Image

സമരം (കവിത: വിനീത് വിശ്വദേവ്)

Published on 22 January, 2024
സമരം (കവിത: വിനീത് വിശ്വദേവ്)

ഇന്നീ ഭൂമിയിലെവിടെയും 
നേർക്കാഴ്ച നേടുവാൻ
തേടുന്ന വ്യാഖ്യാനമാണോരോ 
സ്വാതന്ത്ര്യ സമരവും.   

അവകാശങ്ങൾക്കായിയെന്നും 
വിലങ്ങുതടികളെ വെട്ടിപ്പിളർക്കുന്ന 
വേദിയാണ് സമരം.

പ്രതിഷേധമേന്തിയ കരങ്ങളുടെ 
മാർഗമാണ് സമരം. 
ചരിത്ര സാക്ഷിയാക്കുന്നു 
അനവധി നിരവധി സമരങ്ങൾ.

കണ്ണുകെട്ടിയ നീതിദേവതയുടെ
മുന്നിലായി നീതിബോധങ്ങൾക്കുവേണ്ടി
മുന്നിലാടുന്ന താണ്ഡവമാണ് സമരം.

പ്രതിക്കൂട്ടിലകപ്പെട്ട നേരിനും നെറിക്കും 
മുറിവേറ്റു പിടയുന്ന സത്യധർമ്മങ്ങൾക്കും 
ജീവിതമൊരു വേദിയാക്കി 
നാളയുടെ മക്കൾക്ക് വേണ്ടി
തെരുവിലാടുന്ന നടനമാണു സമരം.

തെരുവിൽ പിടയുന്ന 
തത്വശാസ്ത്രത്തിനെതിരെ 
സ്വാർത്ഥ മോഹങ്ങൾക്കെതിരെ 
സമരം സമരം സമരമെന്ന് 
സഹന കാഹളം മുഴക്കുന്നതാണു സമരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക