർത്ഥ പേരല്ല) ഇടക്കൊക്കെ പണ്ടത്തെപ്പോലെ പൂവും പ്രസാദവുമായി വരാറുണ്ടെന്ന് ഉണ്ണികൃഷ്ണൻ വാട്സാപ്പിൽ ഇട്ടിരുന്നു. രാധാലക്ഷ്മിയുടെ കണ്ണുകൾ മനോഹരങ്ങളായിരുന്നു. "അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെ ഇരുന്നേറെ നേരം" എന്ന പാട്ടു ഇറങ്ങും മുമ്പേ അവളുടെ മിഴികളിൽ വെറുതെ നോക്കിയിരിക്കാൻ ഇഷ്ടമായിരുന്നു. അതേക്കുറിച്ച് അവളോട് പറയുമ്പോൾ വ്രീളാവിവശയായി എന്നാൽ ധൈര്യം സംഭരിച്ച് അവൾ പറയുമായിരുന്നു. ഡാ ചെക്കാ എനിക്ക് നിന്നോട് പ്രണയമൊന്നുമില്ല. അത് മോഹിച്ച് നീ എന്നെ പുകഴ്ത്തി കാര്ര്യം നേടാമെന്ന് മോഹിക്കണ്ട. ഞാനൊരു അന്തർജ്ജനമാണെന്ന കാര്യവും മറക്കണ്ട. പിന്നെ അവൾ കാളിദാസന്റെ പാർവതിയുടെ മേൽ വീണ ആദ്യത്തെ മഴതുള്ളി പോലെ (പ്രഥമോദ ബിന്ദ വ) എവിടെയൊക്കെയോ തട്ടിത്തടഞ്ഞു ഉടഞ്ഞു അവിടം വിട്ടുപോകും
പ്രണയവും സാഹിത്യവും തൊട്ടു തീണ്ടിയിട്ടില്ലാത്ത മാത്തൻ അപ്പോൾ പറയും വല്ല പെണ്ണുങ്ങളുടെയും കണ്ണിൽ നോക്കി വെറുതെ ഇരിക്കുക, വേറെ പണിയൊന്നുമില്ലേ? അന്ന് തൊട്ടു മാത്തന്റെ പേര് ഇട്ടൂപ് എന്നായി. കാരണം വി കെ എന്റെ പയ്യൻസ് കഥകളിലെ കഥാപാത്രമാണ് ഇട്ടൂപ്പ് മുതലാളി. രണ്ടുപേരും ഒരു രാത്രി ഈ തേക്കിൻകാട് മൈതാനത്തു നേരം കളയാൻ വന്നിരിക്കായായിരുന്നു. ഇട്ടൂപ് മുതലാളി മേലോട്ട് നോക്കി പറഞ്ഞത് കാസറീട്ടുണ്ടല്ലോടാ. നീ നോക്ക് എന്നാണു അപ്പോഴാണ് പയ്യൻസ് ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗി കാണുന്നുനത്. മൂപ്പർ ആ രംഗം ഇങ്ങനെ വിവരിച്ചു. "ക്ഷീരതാരാ ചർച്ചിതമായ പൂം ശരൽക്കാലാകാശം"... അത് കേട്ട് ഇട്ടൂപ്പിനു ദ്വേഷ്യം വന്നു. അദ്ദേഹം ചോദിച്ചു എന്തൂട്ട് എന്തൂട്ട്. പയ്യൻ ആവർത്തിച്ചു "ക്ഷീരതാരാ ചർച്ചിതമായ പൂം ശരൽക്കാലാകാശം. ഇട്ടൂപ് മുതലാളി വിട്ടുകൊടുത്തില്ല. എന്നുവച്ചാൽ എന്താണ്ടാ...പയ്യൻ പറഞ്ഞു ഒന്നുമില്ല നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം എന്ന് ധരിച്ചാൽ മതി. എന്നാ പിന്നെ അങ്ങനെ പറഞ്ഞാൽ പോരെ.. പയ്യൻ "അത് ഞാൻ സാഹിത്യത്തിൽ പറഞ്ഞതാണ്." ഇട്ടൂപ്പ് ' ഡാ നിങ്ങള് സാഹിത്യകാരന്മാർ തെണ്ടികളാ , നിങ്ങളീ നാട് മുടിക്കും. . ഇവിടെ നക്ഷത്രങ്ങളുള്ള ആകാശമാണ് സംഗതി. അതിനാണ് നീയിപ്പറേണ ചീരാ ചർച്ചാന്നൊക്കെ..പെൺകുട്ടികളുടെ സൗന്ദര്യം സാഹിത്യത്തിൽ വർണ്ണിക്കുമ്പോൾ മാത്തനതൊന്നും ദഹിക്കുകയില്ല.
ഇപ്പോൾ അവരെല്ലാം എവിടെ? പ്രതിവർഷം സംഘടിപ്പിക്കുന്ന സംഗമവേദികളിൽ ചിലരൊക്കെ ഒത്തുകൂടുന്നുതായി അറിയാമെങ്കിലും പങ്കെടുക്കാൻ തോന്നാറില്ല. സ്വന്തം മുറിയിലിരുന്ന് ഫോൺവഴി ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന സ്വകാര്യത പൊതുചടങ്ങുകൾക്കില്ല.. പരിസരത്തിനു അഴകേറുന്നു. മനസ്സിൽ സ്വപ്‍ന സൂര്യൻ ഉദിക്കുന്നതുകൊണ്ടായിരിക്കാം. ചുറ്റിലും അലയടിക്കുന്നത് സൗന്ദര്യം മാത്രം. അരികിൽ ആരൊക്കെ ഉണ്ടാകണമെന്നാണ് മനസ്സ് മോഹിക്കുന്നത്?അതൊരു രഹസ്യമാണ്.. ചിലർക്കായി മാത്രം തുറക്കുന്ന മനസ്സിന്റെ വാതിലുകൾ. സംഗമവേളകളിൽ ആ വാതിലുകൾ ചിലപ്പോൾ കൂട്ടത്തോടെ തുറക്കുന്നതുകൊണ്ട് ചിലരൊക്കെ അതിനുള്ളിൽ കയറിപ്പോകുന്നു. മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്. വടക്കുംനാഥന്റെ മുന്നിൽ നിൽക്കുമ്പോൾ ശ്രീകുമാരൻ തമ്പിയുടെ വരികൾ ഓർമ്മ വരുന്നു. “അന്ന് കണ്ട നീ ആരോ ഇന്ന് കാണും നീ ആരോ എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ”. അതെ ഒരു പക്ഷെ രാധാലക്ഷ്മിയും മാത്തനും മുന്നിലൂടെ കടന്നുപോയാലും അവരെ തിരിച്ചറിയണമെന്നില്ല. രാധാലക്ഷ്മിയുടെ കണ്ണുകൾ ഒരു പക്ഷെ ഓർമ്മകളെ പുതുക്കിയേക്കാം. ഏതോ നിയോഗം പോലെ എവിടെ നിന്നോ ഒരു ഹിന്ദി ഗാനം അലയടിച്ചെത്തുന്നു. "തേരി ആൻഗോം കെ സിവ ദുനിയ മേ രഖാ ക്യാ ഹേ "(നിന്റെ കണ്ണുകളല്ലാതെ ഈ ലോകത്തിൽ ഒന്നുമില്ല, അവ രാവിലെ തുറക്കുന്നു വൈകുന്നേരം അടയുന്നു."
ശുഭം