Image

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-3: അന്ന മുട്ടത്ത്‌) 

Published on 20 January, 2024
സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-3: അന്ന മുട്ടത്ത്‌) 

ഒരുനിമിഷംപോലും പാഴാക്കരുത്

1912 ഏപ്രിൽ 14 ന് ടൈറ്റാനിക്' എന്ന കൂറ്റൻ യാത്രക്കപ്പൽ മഞ്ഞുകട്ടയിൽ തട്ടിത്തകർന്ന കഥ ഏവർ ക്കും അറിവുള്ളതാണ്. ആയിരത്തിഅറുന്നൂറിൽപ്പരം ആളുകളുടെ ദാരുണമരണത്തിന് ഇടയാക്കിയ ആ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്ന് വാഷിംഗ്‌ടൺ പോസ്‌റ്റ്' എന്ന പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ആ സംഭവം ഇപ്രകാരമാണ്.
കപ്പലിന്റെ എൻജിൻ റൂമിലെ ഫോൺ ഇടവിടാതെ ശബ്ദിച്ചുകൊണ്ടിരുന്നു. പക്ഷേ അവിടെ ഡ്യൂട്ടിയിൽ
ഉണ്ടായിരുന്ന ഓഫീസർ തിരക്കിലായിരുന്നു. ഫോൺ നിറുത്താതെ ശബ്ദിച്ചുവെങ്കിലും മൂന്ന് മിനിറ്റ് കഴിഞ്ഞ് ഫോൺ എടുത്തുള്ളുവത്രേ. എന്തായിരുന്നുവെന്നോ ഫോണിൽ ലഭിച്ച സന്ദേശം? "കൂറ്റൻ മഞ്ഞുകട്ട മുന്നിൽ. വേഗം എൻജിൻ റി വേഴ്സ‌ാക്കൂ." കപ്പലിൻ്റെ മുകൾത്തട്ടിലെ കൺട്രോൾ റൂമിൽ നിന്നുള്ള അടിയന്തര സന്ദേശമായിരുന്നു അത്. എന്നാൽ അപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. കപ്പൽ മഞ്ഞുകട്ടയിൽ ഇടിച്ചുതകർന്നു. ഫോൺ ബെൽ ശബ്ദിക്കാൻ തുടങ്ങിയപ്പോഴെ അയാൾ ഫോൺ എടുത്തിരുന്നെങ്കിൽ ടൈറ്റാനിക്കിനോടൊപ്പം അതിലെ
യാത്രക്കാരെല്ലാം രക്ഷപെടുമായിരുന്നു. വിലയേറിയ മൂന്ന് മിനിറ്റുകൾ നഷ്ടപ്പെടുത്തിയത് ദാരുണദുരന്തത്തിന്
കാരണമായി.
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലയേറിയതാണ്. അതിനാൽ ഒരുനിമിഷം പോലും വെറുതെ പാഴാക്കാതിരിക്കുക.


അത്യാഗ്രഹം അരുത്

ഗ്രീസിലെ ഇപ്പൈറസ് രാജ്യത്തെ അധിപനായിരുന്നു പൈറസ്. റോമാക്കാർക്കെതിരെ യുദ്ധം ചെയ്യാൻ ഒരുമ്പെട്ട പൈറസിനോട് അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത് ചോദിച്ചു.
"റോമാക്കാരെ കീഴടക്കിക്കഴിയുമ്പോൾ അങ്ങ് എന്തുചെയ്യും?''
“അപ്പോൾ ഞാൻ സിസിലി കീഴടക്കും"
"സിസിലി കീഴടക്കിയതിനു ശേഷമോ?"
“എന്നിട്ടു ഞാൻ ഗ്രീസിൻ്റെ ബാക്കി ഭാഗവും മാസിഡോണിയ മുഴുവനും കീഴടക്കും"
എല്ലാം കീഴടക്കിയതിനുശേഷം അങ്ങ് എന്തുചെയ്യും??? “
“അപ്പോൾ ഞാൻ സ്വസ്ഥനായി ഇരുന്ന് സന്തോഷപൂർണ്ണമായ ജീവിതം നയിക്കും" രാജാവിന്റെ ഈ മറുപടി കേട്ടപ്പോൾ ചെറുപുഞ്ചിരിയോടെ സുഹൃത്തു പറഞ്ഞു.
“എങ്കിൽ എന്തുകൊണ്ട് ഇപ്പോൾത്തന്നെ ജീവിതം സന്തോഷപൂർണ്ണമായി നയിച്ചുകൂടാ? ഇപ്പോഴുള്ള രാജ്യംകൊണ്ട് അങ്ങേയ്ക്ക് സന്തോഷിക്കാനാവില്ലെങ്കിൽ ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും അങ്ങേയ്ക്ക് സന്തോഷിക്കാൻ കഴിയില്ലെന്ന് മറക്കരുത്."
അത്യാഗ്രഹിക്ക് ജീവിതത്തിൽ സന്തോഷം നേടാനാവില്ല.

സന്തോഷം എവിടെ കണ്ടെത്താം?

മനുഷ്യന് സന്തോഷം നഷ്ടമായതിനെക്കുറിച്ചുള്ള ഒരു കെട്ടുകഥ കേൾക്കൂ. ഒരുകാലത്ത് മനുഷ്യരെയും
അതീവ സന്തുഷ്ടരായിരുന്നു. സന്തോഷത്തിൽ മതിമറന്ന് അവൻ അതിനെ ദുരുപയോഗിക്കാനും തുടങ്ങിയ പ്പോൾ ബ്രഹ്മാവ് കുപിതനായി. മനഷ്യനിലെ സന്തോഷമെടുത്ത് ഒളിച്ചുവയ്ക്കുവാൻ അദ്ദേഹം തീരുമാനിച്ചു. "സന്തോഷം ഭൂമിക്കടിയിൽ കുഴിച്ചിടാം." ബ്രഹ്മാവിൻ്റെ സ്വർഗ്ഗീയ കൗൺസിലിൽ അങ്ങനെ ഒരു നിർ ദ്ദേശം ഉണ്ടായി. “വേണ്ട. ഭൂമിയിൽ കുഴിച്ചിട്ടാൽ മനുഷ്യനത് കണ്ടെടുക്കും." ബ്രഹ്മാവ് പറഞ്ഞു.
“എങ്കിൽ സമുദ്രത്തിൻ്റെ അഗാധതയിൽ നമുക്ക് സന്തോഷം ഒരുമിച്ചുവയ്ക്കാം" മറ്റൊരു നിർദ്ദേശം. “വേണ്ട എത്രവലിയ ആഴിയും മനുഷ്യൻ മുങ്ങിത്തപ്പും. അതിനുള്ള തൻ്റേടവും പ്രാപ്‌തിയും അവനു ണ്ട്. ബ്രഹ്മാവ്.
“എന്നാൽ ഒരു സ്ഥലത്തും സന്തോഷം ഒളിച്ചുവയ്ക്കാനാകുമെന്നു നാം കരുതേണ്ട." ഒരാൾ തോൽവി സമ്മതിച്ചമട്ടിൽ പറഞ്ഞു.
ഉടനെ ബ്രഹ്മാവ് പറഞ്ഞു:
“സന്തോഷത്തെ എന്താന്നു ചെയ്യേണ്ടതെന്ന് എനിക്കറിയാം. മനുഷ്യൻ്റെ സന്തോഷം അവന്റെ ഹൃദയത്തിൽത്തന്നെ നമുക്കൊളിച്ചുവയ്ക്കാം. അവൻ അത്ര എളുപ്പത്തിൽ അതുകണ്ടെത്താൻ പോകുന്നില്ല." ബ്രഹ്മാവ് സന്തോഷമെടുത്ത് മനുഷ്യഹൃദയത്തിൽ ഒളിച്ചുവച്ചതിനുശേഷം മനുഷ്യൻ ആകപ്പാടെ പരി ഭ്രാന്തനും സമാധാനമില്ലാത്തവനുമായി. സുഖത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി അവൻ തിരയാത്ത സ്ഥലമില്ല.
സ്വന്തം ഹൃദയത്തിൽ നിന്ന് നാം സന്തോഷവും സമാധാനവും കണ്ടെത്തുക.

ദുഃഖിതന്റെ ബാക്കിപത്രം

ജീവിതത്തിൽ തികച്ചും നിരാശനായ ഒരു മനുഷ്യൻ അതീവദുഃഖിതനായി ഒരിക്കൽ ഡോ. നോർവൻ വിൻസന്റ് പീലിനെ സമീപിച്ച് തകർന്നുപോയ തന്റെ ജീവിതത്തിലെ കഥയാണ് അയാൾക്ക് പറയാനുണ്ടായി രുന്നത്.
"നശിച്ചു; എല്ലാം നശിച്ചു." അയാൾ വിലപിച്ചു.
"എല്ലാം?" ഡോ. പീൽ സഹതാപപൂർവ്വം ചോദിച്ചു.
“അതെ, എല്ലാം നഷ്ടമായി. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല." വേദനയുടെ മാറാപ്പഴിക്കാനാണ് അയാ ളുടെ ഭാവം.
"നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മിച്ചം കാണാതിരിക്കില്ല. നമുക്ക് ആ ബാലൻസ്ഷീറ്റ് ഒന്ന് പരിശോധിക്കാം." ഡോ. പീൽ ചോദിച്ചുതുടങ്ങി.
"നിങ്ങളുടെ ഭാര്യ ഇപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടോ?"
“തീർച്ചയായും. എനിക്കെന്തു ബുദ്ധിമുട്ടുകൾ നേരിട്ടാലും അവൾ എന്നെ വിട്ടുപിരിയുകയില്ല."
"മക്കളുടെ കാര്യം എങ്ങനെ?"
"അവരെല്ലാം സ്നേഹമുള്ളവർ തന്നെ. ഏതു വിധത്തിലും സഹായിക്കാൻ അവർ തയ്യാറാണ്.
"നിങ്ങളുടെ സ്നേഹിതർ ഏതുതരത്തിൽപ്പെടുന്നു?"
"എല്ലാവരും എൻ്റെ കാര്യത്തിൽ താല്‌പര്യമുള്ളവർ തന്നെ. എന്നെ സഹായിക്കുവാൻ അവരും സന്ന
ദ്ധരാണ്."
“നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടോ?''
"ഇല്ല. ഇതുവരെ ഞാൻ മാന്യമായാണ് ജീവിച്ചുപോന്നിട്ടുള്ളത്.
-ആരോഗ്യമോ?"
"വലിയ കുഴപ്പമില്ല. എൻ്റെ ആരോഗ്യം എന്നും പൊതുവെ മെച്ചമായിരുന്നു."
"ദൈവത്തിൽ വിശ്വാസമുണ്ടോ?''
"ഉവ്വ്. ഇല്ലായിരുന്നെങ്കിൽ എനിക്കിത്രപോലും പിടിച്ചുനിൽക്കാനാവില്ലായിരുന്നു.
സ്നേഹവതിയായ ഭാര്യ, സ്നേഹവും ബഹുമാനവും ഉള്ള മക്കൾ, വിശ്വസ്‌തരായ സ്നേഹിതർ, മെ ച്ചപ്പെട്ട ആരോഗ്യം, ദൈവവിശ്വാസം ഡോ. പീൽ ഇത്രയും ഒരു കടലാസിലെഴുതി വിഷാദവാനായ ആ മനു ഷ്യന്റെ മുന്നിൽ വച്ചു. എല്ലാം നഷ്ടപ്പെട്ടു എന്ന് വിലപിച്ചു ജീവിതത്തെ തള്ളിപ്പറഞ്ഞ ഒരു മനുഷ്യന്റെ ബാ ക്കിപത്രം!
നിസാര വീഴ്ചകളിൽ തളരാതെ, നമ്മിൽ കുടികൊള്ളുന്ന കരുത്തും സാഹചര്യങ്ങളും പ്രയോജനപ്പെ ടുത്തി പ്രതിസന്ധികളെ തരണം ചെയ്യുക.

കൊടുക്കുന്നവർക്ക് ലഭിക്കും

ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻ്റി നാലാമൻ ഒരിക്കൽ നായാട്ടിനു പോയി. ക്ഷീണിച്ചവശനായ
അദ്ദേഹം ഏകനായി കാട്ടിലെ ഒരു കുടിലിൽ എത്തി.
കുടിലിൽ ഒരു സാധുവൃദ്ധനാണ് ഉണ്ടായിരുന്നത്. അവിടെ ഭക്ഷണസാധനമായി ഉണ്ടായിരുന്നത് ഒ രേയൊരു ആപ്പിൾ മാത്രം. യാതൊരു മടിയും കൂടാതെ അയാൾ അത് തൻ്റെ അപരിചിതനായ അതിഥിക്കു നൽകി. അത് ഭക്ഷിച്ച് രാജാവ് തൻ്റെ ക്ഷീണം തെല്ലൊന്നടക്കി. ഏതാനും ദിവസങ്ങൾക്കുശേഷം ഹെൻ്റി രാജാവ് തൻ്റെ പരിവാരങ്ങളുമായി വീണ്ടും ആ കുടിലിലെ
ത്തി. രാജാവ് സമ്മാനങ്ങൾകൊണ്ട് ആ സാധുമനുഷ്യനെ വീർപ്പുമുട്ടിച്ചു. അപ്പോഴാണ് താൻ ആരെയാണ്
സൽക്കരിച്ചതെന്ന് അയാൾക്ക് മനസ്സിലായത്. കൈതുറന്ന് സന്തോഷപൂർവ്വം കൊടുക്കാത്തതുകൊണ്ടല്ലേ നമുക്ക് പലപ്പോഴും കിട്ടാതെ പോകുന്നത്?
ടാഗോറിന്റെ 'ഗീതാജ്ഞലി യിലെ യാചകൻ്റെ കഥ കേൾക്കൂ.
ഗ്രാമീണവീഥിയിൽ അയാൾ ഭിക്ഷാടനം നടത്തുമ്പോഴാണ് സുവർണ്ണരഥത്തിൽ രാജാക്കന്മാരുടെ രാ ജാവ് അതുവഴി വന്നത്. അവിടുന്ന് എമ്പാടും ധനം വാരിവിതറുന്നതും പ്രതീക്ഷിച്ച് യാചകൻ നിന്നപ്പോൾഅദ്ദേഹം രഥത്തിൽ നിന്നിറങ്ങി അയാളെ സമീപിച്ചു. യാചകനു ഭിക്ഷ നൽകുന്നതിനു പകരം അയാളുടെ
മുന്നിൽ രാജാക്കന്മാരുടെ രാജാവ് കൈനീട്ടുകയാണ് ചെയ്തത്.
“എനിക്കു നൽകുവാൻ നിനക്കെന്താണുള്ളത്?" അവിടുന്ന് ചോദിച്ചു.
തെല്ലിട നിർന്നിമേഷനായി നിന്നുപോയ യാചകൻ തൻ്റെ സഞ്ചി തുറന്ന് ഏറ്റവും ചെറിയ ഒരു ധാന്യ മണി എടുത്ത് അവിടുത്തേയ്ക്ക് സമർപ്പിച്ചു.
അത്ഭുതം! ദിനാന്ത്യത്തിൽ യാചകൻ തൻ്റെ സഞ്ചി തുറന്ന് ധാന്യമണികൾ പുറത്തിട്ടപ്പോൾ ആ കൂട്ട ത്തിൽ ഒരു സ്വർണ്ണ ധാന്യമണിയും ഉണ്ടായിരുന്നു!!
“എന്റെ സമസ്ത‌വും അവിടുത്തേയ്ക്ക് തരുവാൻ തോന്നിയില്ലല്ലോ" എന്ന് യാചകൻ വിലപിച്ചുപോയി. കൊടുക്കുന്നവന് ലഭിക്കും.

മദ്യം എന്ന വിപത്ത്

ഒളിച്ചോടി നേവിയിൽ ചേർന്ന ക്ലൻസി ഇമിസ്‌ലൻഡ് കൂട്ടുകാരുടെയിടയിൽ ആളാകാനും തന്റെ പൗ രുഷം തെളിയിക്കാനും വേണ്ടി ഒരുനാൾ ഒരു മദ്യക്കുപ്പി ഒറ്റയ്ക്കു കാലിയാക്കി. എത്ര കുടിച്ചാലും തൻ സ മനില തെറ്റില്ല എന്നയാൾ വീമ്പിളക്കി.
മൂന്നു വർഷത്തെ നേവി ജീവിതത്തിനുശേഷം അയാൾ ജേണലിസം പഠിക്കുകയും ഉയർന്ന ഉദ്യോഗം കരസ്ഥമാക്കുകയും ചെയ്‌തു. ഷാർലറ്റ് എന്ന യുവസുന്ദരിയേയും വിവാഹം ചെയ്തു‌. എന്നാൽ അപ്പോഴേയ് ക്കും അയാൾ മദ്യത്തിന് അടിമയായിക്കഴിഞ്ഞിരുന്നു.
അതോടെ കുടുംബത്തിൽ സമാധാനമില്ലാതായി. ഭാര്യയും മക്കളുമൊക്കെ ഒട്ടേറെക്കാലം അയാളുടെ തല്ലും ശകാരവും സഹിച്ചു. ഒടുവിൽ സഹികെട്ടപ്പോൾ അവർ അയാളെ ഉപേക്ഷിച്ചു സ്ഥലംവിട്ടു. നല്ല ശമ്പളം
ലഭിക്കുമായിരുന്ന ജോലിയും ക്ലൻസിക്കു നഷ്ടമായി. പിന്നെ മദ്യപിച്ച് തെരുവിൽ കറങ്ങിത്തിരിയുകയായി അയാളുടെ ജോലി. പലവട്ടം പോലീസ് കസ്‌റ്റ ഡിയിലായി. തെരുവോരത്തും ഓടയിലും വീണും വേച്ചും നടന്നും ഒരു അഭിശപ്‌തജീവിതം.
എന്നാൽ ഒരുനാൾ ക്ലിൻസിക്ക് ബോധോദയമുണ്ടായി. അതോടെ മദ്യക്കുപ്പി ദൂരെ എറിഞ്ഞുകൊണ്ട് തൻ്റെ പൗരുഷം തെളിയിക്കാനാണ് ക്ലൻസി തുനിഞ്ഞത്.
അതോടെ അയാൾ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. ലോസ് ആഞ്ചലസിലെ റേഡിയോ-ടെലിവിഷൻ സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥനായി. 'മിഡ്‌നൈറ്റ് മിഷൻ' എന്ന സംഘടനയിലൂടെ മദ്യപരെ യഥാർത്ഥ ജീ വിതത്തിലേക്ക് കൊണ്ടുവരാനുള്ള സംരംഭവും ആരംഭിച്ചു. ഭാര്യയും കുട്ടികളും തിരിച്ചെത്തിയതോടെ സന്തു ഷ്ടകരമായ ഒരു കുടുംബജീവിതവും ആരംഭിക്കുകയായി.
നിങ്ങൾ മദ്യത്തിനും മയക്കുമരുന്നിനും ഒരിക്കലും അടിമയാവാതിരിക്കട്ടെ..

 

read more: https://emalayalee.com/writer/285

Join WhatsApp News
Mary mathew 2024-01-20 11:48:43
Good work Anna .Act on time we got that important lesson from titanic.Each and every moment equally important .Don’t be greedy ,satisfied with our means,happiness is within us find the way to get it,failures are stepping stones of success ,don’t be upset ,move forward with courage .Learn to give away from our means ,drinking is not the answer for failures,drunkard never win .All these are good lessons in life ,continue and good luck .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക