രണ്ടായിരം വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചരിത്രം പലപ്പോഴും കലുഷിതമായിരുന്നു. ‘മലങ്കര നസ്രാണികൾ’ എന്നറിയപ്പെട്ടിരുന്ന സഭയിൽ നിന്നും പോർച്ചുഗീസ് അധിനിവേശത്തെ തുടർന്ന് റോമൻ കത്തോലിക്കാ സഭയും പിന്നീട് മാർത്തോമ്മാ സഭയും മലങ്കര കാത്തലിക് സഭയും തുടങ്ങി അനേകം സഭകൾ ഓരോരോ കാരണങ്ങളായി ഇതിൽ നിന്നും വിഘടിച്ചു പോയി ജന്മം കൊണ്ടവയാണ്. പേർഷ്യൻ ബന്ധങ്ങളും സിറിയൻ ആരാധനാ ക്രമങ്ങളും സഭയിൽ വലിയ സ്വാധീനം ചെലുത്തി. വിദേശ ശക്തികളുടെ അടിമത്വം ഭയപ്പെട്ട സഭാ നേതാക്കന്മാർ കൂടുതൽ ദേശീയമായി സഭയെ മാറ്റിയെടുക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി വിഘടിത ഗ്രൂപ്പുകൾ രൂപം കൊള്ളുകയും വിദേശ മേൽക്കോയ്‌മ അംഗീകരിക്കുന്ന യാക്കോബായ സഭയും, ദേശീയത തങ്ങളുടെ മഹത്തായ പൈതൃകമായി അഭിമാനിക്കുന്ന ഓർത്തഡോക്‌സ് സഭയും ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യാസമില്ലാതെ സമാന്തര സഭകളായി വേർപിരിഞ്ഞതോടെ സഭ കൃശഗാത്രീ ഭവിച്ചു. സഭയുടെ ആചാരാനുഷ്ടാനങ്ങളിലും മതപഠന പാഠ്യ പദ്ധതിയിലും പൗരോഹിത്യ വർഗ്ഗത്തിന് മേൽക്കോയ്മ നൽകുന്ന കീഴ്വഴക്കങ്ങൾ സൃഷ്ടിക്കപ്പെട്ടു. പുരോഹിതന്മാരെ വിമർശിക്കുന്നത് ആഢ്യത്തമുള്ള കുടുംബക്കാർക്കു ചേരുന്നതല്ലെന്നും അത് ശാപകരമാകുമെന്നും വിശ്വാസികളുടെ ഇടയിൽ പരക്കെ ധാരണ ഉണ്ടായി. അതുകൊണ്ടു തന്നെ പുരോഹിതന്മാരുടെ പല തെറ്റായ ചെയ്‌തികളും വിമർശനത്തിന് ഭവിച്ചില്ല. അവർക്ക് ആ തെറ്റുകൾ തുടരാൻ കീഴ്വഴക്കങ്ങൾ മൗനാനുവാദമായി മാറി.
കത്തോലിക്കാ സഭയെ അപേക്ഷിച്ച് ഓർത്തഡോക്‌സ് സഭയിൽ വിവാഹം കഴിച്ചവർക്കു പുരോഹിതന്മാർ ആകാനുള്ള അനുവാദം ഉള്ളതുകൊണ്ട് ഭൂരിഭാഗം പുരോഹിതന്മാരും കുടുംബസ്ഥരാണ്. ഒരു കുടുംബം നയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിക്കുന്ന ഇക്കൂട്ടർക്ക് മറ്റു കുടുംബസ്ഥരായ ഇടവകാംഗങ്ങളെ കൂടുതൽ മനസ്സിലാക്കുവാനും ആത്മീയമായി ഉപദേശിക്കാനും കഴിയും എന്നവകാശപ്പെടുമ്പോഴും കൂടുതൽ 'സ്വത്തു സമ്പാദനം' എന്ന കലാപരിപാടിയിലേക്കു ശ്രദ്ധ മാറിപ്പോകുന്നു എന്നത് യാഥാർഥ്യം. ഭാര്യക്ക് സ്‌കൂളിലോ കോളേജിലോ ജോലിക്കു വേണ്ടിയോ മക്കൾക്കു മുന്തിയ സ്‌കൂളുകളിൽ അഡ്‌മിഷനു വേണ്ടിയോ ആരുടേയും കാലു പിടിക്കാനും കൈക്കൂലി കൊടുക്കാനും ഇവർ തയ്യാറായി. സമൂഹത്തിൽ സമ്പന്നരായവരോടു മാത്രം സൗഹൃദം സ്ഥാപിക്കാൻ ഇവർ ശ്രമിച്ചു. അവരുടെ അസാന്മാർഗികതയെയും അധാർമിക പ്രവർത്തനങ്ങളെയും വിമർശിക്കാൻ ഇവർ കൂട്ടാക്കാതെ വന്നപ്പോൾ പാവപ്പെട്ടവരായ വിശ്വാസികൾ പുരോഹിതരിൽ നിന്നും അകന്നു. മേൽപ്പട്ടക്കാർ അവിവാഹിതരാണെങ്കിലും ഭൂരിഭാഗം പേർക്കും സ്വന്തമായി ജീവകാരുണ്യത്തിന്റെ പേരിലുള്ള 'പ്രോജക്ടുകൾ' ഉള്ളവരാണ്. അതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി പണം കണ്ടെത്താനായി അവരും നെട്ടോട്ടമോടുകയാണ്.
സ്‌നാപക യോഹന്നാന്റെ തല പോയത് രാജാവിനോട് 'ചെയ്തത് അധർമ്മമാണ്' എന്ന് പറഞ്ഞതുകൊണ്ടു മാത്രമാണ്. ഒരു മാപ്പ് അപേക്ഷ കൊടുത്താൽ മതിയാരുന്നു. അല്ലെങ്കിൽ, 'രാജാവ് സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചതു വലിയ തെറ്റൊന്നുമല്ല, മനുഷ്യനല്ലേ, കണ്ടാൽ ആർക്കായാലും അങ്ങനെയൊക്കെ തോന്നിപ്പോകും' എന്ന് പറഞ്ഞാൽ മതിയാരുന്നു. ഇന്നായിരുന്നെങ്കിൽ രാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും ഇവർ വാങ്ങിച്ചെടുത്തേനേ.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കൂടുതൽ പ്രചാരത്തിലായതുകൊണ്ടു മാത്രമാണ് ഈ വിഷയം ഇത്രയധികം ജനശ്രദ്ധ ആകർഷിച്ചത്. എന്തായാലും മലങ്കര ഓർത്തഡോക്‌സ് സഭ നാറി. ഇനി ഇതിൽ നിന്നും കുളിച്ചു കയറാൻ അത്ര എളുപ്പമല്ല. മിക്കവാറും എല്ലാ സഭകളിലും ഇങ്ങനെയുള്ള പുഴുക്കുത്തുകൾ ഉണ്ട്. അതിന്റെയൊക്കെ ബുദ്ധിമുട്ടുകൾ അവരൊക്കെ അനുഭവിക്കുന്നതും ഉണ്ട്. എന്നാൽ ഇനി ഭാവിയിൽ ഇങ്ങനെയുള്ള നാറ്റ കേസുകൾ ഒഴിവാക്കാൻ നമുക്ക് സാധിക്കും. ഉത്തരവാദപ്പെട്ടവർ അതിനു തയ്യാറായാൽ മാത്രം മതി. ഇനി പറയുന്നത് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതാണ്.
1. സെമിനാരി പഠനം 4 വർഷം എന്നത് 7 വർഷം ആക്കണം. ഇപ്പോഴുള്ള 4 വർഷത്തെ കോഴ്‌സ് ഒരു ബാച്ചിലർ ഡിഗ്രിയും മിനിമം ലെവലിൽ ഒരു ഇടവക കൊണ്ടുപോകാനും എങ്ങനെയെങ്കിലും ഒരു കുർബ്ബാന നടത്താനുമാണ്. അത് പോരാ. ഈ കോഴ്‌സ് ഒരു മാസ്‌റ്റേഴ്‌സ് ആക്കി ഉയർത്തണം. ഒരു വർഷം നിർബന്ധമായും ഇടവക സർവീസിനു വേണ്ടി ആവണം. പാവപ്പെട്ടവരുടെ വീടുകളിൽ ഇവർ പോകണം. ഇടവകക്കാരുടെ ജീവിത ബുദ്ധിമുട്ടുകൾ ഇവർ നേരിട്ട് മനസ്സിലാക്കണം.വിവാഹം കഴിക്കുന്ന ശെമ്മാശന്മാർക്കും ഇത് നിർബന്ധമാക്കണം.
2. അച്ചന്മാർക്കുള്ളതുപോലെ സ്ഥലം മാറ്റം മെത്രാപ്പോലീത്തന്മാർക്കും ഉണ്ടാകണം.
3. തിരുമേനി, അയ്മേനി എന്നീ പദപ്രയോഗങ്ങൾ നിരോധിക്കുക. മെത്രാപ്പോലീത്ത/ബിഷപ്പ് എന്നും അത്മായർ എന്നും മാത്രം വിളിക്കുക.
4. മേൽപ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ഭദ്രാസന പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധിക്കുക.
5. മെത്രാപ്പോലീത്തന്മാർ വിദേശ യാത്രകൾ ബാവായുടെ അനുമതിയില്ലാതെ നടത്താതിരിക്കുക.
6. മെത്രാപ്പോലീത്തന്മാർക്കു സ്വന്തമായി 'പ്രോജക്ടുകൾ' തുടങ്ങാൻ അനുവദിക്കാതിരിക്കുക. പ്രോജെക്ട്കൾക്കു വേണ്ടി സ്വദേശത്തോ വിദേശത്തോ പിരിക്കാൻ അനുവദിക്കാതിരിക്കുക.
7. മെത്രാപ്പോലീത്തന്മാരുടെ തുടരെയായുള്ള വിദേശ യാത്രകൾ ഒഴിവാക്കുക. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ താമസം കർശനമായും സഭയുടെ ഭദ്രാസന ആസ്ഥാനങ്ങളിൽ മാത്രം ആക്കുക. കുടുംബങ്ങളിൽ അന്തിയുറങ്ങുന്നത് ഒഴിവാക്കുക.
8. ഭദ്രാസനത്തിന്റെ പേരിലല്ലാതെ വ്യക്തിപരമായുള്ള 'പേർസണൽ അക്കൗണ്ടുകൾ' കർശനമായും നിരോധിക്കുക.
9. പട്ടക്കാർക്കോ മെത്രാപ്പോലീത്തന്മാർക്കോ എതിരായി ലൈംഗിക ആരോപണങ്ങൾ ഉണ്ടായാൽ പോലീസിൽ അറിയിക്കുക. ആരോപണ വിധേയരായവരെ ചുമതലകളിൽ നിന്നും താത്ക്കാലികമായി മാറ്റി നിർത്തുക.
10. മാനേജിങ് കമ്മിറ്റി പോലെയുള്ള സംഘടനകളിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും മുൻകൂട്ടി അറിയിച്ചിട്ടുള്ളചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുക. ലോബിയിങ് നിരോധിക്കുക.
11. കാതോലിക്കാ ബാവ തുടരെയുള്ള വിദേശ യാത്രകൾ ഒഴിവാക്കുക. യാത്രകളിൽ വ്യക്തിപരമായ പ്രോജക്ടുകൾക്കു വേണ്ടിയുള്ള സംഭാവനകൾ സ്വീകരിക്കാതിരിക്കുക.
12. വൈദികർക്കും മെത്രാപ്പോലീത്തന്മാർക്കും പെരുമാറ്റ ചട്ടങ്ങൾ കർശനമാക്കുക. ഡാഷ്മോനെ വിളിച്ചതുപോലെയുള്ള സംഭവങ്ങളിൽ ത്വരിതവും കർശനവുമായ നടപടി കൈക്കൊള്ളുക.
13. വൈദികരും മെത്രാപ്പോലീത്തന്മാരും സഭാ സ്ഥാനീയരും പരസ്യമായുള്ള അഭിപ്രായപ്രകടങ്ങൾ ചാനൽ ചർച്ചകളിലും മറ്റും നടത്തുന്നത് കർശനമായി നിരോധിക്കണം.
14. മെത്രാപ്പോലീത്തന്മാരുടെയും ബാവായുടേയും 'കൽപ്പനകൾ' ഇനി മുതൽ ‘സർക്കുലറുകൾ’ മാത്രം ആക്കുക.
15. സഭംഗങ്ങളായ അത്മായർക്കു ഓൺ ലൈനായോ നേരിട്ടോ പരാതികളോ മാർഗ്ഗനിർദ്ദേശങ്ങളോ സമർപ്പിക്കാൻ ദേവലോകം ഓഫീസിൽ ഒരു സംവിധാനം ഉണ്ടാക്കുക.
____________________