Image

ദീപാവലി സന്ധ്യ -7 ( ജീവിതം ; അനുഭവം : സന )

Published on 21 January, 2024
ദീപാവലി സന്ധ്യ -7 ( ജീവിതം ; അനുഭവം : സന )

എന്റെ ഉമ്മ ജീവിതത്തോട് യാഥാർഥ്യബോധവും സമചിത്തതയും പോസിറ്റീവ് അഭിമുഖ്യവും എപ്പോഴും കാണിച്ചിരുന്നു. എന്തും നേരിടുക എന്നത് ഉമ്മയുടെ പ്രത്യേകതയുമായിരുന്നു. ഞാനും ഉമ്മയും പലപ്പോഴും യാത്രകൾ ചെയ്യാറുണ്ട്. അല്പം ദൂരെയുള്ള സ്ഥലത്തേക്ക് നടന്നുപോകുമ്പോൾപോലും കുറച്ചെത്തി കാല് കഴച്ചാൽ ഞാൻ ഒരു നോട്ടം നോക്കും. ദാ ഇപ്പൊ എത്തും... എത്താറായി എന്ന മറുപടി ഉടനെ വരും. ഏതു കാര്യത്തിനും ഉമ്മ അങ്ങനെയാണ് പറയാറ്. ദാ ഉടനെ കഴിയും... ഇപ്പൊ കഴിയും... എന്ന്.  തലവേദനിക്കുമ്പോൾ അല്ലറ ചില്ലറ കുറുംകൗശലങ്ങളും മരുന്നുമായി ഉമ്മയുടെ കയ്യിലുണ്ട്.   തൊട്ടാവാടിയില അരച്ചുനെറ്റിയിൽ ഇടാനും കടുകരച്ചു പുരട്ടാനും പിന്നെ പച്ചമുളക് ചെടിയുടെ ഇല അരച്ച് വേദനയുള്ള ഭാഗത്തെ കാലിന്റെ പെരുവിരൽ പൊതിയാനും ചന്ദനം അരച്ച് നെറ്റിയിൽ ഇടാനും.... അങ്ങനെ പലതരം വിദ്യകൾ... അതെല്ലാം പുരട്ടുമ്പോൾ വേദന എങ്ങോട്ടോ മാഞ്ഞുപോകാറും ഉണ്ട്. തല വേദനിക്കുമ്പോൾ ഓടിച്ചെന്നു കിടന്നു എന്റെ തല പിടിക്ക് എന്നു ഔപചാരികതകൾ ഇല്ലാതെ പറയാവുന്ന ഒരേയൊരാളെ ഉണ്ടായിരുന്നുള്ളൂ.

വളരെ ചെറുപ്പത്തിലേ എന്റെ ഉമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. ഉമ്മയിൽനിന്നാണ് സ്വയം പര്യാപ്തത  പഠിച്ചത്.  സ്വന്തം കാലിൽ നിൽക്കാനും  ജോലി ചെയ്യാനും സ്വയം ജീവിക്കാനും പഠിച്ചത്, പഠിപ്പിച്ചത് ഉമ്മയാണ്. ശമ്പളം കിട്ടുന്ന ദിവസങ്ങളിൽ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾക്കൊപ്പം പാർലി ജി ബിസ്ക്കറ്റും തേൻ മിഠായിയും  പഞ്ഞിമിഠായിയും കപ്പലണ്ടിയും എന്നുവേണ്ട അക്കാലത്തുകിട്ടുന്ന കുട്ടികളുടെ ഇഷ്ടങ്ങൾ എല്ലാം നിറയെ വാങ്ങിയാണ് ഉമ്മ വരിക. അതെല്ലാം ഒറ്റയടിക്ക് ഞങ്ങൾ മൂന്നു മക്കളും തിന്നുതീർക്കുകയും ചെയ്യും. ഏതു പ്രതിസന്ധിയിലും പതറാതെ നിന്ന ആളാണ്‌ എന്റെ ഉമ്മ.  ഉമ്മ ഭൂമിവിട്ടു പോയിട്ട് 9 വർഷങ്ങൾ കഴിഞ്ഞു. ഔപചാരികതകൾ ഇല്ലാതെ ഓടിക്കയറാനുള്ള ഇടം ഇല്ലാതായി.

 ഈ അസുഖം വന്നപ്പോൾ എപ്പോഴും ഞാൻ ഓർക്കുന്നത് ഉമ്മയെയാണ്. ഓരോ വേദനയിലും ഓർക്കും ദാ ഇപ്പൊ കഴിയും... ഇത്രകൂടിയേ ഉള്ളൂ.... എന്ന്.. ഓരോ ചികിത്സയിലും പിന്നോക്കം വലിക്കുന്നവർ പറയുന്ന നെഗറ്റീവിറ്റിയും അനന്തമായ നിരുത്സാഹാപ്പെടുത്തലും നിസ്സഹായതയും മറികടക്കാൻ എന്റെ കൈയിൽ വേറെ വഴികളില്ല.

ഡോക്ടർമാർ പോലും ചോദിക്കും
"എന്തിനാണ് ടീച്ചർ സമയം ഇങ്ങനെ പാഴാക്കുന്നത്? ഓപ്പറേഷൻ ചെയ്താൽ ഒരുവർഷംകൊണ്ടു ജോലിക്ക് പോകാമല്ലോ... ജീവിതം കളയുന്നതെന്തിനാണ്?"
ഓപ്പറേഷൻ ചെയ്താൽ 50% പോലും ചാൻസിൽ സംശയം പറയുന്നതും ഇവരാണ്!
 നഴ്സുമാരും ചോദിക്കും, "ഇത്രയും കാലം ചികിൽസിച്ചല്ലോ... ഇതു മാറാനുള്ളതാണോ? മാറുന്നെങ്കിൽ എന്നേ മാറിയേനേം?"

ഇത്തരം ചോദ്യങ്ങളുമായി വരുന്നവർ നിരവധിയാണ്.
ഇതു മാറാനുള്ളതല്ല.
ഇതു cure ആകുകയില്ല.
ഇനി ജോലിക്കു പോകാൻ പറ്റുകയില്ല.
ഇനിയുള്ള കാലം വീടിന്റെ വാതിൽപ്പടി കടക്കുവാനാകില്ല.
ഇനി ഇത്രയൊക്കെയേ ഉണ്ടാവൂ..

ഇതെല്ലാം കേൾക്കുമ്പോൾ ഇത്രയുംകാലം ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ചത് ഇവരെല്ലാം സമ്മതിച്ചിട്ടും ഇവരെല്ലാം പഠിപ്പിച്ചിട്ടും ജോലിക്കു വിട്ടിട്ടും ആണെന്ന് തോന്നും.

നമ്മുടെ നേരെ വരുന്ന ഇത്തരം ശരങ്ങളെ പ്രതിരോധിക്കുവാൻ നല്ല മനഃശക്തി വേണം.

ഈ ചോദിക്കുന്നവരുടെ ആയിരംകോടി എടുത്തു  കടലിൽ എറിഞ്ഞു അവരെ ദരിദ്രരാക്കിയിട്ടല്ലല്ലോ നീ ചികിൽസിക്കുന്നത്? പോയി പണിനോക്കാൻ പറ എന്ന് പപ്പയും വീട്ടുകാരും പറയും. നീ അതൊന്നും മൈൻഡ് ചെയ്യേണ്ടെന്നു കൂട്ടുകാരും പറയും.
പക്ഷേ പ്രതികൂല സാഹചര്യങ്ങൾ നമ്മുടെ രോഗശാന്തിയെ ബാധിക്കും എന്നത് ഉറപ്പാണല്ലോ

AVM ഹോസ്പിറ്റൽ പോകുമ്പോഴും പുറത്തു പോകുമ്പോഴും എന്റെ സാരഥി എപ്പോഴും ജൈഫർ ആണ്. വീട്ടിൽ റെസ്റ്റും മരുന്നുമായി കഴിയുന്ന നേരത്തു  ജൈഫർ ആണ് മരുന്നു വാങ്ങാൻ AVM ൽ പോകുന്നത്. അന്നത്തെ ദിവസവും പതിവുപോലെ അവനെ മരുന്നു വാങ്ങാൻ ഞാൻ പറഞ്ഞു വിട്ടു. കോവിഡ് കാലമാണ്. പലയിടത്തും ലോക്ക് ഡൌൺ ആകുകയും റോഡ് അടയ്ക്കുകയും ചെയ്യുന്ന സ്ട്രിക്റ്റായ സമയമാണ്.

 ഐരാപുരം എത്തിയപ്പോൾ അവൻ എന്നെ വിളിച്ചു.
'ആശുപത്രിയിയുടെ അരികിലെത്തി. ഇവിടെ റോഡ് അടച്ചിരിക്കുകയാണ്. റോഡ് ബ്ലോക്ക്‌ ആക്കിയ സ്ഥലത്തു വണ്ടിവെച്ചു അങ്ങോട്ടു നടക്കുകയാണ് ' എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴേ വാക്കുകൾ മുറിഞ്ഞുമുറിഞ്ഞു പോയി. പിന്നെ അനക്കമില്ല. ഫോൺ കട്ടായി.അവിടെ റേഞ്ച് കുറവുള്ള സ്ഥലമായതിനാൽ  വിളിച്ചപ്പോൾ കിട്ടിയില്ല.

പത്തിരുപതു മിനിറ്റ് കഴിഞ്ഞു ആതിര എന്നെ വിളിക്കുന്നു.
"ചേച്ചീ.. മരുന്നു വാങ്ങാൻ വന്ന ജൈഫർ ചേട്ടനെ തേനീച്ച കുത്തി. ചേട്ടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കയാണ്‌. കുറച്ചു സീരിയസ് ആണ്. ചേച്ചി ഉടനെ വരണം"
എനിക്കാദ്യം ആതിര പറഞ്ഞതു മനസ്സിലായതേയില്ല. ഈച്ച കുത്തുകയോ? എന്ത് ഈച്ച???? അവൻ എന്നോടു സംസാരിച്ചിട്ട് മിനിട്ടുകൾ കഴിഞ്ഞിട്ടല്ലേയുള്ളു???

ബൈക്ക് റോഡരികിൽവെച്ചു നടന്നുപോയിരുന്ന ജൈഫറിനെ അവിടെ ഏതോ ഉയരമുള്ള മരത്തിൽനിന്നും കൂട്ടത്തോടെ ഇളകിവന്ന കടന്നലുകൾ ആക്രമിച്ചു.  അവൻ ഓടിക്കയറിയ വീടുകളിൽ ഉള്ളവർ ഈ ഭയാനകമായ കടന്നൽക്കൂട്ടത്തെ കണ്ടുപേടിച്ച് വീടുകളിൽ ഒളിച്ചു. രണ്ടുമൂന്നുവീടുകളിൽ ഇതുതന്നെ ആവർത്തിച്ചു.  അവൻ  ഓടി ഒടുവിൽ എങ്ങനെയോ AVM ഹോസ്പിറ്റലിന്റെ മുറ്റത്തു ചെന്നുവീണു.

അവർക്കും ആരെയാണ് കടന്നൽക്കൂട്ടം ഓടിച്ചു കൊണ്ടുവരുന്നതെന്ന് മനസ്സിലായില്ല. ഹോസ്പിറ്റലിൽ ഉള്ളവർ തീ കത്തിച്ചും മറ്റും ഈ ജന്തുക്കളെ തുരത്തുമ്പോഴേക്കും ജൈഫർ അവശനായി വീണു കഴിഞ്ഞിരുന്നു. കൂടെ അവന്റെ കസിൻ ഉണ്ടായിരുന്നു. അവനെ കടന്നൽ ഓടിച്ചു ദൂരേക്ക് എവിടേക്കോ അവൻ ഓടിപ്പോയെന്നും ആതിര പറഞ്ഞു.

എനിക്ക് ക്രചസ് വെച്ചു കഷ്ടിച്ച് നടക്കാവുന്ന അവസ്ഥയെ അപ്പോഴുള്ളൂ. കോവിഡ് ആക്രമിച്ചു അതിൽനിന്നും രക്ഷപ്പെട്ടു വന്ന ക്ഷീണം വേറെ. എന്തു  ചെയ്യണമെന്ന് ഒരുപിടിയും കിട്ടാതെ മനസ്സ് ശരീരത്തിൽനിന്നും വേർപ്പെട്ടു ദൂരേക്ക് മാറിനിന്നു എന്നെ നോക്കി.

ഞാനും സിസ്റ്ററും ഉടനെ പുറപ്പെട്ടു. സിസ്റ്ററിനു അന്നു കഷ്ടി ഒരു വയസ്സുള്ള മകളുണ്ട്. മോളെ  ഏൽപ്പിച്ചു അഞ്ചുപത്തു മിനിട്ടുകൾക്കുള്ളിൽ ഞാനും അവളും പുറപ്പെട്ടു.

ജൈഫറിനെ മലങ്കര മെഡിക്കൽ മിഷനിലേക്ക് കൊണ്ടുപോയെന്നാണ് ലാസ്റ്റ് കിട്ടിയ വാർത്ത. പൗലോസ്  സാറിന്റെ ഡ്രൈവർ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു അവർ ചികിത്സ തുടങ്ങിയിരുന്നു. എങ്ങനെ സ്പീഡിൽ പോയാലും ഹോസ്പിറ്റൽ എത്താൻ നാല് മണിക്കൂർ എടുക്കും. ജൈഫറിന്റെ കൂടെയുള്ള കുട്ടി എങ്ങോട്ടു ഓടി എന്ന് AVM ൽ ഉള്ളവർക്കും സംഭവം കണ്ട ആളുകൾക്കും യാതൊരു ധാരണയും ഇല്ലായിരുന്നു. അവന്റെ ഫോണും സ്വിച്ച്ഡ് ഓഫ്‌ ആയിരുന്നു.
ആ ഹോസ്പിറ്റലിലേക്കുള്ള  ദൂരം എങ്ങനെ ഞാൻ താണ്ടിയെന്ന്  എനിക്ക്   യാതൊരു ധാരണയുമില്ല. പറഞ്ഞ വിവരണം കേട്ടപ്പോൾ ആയിരകണക്കിന് കടന്നൽ ജൈഫറിനെ കുത്തിയിട്ടുണ്ട്. ഒരു കടന്നലോ തേനീച്ചയോ കുത്തിയാൽ പോലും വിഷം താങ്ങാതെ മരിച്ചു പോകുന്നവനാണ് മനുഷ്യൻ!
ഇവിടെ ഒരു വലിയ കടന്നൽകൂട്ടം അതിഭീകരമായി ആക്രമിച്ചിരിക്കയാണ് ഒരു മനുഷ്യനെ...

ഹോസ്പിറ്റലിൽ എത്തി ഐ സി യു വിൽ ഇവനെ കണ്ട ഞാൻ തകർന്നുപോയി. ദേഹം മൊത്തം നീരുവെച്ചു  മുഖവും ശരീരഭാഗങ്ങളും വീങ്ങി ഞാൻ ഇതുവരെ കണ്ട ആളെ അല്ലാത്ത ഒരാൾ കിടക്കുന്നു!
അവന്റെ ദേഹത്തുനിന്നും എടുത്ത ഈച്ചമുള്ളുകളും ഡ്രെസ്സും നഴ്സ് എനിക്ക് കൈമാറി. എന്റെ  കൈകുടന്നയിൽ ഒതുങ്ങാത്തത്രയും മുള്ളുകൾ ഉണ്ടായിരുന്നു അവ! തലയിൽ കുത്തിയവ ഇപ്പോഴും അവർ എടുത്തുകൊണ്ടിരിക്കുന്നു!

ഇതു വായിക്കുമ്പോൾ ആയിരിക്കും  അവന്റെ ഭാര്യയും  കുടുംബവും ആ രാത്രി ഞാൻ നടന്നു തീർത്ത വിഷമങ്ങൾ അറിയുക. കാരണം ഇത്രയും സീരിയസ് ആണു അവനെന്നു ആ രാത്രിയിൽ ഞാൻ അവന്റെ കുടുംബത്തോട് പറഞ്ഞിട്ടില്ലായിരുന്നു.
എങ്ങനെ പറയും?
അവന്റെ ഭാര്യ പ്രസവം കഴിഞ്ഞു 40 ദിവസം പോലും ആയിട്ടില്ല അന്ന്. പിഞ്ചു കുഞ്ഞാണ് അവളുടെ കൈയിൽ. എന്താണ് ഞാൻ അവളോട്‌ പറയുക?
എന്തിനാണ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയത് എന്ന് അവൾ വിവരം അറിഞ്ഞ മുതൽ ചോദിക്കുന്നുണ്ട്. ഞാൻ അവിടെ എത്തി കാര്യങ്ങൾ അറിഞ്ഞു നിന്നെ വിളിക്കാം എന്ന വാക്കിൽ വിശ്വസിച്ചാണ് അവന്റെ ഭാര്യ പിടിച്ചു നിൽക്കുന്നത്. അവളോട്‌ എന്തു പറയും?

തക്കസമയത്തു അവനെ മലങ്കര മെഡിക്കൽ കോളേജിൽ എത്തിച്ചതിനാൽ വേണ്ടുന്ന ചികിത്സ സമയത്തിന് തുടങ്ങിയിട്ടുണ്ട്. ജൈഫർ AVM ഹോസ്പിറ്റലിൽ ഓടിക്കയറിയ നേരത്ത് അവിടെ സ്റ്റാഫ് എല്ലാവരും ഉണ്ടായിരുന്നു. ഡ്രൈവർ ഉണ്ടായിരുന്നു. അയാൾ പറന്നു പോകുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്!

അവന് ആന്റി വെനം കൊടുത്തിട്ടുണ്ട്, പക്ഷേ ഒരുപാടു കടന്നലുകൾ ഒരുമിച്ചു കുത്തിയതിനാൽ ആ വിഷം ഇറങ്ങണം. ബ്ലഡിലും യൂറിനിലും കലർന്നിട്ടുണ്ട്. അവസ്ഥ മോശമാണ്. ഞങ്ങൾ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. എങ്കിലും 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ വയ്യ എന്ന് ഡോക്ടർ പറഞ്ഞു.
മറ്റേ കുട്ടി എവിടെ എന്ന് ഇതിനിടയിൽ അന്വേഷിക്കുന്നുണ്ട്. ഹോസ്പിറ്റലുകളിൽ വിളിച്ചു  ഈച്ച കുത്തിയ ഒരു കുട്ടി അഡ്മിറ്റ്‌ ആയിട്ടുണ്ടോയെന്നു ചോദിക്കുന്നുണ്ട്. അവന്റെ ഫോൺ അപ്പോഴും ഓഫാണു. ഈ കുട്ടി ഓടുന്ന ഓട്ടത്തിൽ ഏതെങ്കിലും റബർ കാടുകളിലേക്ക് വീണു ബോധമില്ലാതെ കിടക്കുന്നുണ്ടോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

നമുക്ക് ഒരു പരിചയവും ഇല്ലാത്ത നാടാണ് ഐരാപുരം. AVM ഹോസ്പിറ്റലിലേക്ക് ഓടിക്കയറിയതിനാലാണ് ജൈഫറിനെ അവർക്ക്‌ മനസ്സിലായത്.  ഓടുന്ന ഓട്ടത്തിൽ  എവിടെയെങ്കിലും വീണിരുന്നെങ്കിലോ ഓടാൻ വയ്യാതെ അവശനായി വീണുപോയിരുന്നെങ്കിലോ എവിടെയാണ്  തിരയുക. അവിടെ മൊത്തം റബർ കാടുകളാണ്. തോടുകളും കലുങ്കുകളും വേറെ! ഹെലികോപ്റ്ററിൽ തിരയേണ്ടി വന്നാലും കിട്ടണമെന്നില്ല.
എങ്കിലും ജൈഫർ ഇപ്പോൾ കൺവെട്ടത്തുണ്ട്.
പക്ഷേ മറ്റേ കുട്ടി എവിടെ?

നേരം ഏകദേശം രാത്രി പത്തുമണി ആയപ്പോൾ ഒരു ഹോസ്പിറ്റലിൽനിന്നും ഫോൺ വന്നു. ഈ കുട്ടി അവിടെയുണ്ടെന്ന്....
ഞാൻ ജൈഫറിന്റെ അരികിൽതന്നെനിന്നു. സിസ്റ്ററും ഡ്രൈവറും അവനെ തിരഞ്ഞു ആ ഇരുട്ടത്തു  ഹോസ്പിറ്റലിലേക്ക് പോയി. ലൊക്കേഷൻ അയക്കാൻ കഴിയില്ലായിരുന്നു. രാവിലെ തുടങ്ങിയ വിളികളിൽ എല്ലാവരുടെയും ഫോൺ ബാറ്ററി തീർന്നിരുന്നു.
ഒരു പരിചയവുമില്ലാത്ത വഴി! ഇരുട്ട്!! മഴ!!!

ജീവിതം എന്നെ എന്തൊക്കെയാണ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നറിയാൻ സത്യത്തിൽ ആ നേരത്ത് എനിക്ക് ആഗ്രഹമേ ഉണ്ടായില്ല.

രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ മറ്റേ കുട്ടിയുമായി ഇവർ എത്തി. അവന് കുറച്ചു കുത്തേ ഏറ്റുള്ളു എങ്കിലും ജൈഫറിനെ കുത്തുന്നത് കണ്ടു അവൻ  ഷോക്കിൽ ആയിപ്പോയി! അവൻ ഓടുന്നത് കണ്ട് അതുവഴി വന്ന ഒരു ടെമ്പോ ഡ്രൈവർ അവനെ കയറ്റികൊണ്ടുപോയി ഒരു ഹോസ്പിറ്റലിൽ ആക്കുകയായിരുന്നു എന്നവൻ പറഞ്ഞു! പക്ഷേ കുട്ടി ആകെ അവശനും ക്ഷീണിതനുമായിരുന്നു. വളരെ അപ്സെറ്റ് ആയിരുന്നു. അവനെ കൊണ്ടുവന്നു ഇതേ ഹോസ്പിറ്റലിൽ ഒബ്സെർവേഷനിൽ കിടത്തി. ഒരേ കുടുംബത്തിലെ രണ്ടുപേർ.... അതും അത്യാസന്നനിലയിൽ കിടക്കുന്നു. അവരോടും അവരുടെ കുടുംബത്തോടും എന്താണ് പറയുക....

ഐ സി യു വിന്റെ മുൻപിൽ നിൽക്കാനും ഇരിക്കാനും കഴിയാതെ ഞാൻ.....

സിസ്റ്റർ പറഞ്ഞു. എവിടെയെങ്കിലും ഒന്നിരിക്ക്. എത്ര നേരമായി ഇങ്ങനെ വിഷമിക്കുന്നു.....
എന്താണ് ഞാൻ ചെയ്യുക?
വിഷമിക്കാൻ പോലും കഴിയാതെ മനസ്സ് മരവിച്ചിരുന്നു.

ആ ദിവസം മുഴുവനും  വിളിച്ചു വിവരങ്ങൾ നൽകാൻ കൂടെയുണ്ടായിരുന്ന വൈശാഖൻസർ  രാത്രിയിൽ എന്നെ വിളിച്ചിട്ടു വീണ്ടും പറഞ്ഞു.
"നീ വടിയും കുത്തി ഒരേനിൽപ് നിൽക്കാതെ ഒരിടത്തു ഇരിക്ക്. മതി ചിന്തിച്ചുകൂട്ടിയത്. നിനക്ക് നൂറ്റമ്പത് വർഷത്തെ എക്സ്പീരിയൻസ് ഇപ്പോൾ തന്നെ ആയിക്കഴിഞ്ഞു. ഇതു അവസാനത്തെതേണ്. നീ സമാധാനപ്പെട്. ആ കുട്ടികൾക്ക് ഒന്നും സംഭവിക്കില്ല"

ഒരു സാന്ത്വനവും ഏൽക്കാൻ വയ്യാതെ തലച്ചോറ് നെരിപ്പോടായിരുന്നു.
ഈ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിട്ട് കാര്യമുണ്ടോ?

 ഉമ്മ പറയുന്നത് ഒരു നിമന്ത്രണം പോലെ ചെവിയിലേക്ക് വന്നു.
ദാ ഇപ്പൊ കഴിയും... ഒന്നും സാരമില്ല. ഇപ്പോൾ മാറും....

(തുടരും)

read more: https://emalayalee.com/writer/176

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക