Image

സന്ധ്യകളിൽ സുഗന്ധം പകർന്നിരുന്ന ഒരു പിച്ചിച്ചെടിയുടെ നൊമ്പരം ( ശ്രീകുമാർ ഉണ്ണിത്താൻ)

Published on 20 January, 2024
സന്ധ്യകളിൽ സുഗന്ധം പകർന്നിരുന്ന ഒരു പിച്ചിച്ചെടിയുടെ നൊമ്പരം ( ശ്രീകുമാർ ഉണ്ണിത്താൻ)

ഇതൊരു പിച്ചി  ചെടിയുടെ കഥയാണ്. വർഷങ്ങൾക്കു മുൻപ് ന്യൂ യോർക്കിലെ  ഒരു കടയിൽ ജാസ്മിൻ എന്ന് എഴുതിയ ഒരു ചെടികണ്ടു, അവൾ തുള്ളിച്ചാടി, അവൾ അതിനെ വാങ്ങി  നട്ടുവളർത്തി, അത് പടർന്നു പന്തലിച്ചു ഒരു വലിയ ഒരു  ചെടിയായി. വേനൽ  ആയാൽ നിറയെ പൂക്കൾ, പൂത്തുലഞ്ഞു നിൽക്കുന്ന ചെടിയിൽ നിന്ന് ഒരായിരം വെള്ളപ്പൂക്കൾ. രാത്രിയിൽ വിരിയുബോൾ അതിന്റെ സുഗന്ധം മൈലുകൾക്ക് അപ്പുറം കിട്ടിയിരുന്നു. ഈ പിച്ചിച്ചെടിയുടെ കഥ ആ ചെടിയുടെ  ഭാഷയിൽ കേൾക്കാം ......

എന്റെ ജനനം ഒരു ഗാർഡൻ സ്റ്റോറിൽ ആയിരുന്നു, അവിടെനിന്നും എന്റെ അമ്മ എന്നെ സ്വന്തമാക്കി . അങ്ങനെ ഞാൻ ഈ വീട്ടിൽ ഒരു കുടുബാംഗമായി . എന്നെ വളത്തുന്നത് കൊണ്ട് ഞാൻ അവരെ അമ്മയുടെ സ്ഥാനത്തു കണ്ടു അമ്മയെന്ന് വിളിക്കാൻ തുടങ്ങി. അവർ എന്നെ സ്നേഹത്തോടു കൂടി നോക്കും.  രണ്ടുനേരം എനിക്ക് കുടിക്കുവാൻ വെള്ളമൊഴിച്ചു തരും.. പിന്നെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ വേറെയും. വെയിലിൽ വാടി തളരാതെ ഇരിക്കുവാൻ ഒരു പന്തലും.. അങ്ങിനെ സന്തോഷപൂർവ്വം ഞാൻ ആ വീട്ടിൽ വളർന്നു വലുതായി.  ആ വീട്ടിലെ ഒരു അംഗമായി കഴിഞ്ഞു.

വീട്ടിൽ വരുന്ന അതിഥികൾക്കെല്ലാം എന്നെ പരിചയപ്പെടുത്തുവാൻ 'അമ്മ'  മറക്കാറില്ല. പലപ്പോഴും എന്നെ തൊട്ടു തൊട്ടു തലോടിക്കൊണ്ടു   ഓരോ മൂളിപ്പാട്ടും പാടി അവർ നിൽക്കുബോൾ അവരുടെ സന്തോഷം ഞാൻ കാണാറുണ്ടായിരുന്നു . അവിടെ എനിക്ക് കുറെ അധികം കുട്ടുകാർ ഉണ്ടായിരുന്നെങ്കിലും ആ പൂന്തോട്ടത്തിൽ എനിക്ക് ഒരു പ്രത്യേക സ്ഥാനമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക്  അസൂയാലുക്കളും കുറെ അധികമായിരുന്നു . ശൈത്യകാലം  ചിലപ്പോൾ താങ്ങാവുന്നതിലും കൂടുതലായിരുന്നു. പക്ഷേ അമ്മയുടെ  പരിപാലനം  കാരണം അതൊന്നും എന്നെ ബാധിച്ചില്ല.

 അങ്ങനെ വർഷങ്ങൾ  കടന്നു പോയപ്പോൾ എന്നിലും വലിയ മാറ്റങ്ങൾ പ്രകടമായി കൊണ്ടേയിരുന്നു.  നിരവധി അതിഥികൾ എന്നെ കാണുവാൻ വരുമായിരുന്നു . ചിലർക്ക് എന്നെ തൊട്ടു നോക്കണം, മറ്റുചിലർക്ക് മണത്തു നോക്കണം. കാണാൻ ഏറെ സൗന്ദര്യം എന്ന് ചിലർ, അതിലേറെ സൗരഭ്യം എന്ന് വേറെ ചിലർ. ദിവസങ്ങൾ കടന്നു പോയപ്പോൾ  നിറയെ പൂക്കൾ എന്നിൽ വിരിഞ്ഞ് ഞാൻ പൂത്തുലഞ്ഞു. പൂക്കൾ പറിക്കുവാൻ ഏറെ ആവശ്യക്കാർ.. വൈകുന്നേരം ആവുമ്പോൾ  'അമ്മ  സാവധാനം നടന്ന് എന്റെ അടുത്ത് വരും. ഒട്ടും വേദനിപ്പിക്കാതെ കുറച്ചു പൂക്കൾ മാത്രം പറിച്ചെടുത്ത് അമ്പലത്തിൽ കൊണ്ടുപോകും .  എനിക്ക് ഇതിൽപരം ആനന്ദം വേറെയില്ലായിരുന്നു.  

 കാണുന്നവർ കാണുന്നവർ എന്റെ കുഞ്ഞിന് വേണ്ടി യാചിക്കുന്നു കേട്ട്   ഞാൻ സന്തോഷിച്ചു.  'അമ്മ എന്റെ ദേഹത്തുനിന്നും കുറച്ചു  കമ്പുകൾ  മുറിച്ചെടുത്ത്   വേറെ  ചട്ടികളിൽ  ആക്കി നട്ടുവളർത്തി കുറച്ചു പേർക്ക്  കൊടുത്തു .  പലരും    എന്റെ കുഞ്ഞുങ്ങളെ  തുണിസഞ്ചിയിൽ ആക്കി  യാത്രയായി. വേർപാടിന്റെ വേദന എന്താണെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കിയ സമയമായിരുന്നു അത് . അത്രയും കാലം എന്റെ കൂടെ, എന്റെ ഭാഗമായി കഴിഞ്ഞ അവർ   എന്നെന്നേക്കുമായി എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു. എന്നാലും  എനിക്കും സന്തോഷമായി. കാരണം ഇന്ന് എനിക്കും ഒരു കുടുംബം ആയി കൂട്ടികളുമായി  . ഞാനറിയാതെ എന്റെ മനസ്സിലും നിറയെ മോഹങ്ങൾ ഉണരുവാൻ തുടങ്ങി.. മനസ്സിലെ സ്വപ്നങ്ങളും മോഹങ്ങളും കിനാക്കളും എല്ലാം പങ്കുവെക്കാൻ  ഒരു കുടുംബം  ഉണ്ടാവുക എന്നത് എത്ര ഭാഗ്യമാണ്....
 
 കാലങ്ങൾ ആർക്കും കാത്തുനിൽക്കാതെ ഓടിക്കൊണ്ടേയിരുന്നു. ഒരു ദിവസം എന്റെ അമ്മക്ക് കാൻസർ ആയി. അവശതയിൽ ആയ ആ അമ്മ സമയം കിട്ടുമ്പോഴെല്ലാം എന്നെ തലോടി പൂക്കളുടെ സുഗന്ധം അനുഭവിച്ചു ആനന്ദം കാണുമായിരുന്നു.  കാലത്തിന്റെ ഒഴുക്കിൽ നിരവധി വേർപാടുകൾ, മാറ്റങ്ങൾ എനിക്ക് കാണുവാനും അനുഭവിക്കാനും കഴിഞ്ഞു. ഒരു മൂകസാക്ഷിയായി ഞാൻ ആ മുറ്റത്തു തന്നെ നിലകൊണ്ടു. എനിക്കും പ്രായമായി തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് എന്നെ കൂടുതൽ അക്ഷമയാക്കി.

ജീവിതത്തിലെ നല്ല സമയങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുകയില്ല എന്ന ദുഃഖസത്യം ഞാൻ മനസ്സിലാക്കി.
 ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിവസം ഞാൻ നോക്കിനിൽക്കെ  ആ  അമ്മ യാത്രയായി. അതുകണ്ടു ഞാൻ  തളർന്നുപോയി. എന്റെ മനസ്സിന് താങ്ങാവുന്നതിൽ ഉപരിയായിരുന്നു ആ വേർപാടിന്റെ വേദന. . എന്റെ ദുഃഖം  ആരോട് പറയും, എങ്ങിനെ പറയും? ഇങ്ങനെ ഒരായിരം ചിന്തകൾ മനസ്സിൽ നിറഞ്ഞുനിന്നു. ആ അമ്മയുടെ  കാൽക്കൽ, അശ്രുകണങ്ങളോടെ, ഒരു പിടി  പൂക്കൾ ഞാൻ അടർത്തിയിട്ടു .. ഇനിമുതൽ എന്നിൽ വിരിയുന്ന ഓരോ പൂവും എന്റെ അമ്മയുടെ  ഓർമ്മകൾക്ക് മുന്നിൽ ഞാൻ സമർപ്പിക്കും എന്ന് ഞാൻ ഉറപ്പിച്ചു ....

 ഇപ്പോഴാണ് ജിവിതത്തിൽ ഏകാന്തത എന്തണെന്നും അത് അനുഭവിക്കുന്നവർക്കുള്ള മാനസിക സങ്കർഷം എന്താണ് എന്നും   മനസിലാക്കിയത് . ഏകാന്തതകളിൽ മനസ്സു വിങ്ങി പൊട്ടുമ്പോൾ ഒന്ന് സമാധാനിപ്പിക്കുവാൻ പോലും ആരെയും കാണാറില്ല. ഉറക്കെ നിലവിളിക്കുവാൻ തോന്നിയ രാത്രികളിൽ, ഞാൻ അമ്മയെകുറിച്ച് ഓർക്കാറുണ്ട്. നിലാവും പാലപ്പൂവിന്റെ മണവും മന്ദമായി വീശുന്ന കുളിർതെന്നലും എല്ലാം മനസ്സിൽ ഏറെ പ്രതീക്ഷകൾ നൽകി.. എന്നെ കാണുവാൻ ഒരു കാറ്റായി എന്റെ സ്വപ്നത്തിൽ ആ  അമ്മ എന്നും എത്തുമായിരുന്നു. ആകാശത്തേക്ക് നോക്കുമ്പോൾ ഒരു കുഞ്ഞു നക്ഷത്രമായി എന്നെ കണ്ണിറുക്കി കാണിക്കുമായിരുന്നു.
 
ആ  അമ്മയെ  ഓര്‍ത്തു കരയുന്ന എന്‍റെ കണ്ണുനീര്‍ ആരും  കണ്ടില്ല.  എന്‍റെ ഹൃദയ വേദനയും ആരും  കേട്ടില്ല
ഈ ലോകത്തിനോട് തന്നെ എനിക്ക് വെറുപ്പ് ആയി. എന്നെ സ്നേഹിക്കാത്ത ഈ ലോകത്ത് നിന്നും ഞാന്‍  എന്തിന് ജീവിക്കണം എന്ന് എനിക്ക്  തോന്നിതുടങ്ങി. അടുത്ത ശൈത്യകാലത്തു വെള്ളം കിട്ടാതെ    ഞാനും  ഉണങ്ങി, അമ്മയില്ലാത്ത ഈ  ലോകത്തുനിന്നും ഞാനും അപ്രത്യക്ഷ്യമായി. എന്റെ ഏറ്റവും വലിയ സ്നേഹവും ശക്തിയും അമ്മയായിരുന്നു  . ആ  സ്നേഹത്തിനു വേണ്ടി ഒരുപാടു കൊതിച്ചു. ഒരുപാട് സ്വപ്നങ്ങളും ആശകളും ഞാന്‍ നെയ്തുകൂട്ടി . പക്ഷെ ദൈവവും കാലവും വിധിയും എന്നെ അകറ്റി .  എന്നും ആ    സ്നേഹത്തിനു വേണ്ടി  ഞാൻ   ദാഹിക്കും, എനിക്ക് ഇനിയൊരു ജന്മമുണ്ടെങ്കില്‍ അമ്മയുടെ ഗാർഡനിൽ ജനിക്കാനായി ആ  സ്നേഹത്തിനായ് ഞാന്‍ കാത്തിരിക്കും

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!! അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ... ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍..ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും.... ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍.. ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.... പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ. ആ ഇഷ്ടത്തെ നമ്മള്‍ ഓർത്തെടുക്കും .... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... ആ കാഴ്ചകളെക്കെ ഒന്നുടെ ഒന്ന് കാണുവാൻ .

ഓർമ്മകൾക്ക് ഇത്രയും  ഭംഗി എന്താണ് എന്നറിയുമോ? അവയൊക്കെയും ഒരിക്കലും തിരിച്ചുവരാത്ത അല്ലെങ്കിൽ തിരിച്ചുകിട്ടാത്ത   നല്ലകാലത്തിന്റെ ഫോട്ടോഗ്രാഫുകൾ ആണ്.

വേർപാടിന്റെ ദുഃഖങ്ങളിൽ നിന്നുയർന്നുവരുന്ന ആത്മഗതങ്ങൾ, മനസ്സിന്റെ അഗാധതലങ്ങളിൽ നമ്മെ ഏറെ വ്യാകുലപ്പെടുത്തുന്നു, അത് മനുഷ്യരായാലും പ്രകൃതിയായലും.

(വേദനയും വിരഹവും സന്തോഷവും പ്രണയവും പ്രതീക്ഷയും എല്ലാം ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടെന്ന ഒരു വിശ്വാസമാണ് ഈ കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.) 

 
 
Join WhatsApp News
Anil 2024-01-20 15:56:33
Very touching story.
Sudhir Panikkaveetil 2024-01-21 09:41:57
ശ്രീ ശ്രീകുമാറിന്റെ രചനകളിലെല്ലാം കാല്പനികത നിറഞ്ഞുനിൽക്കുമ്പോഴും തത്വചിന്തപരമായ ഒരു നിയന്ത്രണം ഉണ്ടാകും, സുഖദുഃഖങ്ങളിൽ പങ്കുചേരുന്ന മനസ്സിന് പലപ്പോഴും സാന്ത്വനം അരുളുന്നത് പ്രകൃതിയാണ്. പിച്ചകചെടിയെ നട്ടുവളർത്തിയ ആൾ അകാലത്തിൽ ഭൂമി വിട്ടുപോയപ്പോൾ ആ ചെടിപോലും വിലപിക്കുന്നത് കാണാൻ കഴിയുന്നത് അതുകൊണ്ടാണ്. നന്നായി ശ്രീ ശ്രീകുമാർ.
Babu Thekkekara 2024-01-21 14:52:23
Very beautiful thoughts, so touching, Sreekumar!!
JOHN ELAMATHA 2024-01-22 01:10:50
നല്ല ആഖ്യയാനം ,കാവ്യഭാഷ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക