ലോകത്തെവിടെയും പ്രാഞ്ചിവേഷം കെട്ടാൻ എന്നും മലയാളി മുന്നിലുണ്ടാകും. മലയാളികൾ സ്വയം കൊട്ടി ഘോഷിക്കുന്ന മഹത്വങ്ങൾ സജി ചെറിയാന് പോലും രോമാഞ്ചമുണ്ടാക്കുന്നവയാണ്. മലയാളി
അസോസിയേഷനുകളിൽ സർവ്വ സാധാരണമായ പരസ്പരം മുതുകു ചൊറിഞ്ഞു കൊടുക്കുന്ന പൊന്നാട പരിഹാസ്യം അരങ്ങു വാഴുമ്പോൾതന്നെ അവരിൽ പലരും നേരം ഇരുട്ടി വെളുക്കുമ്പോൾ
ഡോക്ടർമാരായി അവതരിക്കുന്ന പുത്തൻ പ്രതിഭാസമാണ് ഇപ്പോഴത്തെ ട്രെൻഡ്.
കേരളത്തിൽ സ്വന്തം പേരിനോടോപ്പം പിതാവിന്റെ പേരുചേർക്കുന്ന പതിവ് സാധാരണമാണല്ലോ. പക്ഷെ കേരളംകടന്നു അമേരിക്കയിലെത്തി ഒന്ന് ഇരിപ്പ് ഉറപ്പിച്ചു കഴിയുമ്പോൾ പിതാവിന്റെ പേരിന്റെ
അക്ഷരങ്ങൾ കൊണ്ടുമാത്രം ജനശ്രദ്ധ കിട്ടില്ലെന്ന് കണ്ടാണ് ഇത്തരക്കാർ വ്യാജ നിർമ്മിതികൾക്കുള്ള അന്വേഷണങ്ങൾ തുടങ്ങുന്നത്.
തുശ്ചമായ ചെലവിൽ കേരളത്തിൽ ലഭിക്കുന്ന വാഴക്കുല ഡോക്ടറേറ്റിന് തുല്യമായഗവേഷണ ബിരുദങ്ങളും ബോംബെ എൽ എൽ ബി യും ബിരുദാനന്തര ബിരുദങ്ങളും അമേരിക്കയിലെ തൊഴിൽ രംഗത്ത് ഒരിക്കലും പച്ചപിടിക്കാത്തതിനാൽ തൊഴിൽ അന്വേഷകരല്ല
അസോസിയേഷൻ സ്ഥാനമോഹികളാണ് ഈ മുക്കുപണ്ടങ്ങളുടെ ഗുണഭോക്താക്കൾ.
അഭിനവ ഡോക്ടർമാരുടെ അവതരണം ആരംഭിക്കുന്നത് സാധാരണ ഒക്ടോബർ നവംബർ മാസങ്ങളിലാണ്. കാരണംഒട്ടുമിക്ക അസോസിയേഷനുകളിലും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് ആ സമയങ്ങളിലാണ്. നാഷണൽ സംഘടനകളിൽ കണ്ണുള്ളവർ മുഖം മിനുക്കൽ അൽപ്പം നേരത്തെ തുടങ്ങുമെന്ന് മാത്രം. പള്ളിക്കുടങ്ങളിലെ പത്രാസും ബാലജന സഖ്യത്തിലെ വീരസ്യങ്ങളും ലോക്കൽ കമ്മിറ്റികളിലെ തിണ്ണ മിടുക്കുമൊന്നും മതിയാകില്ലഎന്ന് ബോധ്യമാകുന്ന സമൂഹ സേവന തല്പരരായ പുത്തൻ കൂറ്റുകാരാണ് ഡോക്ടർ പത്രാസ് കാട്ടിഎതിരാളികളെ വെല്ലുവിളിക്കുന്നതിനും നിർദ്ദോഷികളായ മലയാളികളെ പറ്റിക്കുന്നതിനുംകച്ചകെട്ടി ഇറങ്ങുന്നത്. ഇക്കാരണം കൊണ്ടുതന്നെ യഥാർത്ഥ ഡോക്ടറേറ്റുള്ള നിരവധിപേർ പൊതു വേദികളിൽ അവരുടെ പദവി മറച്ചു വയ്ക്കുകയുംചെയ്യുന്നു.
അമേരിക്കയിൽ സാധാരണ ഒരാളിന് ഡിഗ്രി പഠനം പൂർത്തിയാക്കി ഡോക്ടറെറ് ഡിഗ്രി സമ്പാദിക്കാൻ നാല് മുതൽ ആറുവരെ വര്ഷങ്ങളിലെ കഠിനാധ്വാനം വേണമെന്നിരിക്കെ ചില ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പിലെ ഉൾനാടൻ സർവകലാശാലകളിലും അതിന്റെ കാലാവധി മുതൽമുടക്കിന്റെ വലുപ്പത്തിനനുസരിച്ചു ചുരുങ്ങി ചുരുങ്ങി ശൂന്യാവസ്ഥയിൽ എത്തുമെന്നാണ് പരീക്ഷണാർത്ഥം അന്വേഷിച്ച ചിലർ സ്ഥിരീകരിക്കുന്ന വിവരം. ഫോട്ടോയും പണവും അയച്ചാൽ മടക്ക തപാലിൽ കിട്ടുന്ന ഡോക്ടറേറ്റും നിലവിലുണ്ടെന്ന് ചില ഓൺലൈൻ സൈറ്റുകളും അവകാശപ്പെടുന്നു. അവിടെ കോളേജും വിഷയവും പ്രബന്ധവും ഗൈഡുമെല്ലാം വിർച്യുൽ എന്നു മാത്രം.
തുടർ പഠനത്തിനോ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനോ തൊഴിൽ നേടാനോ വ്യാജനെ ഉപയോഗിക്കാത്തിടത്തോളം അധികാരികളെയോ
നിയമ വ്യവസ്ഥയെയോ ഭയപ്പെടേണ്ടതുമില്ല. വൈദ്യശാസ്ത്ര രംഗത്ത്, എം.ഡി. എന്നുകൂടി ചേർക്കാൻ മെഡിക്കൽ ഡോക്ടർമാർ
ശ്രദ്ധിക്കുന്നതിനാൽ വ്യാജന്മാർ ജീവഹാനിയുണ്ടാക്കി ജയിലിലാകില്ല എന്ന് കുടുംങ്ങങ്ങൾക്കും ആശ്വസിക്കാം.
പുറമെ കാണുമ്പോൾ നിരുപദ്രവകരമാണെന്ന് തോന്നുന്ന ഈ തുന്നിച്ചേർക്കൽ മലയാളികളെല്ലാം തൊണ്ട തൊടാതെ വീഴുന്നില്ല എന്നതാണ് നേര്. ഭൂരിപക്ഷവും പുശ്ചത്തോടെ കാണുന്ന ഈ പ്രയോഗം അണിയുന്നവന് മാത്രമാണ് അലങ്കാരമായി തോന്നുന്നത്.
അടുത്തകാലത്ത് ഒരു സ്റ്റാർഷോയുടെ ഭാഗമായി ഇവിടെയെത്തിയ ഒരു മിമിക്സ് കലാകാരൻ തന്നോടൊപ്പം നാട്ടിൽ രണ്ടാം വർഷ
ഇംഗ്ലീഷ് രണ്ടു പ്രാവശ്യം എഴുതി തോറ്റു വിവാഹാനന്തരം അമേരിക്കയിലെത്തിയ ഒരു പഴയ സഹപാഠിയെ കണ്ടു. പരിപാടിയുടെ സംഘാടകരിൽ പ്രമുഖനായ അയാളെ സ്വാഗതം
പറയാനായി ക്ഷണിച്ച സുന്ദരിയായ അവതാരിക അയാളുടെ പേരിനോടോപ്പം ഡോക്ടർ പദവി കൂട്ടിച്ചേർത്തു ബഹുമാനം കൂട്ടിയപ്പോൾ കക്ഷിയാകെ സംശയത്തിലായി. തനിക്കു ആള് മാറിയതാണോ, പിൻ കർട്ടനിടയിലൂടെ ഒളിഞ്ഞു
നോക്കി സംശയ നിവൃത്തി വരുത്തിയ കൂട്ടുകാരൻ ഉറപ്പിച്ചു,തനിക്കു തെറ്റിയിട്ടില്ല തന്നോടൊപ്പം ട്യൂട്ടോറിയൽ കോളേജിൽ പഠിച്ചിരുന്ന വിവാഹാനന്തരം കംപ്യൂട്ടർ ഡാറ്റ എൻട്രി പഠിച്ചു വിമാനം കയറി അമേരിക്കയിലെത്തിയ പഴയ സതീർഥ്യൻ തന്നെയാണ് ഡോക്ടറായി വേദിയിൽ ആഗതനായിരിക്കുന്നത്. അമേരിക്കയിലെ ഈ ഡോക്ടർ വിപ്ലവം അയാൾ കേരളത്തിലെ ഡോക്ടർമാരെയും അറിയിച്ചു സന്തോഷം പങ്കുവച്ചു.