Image

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഏഴു മെഡിക്കല്‍ മുന്നേറ്റങ്ങള്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 02 January, 2024
 കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഏഴു മെഡിക്കല്‍ മുന്നേറ്റങ്ങള്‍ (ദുര്‍ഗ മനോജ് )

പുതിയ വാക്സിനുകള്‍ മുതല്‍ ചികിത്സ ദുഷ്‌കരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വരെ കണ്ടു പിടിച്ചുകൊണ്ട്, വലിയ  മെഡിക്കല്‍ മുന്നേറ്റങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്.
ആളുകളെ രോഗങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കാനും മറ്റുള്ളവരിലേക്കു പകരാതിരിക്കാനും ഉള്ള മരുന്നുകളും കാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ കൃത്രിമബുദ്ധി കടന്നുവന്നതും 2023ലെ മുന്നേറ്റങ്ങളാണ്.

ഈ വര്‍ഷത്തെ ആരോഗ്യശാസ്ത്രരംഗത്തെ ഏറ്റവും വലിയ ഏഴ് കണ്ടുപിടുത്തങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട് ജലദോഷം വന്നാല്‍ മരുന്നു കഴിച്ചില്ലെങ്കില്‍ ഏഴുദിവസം കൊണ്ടു മാറും, ഇല്ലെങ്കില്‍ ഒരാഴ്ചയേ വേണ്ടൂ... അതായത് ജലദോഷം വന്നാല്‍ മരുന്നില്ല എന്ന്. എന്നാല്‍ ആര്‍ എസ് വി അഥവാ റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ഉണ്ടാക്കുന്ന അതേ പഴയ കുഞ്ഞന്‍ ജലദോഷത്തിന് വാക്‌സിന്‍ വന്നെത്തിയിരിക്കുന്നു! ജലദോഷമെന്നു പറയുമ്പോള്‍ നിസ്സാരക്കാരനല്ല എന്ന് ആധുനിക വൈദ്യശാസ്ത്രത്തിനറിയാം. പ്രത്യേകിച്ചും കോവിഡിനു ശേഷം, മുതിര്‍ന്ന പൗരന്മാര്‍ക്കും, ഗര്‍ഭിണികള്‍ക്കും തീരെച്ചെറിയ കുട്ടികള്‍ക്കും വരുന്ന ജലദോഷം പലപ്പോഴും ഗുരുതര പ്രത്യാഘാതങ്ങളിലേക്കു നയിക്കാറുണ്ട്. അതിനെ ചെറുക്കാനാണ് 2023 ല്‍ RSVവാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തത്.വ്യത്യസ്ത പ്രായക്കാര്‍ക്കായി വ്യത്യസ്ത ഡോസ് വാക്‌സിന്‍ ആണ് ഉപയോഗിക്കുക.

60 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക്, പ്രായത്തിനനുസരിച്ച് രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതിനാല്‍ RSV-ല്‍ നിന്ന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍  രണ്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി. ഓരോ വര്‍ഷവും യുഎസില്‍, പതിനായിരക്കണക്കിന് പ്രായമായവര്‍ ആര്‍എസ്വിയില്‍ നിന്ന് ആശുപത്രിയിലാകുകയും ആയിരക്കണക്കിന് ആളുകള്‍ ആര്‍എസ്വി സങ്കീര്‍ണതകള്‍ മൂലം മരിക്കുകയും ചെയ്യുന്നു. ഏറ്റവും ദുര്‍ബലരായവര്‍ക്ക് ഇപ്പോഴും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, അതിനാല്‍ ഈ ഉയര്‍ന്ന കാര്യക്ഷമതയുള്ള വാക്‌സിന്‍ രൂപപ്പെട്ടത് കഴിഞ്ഞ വര്‍ഷത്തെ ഒരു വലിയ മുന്നേറ്റമാണ്. ഇതോടൊപ്പം 32- 36 ആഴ്ചയ്ക്ക് ഇടയിലുള്ള ഗര്‍ഭിണികള്‍ക്ക് നല്‍കപ്പെടുന്ന ഒരു മാതൃ ആര്‍എസ് വി വാക്‌സിനും എഫ്ഡിഎ അംഗീകരിച്ചു, ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ആന്റിബോഡികള്‍ കൈമാറാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ജീവിതത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇത് ഗുരുതരമായ രോഗങ്ങളില്‍ നിന്ന് കുഞ്ഞിനു സംരക്ഷണം നല്‍കും.

കൂടാതെ, എട്ടു മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്, രണ്ട് മോണോക്ലോണല്‍ ആന്റിബോഡി ഷോട്ടുകള്‍ ലഭ്യമാണ്. രോഗാണുക്കളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ അനുകരിക്കുന്ന ലബോറട്ടറി നിര്‍മ്മിത പ്രോട്ടീനുകളാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍. പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന വാക്‌സിനുകളില്‍ നിന്ന് അവ വ്യത്യസ്തമാണ്.

അരിവാള്‍ കോശത്തെ ചികിത്സിക്കുന്നതിനുള്ള ആദ്യ CRISPR ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയ്ക്കും അംഗീകാരം കിട്ടിയത് 2023 ലാണ്. ആദ്യത്തെ CRISPR ജീന്‍ എഡിറ്റിംഗ് തെറാപ്പി ഉള്‍പ്പെടെ, അരിവാള്‍ കോശ രോഗത്തെ (SCD) ചികിത്സിക്കുന്നതിനുള്ള രണ്ട് ജീന്‍ തെറാപ്പിക്ക് FDA അംഗീകാരം നല്‍കി. കഴിഞ്ഞ മാസം അട്ടപ്പാടി ഊരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തത് ഇതേ അരിവാള്‍ കോശ രോഗമാണ്.
ചുവന്ന രക്താണുക്കള്‍ക്ക് ചന്ദ്രക്കല അല്ലെങ്കില്‍ അരിവാള്‍ ആകൃതി ഉണ്ടാക്കുന്ന ഒരു ജനിതക അവസ്ഥയാണ് SCD. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണിത്,  നാലിലൊന്ന് രോഗികള്‍ക്കും 40 വയസ്സ് ആകുമ്പോഴേക്കും പക്ഷാഘാതം ഉണ്ടായിട്ടുണ്ടാകും. പല രോഗികള്‍ക്കും അവരുടെ 30 വയസ്സ് ആകുമ്പോഴേക്കും  സന്ധി മാറ്റി വയ്‌ക്കേണ്ട അവസ്ഥ വരും.  പലര്‍ക്കും അവരുടെ ആദ്യത്തെ ഹൃദയാഘാതവും ഉണ്ടായിട്ടുണ്ടാകും. അവരുടെ ഇരുപതുകളില്‍ രോഗം അനിയന്ത്രിതമായാല്‍, അത് അന്ധതയിലേക്ക് നയിച്ചേക്കാം, ഇത് ഡയാലിസിസ് വേണ്ട അവസ്ഥയും ഉണ്ടാക്കാം. സിക്കിള്‍സെല്‍ അനീമിയ ബാധിക്കുന്ന മിക്ക രോഗികളും മധ്യവയസു താണ്ടാറില്ല എന്നതാണ് വികസിത രാജ്യങ്ങളിലെ പോലും സ്ഥിതി. ഈ സാഹചര്യത്തില്‍ CPlSPR ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയും അതിലുണ്ടാകുന്ന മുന്നേറ്റങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രോഗികള്‍ക്ക് ആശ്വാസവാര്‍ത്തയാണ്.

അടുത്ത പ്രധാന കണ്ടുപിടുത്തം,
ഓവര്‍-ദി-കൌണ്ടര്‍ ഗര്‍ഭനിരോധന ഗുളികയ്ക്ക് എഫ്ഡിഎ ആദ്യത്തെ ഓവര്‍-ദി-കൌണ്ടര്‍ ജനന നിയന്ത്രണ ഗുളികയ്ക്ക് അംഗീകാരം നല്‍കി, അതായത് കുറിപ്പടി ഇല്ലാതെ വില്‍ക്കാന്‍ കഴിയുന്ന മരുന്നായി അതു മാറുകയാണ് യുഎസില്‍. ഫ്രഞ്ച് മരുന്നു നിര്‍മ്മാതാക്കളായ എച്ച്ആര്‍എ ഫാര്‍മയും അതിന്റെ മാതൃ കമ്പനിയായ പെറിഗോയും ഓപില്‍ എന്നാണ് ഈ ഗുളിക വിളിക്കുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജനന നിയന്ത്രണത്തിനായി ഇത് ഉപയോഗിക്കാനാകും. 

മറ്റൊരു മുന്നേറ്റം ഗര്‍ഭിണികളുടെ മോണിങ് സിക്ക്‌നെനെസിന്റെ കാരണം കണ്ടെത്തിയതാണ്. ഗര്‍ഭാവസ്ഥയുടെ വളരെ സാധാരണമായ ആദ്യകാല ലക്ഷണമാണ് ഇത്. ഗര്‍ഭിണികളില്‍ 80% വരെ ആദ്യ മൂന്നു മാസത്തില്‍ ഇത് അനുഭവിക്കുന്നു. യു.എസ്., യു.കെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം പ്ലാസന്റയിലെ ഗര്‍ഭസ്ഥ ശിശു ഉത്പാദിപ്പിക്കുന്ന ജിഡിഎഫ് 15 എന്ന ഹോര്‍മോണും മോണിങ് സിക്ക്‌നസ് തമ്മിലുള്ള ബന്ധം കണ്ടെത്തി.  നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍, ആദ്യ ത്രിമാസത്തില്‍ കടുത്ത ഓക്കാനം, ഛര്‍ദ്ദി എന്നിവയും രക്തത്തില്‍ ഉയര്‍ന്ന GDF15 ലെവലും ഉള്ളതായി കണ്ടെത്തി, ഇത് ഈ പ്രശ്‌നം ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ GDF 15 ഹോര്‍മോണിന്റെ അളവ് കുറയ്ക്കുന്നതിലൂടെ മോണിങ്ങ് സിക്ക്‌നെനെസ് രോഗമുള്ള സ്ത്രീകളെ ചികിത്സിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

അല്‍ഷിമേഴ്സ് ചികിത്സിക്കുന്നതിനായി FDA പൂര്‍ണ്ണമായി അംഗീകരിച്ച ആദ്യത്തെ മരുന്നാണ് 2023ലെ മറ്റൊരു കണ്ടെത്തല്‍.
മുന്‍കാലങ്ങളില്‍, അല്‍ഷിമേഴ്സ് രോഗചികിത്സയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട നിരവധി മരുന്നുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2023 ജൂലൈയില്‍, ലെകെംബി എന്ന പുതിയ മരുന്നിന് FDA പൂര്‍ണ്ണ അംഗീകാരം നല്‍കി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഐസായിയും ബയോജനും നിര്‍മ്മിക്കുന്നത്, ആരംഭത്തിലുള്ള അല്‍ഷിമേഴ്സ് രോഗികളില്‍ ഓര്‍മയും ചിന്താശേഷിയും തകരുന്നതു മന്ദഗതിയിലാക്കാന്‍ ഈ മരുന്നിനു സാധിക്കും. അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ കാണപ്പെടുന്ന അമിലോയിഡ് ഫലകങ്ങളുടെ പ്രധാന ഘടകമായ അമിലോയിഡ് ബീറ്റയെ ലക്ഷ്യം വച്ചാണ് ലെകെംബി പ്രവര്‍ത്തിക്കുന്നത്, ഇത് മെമ്മറിയെയും ചിന്തയെയും ബാധിക്കുന്നു.  

അടുത്ത പ്രധാനമുന്നേറ്റം പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ചികിത്സയിലാണ്. ഈ രോഗാവസ്ഥ ചികിത്സിക്കുന്നതിനുള്ള ഒരു mRNA വാക്‌സിന്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ധനസഹായം നല്‍കുന്ന ഒരു ഗവേഷണ സംഘം, യുഎസിലെ ക്യാന്‍സറിന്റെ ഏറ്റവും മാരകമായ രൂപങ്ങളിലൊന്നായ പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെതിരെ ബയോഎന്‍ടെക്കിലെ പങ്കാളികളുമായി ചേര്‍ന്ന്  എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിച്ചേക്കാവുന്ന നിയോആന്റിജന്‍ -- കാന്‍സര്‍ കോശങ്ങള്‍ക്ക് മാത്രമുള്ള പ്രോട്ടീനുകളെ തിരിച്ചറിയാന്‍ ബയോഎന്‍ടെക് കൂടുതല്‍ സാമ്പിളുകളില്‍ ജീന്‍ സീക്വന്‍സിങ് നടത്തി. ആദ്യകാല ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍, രോഗികള്‍ക്ക് രോഗപ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് കാന്‍സര്‍ കോശങ്ങളെ തടയുന്ന ഒരു മരുന്ന് നല്‍കി. തുടര്‍ന്ന് വാക്‌സിന്‍ ഒമ്പത് ഡോസുകളായി പല മാസങ്ങളിലായി വിഭജിച്ചു രോഗികള്‍ക്കു നല്‍കി. ശക്തമായ രോഗപ്രതിരോധശേഷിയുള്ള രോഗികളില്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ഒന്നര വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം ക്യാന്‍സര്‍ തിരിച്ചെത്തിയില്ല. നേച്ചര്‍ ജേണലില്‍ ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച്, ശക്തമായ രോഗപ്രതിരോധ സംവിധാന പ്രതികരണം ഇല്ലാത്തവരില്‍, ഒരു വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എങ്കിലും ഈ കണ്ടുപിടുത്തവും ശുഭസൂചകമാണ്.

അടുത്ത കണ്ടെത്തല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ വൈദ്യശാസ്ത്രത്തിലെ കടന്നുവരവുമായി ബന്ധപ്പെട്ടാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, സ്തനാര്‍ബുദം കണ്ടെത്തല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ശാസ്ത്രീയപരീക്ഷണങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കൂടുതലായി ഉപയോഗിച്ചുവരുന്നു, ഈ വര്‍ഷം വികസിപ്പിച്ചെടുത്ത ഒരു പുതിയ ഉപകരണം അസുഖം നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജും കെയ്റോണ്‍ മെഡിക്കല്‍ ടെക്നോളജീസും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത മിയ 24 എന്ന് പേരിട്ട ഈ ഉപകരണം 13% നേരത്തെ സ്തനാര്‍ബുദങ്ങളെ കണ്ടെത്തി. രണ്ട് പൈലറ്റ് ഘട്ടങ്ങളിലും, മിയ 24 തിരിച്ചറിയാതെ പോകുമായിരുന്ന ക്യാന്‍സറുകള്‍ കൂടി കണ്ടെത്തുകയും 70 സ്ത്രീകളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കാരണമാവുകയും ചെയ്തുവെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നു. സ്തനാര്‍ബുദത്തില്‍ നേരത്തേ കണ്ടെത്തല്‍ വളരെ പ്രധാനമാണ്. ഇവിടെ മിയ 24 ചെയ്യുന്നതും അതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക