Image

പൂരക്കാഴ്ചകള്‍ : (കവിത:ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 13 January, 2024
പൂരക്കാഴ്ചകള്‍ : (കവിത:ജയശ്രീ രാജേഷ്)

ധനുമാസ നിലാവിന്റെ
താളത്തില്‍  തത്തി
ആലിലകളുടെ
വിരല്‍ത്തുമ്പിലേറി
പൂരം കൊടിയേറുന്ന കാലം

കാഴ്ചകളുടെ ശീവേലി-
പ്പുറത്തേറി
നാടിന്റെ പ്രദക്ഷിണ വീഥികള്‍ക്ക്
നിറച്ചാര്‍ത്തുകളാല്‍
തീര്‍ത്ഥാഭിഷേകം

കൊട്ടിക്കയറുന്ന
മേളപ്പെരുമകളില്‍
നാടന്‍ ചുവടുകള്‍ക്ക്  
വരവേല്‍പ്പുകളുടെ 
അകമ്പടി വാദ്യങ്ങള്‍

ചടുലമായ
നിറഞ്ഞാട്ടങ്ങളില്‍
നിളയുടെ തീരങ്ങളില്‍
നിറവിന്റെ പൊലിമകള്‍ക്ക്
നിറപറ ശീവേലി

അരമണികിലുക്കവും
ചിലമ്പൊലി  നാദവും
സംഗീത സാന്ദ്രമാക്കുന്ന
ഇടവഴികളില്‍ ഉത്സവത്തിന്റെ 
ശംഖൊലി നാദം

വാണിഭങ്ങളും 
വഴിയോരക്കച്ചവടങ്ങളും
വഴിമാറിയ നാടിന്റെ
സൂപ്പര്‍ മാര്‍ക്കറ്റില്‍
വിലപേശലുകള്‍
കശക്കിയെറിയുന്ന
ഇന്നിന്റെ ഫിക്‌സഡ് റേറ്റ്
ബോര്‍ഡുകള്‍

നിറങ്ങള്‍ കിലുങ്ങുന്ന വര്‍ണ്ണോത്സവത്തില്‍
തലയെടുപ്പിന്റെ
നിറച്ചാര്‍ത്തണിഞ്ഞ
കാവടിയാട്ടങ്ങള്‍

തിരക്കിന്റെ വേലിയേറ്റങ്ങളില്‍
കാളവേല അമ്പലം ചുറ്റുമ്പോള്‍
ആരെയോ തിരയുന്ന
പൂത്തിരി കത്തുന്ന
കൗമാരകണ്ണുകള്‍

പൂരം.....

അതൊരു  വിശ്വാസം മാത്രമല്ല, സന്തോഷമാണ്
കൂടിച്ചേരലുകളാണ് 
ഒരു നാടിന്റെ...... നാട്ടുകാരുടെ...... നന്മയുടെ.......ഇഷ്ടങ്ങളുടെ
ആഘോഷത്തിമിര്‍പ്പാണ്.....

ജയശ്രീ രാജേഷ്
      

Join WhatsApp News
Sudhir Panikkaveetil 2024-01-13 14:07:21
"തൈപ്പൂയ കാവടിയാട്ടം തങ്കമയിൽ പീലിയാട്ടം മനസ്സിലെ അമ്പലത്തിൽ" ഓർമകളുടെ തേരോട്ടം. "തിരക്കിന്റെ വേലിയേറ്റങ്ങളില്‍ കാളവേല അമ്പലം ചുറ്റുമ്പോള്‍ ആരെയോ തിരയുന്ന പൂത്തിരി കത്തുന്ന കൗമാരകണ്ണുകള്‍. വായനക്കാരിൽ ഓർമ്മകളുടെ പൂത്തിരി കത്തുന്നു. "ഉത്സവം കണ്ടു നടക്കുമ്പോൾ ഞാൻ കണ്ടൊരു പുഷ്പമിഴിയുടെ തേരോട്ടം". നന്നായിട്ടുണ്ട് ജയശ്രീ മാഡം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക