Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 9 : മിനി ആന്റണി )

Published on 25 January, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ - 9 : മിനി ആന്റണി )

ഞാനൊരു നിരീശ്വരവാദിയാണെന്നാണ് എൻ്റെ വീട്ടുകാരും നാട്ടുകാരും  പറയുന്നത്.   ഞാൻ പള്ളിയിൽ തീരെ പോകാറില്ല. കുടുംബപ്രാർത്ഥന ചൊല്ലാറില്ല. മക്കളെ ഇതൊന്നും ചെയ്യാൻ നിർബന്ധിക്കാറുമില്ല. പള്ളീലച്ചൻമാർക്കും കന്യാസ്ത്രീകൾക്കും അനാവശ്യ ബഹുമാനം കൊടുക്കാറില്ല. ഇതെല്ലാമാണ്  ഞാൻ നീരീശ്വരവാദിയാണെന്ന തീരുമാനത്തിലെത്താൻ അവർ കണ്ടെത്തിയിരിക്കുന്ന കാരണങ്ങൾ.

എന്തുകണ്ടിട്ടാണ് അവരിത് പറയുന്നതെന്ന് എനിക്കറിയില്ല. ഈശ്വരനില്ല എന്ന് എനിക്കെങ്ങനെ വാദിക്കാനൊക്കും. എനിക്ക് നേരിട്ടറിയാത്ത കാര്യമാണല്ലോ അത്. ഈശ്വരനുണ്ടെന്ന് എനിക്കെങ്ങനെ എൻ്റെ മക്കളെ പഠിപ്പിക്കാനൊക്കും. അതും എനിക്കറിയാത്ത കാര്യമല്ലേ?

പിന്നെ എല്ലാം ഒരു വിശ്വാസമാണല്ലോ. പലർക്കും നമ്മോട് സ്നേഹമാണെന്നുള്ളത് നമ്മുടെ വിശ്വാസമാണ് എന്നുള്ളതുപോലെ ഈശ്വരൻ ഉണ്ടായിരിക്കുമെന്നതും ഒരു വിശ്വാസം മാത്രമാണ്. നമുക്കുറപ്പില്ലാത്ത സ്ഥലങ്ങളിലാണ് നാം സാധാരണ വിശ്വാസമെന്ന വാക്കുപയോഗിക്കാറുള്ളത്. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എൻ്റെ പല വിശ്വാസങ്ങളും തകർന്ന് തരിപ്പണമായി പോയിട്ടുണ്ട്. ഓരോ തകർച്ചയിൽ നിന്ന് കയറുമ്പോഴും വിശ്വാസമെന്ന വാക്കിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു.

പണ്ട് എൻ്റെ ചെറുപ്പകാലത്ത് എന്നും ചൊല്ലുന്ന ഒരു പ്രാർത്ഥനയുണ്ട്. കുടുംബപ്രാർത്ഥന മുടക്കാത്ത ഒരു കുടുബമായിരുന്നു എൻ്റേത്. പ്രാർത്ഥനാസമയത്ത് നിർത്തി നിർത്തി സ്ഫുടതയോടെ ചൊല്ലിക്കൊണ്ടിരുന്ന പ്രാർത്ഥന . ' വിശ്വാസപ്രമാണം'  രാത്രിയിൽ ഡ്രാക്കുള പോലുള്ള നോവലുകൾ വായിച്ച് പേടിച്ചുവിറച്ച്  കഴുത്തിൽ തിളങ്ങുന്ന കൊന്തയുമിട്ട് കിടക്കുന്ന സമയത്ത്  വിശ്വാസപ്രമാണം ഉറങ്ങുന്നതുവരെ ആവർത്തിച്ച് ചൊല്ലാറുണ്ട്.  വിശ്വാസപ്രമാണം ചൊല്ലിയാൽ ഭൂതപ്രേതാതികൾ അടുക്കില്ല എന്നത് അക്കാലത്തെ ഒരു വിശ്വാസമായിരുന്നു. 

ഇറ്റലിയിലാണല്ലോ  റോം. അവിടെ വത്തിക്കാനിൽ മാർപ്പാപ്പയുണ്ട്. മാർപ്പാപ്പ താമസിക്കുന്ന രാജ്യത്ത് വിശ്വാസികളായിരിക്കും നിറയെ. എൻ്റെ അവിശ്വാസമെല്ലാം മാറി ഞാനൊരു നല്ല കുട്ടിയായി തീരാനായിരിക്കും ദൈവമെന്നെ  അങ്ങോട്ട് തന്നെ കൊണ്ടുപോകുന്നത് എന്നാണ് എൻ്റെ പാവപ്പെട്ട അപ്പൻ്റെയും അമ്മയുടെയും വിശ്വാസം. അവരുടെ പ്രാർത്ഥനയും അതാണ്.

എന്തായാലും അവരുടെ ആഗ്രഹം പോലെ ഞാനെത്തപ്പെട്ട സ്ഥലം അത്തരത്തിലൊരിടമാണെന്ന് തോന്നുന്നു. പറുദീസയിലെ  ആദ്യത്തെ രാത്രി.  ബോബിയും സുബിയും ജോലിക്ക് പോയിരിക്കുകയാണ്. അവർക്ക് പാർട്ട് ടൈം ജോലിയാണ്.  രാവിലെ നാല് മണിക്കൂർ. വൈകിട്ടും നാല് മണിക്കൂർ. പത്ത് മണിക്കാണ് അവർ തിരിച്ചെത്തുക. അതിനു മുൻപ് പ്രാർത്ഥന ചൊല്ലിയേക്കാമെന്ന് പറുദീസയിലെ കാരണവർ. അയാളെ കണ്ടപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്.   കാര്യങ്ങൾക്കെല്ലാം  മേൽനോട്ടം വഹിച്ച് നടക്കുന്ന  
ഒരു കാരണവരെപ്പോലെ. 
അയാളെ കൂടാതെ മൂന്നാല് പേർ കൂടി അവിടെയുണ്ടായിരുന്നു. സ്ത്രീയായി ഞാനൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും പ്രാർത്ഥനക്കിരുന്നു. ഞാനും ഒപ്പമൊരിടത്തിരുന്നു.  കാരണവർ എല്ലാവർക്കും ഒരോ കൊന്ത കൊടുത്തു. എനിക്കും കിട്ടി ഒരെണ്ണം. 

കാരണവർ പ്രാർത്ഥനയാരംഭിച്ചു. നാട്ടിലയാൾ ഏതെങ്കിലും ധ്യാനകേന്ദ്രത്തിൽ  പ്രേക്ഷിതവേല ചെയ്ത് കാണണം. ആ ഒരു രീതിയിലൊക്കെയാണ് പ്രാർത്ഥന. ഞാനൊരിക്കലും ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാറില്ല.  എന്നെ ചോദ്യം ചെയ്യാൻ അനുവദിക്കാറുമില്ല. എങ്കിലും പുതിയ സ്ഥലമാണ്. പുതിയ ആളുകളാണ്. ഞാനായിട്ടെന്തിനാണ് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുന്നത്. 

ഉപയോഗിച്ചിട്ട് വർഷങ്ങളായെങ്കിലും ഞാനൊന്നും മറന്നിരുന്നില്ല. എത്രയോ കാലം  ചൊല്ലി കൊണ്ടിരുന്നതാണ്. പറഞ്ഞുപഴകി മനസിലുറച്ച് പോയതാണ്. ഞാനയാളോടൊപ്പം വീണ്ടും വിശ്വാസപ്രമാണവും മറ്റു പ്രാർത്ഥനകളും ഈണത്തിൽ ചൊല്ലി. 

പറുദീസയിലെ രണ്ടാം ദിവസം. ബദാന്ത എന്ന വാക്ക് ആദ്യമായി കേട്ടതന്നാണ്. ഇനിയുള്ള കാലം ഒരു ബദാന്തയായി ജീവിക്കാൻ മനസിനെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു. കെയർഗിവർ എന്ന ജോലിക്കാണ് നാട്ടിൽ നിന്ന് കേറി വന്നത്. ഇറ്റലിയിലെത്തിയപ്പോൾ അത് ബദാന്തയായി രൂപാന്തരപ്പെട്ടു. ബദാന്തയെന്ന ഇറ്റാലിയൻ വാക്കിൻ്റെയർത്ഥം പരിചാരിക അല്ലെങ്കിൽ പരിചാരകൻ എന്നാണ്. ഈ പരിചാരിക വേഷം ! അതെത്ര നാളത്തേക്കാണ്. 

അവിടെ ഉണ്ടായിരുന്ന എല്ലാ അന്തേവാസികളെയും  വിശദമായി പരിചയപ്പെട്ടതും സംസാരിച്ചതും രണ്ടാംദിവസമായിരുന്നു. തലേ ദിവസം രാത്രിയിൽ ഭക്ഷണത്തിനിരുന്നില്ല.  . ബോബിയും സുബിയും വന്നിട്ടേ എല്ലാവരും ഭക്ഷണത്തിനിരിക്കൂ. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്ന ശീലമെനിക്കുണ്ടായിരുന്നില്ല. പഴയ ശീലങ്ങളുപേക്ഷിച്ച് പുതിയ ശീലങ്ങളുമായി പൊരുത്തപ്പെടണമെന്നറിയാഞ്ഞല്ല. എന്തുകൊണ്ടോ ഭക്ഷണത്തിനോടൊരതൃപ്തി.
അതുകൊണ്ട് പ്രാർത്ഥന 
കഴിഞ്ഞയുടനെ  ഉറങ്ങാൻ കിടന്നു.

കിടക്കുന്നതിന് മുൻപ് മേല് കഴുകുന്ന പതിവുണ്ട്. ബാത്ത്റൂമിൽ കയറിയപ്പോൾ അതിന് കുറ്റിയും കൊളുത്തുമില്ല. അതുകൊണ്ട് കുളി വേണ്ടെന്ന് വച്ചു. നമ്മുടെ നാട്ടിലെ പോലെ മൂന്ന് റൂമുകളും രണ്ടന്തേവാസികളുമുള്ള വീടുകൾക്ക് നാല് ബാത്ത്റൂമെന്ന പതിവ് ഇറ്റലിയിൽ ഇല്ലെന്ന് തോന്നുന്നു. അതുപോലെ അറ്റാച്ച്ഡ് ബാത്ത്റൂമുകളും ഇല്ല. 

നാട്ടിലേക്ക് ഒന്നു രണ്ട് മെസേജുകൾ അയച്ചു. ആരേയും വിളിക്കാൻ തോന്നിയില്ല. യൂറോപ്പിലെ സമ്പന്നസംസ്കാരം  ഇവിടെയുള്ള സാധാരണക്കാരായ മലയാളികൾക്കിടയിലില്ലെന്ന വിശേഷമാണ് പറയാനുള്ളത്. അത് പിന്നെയായാലും പറയാമല്ലോ. 

 ഇത് അക്കോമഡേഷനാണ്. ജോലിക്ക് കയറിയാൽ മാസത്തിലൊരിക്കൽ ഒരു ഞായറാഴ്ച്ച മാത്രം വരുന്ന ഒരു സ്ഥലം. ജോലിക്ക് കയറുന്ന വീട് നന്നായാൽ മതിയല്ലോ.  നോക്കാൻ കിട്ടുന്ന അമ്മാമയും നന്നായാൽ മതിയല്ലോ.കിടന്നാലോചിച്ചത് അതായിരുന്നു. ആഗ്രഹങ്ങളും പ്രതീക്ഷകളുമാണല്ലോ മനോഹരമായ ദിവാസ്വപ്നങ്ങൾ കാണാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ആലോചനകൾക്കിടയിൽ എപ്പോഴോ  ഉറങ്ങിപ്പോയി.സ്വപ്നങ്ങളൊന്നുമില്ലാത്ത 
ഒറ്റയുറക്കം. നന്നായി ഉറങ്ങിയതിനാലാകാം
ഉണർന്നപ്പോൾ നല്ല ഉൻമേഷമുണ്ടായിരുന്നു.   

സമയം എട്ട് മുപ്പത്തിയഞ്ച്.  പുറത്ത് വെയിൽ വീണു തുടങ്ങിയിട്ടില്ല. രാത്രി എട്ടു മണി കഴിഞ്ഞാലാണ് ഇവിടങ്ങളിൽ ഇരുട്ട് വീണ് തുടങ്ങുന്നത്. അസ്തമിക്കാൻ വൈകുന്നതുകൊണ്ട്  ഉദിക്കാനും വൈകുന്നു.  കാരണവർ മാത്രം ഉണർന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ബാക്കിയാരും ഉണർന്നിട്ടില്ല. ഇവിടെയെല്ലാവർക്കും വൈകിയുണരുന്ന ശീലമാണെന്ന് തോന്നുന്നു. അതെന്തായാലും നന്നായി. വൈകിയുറങ്ങി വൈകിയെണീക്കുന്ന ശീലമാണ് എനിക്ക് നാട്ടിലും.  

തലേദിവസം ഉറങ്ങിയെഴുന്നേറ്റത്  സ്വിറ്റ്സർലണ്ടിലായിരുന്നല്ലോ. അവിടെയും എട്ടുമണിയായപ്പോൾ വെയിലുദിച്ചിരുന്നില്ല. ഞാനെണീറ്റപ്പോൾ റൂമിലുണ്ടായിരുന്ന മറ്റു രണ്ടു പേരും നല്ല ഉറക്കമായിരുന്നു. ഞാൻ പോരുമ്പോഴും അവരുണർന്നിരുന്നില്ല. രാവിലെ പത്ത് മണിക്കായിരുന്നല്ലോ ഖത്താനിയയിലേക്കുള്ള ഫ്ലൈറ്റ്. 

ആ ഹോസ്റ്റലിൽ രണ്ട് കട്ടിലുള്ള മുറിയിലാണ് എനിക്ക് താമസൗകര്യം കിട്ടിയത്. അതിലൊരു കട്ടിലിന് രണ്ട് നിലകളുണ്ട്. അതിലെ മുകളിലെ നിലയിലാണ് എനിക്കുള്ള കിടക്കാനുള്ള സ്ഥലം.റിസപ്ഷനിൽ നിന്ന് റൂമിൻ്റെ നമ്പറുള്ള ചാവിയും വൈഫൈ പാസ്വേർഡുള്ള കാർഡും കിട്ടി. പിന്നെ തൊട്ടടുത്ത മുറിയിൽ നിന്ന് 
അലക്കിത്തേച്ചു വച്ചിരുന്ന കിടക്ക വിരിയും ,തലയിണക്കവറും  ഒരു ബ്ലാങ്കറ്റും തന്നു. എല്ലാത്തിനും തൂവെള്ളനിറം.

എല്ലാം തന്നതിനുശേഷം  കൗണ്ടറിലിരുന്ന ലേഡി ചിരിച്ചു കൊണ്ട് ഹോസ്റ്റൽ നിയമങ്ങളെ പറ്റി ചെറിയൊരു വിവരണം തന്നു.  രാവിലെ റൂം വെക്കേറ്റ് ചെയ്യുന്ന സമയത്ത്  ബെഡ്ഷീറ്റടക്കമുള്ള മൂന്നു സാധനങ്ങൾ  തിരികെ കൊണ്ടുവന്ന് അവിടെ വച്ചിരിക്കുന്ന ബക്കറ്റിലിടണം. മുകളിലെ ബെഡാണല്ലോ എനിക്ക് തന്നിരിക്കുന്നത്. മറ്റു രണ്ട് ബെഡ്ഡിലും ആളുണ്ട്. അവർക്ക് ശല്യമുണ്ടാകുന്ന രീതിയിൽ പ്രവൃത്തിക്കരുത്.

പുറത്ത് നിന്നിരുന്ന പയ്യൻ മുകളിലേക്ക് വഴി കാട്ടി. ഒന്നാം നിലയിലാണ് റൂം. ചാവിയിലെ നമ്പറിന് മുന്നിലെത്തി. ചാവിയിട്ട് റൂം തുറന്നു. അകത്ത് ജനലിനരികിലുള്ള ബെഡിൽ ഒരു പെൺകുട്ടി ഫോൺ വിളിച്ചിരിക്കുന്നുണ്ടായിരുന്നു. അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി. പിന്നെയും ഫോൺവിളി തുടർന്നു. അവൾ സംസാരിക്കുന്നത് ഹിന്ദിയിലാണെന്നത് എന്നെ അൽഭുതപ്പെടുത്തി. 

ഇന്ത്യ...... ഇന്ത്യക്കാരി..എൻ്റെ മനസിലൊരു  തണുപ്പ് വന്നു വീണു. ഹൃദയത്തിൽനിന്നൊരു പുഞ്ചിരിയുതിർന്നു.

"ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും എൻ്റെ സഹോദരീ സഹോദരൻമാരാണ്. " ഒന്നും രണ്ടും കൊല്ലമല്ല. നീണ്ട പത്തുവർഷങ്ങളാണ് വലതുകൈ നീട്ടിപ്പിടിച്ച് രാവിലെ അസംബ്ലിയിൽ ഞാനീ പ്രതിഞ്ജ ചൊല്ലിയത്. അതൊരു വെറും ചൊല്ലലായിരുന്നില്ല. അഭിമാനബോധത്തോടെ തന്നെയായിരുന്നു. അന്നത്തെ രാജ്യസ്നേഹി എന്നിലുണർന്നു.

" Are you Indian. '' ഞാൻ ആകാംക്ഷയോടെ ചോദിച്ചു.  അവൾ തലകുലുക്കിയതേയുള്ളൂ.  

" I am from Kerala. " 

ഒന്ന് ചിരിച്ചു എന്നതല്ലാതെ അവളിൽ പ്രത്യേകിച്ചൊരു ഭാവഭേദവും ഉണ്ടായില്ല.  രാജ്യസ്നേഹവും ഇന്ത്യയെന്ന വികാരവും അവളിൽ പൊട്ടിമുളച്ചില്ലെന്ന് വേണം കരുതാൻ. അല്ലെങ്കിലും ഒരോരുത്തരും പ്രതികരിക്കുന്നത് അപ്പോഴത്തെ അവരുടെ മാനസികാവസ്ഥക്കനുസരിച്ചായിരിക്കുമല്ലോ. നമ്മിലുണ്ടായ വികാരം അതേ രീതിയിൽ തിരിച്ച് പ്രതീക്ഷിക്കരുത്.

പകൽ നാലുമണിയോടെ ഞാനവിടെ എത്തിയതാണ്. ഞാൻ കിടക്കുന്നതുവരെ അവൾ ഫോൺ വിളി നിർത്തിയിരുന്നില്ല. ഇത്ര നേരം വിളിക്കണമെങ്കിൽ കാമുകനെയായിരിക്കണം. മറ്റൊരാളുടെ സംഭാഷണം കേൾക്കാൻ ശ്രമിക്കുന്നതൊരു നല്ല ശീലമല്ല. എന്നാലും ഞാനിത്തിരി നേരം ശ്രദ്ധിച്ചു. ചെറുപ്പക്കാരിയും കാണാൻ കൊള്ളാവുന്നവളുമായ  ഒരു പെൺകുട്ടിയാണ്. സംസാരിക്കുന്നത് ഹിന്ദിയാണെന്ന് മനസിലായെങ്കിലും അവൾ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. 

 ഞാനൊരിന്ത്യക്കാരിയും  ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയുമാണ്. എന്നിട്ടെന്താ ? എനിക്ക് ഹിന്ദിയറിയില്ല. അഞ്ചാംക്ലാസു മുതൽ ഇംഗ്ലീഷ് പഠിക്കുന്നതോടൊപ്പം ഹിന്ദിയും പഠിച്ചിട്ടുണ്ട്. അതുകൊണ്ട് എഴുതാനും വായിക്കാനും അറിയാം. അത്ര തന്നെ.
പത്ത് കഴിഞ്ഞപ്പോൾ ഹിന്ദി പഠനവും നിന്നു. പിന്നെ കോളേജിലെ തുടർപഠനത്തിൽ  ഇംഗ്ലീഷ് ഒരു വിഷയമായിരുന്നതിനാൽ അതിലിത്തിരി മെച്ചപ്പെട്ടിട്ടുണ്ട്. 

മുൻപ് നാട്ടിലായിരുന്നപ്പോൾ പലരും ജർമ്മനും ഇറ്റാലിയനും പഠിക്കുന്നത് കണ്ടിട്ടുണ്ട്. പഠിക്കാനാണെങ്കിലും ജോലിക്കാണെങ്കിലും ആ രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ ഭാഷ അത്യാവശ്യമാണത്രെ. അന്നതിൻ്റെ ഗൗരവം എനിക്കറിയുമായിരുന്നില്ല. പക്ഷേ ഇന്നറിയാം. ഇവിടെയുള്ള മിക്ക യൂണിവേഴ്സിറ്റികളുടെയും സിലബസ് സ്വന്തം ഭാഷയിൽ തന്നെയാണ്. നമ്മുടെ നാട്ടിലെപ്പോലെ ഇംഗ്ലീഷിലല്ല.

 ഇറ്റലിയിലെ ഭൂരിഭാഗം പേർക്കും ഇംഗ്ലീഷറിയില്ല. അവർക്ക് ഇറ്റാലിയൻ മാത്രമാണ് അറിയാവുന്നത്. ഡോക്ടറോ വക്കീലോ അങ്ങനെ ഏത് മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിലും അതങ്ങനെ തന്നെയാണ്. അമേരിക്കയിലോ ലണ്ടനിലോ പോയി പഠിച്ച് വന്ന ചിലർക്ക് മാത്രമാണ് ഇംഗ്ലീഷ് നന്നായി പറയാനറിയുന്നത്. 

അല്ലെങ്കിലും അവർക്കതിൻ്റെ ആവശ്യവുമില്ല. കാരണം അവരുടെ രാജ്യം സൗജന്യമായി കുട്ടികളെ  പഠിപ്പിക്കുന്നത് അവരുടെ രാജ്യത്ത് തന്നെ ജോലി ചെയ്യാനാണ്. അപ്പോൾ പിന്നെ ഇംഗ്ലീഷ് അത്യാവശ്യമല്ലല്ലോ.

നാട്ടിൽ വച്ച് ജോലിസംബന്ധമായി സൂററ്റിലും ബോംബെയിലുമുള്ള മാർവാഡികളെ ഫോൺ വിളിക്കേണ്ടി വരുമ്പോഴും എനിക്കിതേ സങ്കടമുണ്ടായിരുന്നു. കേരളം വിട്ടാൽ പിന്നെ സംസാരിക്കണമെങ്കിലും എന്തെങ്കിലും കാര്യം നടത്തണമെങ്കിലും എന്നെപ്പോലൊരാൾ എന്ത് ചെയ്യുമെന്നോർത്ത്. 

ഒന്നുകിൽ രാഷ്ട്രഭാഷയായ ഹിന്ദി നന്നായി സംസാരിക്കാൻ   ശീലിക്കണമായിരുന്നു. അല്ലെങ്കിൽ ഇംഗ്ലീഷെങ്കിലും. ഇക്കാര്യമോർത്ത് ചില സമയങ്ങളിൽ എനിക്ക് വല്ലാത്ത അപകർഷതാബോധമുണ്ടാവാറുണ്ട്. സ്കൂളുകളിൽ ഡ്രില്ലിന് ഒരു പിരീഡ് മാറ്റിവയ്ക്കുന്നതുപോലെ സ്പോക്കൺ ഇംഗ്ലീഷിനുവേണ്ടി ഒരു പിരിയഡെങ്കിലും മാറ്റി വയ്ക്കേണ്ടതായിരുന്നു എന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഞാൻ മനസിൽ കുറ്റപ്പെടുത്താറുമുണ്ട്. 

സത്യത്തിൽ എനിക്ക് മറ്റുള്ള ഭാഷകളോട് എന്നും ഒരകൽച്ചയായിരുന്നു. ഇംഗ്ലീഷ് ഇഷ്ടമില്ലാത്തതിനാൽ ഇംഗ്ലീഷ് ടീച്ചറേയും ഇഷ്ടമില്ലായിരുന്നു. ഞാനാകെ ഇഷ്ടപ്പെട്ടത് മലയാളവും ചരിത്രവുമാണ്.

ചരിത്രപുസ്തകത്തിൽ പഠിച്ച ഇന്ത്യയാണ് അന്നൊക്കെ എൻ്റെ മനസിലെ ഇന്ത്യ.നാനാത്വത്തിൽ ഏകത്വം. പണ്ട് ചരിത്രം പഠിക്കുന്ന സമയത്ത് എൻ്റെ മനസിൽ പതിഞ്ഞ് പോയ ഒരു വാചകമാണത്. എത്ര സുന്ദരമായ വസ്തുത. പല തരത്തിലുള്ള ഭൂപ്രദേശങ്ങൾ ,പല ഭാഷകൾ, പല സംസ്ക്കാരങ്ങൾ, പല മതങ്ങൾ. വ്യത്യസ്തതകൾക്കിടയിലും
ഒത്തൊരുമയോടെ ജീവിക്കുന്ന കുറേ മനുഷ്യർ. ഇങ്ങനെയുള്ള എൻ്റെ രാജ്യത്തേക്കാൾ സുന്ദരമായ വേറൊരു രാജ്യമുണ്ടോ ഈ ലോകത്ത് എന്ന് ഞാൻ ഇന്ത്യയെ പറ്റി അന്നൊക്കെ അഹങ്കരിക്കുമായിരുന്നു. ഭൂപടത്തിൽ ഇന്ത്യയുടെ ചിത്രം മറ്റു രാജ്യങ്ങളുമായി ഒത്തു നോക്കി ഉടലഴകിൽ  പോലും എൻ്റെ രാജ്യത്തിൻ്റെയത്ര സൗന്ദര്യം വേറൊരു രാജ്യത്തിനുമില്ല എന്ന് പുളകം കൊള്ളുമായിരുന്നു.

പക്ഷേ ഇപ്പോഴാലോചിക്കുമ്പോൾ അത്ര അഹങ്കരിക്കാനൊന്നുമില്ല എന്നാണ് തോന്നുന്നത്. നാനാത്വത്തിലെ ഏകത്വമെന്ന അവസ്ഥയിപ്പോൾ ക്ഷയിച്ചു തുടങ്ങിയില്ലേയൊന്നൊരു സംശയം. ഇക്കാലത്തിനി  ഈ ഏകത്വം നിലനിർത്താൻ പലഭാഷകൾ നിലനിൽക്കുമ്പോൾ തന്നെ  പൊതുവായ ഒരു ഭാഷയുണ്ടാവുന്നതാണ് നല്ലതെന്നും തോന്നാറുണ്ട്.

ഞാൻ വലുതായിപോയതു കൊണ്ടാണോ അതോ ഇന്ത്യ മാറിപ്പോയതാണോ ?എൻ്റെ തോന്നലുകൾ മാറാനുണ്ടായ കാരണം ഇതിലേതായിരിക്കും? ഇപ്പോൾ ചരിത്രം പഠിക്കുന്ന കുട്ടികൾക്കും ചിലപ്പോൾ പണ്ടെനിക്കു തോന്നിയ പോലെ ഇന്ത്യയെത്ര സുന്ദരമായ രാജ്യമാണെന്ന് തന്നെയായിരിക്കും തോന്നുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ വലുതായതുതന്നെയായിരിക്കും പ്രശ്നം.

അല്ലെങ്കിലും കുട്ടികളുടെ ഇന്ത്യയായിരിക്കില്ല ഒരിക്കലും മുതിർന്നവരുടെ ഇന്ത്യ.  ഇവിടെ ഈ ഇറ്റലിയിൽ ഞാനധികം കുഞ്ഞുങ്ങളെ കണ്ടിട്ടില്ല.  ഇവിടുത്തെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരേ കാഴ്ച്ചപ്പാടായിരിക്കുമോ അവരുടെ രാജ്യത്തെ പറ്റി.

യൂറോപ്പിലേക്ക് പോരുന്നതിന് മുൻപേ കേട്ടിട്ടുണ്ടായിരുന്നു അവിടെ ഇംഗ്ലീഷറിഞ്ഞതുകൊണ്ടൊന്നും വലിയ പ്രയോജനമില്ലെന്ന്. പിന്നീട് ഇറ്റലിയിലെത്തിയപ്പോഴാണ് കേട്ടത് വാസ്തവമെന്നുറപ്പിച്ചത്. ഇറ്റലിക്കാർ അവരുടെ ഭാഷ ശ്രേഷ്ഠമായി കരുതി അത് മാത്രം ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. നമ്മുടെ രാജ്യം ആ അവസ്ഥയിലേക്ക് ഒരിക്കലുമെത്തില്ലല്ലോ എന്നാലോചിക്കുമ്പോൾ സങ്കടവും.

ആ ഹിന്ദിക്കാരിയുടെ കട്ടിൽ ജനലിനോടടുപ്പിച്ചാണ് കിടക്കുന്നത്. അഴികളൊന്നുമില്ലാത്ത വലിയ ജനൽ. സൺസൈഡിൽകൂടി ഒരാൾക്കെളുപ്പത്തിൽ റൂമിലേക്ക് കയറാനൊക്കും.  ഞാനിത്തിരി നേരം ആ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. അപ്പുറത്തെ ബിൽഡിംഗിൻ്റെ സൺസൈഡിൽ ഒരു പക്ഷിയിരിക്കുന്നു. ഒന്നേയുള്ളൂ. പ്രാവാണോ ,കാക്കയാണോ. തിരിച്ചറിയാനൊക്കുന്നില്ല. അതവിടെ അനക്കമില്ലാതിരിക്കുകയാണ്. ഒരു പ്രതിമയെ പോലെ.

ഞാൻ  കുളിച്ച് മാറാനുള്ള വസ്ത്രങ്ങളെടുത്ത് പെട്ടി അവിടെയുള്ള റാക്കിൽ വച്ചു. പെട്ടി ലോക്കായില്ലേയെന്ന് പരിശോധിച്ചുറപ്പിച്ച് കുളിക്കാനിറങ്ങി. ചെറിയ ഹാൻഡ് ബാഗും ഫോണും കയ്യിൽ തന്നെ പിടിച്ചു. ഇന്ത്യാക്കാരിയാണെങ്കിലും ആളെത്തെരക്കാരിയാണ്
എന്നറിയില്ലല്ലോ.  ഒരു കളവിന് നമ്മളായി അവസരമൊരുക്കരുത്. എൻ്റെ ബാഗിന് ലോക്കില്ലായിരുന്നു. കുളി കഴിഞ്ഞിറങ്ങാൻ വൈകും. അതുവരെ ബാഗവിടെ സുരക്ഷിതമല്ല. 

വിശാലമായ ബാത്ത്റൂം സൗകര്യങ്ങൾ.  ഒരു സൈഡിൽ സലൂണിലെപ്പോലെ നിറയെ കണ്ണാടികൾ. താഴെ ടേബിളിൽ മുടിയുണക്കാണുള്ള ഡ്രയറുകൾ . മൂന്ന് വാഷ് ബെയ്സനുകൾ മറുഭാഗത്ത് മൂന്ന് ബാത്ത്റൂമും മൂന്ന് ടോയ്ലറ്റും. ആറു സ്ക്വയർ ഫീറ്റോളം വലുപ്പമേയുള്ളൂ ഓരോന്നിനും.  യൂറോപ്പിൽ ടിഷ്യൂപേപ്പർ സംസ്ക്കാരമാണെന്ന് പറഞ്ഞു കേട്ടതുപോലെ ടോയ്ലറ്റിൽ ടിഷ്യു വച്ച് തുടക്കലാണ്.  സ്ഥിരം സാഹചര്യങ്ങളിൽ നിന്ന് മാറ്റം വരുന്ന സമയങ്ങളിൽ എനിക്ക് ടോയ്ലറ്റിൽ പോക്കുണ്ടാകാറില്ലാത്തതുകൊണ്ട് അവിടെ ഞാൻ രക്ഷപ്പെട്ടു.

 ബാഗും ഫോണും എല്ലാം സൂക്ഷിക്കേണ്ടതു കൊണ്ട് ഒരു തരത്തിലാണ് കുളിച്ച് വസ്ത്രം മാറിയത്. വിശാലമായ ബാത്ത്റൂമിൽ കുളിച്ച ശീലമല്ലേയുള്ളൂ. തിരിച്ച് റൂമിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് ലോക്കാണ്. ഞാൻ തന്നെയാണ് അത് പുറത്തുനിന്നടച്ചത്. ഒരു പക്ഷേ അവൾ അകത്തുനിന്ന് കുറ്റിയിട്ടുകാണും. ഞാൻ വാതിലിൽ മുട്ടി. ഹിന്ദിക്കാരി വാതിൽ തുറന്നു. പുറത്തു പോകുമ്പോൾ ചാവിയെടുക്കണം എന്നാംഗ്യം  കാട്ടി.

ഒരാൾ പുറത്തേക്കിറങ്ങുമ്പോൾ ഓട്ടോമാറ്റിക്കായി ലോക്കാവുന്ന വാതിലാണവിടുത്തേത്. കയ്യിൽ ചാവി കരുതണം. അതുപയോഗിച്ചേ തുറക്കാനാവൂ. ഉറങ്ങുന്ന മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാനുള്ള സംവിധാനം. അകത്താളുണ്ടായത് എന്തായാലും നന്നായി. പിന്നീട് പുറത്തിറങ്ങിയപ്പോൾ ഞാനത് ശ്രദ്ധിക്കാൻ പ്രത്യേകമോർത്തു.  

 ഉറങ്ങാൻ കിടക്കുന്ന സമയത്തും ഹിന്ദിക്കാരി ഫോൺവിളിയിലായിരുന്നല്ലോ. ആ ജനാല അവളടക്കുമോ? അതോ തുറന്നിടുമോ. അപ്പുറത്തെ സൺസൈഡിലിരിക്കുന്ന പക്ഷി. ഞാനതിനെ ഉറങ്ങുന്നതു വരെ നോക്കിക്കിടന്നു. ഒരനക്കവുമില്ലാതെ പ്രതിമപോലെ അതിനെങ്ങനെ ഇരിക്കാനൊക്കുന്നു. സ്വിറ്റ്സർലണ്ടിൽ ഞാനാദ്യമായി കാണുന്ന പക്ഷി. അതേതിനമായിരിക്കും. സമ്പന്നമായ ഒരു രാജ്യത്ത് ജീവിക്കുന്ന പക്ഷി. ഞാനുമിന്ന് ആ രാജ്യത്താണ്. വേണമെങ്കിൽ രണ്ടു ദിവസത്തെ കറക്കമാവാം എന്നേജൻ്റ് ഓർമ്മപ്പെടുത്തിയതാണ്.പക്ഷേ വേണ്ട. യോഗമുണ്ടെങ്കിൽ പിന്നീടൊരിക്കൽ. തിരക്കുപിടിച്ച നാടുചുറ്റലുകൾ  ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.

പുറത്ത് ഇരുട്ട് പരന്നു തുടങ്ങി.നേരിയ തണുപ്പ് മുറയിലേക്കരിച്ചു കയറുന്നു. എനിക്കുറക്കം വരാനും.  അതേവരെ ഞാൻ കിടക്കുന്നതിന് തൊട്ടുതാഴെയുള്ള ബെഡ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ചുളിഞ്ഞ ബെഡ്ഷീറ്റും ഊരിയിട്ടിരിക്കുന്ന  ഒന്നോരണ്ടോ  വസ്ത്രങ്ങളും അവിടെ ഒരാളുണ്ടെന്നറിയിച്ചു. 

പിറ്റേന്ന് ഞാൻ ഉണർന്നപ്പോഴും ജനാല തുറന്നു തന്നെയാണ് കിടന്നിരുന്നത്. ആ പക്ഷി അവിടെയുണ്ടായിരുന്നില്ല. തലയിണക്കവറും ബെഡ്ഷീറ്റും ബ്ലാങ്കറ്റും മടക്കിവച്ചു. ഒരാപ്പിൾ ഉണ്ടായിരുന്നത് കഴിച്ചു. കാരണം താഴേക്കിറങ്ങിയാൽ വീണ്ടും മുകളിലേക്ക് കയറുക എന്നത് അത്ര എളുപ്പമല്ല. രാവിലെത്തെ കാര്യങ്ങളെല്ലാം ചെയ്ത് ഉടനെ പുറപ്പെടാം. പരിചയമില്ലാത്ത സ്ഥലമായതിനാൽ കുറച്ച് നേരത്തേയിറങ്ങുന്നതാണല്ലോ ബുദ്ധി.

താഴേക്കിറങ്ങിയപ്പോഴാണ് അടിയിലെ
ബെഡുപയോഗിച്ചിരുന്നത് ഒരാണായിരുന്നു  എന്ന് മനസിലായത്. അയാളവിടെ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. വലിയ പ്രായമില്ലാത്ത ഒരു ചെറുപ്പക്കാരൻ. അപ്പുറത്തെ കട്ടിലിൽ ആ ഹിന്ദിക്കാരിയും  നല്ല ഉറക്കത്തിലായിരുന്നു.

താഴെ റിസപ്ഷനിൽ പറഞ്ഞ് എയർപോട്ടിലേക്കൊരു ടാക്സി വിളിച്ചു. ടാക്സിക്കായി കാത്തുനിൽക്കുമ്പോഴാലോചിച്ചു. ഇന്നലെ കിടന്നുറങ്ങിയത് പരിചയമില്ലാത്ത രണ്ടുപേരോടൊപ്പമാണ്.
ഒരേ മുറിയിൽ. അതിലൊരാൾ ഒരാണും.  നമ്മുടെ നാട്ടിലാണെങ്കിൽ ഇത് പുറത്തറിഞ്ഞാൽ എന്തൊക്കെ കഥകളായിരിക്കും ഉണ്ടാവുക. പകൽ ഒരാണിൻ്റെ ബൈക്കിനു പുറകിലിരുന്ന് പോയാൽ പോലും അവിഹിതകഥ പരക്കും. 

ഒരേ മുറി പങ്കുവക്കുന്ന ചിലർ. ഒരാൾ മറ്റൊരാളിലേക്കെത്തി നോക്കുന്നില്ല. രാത്രിയിൽ ഒരേ മുറിയിലുറങ്ങുകയും  പകൽ അവരവരുടെ കാര്യങ്ങളിലേക്കിറങ്ങിപ്പോകുകയും ചെയ്യുന്നു. ചോദ്യങ്ങളും ഉത്തരങ്ങളുമില്ല.
ഒരു കണക്കിന് ഇതാണ് നല്ലത്. 

യൂറോപ്പ്  സാമ്പത്തികമായി മാത്രമല്ല സംസ്ക്കാരം കൊണ്ടും സമ്പന്നമാണ്. ഇറ്റലിയിലെത്തുമ്പോൾ  ഏക ആശ്വാസമായി കരുതിയത് അതു മാത്രമായിരുന്നു. സ്വന്തം സ്വകാര്യതകൾ ഇവിടെ സംരക്ഷിക്കപ്പെടും. ഒളിഞ്ഞുനോട്ടക്കാരോ സദാചാരപ്പോലീസുകാരോ ഉണ്ടാകില്ല.
ഇവിടെയുള്ളവർ എല്ലാവരും ഉയർന്ന മനോനിലയുള്ളവരായിരിക്കും. അതെല്ലാം വെറും ധാരണകൾ  മാത്രമാണെന്ന്  വൈകാതെയെനിക്ക് മനസിലായി.

വിശ്വാസം മാത്രമല്ല തകരാറുള്ളത്. ചില ധാരണകളും അങ്ങനെയാണ്. നാം ധരിച്ചുവച്ചിരിക്കുന്നതിനും അപ്പുറത്തായിരിക്കും ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നത്.

 ( സ്ത്രനിയേരി - വിദേശി - തുടരും... )

Read more: https://emalayalee.com/writer/284

Join WhatsApp News
കെ എസ് വിജയൻ 2024-01-28 06:58:35
കൊള്ളാം, മിടിപ്പ് തോന്നാത്ത രീതിയിൽ മനോഹരമായി എഴുതി. അനുഭവങ്ങൾ ആണ് വിശ്വാസങ്ങളെ തകർക്കുന്നതും പുണരാൻ പ്രേരിപ്പിക്കുന്നതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക