Image

സ്ത്രനിയേരി ( ഇറ്റലിയില്‍ - 7 : മിനി ആന്റണി )

മിനി ആന്റണി Published on 11 January, 2024
 സ്ത്രനിയേരി ( ഇറ്റലിയില്‍ - 7 : മിനി ആന്റണി )

തമിഴ്‌നാട്ടിലെയോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെയോ ഉള്ള ഏതോ ഒരു ഗ്രാമത്തിലെ ചില കാഴ്ച്ചകള്‍ പോലെ.  ചുറ്റും കാണുന്ന തരിശായ പറമ്പുകളും ഉയരം കുറഞ്ഞ മരങ്ങളുമാണ് തമിഴ്‌നാടെന്ന ഫീല്‍ നല്‍കിയത്. വീടും പരിസരവും കേരളത്തെ ഓര്‍മ്മിപ്പിച്ചു. ഇറ്റലിയിലാണ് നില്‍ക്കുന്നതെന്ന് തോന്നുകയേയില്ല.

     യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന സ്വപ്നങ്ങളാണ് ഞാനെപ്പോഴും കാണാറുള്ളത്.  സ്വപ്നത്തിനകത്തിരുന്ന് വേറൊരു സ്വപ്നം കണ്ടുണരുന്ന പതിവുമുണ്ട്.  ഏയ്....ഇത് സ്വപ്നമൊന്നുമല്ല. ശരിക്കും ഉള്ളത്  തന്നെയാണ്. അങ്ങനെ ചിന്തിക്കുന്ന സമയത്ത് ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന അനുഭവവും മുന്‍പുണ്ടായിട്ടുണ്ട്. അതുകൊണ്ട്  ഇതൊരു ദീര്‍ഘമായ സ്വപ്നമായിരിക്കുമോ എന്നൊരു ചിന്തയും ഉണ്ടാവാതിരുന്നില്ല.

മുന്നിലെ റോഡിലൊരു കുഴി. ഇവിടുത്തെ റോഡിലും കുഴിയോ ! എന്നാണാദ്യം തോന്നിയത്. ടാറിളകിയുണ്ടായതാവാം.  പഴയതും അധികമുപയോഗമില്ലാത്തതുമായ റോഡായതുകൊണ്ടുമാവാം. എന്നാലിതേ വരെ വന്ന റോഡെല്ലാം  വളരെ ഡീസന്റായിരുന്നു. 
അധികം ആള്‍ സഞ്ചാരമില്ലാത്ത ഒഴിഞ്ഞ ഒരിടത്തായിരുന്നല്ലോ അക്കോമഡേഷന്‍.  അതുകൊണ്ടായിരിക്കാം അവിടേക്ക്  വരുന്ന വഴിയങ്ങനെയായത്.

ഞാന്‍ കുഴിയൊഴിവാക്കി  ഗെയ്റ്റിനരികിലേക്ക് നടന്നു.  ബോബി പെട്ടിയുമെടുത്ത്  മുമ്പേ പോയിരുന്നു.

' പെട്ടി കാണാതായിട്ട് വല്ലാതെ വിഷമിച്ചാരുന്നു അല്ലെ ?ഇവിടെ വേറൊരു ചേട്ടന്റെ പെട്ടി പോയിട്ട് ഇതുവരെ കിട്ടിയില്ല. ചേച്ചിക്ക് ഫാഗ്യമുണ്ട്. '   

മറുപടി ഒരു ചിരിയിലൊതുക്കി  വീടും പരിസരവും നിരീക്ഷിക്കുന്ന നേരത്ത് സുബിയെന്റെ കയ്യില്‍ പിടിച്ച് ക്ഷമാപണസ്വരത്തില്‍  വീണ്ടും പറഞ്ഞു.

'ഓ.... ചേച്ചിക്ക് വീട് ഇഷ്ടമായിക്കാണില്ല. എനിക്കറിയാം ഇഷ്ടമായി കാണില്ലെന്ന് . പഴയ വീടല്ലേ.  ഞങ്ങളക്കോമഡേഷന്‍  തുടങ്ങിയത് പെട്ടെന്നാണേ. അതാ.'

അക്കോമഡേഷന്‍. 
ഇങ്ങോട്ടു പോരുന്നതിനു മുന്‍പ് പല തവണ കേട്ട ഒരു വാക്കാണിത്. യു ട്യൂബും തന്നിരുന്നു കുറച്ച് വിവരങ്ങള്‍.ഇറ്റലി  വിളിക്കുന്നു. ഒരു യുട്യൂബ് വീഡിയോയുടെ ക്യാപ്ഷനാണ്. എന്തിനാണ് ഇറ്റലി വിളിക്കുന്നത് ?അവിടെ ജോലിയെന്താണ് ? ജീവിതാവസ്ഥകളെന്താണ് ?  ഇതൊന്നും മനസിലാക്കാതെയാണ് ഭൂരിഭാഗം പേരും ഇങ്ങോട്ട് ഫ്‌ലൈറ്റ് കയറുന്നത്. 

അക്കോമഡേഷനെന്ന് കേട്ടപ്പോള്‍  നാട്ടിലെ ഹോസ്റ്റലും ഹോം സ്റ്റേയും ഒക്കെയാണ് മനസിലുണ്ടായിരുന്നത്. സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ദിവസത്തെ ഹോസ്റ്റല്‍ വാസം  കഴിഞ്ഞപ്പോള്‍ അവിടുത്തെ സൗകര്യങ്ങളായി മനസ്സില്‍. എന്നാലിവിടത്തെ രീതികള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

മലയാളികള്‍ പൊതുവെ കച്ചവടതല്‍പരരാണല്ലോ. അക്കോമഡേഷനും ഒരു തരത്തില്‍ കച്ചവടമാണ്. ഇറ്റലിയിലെത്തുന്ന മലയാളികളെ ലക്ഷ്യം വച്ചുകൊണ്ടു നടത്തുന്ന സംരംഭം.  നടത്തുന്നവനും ഉപയോഗപ്പെടുത്തുന്നവനും നഷ്ടമില്ലാത്ത സംരംഭം. എന്നാലിത്തിരി ആത്മാര്‍ത്ഥതയും സ്‌നേഹവും കൂടി കലര്‍ത്തിയാല്‍ കച്ചവടമെന്നതിലുപരി അക്കോമഡേഷന്‍  ഒരു വലിയ കുടുംബമായി മാറാനുള്ള സാധ്യത കൂടിയുണ്ട്. ആ സാധ്യത മനസില്‍ കണ്ടിട്ടായിരിക്കണം ബോബിയും സുബിയും ഇതിന് 'പറുദീസ' എന്ന് പേരിട്ടത്.  

ഗെയ്റ്റില്‍ നിന്ന് മുറ്റത്തേക്ക് കയറാന്‍ നേരം ചെറിയ ഒരു പയ്യനാണ് ആ പേര് പറഞ്ഞുകൊണ്ടെന്നെ സ്വാഗതം ചെയ്തത്.  ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് എന്ന അക്ഷരം പോലെ ബോഡി ലാഗ്വേജുള്ള ഒരുത്തന്‍.  ആളുകളെ അക്ഷരങ്ങളോടും അക്കങ്ങളോടും സാമ്യപ്പെടുത്തി കാണുന്ന ശീലം പൂര്‍വ്വകാലത്തില്‍ നിന്ന് കിട്ടിയതാണെനിക്ക്. അവനുമവിടുത്തെ അന്തേവാസിയായിരുന്നു. ജോലിക്കു പോകാനൊരുങ്ങി നില്‍ക്കുകയുമായിരുന്നു.

  ' ചേച്ചി . ഞാന്‍ സച്ചു. '

ഞാനവനോട് ചിരിച്ചു. അവന്‍ കുറച്ചു നീളത്തിലെനിക്ക് സ്വാഗതമേകി.
'
ചേച്ചിക്ക് പറുദീസയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. ' 

     'താങ്ക്യൂ ' ഞാനവിടെ ആദ്യമായി സംസാരിച്ചത് അവനോടായിരുന്നു. 

     'നമുക്കിനി നാളെ കാണാം ചേച്ചി. എനിക്കിപ്പോ പണിക്ക് കേറണം.' 

    സുബിയെയും എന്നെയും നോക്കി ഒന്നുകൂടി ചിരിച്ച് സച്ചു ചാരിവെച്ച സൈക്കിളുമുന്തി പുറത്തേക്ക് പോയി. അവന്റെ നോട്ടം  സുബിയുടെ നോട്ടവുമായി  ഒന്നു കോര്‍ത്തപോലെ തോന്നി. 

'പറുദീസ'  ആ പേരോര്‍ത്ത് ഞാനുളളില്‍ ചിരിച്ചു.  പറുദീസയില്‍ മാലാഖമാര്‍ മാത്രമായിരിക്കില്ല വാസമെന്നാണ് പെട്ടെന്ന് മനസില്‍ തോന്നിയത്.  നെഗറ്റീവാണല്ലോ ചിന്തിക്കുന്നത് എന്ന് തോന്നാം. അനുഭവങ്ങളങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

സുബിയവരെ കുറിച്ചാണ് മുഴുവന്‍ സമയവും പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ ആ വീടിനെക്കുറിച്ചും. ആ വീടും അവിടുത്തെ സൗകര്യമില്ലായ്മകളും സുബിയില്‍ വല്ലാത്ത അപകര്‍ഷതയുളവാക്കുന്നുവെന്ന് എനിക്ക് തോന്നി. എന്നാല്‍ ബോബിക്കതില്ലതാനും. അതിനുള്ള കാരണം സുബി പറഞ്ഞ കഥയില്‍ തന്നെയുണ്ടായിരുന്നു.

'ഇത്ര കാലം ജോലി ചെയ്ത വീടല്ലേ. സ്വന്തം വീടെന്ന ഫീലാ ഇച്ചായനിപ്പോള്‍. അതാ ഈ വീടുപേക്ഷിക്കാത്തത്. '

ബോബി പതിമൂന്ന് വര്‍ഷമായി ജോലി ചെയ്തിരുന്ന വീടാണത്. ഇറ്റലിക്കാരായ ദമ്പതിമാരാണ് അവിടെ ഉണ്ടായിരുന്നത്. അവരെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു ബോബിക്ക്. അമ്മാമ ആദ്യമേ മരിച്ചു. പിന്നെ അപ്പാപ്പനും ബോബിയും മാത്രമാണ് ഉണ്ടായിരുന്നത്.

കാലങ്ങളോളം ഇടപഴകുമ്പോള്‍ ആര്‍ക്കിടയിലാണ്  ഒരു ബന്ധമുണ്ടായി വരാത്തത്. അതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. അത്തരമൊരു ബന്ധം അപ്പാപ്പനോടും ആ വീടിനോടും ബോബിക്കുണ്ടായിക്കാണും. അല്ലെങ്കിലൊരു പക്ഷേ.....

'അപ്പാപ്പന് ഇച്ചായനെ വലിയ കാര്യമായിരുന്നു. കഴിഞ്ഞ കൊല്ലം ഇച്ചായന്‍ നാട്ടിലേക്ക് പോയ സമയത്താ അപ്പാപ്പന്‍ മരിച്ചത്. മരിക്കാനുള്ള ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല.  നമുക്ക് യോഗമില്ല. അതാ . അല്ലെങ്കി ഈ വീടും സ്ഥലോം അപ്പാപ്പന്‍ ഇച്ചായനെഴുതി കൊടുത്തേനെ .'

വീടിനപ്പുറത്ത് വലിയ പറമ്പുണ്ട്. അവിടെയെല്ലാം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യവും ബോബിക്കുണ്ടായിരുന്നു. കുറേ കാലം നിന്ന വീടും പറമ്പുമല്ലേ. അതും സ്വന്തം പോലെ കരുതിയത്. അറ്റാച്ച്‌മെന്റുണ്ടാകാതിരിക്കില്ലല്ലോ.


സുബിയും ഇറ്റലിയിലെത്തിയിട്ട് പത്തു വര്‍ഷത്തിലധികമായിട്ടുണ്ട്. നാല് വര്‍ഷമായി അവരൊന്നിച്ചിട്ട്. രണ്ടു പേരും നല്ലപോലെ ഇറ്റാലിയന്‍ സംസാരിക്കും. അതുകൊണ്ട് ഇറ്റാലിയന്‍സിനെ കൈകാര്യം ചെയ്യാനുള്ള മിടുക്കുമുണ്ടാകും. 

'അപ്പാപ്പന്‍ മരിച്ചശേഷം  ബന്ധുക്കളുടെ കയ്യില്‍നിന്ന് നമ്മളീ വീട് വാടകക്കെടുത്തതാണ് ചേച്ചി '

'ഇവിടെ അടുത്തുതന്നെ വേറൊരെണ്ണം ശരിയായി വരുന്നുണ്ട്. ബോബി സമ്മതിച്ചാല്‍ ഉടനെ അങ്ങോട്ടു മാറും കേട്ടോ ചേച്ചി. പിന്നെ യാത്രയൊക്കെ സുഖമായിരുന്നോ. ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. '

'എല്ലാര്‍ക്കും ഇതൊരു ബിസ്‌നസൊക്കെയാ. നമുക്കങ്ങനെയല്ല കേട്ടോ.  ജോലിയൊക്കെ കിട്ടി ശമ്പളമൊക്കെയായിട്ടേ ഞങ്ങള് അക്കോമഡേഷന്‍ ഫീസ് വാങ്ങാറുള്ളൂ. നമുക്ക് പറ്റുന്നൊരു സഹായം അങ്ങനേയേ ഞങ്ങള് കരുതിയിട്ടുള്ളൂ. പിന്നെ  മാതാവിനോടുള്ള പ്രാര്‍ത്ഥന കാരണമാവും എന്റെ കയ്യിലേക്ക് ജോലി ഒരുപാട് വരുന്നുണ്ട് ചേച്ചി. ചേച്ചിക്കും പെട്ടെന്ന് തന്നെ ഒരു ജോലിയാവും. ഇവിടെ അധികം ഇരിക്കേണ്ടി വരുകേല കേട്ടോ. നന്നായി പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയാണ് എന്നെയിവിടെവരെ എത്തിച്ചത്. '

ഭക്തരുടെ കോട്ടയിലാണോ ഞാനെത്തപ്പെട്ടത് എന്നൊരു ഞെട്ടലെന്നിലുണ്ടായെങ്കിലും ഞാന്‍ സുബിയെ സസൂക്ഷ്മം കേട്ടു കൊണ്ടിരുന്നു. കോട്ടയം സ്‌റ്റൈലിലുള്ള അടഞ്ഞ ശബ്ദത്തോടെയുള്ള ആ സംസാരം കേള്‍ക്കാനൊരു കൗതുകമൊക്കെയുണ്ട്.
സംസാരത്തിനിടയിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍  കൂട്ടിയോജിപ്പിച്ചെടുക്കുന്നതിനിടയിലും  ഒരു കടലൊളിപ്പിക്കാന്‍ കഴിയുന്നത്ര ആഴമുള്ള പിടയ്ക്കുന്ന   കണ്ണുകള്‍ ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.  

വീടിന് മാത്രമല്ല  വീട്ടുകാര്‍ക്കുമുണ്ടോയിത്തിരി പഴമ എന്നൊരു തോന്നല്‍. ഇറ്റലിയിലാണല്ലോ ഞാനെന്നോര്‍ക്കുമ്പോഴാണ് ഇത്തരം ചില തോന്നലുകള്‍. കാണുന്നതിനു മുന്‍പ് നമ്മുടെ മനസില്‍ കാണാത്തവരെ കുറിച്ച് ഒരു പിക്ച്ചറുണ്ടാവുമല്ലോ. ബോബിയിങ്ങനെയായിരിക്കും. സുബിയിങ്ങനെയായിരിക്കുമെന്നൊക്കെ. വിചാരിച്ചപോലെയൊന്നും പലരും ആവാറില്ലെങ്കിലും.

'എനിക്ക് മൂന്നു പ്രാവശ്യം കൊറോണ വന്നാരുന്നു. അതാ ശബ്ദമിങ്ങനെ. ചേച്ചിക്ക് വിശക്കുന്നില്ലേ . ചേച്ചി വരുന്നെന്നറിയാവുന്നോണ്ട് ചോറും ചിക്കന്‍ക്കറിയും വച്ചിട്ടുണ്ട്. '

സുബിയുടെ സംസാരത്തിനിടെ  ചേച്ചിക്ക് ഭക്ഷണം കൊടുക്കെന്നും പറഞ്ഞ് ബോബി എവിടേക്കോ അപ്രത്യക്ഷനായി. പറമ്പിലെന്തെങ്കിലും ജോലിയുണ്ടാകുമായിരിക്കും. അന്നു മാത്രമല്ല അവിടുന്നങ്ങോട്ടുള്ള ദിവസങ്ങളിലും തിരക്കൊഴിഞ്ഞ് ഒരിടത്തിരിക്കുന്ന ബോബിയെ ഞാന്‍ കണ്ടിട്ടേയില്ല. 

ചാരനിറത്തിലുള്ള ബര്‍മുഡയും നീല ടീഷര്‍ട്ടും ഇട്ടു നില്‍ക്കുന്ന  ബോബിയെ കണ്ടാല്‍ നമ്മുടെ തൊട്ടടുത്ത വീട്ടിലെ പയ്യനാണെന്നേ തോന്നൂ. ഷര്‍ട്ടിന്റെ കോളര്‍ മടക്കിവക്കാന്‍ പോലും അവന്‍ മെനക്കെടാറില്ലെന്ന് തോന്നുന്നു. ആറടി പൊക്കക്കാരനാണെങ്കിലും ചിമ്മിയടയുന്ന കുഞ്ഞുകണ്ണുകളിലെ ചിരി ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കത്വം അവന് സമ്മാനിക്കുന്നുണ്ട്.

വീട് പഴയതോ പുതിയതോ ആവട്ടെ . എന്തായാലും ഒരു ഇറ്റാലിയന്‍ വീടല്ലേ. അതിന്റേതായ  പ്രത്യേകതകളെന്തെങ്കിലും കാണാതിരിക്കല്ലല്ലോ. ഞാനതാണ് പരതിക്കൊണ്ടിരുന്നത്.

നിറം മങ്ങിയ വാതിലുള്ള പുറത്തെ ബാത്ത് റൂമാണ് ആദ്യമെന്റെ കണ്ണില്‍പെട്ടത്.  ഗെയ്റ്റ് കടക്കുമ്പോഴാദ്യം തന്നെ കാണുന്നതതാണ്. വീടിന്റെ പുറകുവശമാണോയിത് എന്നാദ്യം തോന്നി. നമ്മുടെ നാട്ടില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂമൊക്കെ വരുന്നതിനും മുന്‍പ് പഴയ വീടുകളിലെ ബാത്ത്‌റൂം പുറകിലാണല്ലോ ഉണ്ടാകാറ്. അയ്യംകോടുള്ള എന്റെ വീടിന്റെ ബാത്ത്‌റൂമും പുറകുവശത്താണ് . 

'എന്റെ വീട് '  അവിടെയിപ്പോള്‍..... അവിടെ അപ്പനും അമ്മയും ഇപ്പോഴും എന്നെയുമോര്‍ത്തിരിക്കുകയാവും. ഞാനിവിടെയെത്തി എന്ന മെസേജ് അവര്‍ക്ക് കിട്ടിക്കാണും.  ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറച്ച് ഓര്‍മ്മകളെങ്കിലും ബാല്യവും കൗമാരവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കുമുണ്ടാകും. എന്നാലെനിക്ക് കുറച്ചല്ല കുറയേറെയുണ്ട്. അതിലധികവും  സമ്മാനിച്ചത് ആ  വീടാണ്.  വീട്ടിലെ ബാത്ത്‌റൂമിന്റെ  ഡോറൊന്നു മാറ്റിവയ്ക്കാന്‍ എത്ര നാളായി അമ്മ അപ്പച്ചനോട് വഴക്കിടുന്നു. അതത്രക്കും പഴഞ്ചനായി പോയിരുന്നു.

അയയില്‍ ഉണക്കാനിട്ട തുണികള്‍.സൈഡിലെ കമ്പിവേലിയില്‍ പടര്‍ന്നു കിടക്കുന്ന കോവല്‍വള്ളികളില്‍ നിറയെ പൂക്കളും  കായ്കളും.  ഇറ്റലിയില്‍ കോവലൊക്കെ പിടിക്കുമോ എന്ന് ചിന്തിക്കുമ്പോഴേക്കും സുബി പറഞ്ഞു.

'ഇതൊക്കെ ഇച്ചായന്റെ കൃഷിയാ ചേച്ചി. പറമ്പിലൊക്കെയുണ്ട്. നാട്ടിലെ പച്ചക്കറിയൊക്കെ ഇവിടെയും വിളയും. എല്ലാം നടന്ന് കാണാം കേട്ടോ. നാളെയാവട്ടെ . '

പിഞ്ചുകോവയ്ക്കള്‍ എന്റെ വീക്‌നെസാണ്. എത്ര തിരക്കാണെങ്കിലും ഇടക്കൊക്കെ വീട്ടിലേക്കോടിച്ചെല്ലും . കായ്ച്ചുകിടക്കുന്ന പിഞ്ചുകോവക്കകള്‍ പറിച്ചു തിന്നും. അവിടെയും അമ്മ നട്ടുവളര്‍ത്തിയ കോവല്‍ ഇതേ പോലെ പടര്‍ന്ന് പന്തലിച്ച് കിടപ്പുണ്ട്. അതിലെപ്പോഴും പിഞ്ചുകോവയ്ക്കകളുമുണ്ടാകും. 

കോവയ്ക്ക വള്ളികള്‍ക്കിടയിലൂടെ ഞാനപ്പുറത്തേക്ക് നോക്കി. അവിടെയൊരു ഷെഡുണ്ട്. ഷെഡിലെ ഒരു പഴയ സോഫയില്‍ ആരൊക്കെയോ ഇരിക്കുന്നു. പുതിയ അഥിതിയായ എന്നെയാണവര്‍ നോക്കുന്നത്. 

വന്നിറങ്ങിയപ്പോള്‍ മുതല്‍ കാണുന്ന സകലതും വീടും ചുറ്റുപാടുകളും ഓര്‍മ്മിപ്പിക്കും വിധത്തിലുള്ളതായിരുന്നു. വീടെന്റെ മനസ്സില്‍ അത്രയാഴത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. നാട്ടിലെന്റെ  വീടിന്റെ സൈഡിലും ഇതേ പോലൊരു ഷെഡുണ്ട്.  കയ്യാലയെന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്.

പണ്ട് പറമ്പിന്റെ ഏറ്റവും മുകളിലായിരുന്നു ഞങ്ങളുടെ വീട്. മണ്ണിഷ്ടികകൊണ്ടുള്ള ചുമരുള്ള  ഓടു മേഞ്ഞ വീട്. ആ ഇഷ്ടിക മുഴുവന്‍   സ്വന്തം കൈകള്‍ കൊണ്ട് മണ്ണുകുഴച്ച് അപ്പനും അമ്മയും കൂടി ഉണ്ടാക്കിയെടുത്തതായിരുന്നു. അമ്മ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. മാസത്തിലൊരിക്കല്‍ കരി പൊടിച്ചു ചേര്‍ത്ത ചാണകം കൊണ്ട് അമ്മ നിലം മെഴുകി വൃത്തിയാക്കുന്നതും ഞാനതിലെല്ലാം നിരങ്ങി ദേഹം വൃത്തികേടാക്കുന്നതും അടി വാങ്ങുന്നതും എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്.. ഇപ്പഴുള്ള കൊച്ചു ടെറസുവീട് അപ്പച്ചനിഷ്ടപ്പെട്ട് പണിതതൊന്നും  ആയിരുന്നില്ല. ആ പഴയ വീട് പൊളിച്ചുകളയാനും അവിടുന്ന് മാറിത്താമസിക്കാനും അപ്പച്ചനിഷ്ടമേയല്ലായിരുന്നു.

അപ്പച്ചനെ പറയുന്നതെന്തിനാണ്. എനിക്കും ആ വീട് വലിയ ഇഷ്ടമായിരുന്നു. ആ വീടില്ലാതായപ്പോള്‍ സങ്കടവും ഉണ്ടായിരുന്നു. വീട് പൊളിച്ചു കളഞ്ഞെങ്കിലും  വീടിരുന്ന തറയിപ്പോഴും ബാക്കിയുണ്ട്.  അവിടെ ഞാനെത്രയോ വട്ടം പോയിരിക്കാറുണ്ട്.  ഞാനെന്റെ കുട്ടിക്കാലത്തില്‍ കുട്ടിമനസോടെ അലഞ്ഞു നടക്കും. മനസിനപ്പോള്‍ വലിയ ആശ്വാസമായിരിക്കും. ഇങ്ങോട്ടു പോരുന്നതിന് തൊട്ടു മുന്‍പുവരെ ഞാനതാവര്‍ത്തിച്ചിരുന്നു.

നാട്ടില്‍ കരണ്ട് വന്നു. എല്ലാ വീട്ടിലും ഇലക്ട്രിക് ലൈറ്റ് കത്തി. ഞങ്ങള്‍ മാത്രം വെളുക്കുമ്പോഴെണീറ്റ്  മൂക്കിലെ കരി തുടച്ചു വൃത്തിയാക്കുന്ന ജോലി പിന്നെയും വര്‍ഷങ്ങളോളം തുടര്‍ന്നു. മൂക്കില്‍ കരി വരുന്നെന്ന് പറയുമ്പോള്‍ പലര്‍ക്കും അത് മനസിലാവണമെന്നില്ല. കരണ്ടില്ലാത്തിടത്ത് മണ്ണെണ്ണവിളക്കാണല്ലോ ഉപയോഗിക്കാറ്. വീട്ടില്‍ രാത്രിയിലൊരു കെടാവിളക്ക് കത്തിച്ച് വയ്ക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ പുക ശ്വസിച്ചിട്ടാണ് മൂക്കിനകത്ത് കരി കയറുന്നത്. 

താഴത്തെ വഴിയിലൂടെയാണ് കരണ്ടു കമ്പി പോയിട്ടുള്ളത്. അത് ഞങ്ങളുടെ വീട്ടിലേക്കെത്തണമെങ്കില്‍  രണ്ട് പോസ്റ്റ് കൂടുതലിടണം.  കരണ്ട് കിട്ടാത്തതിലെനിക്ക് വലിയ വിഷമം തോന്നിയില്ല. എന്നാലാക്കൊല്ലം  ക്രിസ്തുമസ്സിന് എല്ലാ വീട്ടിലും സുന്ദരന്‍ നക്ഷത്രങ്ങള്‍ തിളങ്ങിയപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ല. കാര്യം അമ്മ വലിയ ദേഷ്യക്കാരിയൊക്കെയാണ്. സ്‌നേഹമങ്ങനെ   പുറത്തേക്ക് കവിഞ്ഞൊഴുകുകയുമില്ല. എന്നാലെന്റെ കരച്ചില്‍  അമ്മയുടെ മനസ്സില്‍ തട്ടി.

അമ്മയ്ക്ക് വഴക്കുണ്ടാക്കാന്‍ പ്രത്യേകിച്ചൊരു കാരണവും വേണമെന്നില്ല. അപ്പോള്‍ പിന്നെ കാരണം കൂടിയായാലോ !

കരണ്ട് കിട്ടാതിരുന്നത് വലിയൊരു വഴക്കിന് കാരണമായി. നാടു നന്നാക്കാന്‍ നടക്കുന്ന കൂട്ടത്തില്‍ ആ നാട്ടുവഴിയിലൂടെ  കരണ്ടുവരാന്‍ വേണ്ടിയും അപ്പച്ചന്‍ കുറേയധികം നടന്നിട്ടുണ്ട്. ആ വഴിക്ക് കുറേ പണം ചിലവാക്കിയിട്ടുമുണ്ട്. അമ്മയുടെ അഭിപ്രായത്തില്‍ കാര്യങ്ങളിങ്ങനെയാണ്.

' ഞാനും ക്ടാങ്ങളും അന്‍ഭവിക്കണ്ട കാശേ നാട്ടാര്ക്ക് വേണ്ടി ചെലവാക്ക. ഇവ്‌ടെന്തെങ്കിലും ആവശ്യണ്ടാവട്ടെ. ഏത് പട്ടിക്കാള്യാ തിരിഞ്ഞോക്കാന്ന് കാണാലോ ?'

സ്വന്തം കുടുംബം മാത്രമാണ് തന്റെ ലോകമെന്ന് ചിന്തിക്കുന്ന സ്വാര്‍ത്ഥമതിയായ അമ്മയെയും 'ലോകമേ തറവാടെന്നും ,പൂക്കളും പുല്‍കളും പുഴുക്കുമെന്‍ കുടുംബക്കാര്‍' എന്ന കവിവചനത്തിലെ പോലെ  എല്ലാവര്‍ക്കും വേണ്ടി ജീവിക്കുന്ന  അപ്പച്ചനെയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരില്‍ ആരാണ് ശരി ആരാണ് തെറ്റെന്ന് മനസിലാക്കുന്നതില്‍ ഇപ്പോഴും ഞാന്‍ വിജയിച്ചിട്ടില്ല.

 എന്തായാലും ആ വഴക്കു കാരണമാണ് താഴേതട്ടിലൊരു വീടുപണിയാന്‍ അപ്പച്ചന്‍ നിര്‍ബന്ധിതനായത്. കരണ്ട് കിട്ടാന്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുകളിലെ വീടുപേക്ഷിക്കാന്‍ അപ്പച്ചന്‍ തയ്യാറായില്ല.  അതിന്റെ മുഖ്യഭാഗം പൊളിച്ചിറക്കി താഴത്തെ വീടിന്റെ സൈഡിലായി അതേപോലെ  പണിതിട്ടു.  പകല്‍ നേരത്തെ വിശ്രമത്തിനുപയോഗിക്കുന്ന ഒരു ബഞ്ചുണ്ടായിരുന്നു മുകളിലെ വീട്ടില്‍.  ഇറയത്ത് കിടന്നിരുന്ന വീട്ടികൊണ്ടുണ്ടാക്കിയ ബഞ്ച്.   അതും അപ്പച്ചന്‍ ആ  കയ്യാലയില്‍ കൊണ്ടു വന്നിട്ടു. ഇപ്പോഴും  അപ്പച്ചന്‍ പകല്‍നേരത്ത്  കാറ്റു കൊണ്ട് കിടക്കുന്നത് കയ്യാലയിലെ ആ ബഞ്ചില്‍ തന്നെയാണ്.

       സുബിയോടൊപ്പം വീടിനകത്തേക്ക് കടക്കാന്‍ നേരം ഒരു ഭാഗത്ത് നീളത്തിലൊരു റൂമും അകത്ത് മൂന്നാല് കട്ടിലുകളും കിടക്കുന്നത് കണ്ടു. ആ സ്ഥലം  പുതുതായി കൂട്ടിയെടുത്തതാകണം.
     
     മരുമക്കളും പേരക്കിടാങ്ങളുമായി  ആളെണ്ണം കൂടി  വീട്ടിനകത്ത് സ്ഥലം തികയാതായപ്പോള്‍ വീടിനു സൈഡിലേക്ക് അപ്പച്ചനൊരു  എക്‌സ്റ്റെന്‍ഷന്‍ എടുത്തിരുന്നു. ആസ്പറ്റോസ് മേഞ്ഞ ഒരു വലിയ മുറി. മൂന്ന് കിടക്കകളും വാങ്ങി. എല്ലാരും ഒത്തുകൂടുമ്പോള്‍ കിടക്കകള്‍ താഴെ നിരത്തിയിടും.  ഒന്നിച്ച് നിരന്നങ്ങ് കിടക്കും.  ആ സമയത്ത് അമ്മ പഴയ കഥകളൊക്കെ പറയും.  പണ്ട് മുകളിലെ വീട്ടിലെ ഒറ്റമുറിയില്‍ പായവിരിച്ച് ഞങ്ങളൊന്നിച്ച് കിടന്ന കാലമൊക്കെ ഓര്‍ക്കും.

    അങ്ങനെ ഏതു വിധത്തില്‍ നോക്കിയാലും ഇറ്റലിയിലെ ആ വീടും പരിസരവും ഏകദേശംഎന്റെ നാട്ടിലെ വീടിനെപ്പോലെ ഒത്തുവന്നിട്ടുണ്ടായിരുന്നു.  പറമ്പില്‍ തെങ്ങും വാഴയും ഇല്ലെന്നുള്ള വ്യത്യാസമേയുണ്ടായിരുന്നുള്ളൂ.

     യൂറോപ്പ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലൊരു ധാരണ എനിക്കും ഉണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഷെയര്‍ ചെയ്യുന്ന ഫോട്ടോസും ചില യുട്യൂബ് വീഡിയോകളും കണ്ട് ഞാനുണ്ടാക്കി വച്ച ധാരണകള്‍. 

      സ്വിറ്റ്‌സര്‍ലണ്ടിലെ ഹോസ്റ്റലില്‍ എനിക്ക് താമസിക്കാന്‍ കിട്ടിയ റൂമും സൗകര്യങ്ങളും എന്റെ  ധാരണയുറപ്പിക്കാന്‍ പോന്നതായിരുന്നു. അവിടെ കണ്ട വീടുകളും കെട്ടിടങ്ങളും മനുഷ്യരും എന്റെ മനസിലുണ്ടായിരുന്നു. ഖത്താനിയയില്‍ വന്നിറങ്ങിയപ്പോഴേ സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റമനുഭവപ്പെട്ടു. സിസിലിയ ഒരു ഗ്രാമപ്രദേശമാണെന്നും സൗകര്യങ്ങള്‍ കുറവാണെന്നുമുള്ള മുന്‍ധാരണയുണ്ടായിരുന്നെങ്കിലും ഇപ്പോഴിവിടെ കണ്ടതിനേക്കാള്‍ കൂടുതലായിരുന്നു എന്തായാലും പ്രതീക്ഷിച്ചിരുന്നത്.

    സ്വിറ്റ്‌സര്‍ലണ്ടിലെ ഹോസ്റ്റലില്‍  ഭക്ഷണം ഉണ്ടായിരുന്നില്ല. ഭക്ഷണം വേണമെങ്കില്‍ സാധനങ്ങള്‍ പുറത്ത് നിന്ന് വാങ്ങി തനിയെ വച്ചു കഴിക്കണമായിരുന്നു. 

   വിശന്നപ്പോള്‍ രണ്ടും കല്‍പിച്ച് ഹോസ്റ്റലിന് പുറത്തേക്കിറങ്ങി. എവിടെയാണെങ്കിലും വിശപ്പ് വിശപ്പ് തന്നെ. എങ്ങനെയെങ്കിലും കഴിക്കാനുള്ളത് വാങ്ങണം. പുറത്തിറങ്ങി പോകുന്ന വഴിയിലെ  വളവും തിരിവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാണ് മുന്നോട്ട് നടന്നത്. തിരികെ ഹോസ്റ്റലിലേക്ക് തന്നെ വരണമല്ലോ. കരണ്ട് ലൊക്കേഷന്‍ എടുത്ത് വയ്ക്കാമെന്നുവച്ചാല്‍ ഹോസ്റ്റലിന് പുറത്ത് നെറ്റവര്‍ക്ക് കണക്ഷനില്ലല്ലോ.

     കുറച്ച് മുന്നോട്ട് നടന്നു. പിന്നെ ഇടത്തോട്ടു തിരിഞ്ഞ് വീണ്ടും മുന്നോട്ട്. അവിടെ ചെറിയൊരു ബേക്കറി കണ്ടു. ഒന്നുരണ്ട് പേരിരുന്ന് കഴിക്കുന്നുണ്ട്. അവരുടെ പ്ലേറ്റിലേക്ക് നോക്കി. കോഫിയും മറ്റെന്തൊക്കെയോ ആണ്.
കൗണ്ടറില്‍ ചെന്ന് കണ്ണില്‍ കണ്ട കൊള്ളാമെന്ന് തോന്നിയ ഒന്ന് ചൂണ്ടിക്കാട്ടി. ഒരു കോഫിയും പറഞ്ഞു. പഫ്‌സ് പോലെ ഇരിക്കുന്ന ഒന്നായിരുന്നു പറഞ്ഞത്.

     ടേബിളില്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പലരും നോക്കുന്നുണ്ടായിരുന്നു. അന്യനാട്ടുകാരിയായതുകൊണ്ടോ പരിചയകുറവു കണ്ടിട്ടോ അതോ കഴിക്കുന്ന രീതി കണ്ടിട്ടോ ? കത്തിയും ഫോര്‍ക്കുമുപയോഗിക്കാന്‍ എനിക്കറിയാമോ?  ഞാന്‍ തലയും കുമ്പിട്ടിരുന്നു കഴിച്ച് തീര്‍ത്തു.  ഒരു കുപ്പി വെള്ളം കൂടി വാങ്ങി കേഷ് കൊടുക്കുന്ന നേരത്താണ്  നാളെയും ഇവിടേക്ക് വരേണ്ടി വരുമല്ലോ എന്നോര്‍ത്തത്. അവിടെ ആപ്പിളുണ്ടായിരുന്നു. അതിലേക്ക് ചൂണ്ടി ഒരെണ്ണം വേണമെന്ന് പറഞ്ഞു. ആ കടയുടമ രണ്ടാപ്പിളെടുത്ത് കവറിലാക്കിത്തന്നു. അതിനുളള കേഷ് വാങ്ങിയതുമില്ല.

      അതിലൊരാപ്പിളാണ് ഇന്നത്തെ ആകെ ഭക്ഷണം.  ഒരെണ്ണം വിശന്നപ്പോള്‍ തലേരാത്രി തന്നെ അകത്താക്കിയിരുന്നു. 

    പിറ്റേന്ന് രാവിലെ പത്തുമണിക്കാണ് ഖത്താനിയായ്ക്കുള്ള ഫ്‌ലൈറ്റ്. രാത്രിയാണ്  ഏജന്റ് വിളിച്ച് പോകേണ്ടതവിടേക്കാണെന്ന് പറഞ്ഞത്. അപ്പോള്‍ തന്ന ഓഫറിതൊക്കെയായിരുന്നു. നല്ല അക്കോമഡേഷന്‍ . നടത്തുന്നത് സുബി എന്ന നല്ലൊരു കൊച്ച്. ചെല്ലുമ്പോഴേക്കും എനിക്കായി സ്‌പെഷ്യല്‍ ഫുഡൊരുക്കി വച്ചിരിക്കും. 

      ഞാന്‍ വീടികത്തേക്ക് കയറി.  രാവിലെ സ്വിറ്റ്‌സര്‍ലണ്ടിലെ ഹോസറ്റലില്‍ വച്ച് കുളിച്ചതാണ്.  ഇനിയിപ്പൊ കുളിയൊന്നും വേണ്ട. രാത്രിയാവട്ടെ.  കിടക്കുന്നതിനു മുന്‍പൊരു കുളിയാവാം. ആദ്യം ഫുഡ് കഴിക്കാം.  വിശപ്പെല്ലാം കെട്ടുപോയിരുന്നു.  എന്തായാലും അവര്‍ ഒരുക്കി വച്ചതല്ലേ. കഴിച്ചേക്കാം. അപ്പോള്‍ സമയം ഏകദേശം അഞ്ചുമണിയായിക്കാണും.

     ആദ്യം ഇട്ടിരിക്കുന്ന ജീന്‍സും ഷൂവും അഴിച്ചുമാറ്റണമായിരുന്നു. സോക്‌സിടുന്ന ശീലമില്ല. ടൈറ്റുള്ളതൊനും ധരിക്കാറുമില്ല. കാലിന് അതു കൊണ്ടൊരസ്‌കിതയുണ്ട്.
പെട്ടി കൊണ്ടു വച്ച റൂമിലേക്ക് കയറി. മുറിയുടെ ഒരു ഭാഗത്തും ഷെല്‍ഫിനു മുകളിലുമെല്ലാം തലങ്ങുംവിലങ്ങും വലുതും ചെറുതുമായ ഒരു പാടുപെട്ടികള്‍ നിരന്നിരിക്കുന്നു.
മുറിയില്‍ ഒരു വലിയ കട്ടിലും ചെറിയ വേറൊരു കട്ടിലുമുണ്ട്. പിന്നെയുള്ള സ്ഥലത്തെല്ലാം ബാഗും പെട്ടിയുമാണ്.

    ഇഷ്ട ഭക്ഷണം. നല്ല ഉറക്കം. എല്ലാമെനിക്ക് നഷ്ടപ്പെടുന്നു.  അടുക്കളയും ബെഡ്‌റൂമും വൃത്തികേടായാല്‍ എന്റെ തല പെരുക്കും. ഞാന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.

    'ചേച്ചി ഇവിടെയിപ്പോള്‍ പതിമൂന്ന് പേരുണ്ട്. ചേച്ചി പതിനാലാമത്തേതാണ്. എല്ലാരുടേയും പെട്ടികളിവിടെയാണ് വയ്ക്കുന്നത്. എല്ലാരും അഡ്ജസ്റ്റ് ചെയ്ത് നിക്കുന്നു ചേച്ചി.'

    അഡ്ജസ്റ്റ്‌മെന്റ്. ഞാനേറ്റവും വെറുക്കുന്ന ഒരു വാക്കാണത്. അഡ്ജസ്റ്റുമെന്റിന് തയ്യാറാണെങ്കില്‍ ഇവിടേക്ക് കേറി പോരേണ്ടിയിരുന്നോ ?
ഞാന്‍ വസ്ത്രം മാറി  ഭക്ഷണം കഴിക്കാനിരുന്നു.
 
   സുബി പ്ലേറ്റിലേക്ക് ചോറും ചിക്കന്‍ക്കറിയും കാബേജ് തോരനും വിളമ്പി.  പറുദീസയിലെ ആദ്യഭക്ഷണം. 
ചോറെടുത്ത് വായില്‍ വെച്ചപ്പോള്‍ സത്യമായും എന്റെ കണ്ണുനിറഞ്ഞു. നാട്ടിലെ എന്റെ അടുക്കളയോര്‍ത്തു. ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാത്തയാളാണ് ഞാന്‍. ഇഷ്ടമില്ലാത്ത ഭക്ഷണമാണെങ്കില്‍ തൊട്ടു നോക്കുകയേയില്ല. 

     മഞ്ഞു  പോലെ തണുത്ത ചോറിലേക്ക് ഞാനെന്റെ  വിരലുകളാഴ്ത്തി.  കറി ചേര്‍ത്തിളക്കി വായിലേക്ക് വച്ചു.  അഡ്ജസ്റ്റുമെന്റെന്ന വാക്ക് ചോറിനൊപ്പം എന്റെ തൊണ്ടയിലൂടെ താഴേക്കിറങ്ങി.                                                         (തുടരും)

Read former chapters: https://emalayalee.com/writer/284

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക