Image

സഹ്യസാനുക്കളെ കോര്‍ത്തിണക്കി ശ്രീലങ്കയിലേക്ക് പുഷ്പക പാത: (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 05 January, 2024
സഹ്യസാനുക്കളെ കോര്‍ത്തിണക്കി ശ്രീലങ്കയിലേക്ക് പുഷ്പക പാത: (കുര്യന്‍ പാമ്പാടി)

photo: (മൂന്നാർ ഹൈവേയിൽ ദേവികുളത്തെ  ദിവ്യയും സുമേഷും മക്കളും)

രാമായണത്തില്‍  ഹനുമാന്‍  ചെയ്തതു പോലെ ശ്രീലങ്കയിലേക്ക് രാമസേതുവഴി ഒറ്റച്ചാട്ടത്തിനു വഴി തെളിക്കുന്ന കൊച്ചി-ധനുഷ്‌കോടി നാഷണല്‍ ഹൈവേയുടെ മൂന്നാര്‍-ബോഡിമെട്ടു  ഭാഗം ഗതാഗതമന്ത്രി നിതീഷ് ഗഡ്കരി ജനുവരി അഞ്ചിനു നാടിനു സമര്‍പ്പിച്ചു.

സഹ്യപര്‍വത ശിഖരങ്ങളില്‍  ചായത്തോട്ടങ്ങളും ഏലക്കാടുകളും താഴ്വാരങ്ങളില്‍ ജലസംഭരണികളും  പാ ദസരങ്ങള്‍ തീര്‍ക്കുന്ന ഈ രണ്ടുവരിപാത  ഒരുപക്ഷെ  ദേശീയപാതകളില്‍ വച്ചേറ്റവും മനോഹരമായ ദൃശ്യാനുഭവമാണ്.  നാലുവരിപ്പാതയാക്കാനാണ് ഒറിജിനല്‍ പ്ലാന്‍. 382 കോടി രൂപ ചെലവിട്ടു 42 കിമീ റോഡ് പൂര്‍ത്തിയാക്കന്‍ അഞ്ചു  വര്‍ഷം എടുത്തു.

(ഹൈവേയിൽ സഞ്ചാരികളുടെ തിരക്ക്)

മൂന്നാര്‍-കുമിളി സ്റ്റേറ്റ് ഹൈവേയില്‍ പൂപ്പാറനിന്നാണ് കിഴക്കോട്ടു തിരിഞ്ഞു ബോഡിമെട്ടിലേക്കും താഴെ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കും ദേശിയപാത പോകുന്നത്.  മൂന്നാര്‍ നിന്ന് ഏഴു കിലോമീറ്റര്‍  അകലെ  താലൂക്ക് ഭരണകേന്ദ്രമായ ദേവികുളത്തിനടുടുത്തുള്ള  രണ്ടരകിമീ നീണ്ട ഗാപ് റോഡില്‍  പാറക്കെട്ട് ഇടിഞ്ഞു വീഴുന്നതായിരുന്നു ഏറ്റവും വലിയ തടസം.   തിരക്കുള്ള മൂന്നാര്‍-കുമിളി അതിര്‍ത്തിപ്പാതയിലെ  ഗതാഗതം ഇതുമൂലം തുടരെ  തകരാറിലായി.

(ഹൈവേയിലെ ഒരു തടാകം)

മഴക്കാലത്ത് ആവര്‍ത്തിക്കുന്ന ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ വിദഗ്ധര്‍ പഠനം നടത്തുന്നതേ യുള്ളു. എങ്കിലും തല്‍ക്കാലം പ്രശ്‌നമില്ല. ബ്രിട്ടീഷ്ട് കാലത്തെ ലോക്ഹാര്‍ട് എന്ന തേയിലത്തോട്ടത്തില്‍ നിന്ന്  ലാക്കാട് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഇടത്തില്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോള്‍ പ്ലാസയും പ്രവര്‍ത്തനം തുടങ്ങി.

(ലോക്കാട്ടിൽ തുറന്ന ഇടുക്കിയിലെ ആദ്യത്തെ ടോൾ പ്ലാസ)

കൊച്ചി-ധനുഷ്‌കോടി ദേശിയ പാത നമ്പര്‍ 85 ന്റെ  ദൈര്‍ഘ്യം 468  കി മീ  ആണ്. മൂന്നാര്‍  വരെയുള്ള  130 കിമീ ആദ്യഘട്ടത്തിനു 3790 കോടി  ചെലവായി. മൂന്നാര്‍ നിന്ന്  ദേവികുളം, ബോഡിമെട്ട്, ബോഡിനായ്ക്കന്നൂര്‍, തേനി, മധുര, ശിവഗംഗ വഴി തോണ്ടിയിലെത്തി എന്‍എച് 32 ല്‍ ചേരുന്ന രണ്ടാം ഘട്ടത്തിന്റെ മതിപ്പു ചെലവ് 12,000 കോടി രൂപയാണ്.

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ  വേനല്‍ക്കാല വസതി ഉണ്ടായിരുന്ന സ്ഥലമാണ് ദേവികുളം. ടൂറിസം വകുപ്പിന്റെ കീഴില്‍ തറയോട് വിരിച്ച് ഭംഗിയാക്കിയ വിശാലമായ അങ്കണവും പൂവാടിയുമായി പ്രവര്‍ത്തിക്കുന്ന യാത്രിനിവാസ് ആണ് സഞ്ചാരികളുടെ ഏക ആശ്രയം. സമീപത്തുതന്നെ ഇംഗ്ലീഷ്‌കാരുടെ കാലത്ത് എത്തിയ നേര്യംപറമ്പില്‍ കുടുംബം വക സ്പ്രിങ് ഡെയ്ല്‍ പോലുള്ള  പ്രൈവറ്റ് റിസോര്‍ട്ടുകളുമുണ്ട്.   ടാറ്റ ടീ തോട്ടങ്ങളുടെ ആസ്ഥാനമായ മൂന്നാറിലും പ്രാന്തങ്ങളിലുമാണ് റിസോര്‍ട്ടുകള്‍ ഏറെയും.

(സ്പ്രിങ് ഡെയ്ൽ ഉടമ ലിസി, ആംസ്റ്റർഡാമിലെ  മകൾ മരിയ, മകൻ കുര്യൻ)

ബ്രിട്ടീഷ് ഈസ്‌റ് ഇന്‍ഡ്യാ കമ്പനിക്കാലത്തു തുടങ്ങിയ ഭരണപാരമ്പര്യത്തിന്റെ ആലസ്യത്തിലാണ് ദേവികുളം. സമീപമുള്ള ബൈസണ്‍ വാലി അവരുടെ മൃഗയാവിനോദകേന്ദ്രം ആയിരുന്നു. പക്ഷെ ആ ഓര്‍മ്മകള്‍ അല്ലാതെ ദേവികുളത്തിനു കാര്യമായ പുരോഗതി ഒന്നും കൈവന്നിട്ടിട്ടില്ല.

ഐഎഎസ്‌കാരനായ ദേവികുളം സബ് കളക്ടരുടെ ഓഫീസിനു ചുറ്റുമായി വില്ലേജ് ഓഫീസ്, താലൂക് ഓഫീസ്, സര്‍വേ ഓഫീസ്, ടാക്‌സ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, മജിസ്ട്രേറ്റ് കോടതി, ഗവ. ആശുപത്രി  തുടങ്ങി ഒരു ഭരണ സിരാകേന്ദ്രത്തിനു വേണ്ട എല്ലാമുണ്ട്. ദേവികുളത്ത് സജീവമായ  എഫ്എം സ്റ്റേഷനുമുണ്ട്. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളും. എല്ലാ ഓഫീസുകളിലുമായി കുറഞ്ഞത് അഞ്ഞൂറോളം ഉദ്യോഗസ്ഥന്മാരുണ്ട്.

(വിൻസെന്റ് ഡിക്കോത്ത-ദേവികുളത്തെ ഏക ആംഗ്ലോ ഇന്ത്യൻ)

സമുദ്രനിരപ്പില്‍ നിന്ന് 1532 മീറ്റര്‍ (5028 അടി) ഉയരത്തിലാണ് മൂന്നാര്‍. അതിനേക്കാള്‍ ഉയരമുള്ള ദേവികുളത്ത് കൊടും ശൈത്യം ഏറ്റു കിടക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മടിയാണ്. മിക്കവാറും സ്വന്തം വാഹനത്തിലോ ബസിലോ  താഴ്വാരങ്ങളിലെ അടിമാലിയിലോ പൂപ്പാറയിലോ ഒക്കെ പോയി മടങ്ങുന്നു. രാവിലെ എത്തുന്ന കേരള, തമിഴ്നാട് ബസുകളില്‍ വന്നിറങ്ങുന്നവര്‍ ധാരാളം. അക്കൂട്ടത്തില്‍ പോലീസുകാരെയും കാണാം.

(മൂന്നാർ-ബോഡിമെട്ട് റൂട്ട് മാപ്പ്)

റിസോര്‍ട്ടുകളില്‍ വഴിപോക്കര്‍ക്കു  ഭക്ഷണം കഴിക്കാവുന്ന റെസ്റ്റോറന്റുകളുണ്ട്. സബ് കളക്ടറുടെ ഓഫീസിനു പിന്നില്‍ കുടുംബശ്രീക്കാരുടെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ നല്ല ഉച്ചയൂണ് കിട്ടണമെങ്കില്‍ ഗിരീഷുകുമാറും ലതയും നടത്തുന്ന 'അമ്മാവന്‍സ് ഹോട്ടല്‍' തന്നെ ആശ്രയമെന്നു ഉദ്യോഗസ്ഥന്‍മാര്‍ തന്നെ പറയുന്നു. ഫിഷ് കറി കൂട്ടിയുള്ള ഊണിനു 60 രൂപ.

(പൂപ്പാറയിലെ പലചരക്കു കട)

വഴിയരികിലെ താല്‍ക്കാലിക ഷെഡ്ഡുകളില്‍ വെളുപ്പിന് തുറന്നു ചായയും കടിയും നല്‍കുന്ന ഒരു നിര  കടകള്‍ കാണാം. ഒന്നിനും പട്ടയം ഇല്ല. അമ്മാവന്‍സ് ഉള്‍പ്പെടെ പട്ടയത്തിനു അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

യാത്രി നിവാസിന് തൊട്ടടുത്ത് വീടും വക്കീലന്‍മാര്‍ക്ക്  വാടകക്ക് കൊടുത്ത മുറികളും ഇന്റര്‌നെറ്റ്  കഫെയും സ്വന്തം റസ്‌റോറന്റും ഉള്ള വിന്‍സെന്റ് ഡിക്കോത്ത മറ്റൊരാള്‍. ഇംഗ്‌ളീഷ് കാലത്ത്  കോണ്‍ട്രാക്ട് പണികള്‍ നടത്തിയിരുന്ന പിതാവിന്റെ പുത്രന്‍. ദേവികുളത്ത് അവശേഷിക്കുന്ന ഏക ആംഗ്ലോ ഇന്ത്യനാണ് വിന്‍സെന്റ്. അദ്ദേഹവും പട്ടയത്തിനു വേണ്ടി കോടതികള്‍ കയറിയിറങ്ങുന്നു. മകന്‍ വിക്ടര്‍ മറയൂര്‍ ഗവര്‍മെന്റ് കോളജില്‍ അദ്ധ്യാപകന്‍.

(ബോഡിനായ്ക്കന്നൂരിലേക്കുള്ള ഇറക്കം; സൂര്യനെല്ലിയിലെ   റിസോർട്)

സുമേഷും ദിവ്യയും ഒരുപക്ഷെ ദേവികുളം ടൗണില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ഭൂമിയുള്ള ദമ്പതികളാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കെതിരെ അയ്യപ്പ ക്ഷേത്രത്തിനു മുകളിലായി അവര്‍ക്കു ഒരു ഹോംസ്റ്റേ ഉണ്ട്. ചുരുങ്ങിയത് 25 പേര്‍ക്ക് താമസിക്കാം. പേര് നവനീതം. ബാംഗളൂരില്‍ ഫുട്‌ബോള്‍ താരങ്ങളായ രണ്ടു മക്കളില്‍ മൂത്തവനാണ് നവനീത്. ഇളയവന്‍ നവീന്‍. ഇരുവരും മുത്തൂറ്റ് എഫ്‌സി കളിക്കാര്‍.

കൊച്ചി-ബോഡിമെട്ട് ഹൈവേ കേരളത്തിന്റെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാണ്. പാതയോരത്ത് സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വരാന്‍ വഴിതെളിയുന്നു. ഇന്നത്തെ അവസ്ഥയില്‍ തിരക്കേറിയ പൂപ്പാറ ജങ്ഷനില്‍ പോലും സര്‍ക്കാരിന്റെ ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററോ ശുചിമുറിയോ ഇല്ല. അത്യാവശ്യക്കാര്‍ക്കു ഹോട്ടലുകളേ ആശ്രയമുള്ളൂ.  ഡിടിപിസി ഉടനടി ഇടപെടണം..

കുര്യന്‍ പാമ്പാടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക