Image

ബ്രണ്ണന്റെ അല (മിനി വിശ്വനാഥന്‍)

Published on 11 January, 2024
ബ്രണ്ണന്റെ അല (മിനി വിശ്വനാഥന്‍)

ഫെബ്രവരി പത്ത്, പതിനൊന്ന് തീയ്യതികളിൽ നടക്കുന്ന ബ്രണ്ണൻ മഹാ സംഗമത്തിന്റെ മുന്നോടിയായി  സവിശേഷമായ ഒരു ഒത്തുകൂടലിനാണ് ജനുവരി എട്ടാം തീയ്യതി ബ്രണ്ണൻ കോളേജ് സാക്ഷിയായത്. 

പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ പതിവാണെങ്കിലും പൂർവ്വ കോളേജ് സാരഥികളുടെ സംഗമം സാധാരണ അധികമൊന്നും കണ്ടിട്ടില്ല. നൂറ്റിരുപത്തിഅഞ്ച് വർഷത്തിന്മേൽ ചരിത്രമുള്ള ബ്രണ്ണൻ കോളേജിന്റെ മുൻകാല സാരഥികളെ കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 


അസാദ്ധ്യം എന്ന ഒരു വാക്ക് സിലബസിലില്ലാത്ത ബ്രണ്ണൻശിഷ്യന്മാർ അരയും തലയും മുറുക്കി ഇറങ്ങി. 1970കൾ മുതൽ അവിടെ കോളേജ് യൂണിയൻ നയിച്ചവരുടെ ലിസ്റ്റ് കണ്ടെടുത്തു, ഫോൺ നമ്പറുകൾ കണ്ടെടുത്തു, കോൺടാക്ട് ചെയ്തു വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കി. പഴയ കാലത്തെ ഓർമ്മകൾ ഉണർത്തി, ഓർമ്മകൾ പുതുക്കി. പഴയ കുട്ടികളായി, സ്ഥാനാർത്ഥികളായി.

ഉദ്ഘാടനത്തിന് പറഞ്ഞ സമയത്തിൽ നിന്ന് അല്പം വൈകിയെത്താൻ കാരണം പണ്ട് താമസിച്ച കോളേജ് ഹോസ്റ്റൽ സന്ദർശിച്ചത് കൊണ്ടാണെന്ന് മുൻ മന്ത്രി എ.കെ ബാലൻ അല്പമൊരു കുറ്റബോധത്തോടെ  പങ്കുവെച്ചപ്പോൾ കേൾവിക്കാർക്ക്  മനസ്സിലാവുമായിരുന്നു കോളേജ് കാലത്തെ ഹോസ്റ്റൽ ജീവിതത്തിന്റെ മധുരം. എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവസാനിപ്പിക്കുന്നതും ഹോസ്റ്റലിൽ വെച്ചായിരുന്നു. രാഷ്ട്രീയവൈരങ്ങൾ സൗഹൃദത്തിന്റെ തെളിനീരരുവിയായി മാറുന്നതും ഇവിടെ വെച്ച് തന്നെ. പഴയ ഓർമ്മകളിൽ ഒരു നിമിഷം നിശബ്ദനായതിനു ശേഷം സംഘർഷങ്ങൾ നിറഞ്ഞ പഴയകാല കോളേജ് ഓർമ്മകളിൽ അദ്ദേഹം നിറഞ്ഞു. അദ്ദേഹം പെട്ടെന്ന് പഴയ കോളേജ് യൂണിയൻ ചെയർമാനായി. എവിടെപ്പോയാലും ബ്രണ്ണനിലെ പൂർവ്വവിദ്യാർത്ഥി എന്ന വികാരം ഉള്ളിലെന്നുമുണ്ടായിരുന്നെന്ന്  പറഞ്ഞവസാനിപ്പിച്ചു. ശാന്തിവനത്തിനടുത്ത് ഒരു സ്മശാനമുണ്ടായിരുന്നെങ്കിൽ അന്ത്യവിശ്രമം പോലും ബ്രണ്ണന്റെ കാറ്റിന്റെ താരാട്ടിലാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വികാരഭരിതനായി. കൂട്ടത്തിൽ ഞങ്ങളും.

പ്രവൃത്തി ദിവസമായിട്ട് പോലും അവിടെ കൂടിയ ആൾക്കൂട്ടത്തിന് ഒരേ മനസ്സായിരുന്നു, വികാരമായിരുന്നു. സ്നേഹവാത്സല്യങ്ങളുടെ മന്ത്രമുണർത്തുന്ന ബ്രണ്ണൻ കോളേജിൽ തങ്ങൾ നടന്ന വഴിയിലൂടെ മനസ് കൊണ്ട് ഒന്ന് കൂടി തിരിച്ചു നടക്കാനുള്ള ആഗ്രഹത്തോടെ ഞങ്ങൾ മുദ്രാവാക്യങ്ങൾ ഉരുവിട്ടു. ഇലക്ഷൻ പ്രചരണ തന്ത്രങ്ങൾ തമാശയോടെ ഓർത്തെടുത്തു. 
എന്റെ കോളേജ് ജീവിത കാലത്ത് കോളേജ് ഇലക്ഷൻ പ്രചരത്തിലും കലോത്സവവേദിയിലും അലയടിച്ച ബീന കണ്ണന്റെ പാട്ടുകൾ ഒരിക്കൽ കൂടെ കേട്ടു. "ജാനകീ ജാനേ" എത്രമാത്രം ഓർമ്മകളാണ് ഒരു നിമിഷം കൊണ്ട് ഉള്ളിലേക്കെത്തിച്ചത് ! അന്നത്തെ വൈസ് ചെയർമാനും ഫൈനാർട്ട്സ് സെക്രട്ടറിയും ഇന്നത്തെ പ്രശസ്ത നർത്തകിയുമായ സുമിതാ നായർ ഞങ്ങൾക്ക് മുന്നിൽ നൃത്യനടനത്തിൽ സോമൻ കടലൂർ ചൊല്ലിയ കവിതകൾ പുരരാവിഷ്കരിച്ചു. ചില വാക്കുകൾക്കായി പുതിയ മുദ്രകൾ പോലും അവൾ കണ്ടുപിടിച്ചു. കുറച്ച് നേരത്തേക്ക് ഞങ്ങൾ പഴയ പതിനെട്ടു വയസുകാരായി. പൊട്ടിച്ചിരിച്ചു , കളിയാക്കി. പഴയ പഞ്ചാര പ്രണയങ്ങൾ ഓർത്തെടുത്തു. അന്ന് പ്രണയിക്കാനാവാത്തതിൽ സങ്കടപ്പെട്ടു.

എന്നും തിടുക്കം പിടിച്ച് വലിയ ഒരു ഫയലും കൈയിലൊതുക്കി, ചാക്കി സഞ്ചിയും വട്ടക്കണ്ണടയുമായി ഓടി നടക്കുന്ന കെ.സി മിനിയേച്ചിയെ അവരിൽ പലരും ഓർത്തെടുത്തപ്പോൾ സന്തോഷം തോന്നി! അയ്യേ ഞാനങ്ങിനെയായിരുന്നോ എന്ന് നാണിച്ചു. മനസ്സിൽ ഇന്നും ഞാൻ പഴയ പരിഭ്രമപ്പാച്ചിൽകാരിയായ മിനിയേച്ചിയാണെന്ന് കുറ്റസമ്മതം നടത്തി. 

ശാന്തിവനവും പിരിയൻ കോണിയും മലയാളം ഡിപ്പാർട്ട്മെന്റിന് പിന്നിലെ പടികളും ഞങ്ങളുടെ ഓർമ്മകളെ വേദനിപ്പിച്ച് കൊണ്ട് കടന്നുവന്നു. പഴയ ബ്രണ്ണൻ മാറിപ്പോയെന്ന് പതം പറഞ്ഞു കൊണ്ട് അതിലൂടെ ചുറ്റിയടിച്ചു. മുദ്രാവാക്യങ്ങൾക്കായി കാതോർത്തു. അദ്ധ്യാപകരെ സ്നേഹപൂർവം ഓർത്തെടുത്തു. 

തീപ്പൊരി പ്രസംഗങ്ങളുമായി ഞങ്ങളിൽ ആവേശത്തിന്റെ തീപ്പൊരി പാറ്റിത്തന്ന സഖാക്കളുടെ ശബ്ദം ഒരിക്കൽ കൂടി കേട്ടു. ഇരുപത്തിലാറിലധികം വർഷങ്ങൾ ശരീരത്തിലും ജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ ഞങ്ങൾ അറിഞ്ഞതേയില്ല. എല്ലാവരും ഒരു ദിവസത്തേക്ക് പ്രാരബ്ധക്കെട്ടുകൾ ഒഴിച്ച് വെച്ച് പഴയ സമര സഖാക്കളായി മാറി എന്നതാണ് ഈ കൂടിച്ചേരലിന്റെ നന്മ.

ഒപ്പം പഠിച്ചവർ പലരും അവിടെ അദ്ധ്യാപകരായി എന്നത് മധുരമാണെങ്കിൽ പലരും എന്നെ തിരിച്ചറിഞ്ഞു എന്നത് വ്യക്തിപരമായി അതിമധുരമായി. നിങ്ങളുടെ ടീച്ചർ ഡോ .മഞ്ജുളയും , ജിസജോസും, രജനിയുമൊക്കെ എന്റെ ജൂനിയറായി പഠിച്ചതാണെന്ന് ഗേൾസ് റൂമിൽ വെച്ച് കുട്ടികളോട് പൊങ്ങച്ചം പറഞ്ഞു. "നിങ്ങൾ ആരായി" എന്ന അവരുടെ സംശയ നോട്ടത്തിന്, ഞാൻ മിനി വിശ്വനാഥനായി എന്ന് വളിച്ച തമാശ പറഞ്ഞ് സ്വയം ചിരിച്ചു.

കൂട്ടത്തിൽ മറ്റൊരു സന്തോഷം വേദിയിൽ വെച്ച് എന്റെ ചരിത്രമുറങ്ങുന്ന നേപ്പാൾ മുൻ കോളേജ് യൂണിയൻ ചെയർമാനായ ശ്രീ എ.കെ ബാലന് മുൻ വൈസ് ചെയർമാനായ കെ.സി മിനിക്ക് സമ്മാനിക്കായി എന്നതുമാണ്. കൂട്ടത്തിൽ പ്രിയകൂട്ടുകാരായ ദിനേശനും ,സജീവനും, സഞ്ജീവനും എന്നെയും എന്റെ പുസ്തകത്തേയും സ്നേ പൂർവ്വം പരിഗണിച്ചതും കൂട്ടത്തിൽ സന്തോഷം.

ആരാണീ മിനി വിശ്വനാഥൻ എന്ന് പപ്പൻ ചോദിച്ചപ്പോൾ ഞാനിപ്പോ ഇങ്ങിനെയാ ചെറുചിരിയോടെ എന്റെ പുതിയ ഐഡന്റിറ്റി പരിചയപ്പെടുത്തിയപ്പോളുള്ള പൊട്ടിച്ചിരിയോടെ ഞങ്ങൾ ക്യാമ്പസിൽ നിന്നിറങ്ങി. ഇനിയും കാണുമെന്ന പ്രതീക്ഷ ബാക്കി വെച്ച് !

കോളേജിന്റെ പടിയിറങ്ങുമ്പോൾ നന്ദി പൂർവ്വം ഓർക്കുന്ന രണ്ട് മുഖങ്ങൾ ഹരിതയുടെതും സായൂജിന്റെതുമാണ്. പഴയ ഓർമ്മകളിൽ നിന്ന് ഒളിച്ചോടിയ എന്നെ തിരിച്ച് ഇവിടേക്ക് കൊണ്ടുവന്നത് അവരാണ് ! അവർ മാത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക