നരകം പിടിച്ച ജീവിതമാണു എനിക്ക്".. സന്തോഷമില്ലാതെ എത്ര നാൾ ഇങ്ങനെ ജീവിക്കും?? എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിൽ അവർ ഒരിക്കൽ എങ്കിലും ഇങ്ങനെ പറയുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അവളെ പരിഗണിക്കാത്ത, അവളെ സ്നേഹിക്കാത്ത, അവൾക്ക് വേണ്ടി സമയം കണ്ടെത്താത്ത ജീവിതപങ്കാളിക്ക് തന്നെയാണു. വീട്ടിനുള്ളിലെ മൊത്തം പണിയെടുത്ത് നടുവൊടിഞ്ഞ് ഒന്നിരിക്കുമ്പോഴാകും " ആഹാ, ഇവിടെ ഫോണും കുത്തിയിരിക്കുവാണോ, നിനക്ക് പണിയൊന്നുമില്ലേ”എന്ന ചോദ്യവുമായി അയാൾ കേറി വരുന്നത്. ആ ഒരൊറ്റ ചോദ്യം മതി മുകളിൽ ഞാൻ പറഞ്ഞ ആ വാചകം പലയാവർത്തി ഉരുവിടാൻ..
പങ്കാളി എന്നത് കൂടെ കിടക്കാനും വെച്ചു വിളമ്പാനും തുണിയലക്കാനും കുട്ടികളെ നോക്കാനും മാത്രമാണെന്ന ആ പഴയ ചിന്ത മാറ്റി വെച്ച് പ്രണയത്തോടെ ഒരിക്കലെങ്കിലും അവൾക്ക് നേരെ കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കാൻ, അവളെ ഒന്നു സ്നേഹത്തോടെ പുണരാൻ, അവൾക്ക് ഒരുമ്മ കൊടുക്കാൻ നിങ്ങൾക്ക് സമയം കിട്ടാറുണ്ടോ? പണ്ടെപ്പോഴോ കൂട്ടിയിട്ട് പോയ ഒരു ഹണിമ്മൂൺ യാത്ര അല്ലാതെ അവളെയും കൂട്ടി ഒരു യാത്ര പോയിട്ടുണ്ടോ? പോട്ടെ, അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് ചോദിക്കാനോ അറിയാനോ ശ്രമിച്ചിട്ടുണ്ടോ? എവിടുന്ന് അതിനൊക്കെ നേരം.. ഒരഞ്ച് മിനിറ്റ് ഭാര്യ ഫോൺ നോക്കിയാൽ പറയുന്ന “ഫോണും കുത്തിയിരിക്കാതെ, നിനക്കീ വീട്ടിലെ പണി നോക്കരുതോ" എന്ന ഈ ഡയലോഗ്ഗ് എത്രയോ ഭാര്യമാർ ഒരു ദിവസം എത്ര തവണ ഭർത്താക്കന്മാരോട് പറയേണ്ടതായി വരും?
പിന്നെ ചില പങ്കാളികൾക്കു
സ്വന്തം ഭാര്യയുടെ അടിവസ്ത്രത്തിന്റെ സൈസ് അറിഞ്ഞില്ലേലും സാരമില്ല, ഫേസ്ബുക്ക് ചാറ്റിൽ കയ്യറിയിരുന്ന് ആരാന്റെ ഭാര്യമാരോട് കുശലം ചോദിക്കാനും ചാറ്റാനും അവരുടെ വസ്ത്രത്തിന്റെ സൈസ് അറിയാനും അവരിട്ടിരിക്കുന്ന തുണിയെന്താന്നും ഒക്കെ അറിയാൻ കാണിക്കുന്ന ആ ആകാംക്ഷ, സ്നേഹം . ഇതൊക്കെ ആണു ഇന്നു പലരുടെയും ദാമ്പത്യം. അത് തന്നെയാണു അവരുടെ തകർച്ചയും.. അതിസുന്ദരിയായ ഭാര്യയെ മറ്റൊരുത്തൻ നോക്കിയാൽകുരു പൊട്ടുന്നവരാണു മിക്കപ്പോഴും ഈ ആരാന്റെ ഭാര്യമാരെ സംരക്ഷിക്കുന്നത് . എന്നിട്ട് നല്ല പെടയ്ക്കണ മറുപടി പെങ്കുട്ടികൾ തിരിച്ച് കൊടുത്താലോ അവരവരുടെ കുടുംബത്തിലെ പെണ്ണുങ്ങൾ മാത്രം നല്ലവരും ആ പെൺകുട്ടി അങ്ങേയറ്റം മോശവും..Wow!
കുടുംബത്തിൽ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാര്യാഭർത്ത്യബന്ധത്തിലെ സ്നേഹം, ഇഴയടുപ്പം ഇതിനൊക്കെ കാരണം രണ്ട് കാര്യങ്ങളാണെന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. ഒന്ന് മദ്യം, രണ്ട് ഫോൺ. ഇടയ്ക്ക് ഞാൻ വിളിച്ച് സംസാരിക്കുന്ന എന്റെ അടുത്ത കൂട്ടുകാരി പലപ്പോഴും എന്നോട് പറയാറുള്ള സങ്കടം അവളുടെ ഭർത്താവിന്റെ അമിത മദ്യപാനത്തെക്കുറിച്ചാണു. കുടിച്ചില്ലേൽ അയാളെ പോലെ സ്നേഹിക്കുന്ന വേറെ ഒരാളുമില്ല പക്ഷേ കുടിച്ചാൽ പിന്നെ അയാൾ ചെയ്യുന്നതും പറയുന്നതുമൊന്നും അയാൾക്ക് പോലും ബോധമില്ലത്രേ.. എത്ര സന്തോഷത്തൊടെ കഴിയേണ്ടുന്ന കുടുംബമാണു ഇക്കാരണത്താൽ തകരുന്നത്. ഭാര്യക്കും കുട്ടികൾക്കുമൊക്കെ ഒരു പേടിപ്പിക്കുന്ന കാഴ്ചയായ് അച്ഛൻ മാറുമ്പോൾ എന്ത് കുടുംബഭദ്രതയാണു അവിടെ ഉണ്ടാകുന്നത്?
പണ്ട് ഫോൺ ഒന്നും ഇല്ലാതിരുന്ന കാലത്ത് അത്താഴമൊക്കെ കഴിച്ച് കഴിഞ്ഞ് വീട്ടിലെല്ലാവരും കൂടിയിരുന്ന് വർത്തമാനം പറച്ചിലും പാട്ടും കളിയും കഥ പറച്ചിലുമൊക്കെയായി എന്ത് രസമാരുന്നു. അന്ന് അതു കൊണ്ട് തന്നെ അച്ഛൻ, അമ്മ മക്കൾ തമ്മിൽ വാൽസല്യം, സ്നേഹം, മിണ്ടൽ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്നോ തലയുയർത്തി ആരെയും നോക്കാനോ മുഖത്ത് നോക്കി സംസാരിക്കാനോ കുടുംബം കൂടിയിരുന്ന് ചർച്ചകൾ നടത്തുമ്പോളതിൽ ശ്രദ്ധിക്കാനോ എന്തിനു തനിയെ ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിക്കാൻ പോലും നേരമില്ലാതെ ഫോണും നോക്കി വെളുക്കുവോളം ഇരിക്കുന്ന എത്രയോ പേർ. കുട്ടികൾ വളരുന്നതും അവരുടെ കളിചിരികളും അവർക്ക് ഇഷ്ടം തോന്നും വിധം അവരെ സ്നേഹിക്കാനും ഒക്കെ ഉള്ള എത്ര അവസരങ്ങളാണു ഈ ഫോൺ നോക്കിയിരുന്ന് ആളുകൾ മിസ്സ് ആക്കി കളയുന്നത്. കൂടുമ്പോൾ ഉള്ള വീട്ടിലെ ഇമ്പം കമ്പക്കെട്ട് ആയി മാറാൻ ഇതിൽ പരം വേറെന്താ വേണ്ടത്..
ജീവിതം നരകമോ സ്വർഗ്ഗമോ എന്നത് അന്യന്റെ കൈകളിലല്ല. അത് നമ്മുടെ ചിന്തകളിലും പ്രവ്യത്തിയിലും ആണു. സ്വന്തം കുടുംബത്തെ സ്നേഹിക്കാതെ ഫോണിനെ സ്നേഹിക്കാൻ പോയാൽ അവസാനകാലത്ത് ഫോണല്ലാതെ ഒരാളു പോലും കാണത്തുമില്ല..ജീവിതത്തിൽ അങ്ങോട്ട് സ്നേഹം കൊടുക്കാതെ ഇങ്ങോട്ട് എല്ലാം വേണമെന്ന് വാശി പിടിച്ചാൽ നഷ്ടപ്പെടുന്നതും നിങ്ങൾക്ക് തന്നെയാകും..എന്റെ കൂട്ടുകാരി പറഞ്ഞപോലെ "ഞാൻ രണ്ടാം ഭാര്യയാ, ആദ്യഭാര്യ ആ ഫോണാ" എന്ന് പറയിപ്പിക്കുന്ന സാഹചര്യം നിങ്ങളുടെ വീട്ടിലും ഉണ്ടാകുന്നുവെങ്കിൽ അത് നിങ്ങളുടെ തെറ്റാണു.. ആ തെറ്റ് ആവർത്തിച്ചാൽ WiFi അവിടെ കാണും WiFe കാണുല്ലാ...!
Soya Nair©️