കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ 'സ്വര്‍ഗ്ഗം നാണിക്കുന്നു' എന്നു മാത്രമേ പറയുവാന്‍ പറ്റുകയുള്ളൂ. തെരുവു ഗുണ്ടകള്‍ നടത്തുന്നതിനേക്കാള്‍ തരംതാണ രീതിയിലാണ് പല ദേവാലയങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്. പുരോഹിതന്മാര് പരസ്പരം പരസ്യമായി അസഭ്യവാക്കുകള്‍ ചൊരിയുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു.
'എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്ത്തിരിക്കുന്നു' എന്ന് യുഗങ്ങള്‍ക്ക് മുമ്പേ യേശുക്രിസ്തു യെരുശലേം ദൈവാലയത്തില്‍ പറഞ്ഞത് ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു.
സ്വാര്‍ത്ഥ ലാഭത്തിനും, അധികാര ദുര്‍വിനിയോഗത്തിനും, കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപെടുവാനും വേണ്ടി പല പുരോഹിതന്മാരും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് അവര്‍ക്കുവേണ്ടി പരസ്യമായി വിടുപണി ചെയ്യുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ വളരെ ശക്തമായിരിക്കുന്ന ഇക്കാലത്ത്, പുരോഹിതന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അവിഹിത ബന്ധങ്ങള്‍ തെളിവുകളോടെ പുറത്തുവരുന്നു.
ആടുകളെ നേരായ വഴിയില്‍ കൂടി നയിക്കേണ്ട ഇടയന്മാര് തന്നെ വഴിതെറ്റി പോകുമ്പോള്‍, ആടുകള്‍ ചിതറിപ്പോകുന്നതില്‍ വല്ല അത്ഭുതവുമുണ്ടോ?
ഭര്ത്താക്കന്മാര് വിദേശത്തുള്ള വനിതകളും, വിധവകളും നടത്തുന്ന 'രഹസ്യ കുമ്പസാരം' ഉപയോഗിച്ച് ചില പുരോഹിതന്മാര് അവരെ 'ബ്ലാക്ക്മെയില്‍' ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഈ 'രഹസ്യ കുമ്പസാരം' നിര്‍ബന്ധമാക്കണോ എന്നുള്ള നിയമം ഒന്നു പുന:പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് യുവ പുരോഹിതന്മാരെ പ്രലോഭിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന് സ്ത്രീകളും സ്വയം ചിന്തിക്കണം.
ഒരു സഭയിലെ അംഗമായി തുടരുമ്പോള്‍, തീര്‍ച്ചയായും അതിന്റെ നിയമങ്ങള്‍ അനുസരിച്ച്, ആ ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് എന്റേയും അഭിപ്രായം. അതിന് തയാറല്ലെങ്കില്‍ അതു വിട്ടുപോകുന്നതില്‍ നിന്നും ആരും നമ്മളെ തടയുകയില്ല.
സഭയ്ക്കും, സമൂഹത്തിനും, ദൈവ വേലയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ള ബഹുഭൂരിപക്ഷം പുരോഹിതന്മാരെക്കൂടിയാണ് ഇതുപോലെയുള്ള കള്ളനാണയങ്ങള്‍ കരിതേച്ച് കാണിക്കുന്നത്. 'ആകയാല്‍ നിന്റെ വഴിപാട് യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍, സഹോദരന് നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെ വച്ച് ഓര്‍മ്മ വന്നാല്‍, നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വച്ചേച്ച് ഒന്നാമത് ചെന്ന് നിന്റെ സഹോദരനോട് നിരന്നു കൊള്‍ക. പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്ക'.
കണ്ണുള്ളവര്‍ കാണട്ടെ!
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!