Image

ജീവിതം (കവിത : ദീപ നായർ)

ദീപ നായർ Published on 03 January, 2024
ജീവിതം (കവിത : ദീപ നായർ)

അസുലഭമീ നിമിഷം, അനവദ്യമീ ജന്മം
അനുക്ഷണചഞ്ചലമാകുമീ വീഥിയിൽ
ആനന്ദത്തിൻ തിരി തെളിയിച്ചിടാം
അഗ്നിയെപ്പുൽകിയണയും വരെ

അർത്ഥമേറെ കൊതിച്ചിന്നു ജന്മങ്ങൾ
അർത്ഥമില്ലാതെ പായുന്നു ചുറ്റിലും
അൽപ്പ നാടകക്കളരിയിലെപ്പോഴും
അന്യവേഷങ്ങൾ കെട്ടിയാടീടുന്നു

ആരമുള്ളൊരാ വാക്കുകൾ തറയ്ക്കുന്നു
അമ്പുകൾ പോലുള്ളിന്റെയുള്ളിലായ്
അഭിമന്യൂപോലകപ്പെട്ടറിയാതെ നാം
അന്തകന്റെ കാലചക്രവ്യൂഹത്തിലും

അറപ്പിക്കും കാഴ്ചകൾ മറയ്ക്കുന്നക്ഷിയെ
അരുതേയെന്നാർത്തനാദങ്ങൾ കേട്ടു നടുങ്ങുന്നു
അറിവിന്നമൃതപാനികൾക്കപരാധമേറുമ്പോൾ
അമ്മ തന്നശ്രുക്കൾ താഴെ വീണുടയുന്നു

അസ്ത്രമെയ്യും വേഗത്തിലന്യമാകുന്നു ബന്ധങ്ങൾ
അറ്റുപോകുന്നകലെയായക്കയങ്ങളിലായി
ആദ്യം കരഞ്ഞും പിന്നെ ചിരിച്ചും
അമരനാകുവാനല്ലോ ശ്രമിക്കുന്നു

അജയ്യനാമൊരശ്വമായ് കുതിക്കുവാനൊരുങ്ങുമ്പോൾ
അകത്തളങ്ങളിലെവിടെയോ മുഴങ്ങുന്നു
അവസാന ശ്വാസത്തിന്നാർത്ത നാദം
അവസാന ശ്വാസത്തിന്നാർത്ത നാദം..... (അജയ്യ ......)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക