നാട്ടില്‍ അന്തസ്സും ആഭിജാത്യവും പറഞ്ഞു മടിപിടിച്ചു നടക്കുന്ന മലയാളി വിദേശത്തു പോയാല്‍ എന്തു പണിയുമെടുക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അത് ശരിയാണെന്ന് അനുഭവസ്ഥര്‍ സാക്‍ഷ്യപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സ്വാതന്ത്ര്യദിനത്തിനു ശേഷമാണ് മറ്റൊരു വിഭാഗം ഫ്രോഡുകളെക്കൂടി പരിചയപ്പെട്ടത്. വിദേശത്തു പോയാല്‍ മദാമ്മയുടെ അടിപ്പാവാടയ്‍ക്കു വരെ (മദാമ്മയ്‍ക്ക് അടിപ്പാവാടയില്ല എന്നു പറഞ്ഞ് തര്‍ക്കിക്കാന്‍ വരത്, ഇതു വിഷയം വേറെയാണ്) സല്യൂട്ടടിക്കുന്ന ചില പുങ്കന്‍മാര്‍ ഭാരതത്തിന്‍റെ ദേശീയപതാകയെ പീസ് ഓഫ് ക്ലോത്ത് എന്നു വിശേഷിപ്പിച്ച് ഗ്ലോബല്‍ സിറ്റിസന്‍ കളിക്കുന്നുണ്ട്. വിവരവും വിദ്യാഭ്യാസവും സാങ്കേതികപരിജ്ഞാനവുമുണ്ടെന്നു കരുതി മാതൃരാജ്യത്തെയും ദേശീയവികാരത്തെയും തള്ളിപ്പറയുന്ന മേല്‍പ്പറഞ്ഞ പ്രബുദ്ധജീവികളോട് രണ്ടു മൂന്നു കാര്യങ്ങള്‍ പറയുന്നതിനു വേണ്ടിയാണ് ഈ പോസ്റ്റ്.
ദേശീയ പതാക എന്താണെന്ന് ചെറുപ്പത്തില്‍ സ്കൂളില്‍ പഠിപ്പിച്ച ദിവസം കരപ്പനോ വയറിളക്കമോ പിടിപെട്ട് സ്കൂളില്‍ പോകാതിരുന്നവരായിരിക്കാം ഇപ്പോള്‍ ദേശീയപതാകയെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ എന്നു സംശയം പ്രകടിപ്പിക്കുന്നത്. ടുജി സ്പെക്ട്രം, കല്‍ക്കരി അഴിമതിക്കേസുകളുള്ളപ്പോള്‍ ദേശീയപതാകയെ അവഹേളിച്ചെന്ന കേസില്‍ ആളെപ്പിടിക്കുന്നതിനെ ഭരണകൂടഭീകരതയായി ചിത്രീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ- സുല്ല്!
വേറെ ഏതെങ്കിലുമൊരു രാജ്യത്ത് ചെന്ന് ആ രാജ്യത്തിന്‍റെ ദേശീയപതാകയുടെ കാര്യത്തില്‍ ഇതേ നിലപാട് പരസ്യമായി പറഞ്ഞ ശേഷം ജീവനോടെ തിരിച്ചു വന്നിട്ടാവാം പുരോഗമനവിഷം ചീറ്റുന്നത്. സര്‍ക്കാരിന്‍റെ എല്ലാ നയങ്ങളെയും ഒരുപോലെ വിമര്‍ശിക്കുമ്പോഴാണ് നമ്മള്‍ ന്യൂജനറേഷന്‍ പൗരന്മാരാകുന്നത് എന്ന് എവിടെയും എഴുതിവച്ചിട്ടില്ല. കാര്യങ്ങളെ വിവേകത്തോടെ വിവേചിച്ചറിയാനുള്ള വിവരമുണ്ടാക്കിത്തരണേ എന്നു നാലു നേരം ആരോടെങ്കിലും പ്രാര്‍ഥിച്ചു തുടങ്ങുന്നതാണ് നല്ലത്.
ഷാരൂഖ് ഖാന്‍, സെലബ്രിറ്റിയാകാന്‍ കൊതിക്കുന്ന ഗെഹന വസിഷ്ഠ എന്നിവരാണ് നിലവില്‍ ദേശീയപതാകയോട് അനാദരവ് കാണിച്ചുവെന്ന ആരോപണ-പ്രത്യാരോപണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗെഹന വസിഷ്ഠയെ അറസ്റ്റ് ചെയ്തതായും ഷാരൂഖ് ഖാനെതിരേ കേസെടുത്തതായും കാണുന്നു. മറ്റൊരു ചിത്രത്തിന്‍റെ പേരില്‍ പാര്‍വതി ഓമനക്കുട്ടനെ സോഷ്യല്‍ മീഡിയയില്‍ കൊന്നു കൊലവിളിക്കുന്നുമുണ്ട്. അമേരിക്കയില്‍ ദേശീയപതാക കൊണ്ട് ബിക്കിനി തയ്‍ചിട്ടാല്‍ പോലും പ്രശ്നമില്ലല്ലോ പിന്നെന്താണ് ഇന്ത്യയില്‍ മാത്രം പ്രശ്നം എന്നുപോലും ചോദിക്കുന്നുണ്ട് കഴുതകള്‍ (പൊതുജനം-വോട്ട്-കഴുത).
ഷാരൂഖ് ഖാന്‍ ദേശീയപതാകയെ അവഹേളിച്ചത് മോഹന്‍ലാല്‍ ആനക്കൊമ്പു
സൂക്ഷിച്ചതുപോലെ ആകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ടിയാനുണ്ടോ പോലീസ്
സ്റ്റേഷനിലും കോടതിയിലുമൊക്കെ പോകാന്‍ പോകുന്നു. എന്തായാലും
ദേശീയബോധത്തിന്‍റെ കാര്യത്തില്‍ താനൊരു മരക്കഴുതയാണെന്നു ഷാരൂഖ് സ്വയം
സാക്‍ഷ്യപ്പെടുത്തുന്നുണ്ട് വിവാദ വിഡിയോയില്. ദേശീയപതാക ആഞ്ഞുവീശുന്ന കിങ്
ഖാന്‍ ത്രിവര്‍ണ പതാക തലകുത്തിയാണ് പിടിച്ചിരിക്കുന്നതെന്നു മൈന്‍ഡ്
ചെയ്യുന്നില്ല.ഇയാള്‍ക്കെതിരേ കേസെടുക്കണം എന്നു മാത്രമല്ല പരമാവധി ശിക്ഷ
നല്‍കി രാജ്യത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും വേണം.
പ്രശസ്തയാവാന്‍ വേണ്ടി നടക്കുന്ന ഒരു സ്ത്രീയാണ് രണ്ടാമത്തെ പ്രതി. ദേശീയപതാക ഉടുത്തും പുതച്ചുമൊക്കെയായി അവര്‍ അനേകം ചിത്രങ്ങളെടുത്തതാണ് ഇപ്പോള്‍ കേസായിരിക്കുന്നത്. സത്യത്തില്‍ പ്രശസ്തയാവാനുള്ള കുറുക്കുവഴിയായാണ് അവര്‍ ഈ ഫോട്ടോഷൂട്ട് നടത്തിയതെന്നു പറയുന്നു. തുടര്‍ന്ന് ദേശീയപാതയെ അപമാനിച്ചതിനെതിരെ അവര്‍ തന്നെ പണം മുടക്കി പ്രതിഷേധറാലിയും സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ ഏറു കിട്ടി അലവലാതി ആശുപത്രിയിലുമായി. സംഗതി നാടകമായിരുന്നെങ്കിലും അതിന്‍റെ സംവിധാനം നിലവാരം പുലര്‍ത്താത്തിനാല്‍ ഏറു കിട്ടിയിടത്തല്ല നടി ചോരച്ചായം പുരട്ടിയത്. അതുപോലെ തന്നെ മറ്റുനടീനടന്മാരും സംഗതി കുളമാക്കി. പ്രതിഷേധനാടകത്തിലെ കഥാപാത്രങ്ങളെയെല്ലാം കണ്ട് സംഗതി പൊളിച്ചടുക്കി മുംബൈ മിററില്‍ ജൂലൈയില്‍ വിശദമായ റിപ്പോര്‍ട്ട് വന്നിരുന്നു [Link]. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേസായിരിക്കുന്നത് അതേ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്. അവള്‍ ആഗ്രഹിച്ചതുപോലെ ദേശീയതലത്തില്‍ പ്രശസ്തയായി.
ദേശീയപതാകയോട് സാദൃശ്യമുള്ള ഒരു സംഗതി ഉടുത്തുകൊണ്ട് പാര്‍വതി ഓമനക്കുട്ടന്‍ കൂപ്പുകൈയ്യുമായി നില്‍ക്കുന്ന ഒരു ചിത്രമാണ് മറ്റൊന്ന്. അശോകചക്രമില്ല എന്നതൊഴിച്ചാല്‍ ദേശീയപതാകയുടെ എല്ലാ ലക്ഷണങ്ങളും അതിലുണ്ട്. അതു ദേശീയപതാകയെ അവഹേളിക്കലാണോ അതോ വിവരമില്ലാത്ത ദേശീയവാദികള്‍ അത് ദേശീയപതാകായി തെറ്റിദ്ധരിച്ച് അലമ്പുണ്ടാക്കുന്നതാണോ എന്നതാണ് ചൂടുള്ള ചര്‍ച്ച. ഈ നാട്ടില്‍ ഏതൊക്കെ നിറങ്ങളും കോംബിനേഷനുകളുമുണ്ടെങ്കിലും ദേശീയപതാകയിലെ ത്രിവര്‍ണം വച്ചു സര്‍ക്കസ് കളിക്കുന്നവര്‍ തങ്ങള്‍ക്കു ദേശീയപതാകയോട് ഭയങ്കര ബഹുമാനമാണ് എന്നു പറയുന്നത് അര്‍ഥശൂന്യമാണ്. സാങ്കേതികതമായി അതു ദേശീയപതാകയല്ലായിരിക്കാം. എന്നാല്‍, നമ്മുടെ ദേശീയപതാകയിലൂടെ തിരിച്ചറിഞ്ഞ ത്രിവര്‍ണത്തെ മറ്റൊരു തരത്തില്‍ ഉപയോഗിക്കുമ്പോള്‍ പതാകയോട് നമുക്കെത്ര ബഹുമാനമുണ്ട് എന്നത് ആശങ്കയുളവാക്കുന്നതാണ്.
നമ്മുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് രാജ്യത്തെ നിയമം മാറിക്കൊണ്ടിരിക്കണം എന്നു വാശിപിടിക്കുന്നത് ഗുണകരമല്ല. രാജ്യത്തെ നിയമം എന്താണെന്നു പഠിച്ച് അത് മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുന്നതാണ് മാതൃകാപരം. നിയമത്തില്‍ പോരായ്മകളുണ്ടെന്നു കരുതി അത് ലംഘിക്കുന്നത് നിയമം പരിഷ്കരിക്കുന്നതിനു തുല്യമാവില്ല. നിയമനിര്‍മാണസഭകളെയും ഭരണഘടനെയും തള്ളിപ്പറയാന്‍ എത്ര എളുപ്പമല്ല. പണ്ട് ദേശീയപതാക യഥേഷ്‍ടം ഉപയോഗിക്കാനുള്ള അവകാശമുണ്ടായിരുന്നെങ്കിലും 1971ലെ നിയമഭേദഗതിക്കു ശേഷം അത് കുറ്റകരമാണ്. സമയവും സാഹചര്യവുമുണ്ടെങ്കിലും താല്‍പര്യമില്ലാത്ത പുരോഗമനവാദികള്‍ക്ക് അതുണ്ടാവുമ്പോള്‍ വായിക്കാനായി ഒരു ലിങ്ക് കൊടുക്കുന്നു.[Link]. ജയ് ഹിന്ദ് !