ഇടുക്കി, നരകകാനത്തെ കുഞ്ഞുകുട്ടിച്ചേട്ടൻ കുടിയേറ്റത്തിന്റെ ജീവിക്കുന്ന ചരിത്ര സാഗരമാണ്. 95 വയസിലും പാട്ടുപാടും .
കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ നരകക്കാനത്തെ അളിയൻ തോമസ് കുട്ടിയുടെ വീട്ടിനു മുൻപിൽ ഇരിക്കുമ്പോൾ വഴിയേ നടന്നുപോകുന്ന സന്തോഷവാനായ ഒരു ഒരു വൃദ്ധനെ പരിചയപ്പെടാൻ ഇടയായി. അദ്ദേഹ൦ അനുഭങ്ങളുടെ ഭണ്ഡാരം തുറന്നുവച്ചപ്പോൾ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു. ഇടുക്കിയുടെ കുടിയേറ്റത്തിന്റെയും കടുത്ത ജീവിത യാതനകളുടെയും അതിജീവനത്തിന്റെയും കഥകൾ .
തോമസ് പീടികയിൽ എന്ന കുഞ്ഞുകുട്ടിച്ചേട്ടൻ ഇടുക്കി നരകകാനത്തെ ആദ്യ കുടിയേറ്റക്കാരനാണ്. 1958 ൽ നരകകാനത്തു കുഞ്ഞുകുട്ടിച്ചേട്ടനും നാലുപേരടങ്ങുന്ന സംഘവും എത്തുമ്പോൾ അവിടെ നിറയെ ആനകളും ഇടതൂർന്ന വനവും മാത്രമായിരുന്നു. അവർ ഏകദേശം 200 ഏക്കറോളം സ്ഥലം വെട്ടിയെടുത്തു അന്നത്തെ കുടിയേറ്റത്തിന്റെ അതിരുകൾ എന്നുപറയുന്നത് വെട്ടിയെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റും നിൽക്കുന്ന മരങ്ങളുടെ തൊലി ചെത്തുക അതിനുള്ളിലിൽ വരുന്ന സ്ഥലം വെട്ടിയെടുക്കുന്ന ആളിന്റെ ഉടമസ്ഥതിയിലാണ് എന്നതായിരുന്നു . ഇവർ വെട്ടിയെടുത്ത സ്ഥലത്തു കൃഷി ഇറക്കിയെങ്കിലും ആനകൾ അതെല്ലാം നശിപ്പിച്ചു. തുടർന്ന് മൂന്നു വർഷം കൃഷി നടത്തിയെങ്കിലും വിളവെടുക്കാൻ കാട്ടു മൃഗങ്ങൾ സമ്മതിച്ചില്ല .പിന്നീട് സ്ഥലം പുറകെ വന്ന കുടിയേറ്റക്കാർക്ക് പണം മേടിച്ചും വെറുതെയും നൽകി.
അതിനെ തുടർന്ന് കൂടുതൽ ആൾപാർപ്പ് ഉണ്ടായപ്പോൾ കൃഷി നശിപ്പിക്കാതെ മൃഗങ്ങളെ ഓടിക്കാൻ കഴിഞ്ഞു .
ആ കാലത്തേ ജീവിതം വളരെ കഷ്ടപ്പാടായിരുന്നു. കൈയിൽ ഒരു പൈസപോലും ഇല്ല എന്തെങ്കിലും സാധനം വേണമെങ്കിൽ നാട്ടിൽ പോയി തലച്ചുമടായി കാട്ടിൽകൂടി വേണം കൊണ്ടുവരാൻ. അന്ന് പണം ലഭിക്കുന്നതിനു വേണ്ടി വണ്ടിപ്പെരിയാർ, വള്ളിക്കടവ് എന്നിവിടങ്ങളിൽ ഒരാഴ്ച യൂക്കാലിപ്സ് തടിവെട്ടാൻ പോകും. അതിൽനിന്നും ലഭിക്കുന്ന കൂലികൊണ്ടു കട്ടപ്പനയിൽ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങി തിരിച്ചു നടന്നു വന്നു ഒരാഴ്ച പറമ്പിൽ പണിചെയ്യും. അങ്ങനെയാണ് കൃഷി വളർത്തിയെടുത്തത്. ആ കാലത്തു പണി ആരംഭിച്ച ഇടുക്കി ചെറുതോണി റോഡ് പണിക്കും കുഞ്ഞുകുട്ടി ചേട്ടൻ പങ്കെടുത്തിട്ടുണ്ട് .. നാരകക്കാനം പള്ളി സ്ഥാപിക്കുന്നതിനും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും കുഞ്ഞുകുട്ടിച്ചേട്ടൻ സജീവിവമായിരുന്നു.
അറക്കുളം മൈലാടിയിലാണ് കുഞ്ഞുകുട്ടി ചേട്ടന്റെ വീട് .കാഞ്ഞാർ സെയിന്റ് തോമസ് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠനം നിർത്തി. വീട്ടിൽ ഉണ്ടായിരുന്ന 70 സെന്റ് സ്ഥലത്തു പണിയെടുക്കുകായായിരുന്നു. 19-മത്തെ വയസിൽ വിവാഹിതനായി പത്തുമക്കളുടെ പിതാവാണ് .ഇദ്ദേഹം 1973 ലാണ് കുടുംബത്തെ അറക്കുളത്തുനിന്നും നരകകാനത്തേക്കു പറിച്ചു നട്ടത്.
അറക്കുളത്തു നിന്നും 1957 ൽ നടന്ന വിമോചന സമരത്തിൽ പങ്കെടുക്കാൻ തൊടുപുഴയിൽ നടന്നു പോയതും താലൂക്ക് ഓഫീസിൽ പിക്കറ്റ് ചെയ്തതും അവിടെവച്ചു സമര നേതാക്കളായ പി ടി ചാക്കോയേയും ,മന്നത്തു പത്മനാഭനെയും ,കെ എം ജോർജ് ,മത്തായി മാഞ്ഞൂരാൻ എന്നിവരെയും കണ്ടതും കുഞ്ഞുകുട്ടിച്ചേട്ടൻ ഓർത്തെടുത്തു .
95 വയസിലും ആരോഗ്യ൦ സംരക്ഷിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്നും രാവിലെ ചായക്കടയിൽ നടന്നുപോകും. അവിടെ ആളുകളുമായി സംസാരിക്കും. തിരിച്ചു വരുമ്പോൾ വഴിയിൽ കാണുന്ന പച്ചമരുന്നും കറിവയ്ക്കാൻ കഴിയുന്ന മരക്കറികളുമായി തിരിച്ചുവന്നു അതൊക്കെ പാകപ്പെടുത്തി കഴിക്കും പിന്നെ ഈ പ്രായത്തിലും പാട്ടുപാടും ഇതൊക്കെയാണ് ജീവിത രീതി.
എപ്പോൾ നോക്കിയാലും സന്തോഷവാനായി കാണുന്ന കുഞ്ഞുകുട്ടിച്ചേട്ടന്റെ ഒരു ദുഃഖം വൈദികയായിരുന്ന ഒരു മകൻ ക്യൻസർ മൂലം മരിച്ചുപോയി എന്നതാണ്. ബാക്കി 9 മക്കളും സുഖമായി ജീവിക്കുന്നു. ഇപ്പോൾ സാമ്പത്തികമായി ഒരു വിധം നല്ലനിലയിലാണ് ജീവിതം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്താണെകിലും കുഞ്ഞുകുട്ടി ചേട്ടനോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല .