Image

കൽക്കട്ട '69 (കഥ: പി. ടി. പൗലോസ് )

Published on 25 January, 2024
കൽക്കട്ട '69 (കഥ: പി. ടി. പൗലോസ് )

പാരീസ് ബാർ ആൻഡ് റെസ്റ്റോറന്റ്.   മദ്ധ്യകല്കട്ടയിലെ പാരീസ് ബാർ പാട്ടും നൃത്തവുമായി സജീവമാകുന്നത് സായാഹ്നങ്ങളില്‍. അന്ന് പതിവിലും നേരത്തെ ബാറിൽ തിരക്കായി. ബംഗ്ലാ കോൺഗ്രസ് നേതാവ് അജോയ് മുഖർജി രണ്ടാം വട്ടം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ജ്യോതി ബാസു ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം. ഐക്യമുന്നണി സർക്കാരാണ് നിലവിൽ വന്നതെങ്കിലും മാർക്സിസ്റ്റ്‌ പാർട്ടിയെ ഭൂരിപക്ഷം ബംഗാളികളും ഹൃദയത്തിലേറ്റിയ ആ ദിവസം പാർട്ടി കൊഴുപ്പിക്കുകയായിരുന്നു. പശ്ചിമ ബംഗാളിന്റെ ഉൾഗ്രാമങ്ങളിൽ നിന്നും രാവിലെ മുതൽ പാർട്ടി അനുഭാവികളെയും സഖാക്കളെയും കുത്തിനിറച്ച് സ്വകാര്യബസ്സുകള്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. മൈതാനും ധരംതലയും ചൗരംഗിയുമെല്ലാം അക്ഷരാർത്ഥത്തിൽ ചെങ്കടലായി. ഉച്ചകഴിഞ്ഞതോടെ നഗരത്തിലെ ബാറുകളും റെസ്റ്റോറന്റുകളും എല്ലാം തിരക്കിലായി. പാരീസ് ബാറും സജീവമായി.

സായാഹ്നങ്ങളില്‍ പാരീസ് ബാറിലെ
സ്ഥിരസാന്നിദ്ധ്യമാണ് മാത്യൂസ് കുര്യൻ. അന്ന് എന്നെയും കൂട്ടിയാണ്
അവൻ ബാറിലെത്തിയത്. ആളൊഴിഞ്ഞൊരു കോണിൽ ഞങ്ങൾ ഇരിപ്പിടം കണ്ടെത്തി. ബാറിലെ മ്യൂസിക് ബാൻഡ് ഒരുങ്ങിയുണർന്നു. തപൻ ചൗധരിയുടെ സാക്സോഫോണില്‍ നിന്നും സച്ചിൻ ദേവ് ബർമ്മന്റെ ഉന്മാദസംഗീതമൊഴുകിയെത്തി. കിഷോർ കുമാറിന്റെ ശബ്ദത്തിൽ രഞ്ചൻ മജുംദാര്‍ ആ വർഷത്തെ സൂപ്പർ ഹിറ്റ് പാടിത്തുടങ്ങി. ''രൂപ് തേരാ മസ്താന പ്യാർ മേരാ ദീവാനാ....'' ഞങ്ങളുടെ ടേബിളിൽ നുരഞ്ഞുപൊങ്ങിയ ബിയർ ഗ്ളാസ്സുകളിലൊന്ന് കരസ്ഥമാക്കി സൊണാലി ഹാഷ്മി മാത്യൂസിനെ ക്ഷണിച്ചു, അവളോടൊപ്പം ചുവടുവയ്ക്കാൻ. അക്കോര്‍ഡിയണിസ്ററ് സമീർ ഗാംഗുലി, തബല കൊണ്ട് കവിതകളെഴുതുന്ന രാജാ കൃഷ്ണമൂർത്തി, ഫ്ലൂട്ടും വയലിനും കൊണ്ട് ശ്രോതാക്കളെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന ഭൂമിയിലെ മാലാഖകുട്ടികൾ രാജിയും ലക്ഷ്മിയും. പിന്നെ മലയാളത്തിന്റെ തനതായ ഇലത്താളവുമായി ബാബുരാജും തപൻ ചൗധരിയോടൊപ്പം കൂടി. ശബ്ദാനുകരണ ഗായകരായ സുഷമാ ഘട്ടക്കിന്റെ ആശാഭോസ്‌ലെയും ജിതിൻ ഭട്ടാചാര്യയുടെ റാഫിയും ഹസൻ മിയയുടെ മുകേഷും കാർത്തിക് മഹാപത്രയുടെ മഹേന്ദ്ര കപൂറും പാരീസ് ബാറിനെ ഇളക്കിമറിച്ചു. ആ സംഗീതരാവിൽ ഉന്മാദം പകർന്ന് സൊണാലി ഹാഷ്മിയും രേണുവും ശിപിയാ ബാസുവും അതിഥികള്‍ക്കൊപ്പം ചുവടുകൾ വച്ചു .  രാവേറെയായി. മദ്യലഹരിയിൽ ഉറയ്ക്കാത്ത കാലുകളുമായി ആടിക്കുഴഞ്ഞ് സൊണാലിയോടൊട്ടി നിന്ന മാത്യൂസിനെയും കൊണ്ട് ഞാൻ പുറത്തേക്ക്‌ നടന്നു. ബാറിന്റെ വടക്കുപടിഞ്ഞാറെ കോണിൽ നിന്നും അതിഥികളിലൊരാൾ ആർത്തുവിളിച്ചു ''ഇന്‍ക്വിലാബ് സിന്ദാബാദ്'''  ''ജ്യോതി ബാസു സിന്ദാബാദ് ''. അത് ഒരു ഇടിമുഴക്കമായി ബാറിൽ പ്രതിധ്വനിച്ചു, ബംഗാളിന്റെ വിപ്ലവമണ്ണിൽ വരുംകാലങ്ങളിൽ വരാനിരിക്കുന്ന ചുവപ്പൻ വസന്തത്തിനൊരു വരവേൽപ്പുപോലെ.

സെൻട്രൽ കൽക്കട്ടയിലെ ഡല്‍ഹൗസി സ്ക്വയര്‍. ബംഗാളിലെ
ബ്രിട്ടീഷ്  ഭരണകാര്യാലയമായിരുന്ന ഡല്‍ഹൗസി സ്ക്വയറിലെ റൈറ്റേഴ്‌സ്  ബില്‍ഡിംഗ്സിന്‍റെ ബാൽക്കണി വരാന്തയിലൂടെ ഉലാത്തിക്കൊണ്ടിരുന്ന അന്നത്തെ ജയിൽ ഐ.ജി. സിംപ്‌സൺ സായിപ്പിനെ ഇന്ത്യൻ ദേശീയ സമര പോരാളികളായ മൂന്നു ചെറുപ്പക്കാർ വെടിവെച്ചു കൊന്നു. ബ്രിട്ടീഷ് സർക്കാർ വധശിക്ഷ നൽകിയ ആ മൂന്നു ദേശസ്നേഹികളുടെ പേരിൽ ഡല്‍ഹൗസി സ്ക്വയറിനെ പിന്നീട് പുനർനാമകരണം ചെയ്തു. ബിനോയ് - ബാദൽ - ദിനേഷ് ബാഗ്.  പശ്ചിമ ബംഗാളിന്റെ ഭരണകാര്യാലയമായ റൈറ്റേഴ്‌സ് ബിൽഡിംഗ് ഉൾപ്പടെ അവിടത്തെ പഴയകാല കെട്ടിടങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യാവൈദഗ്ധ്യത്തിന്റെ ശേഷിപ്പുകളായി ഇന്നും സംരക്ഷിച്ചു പോരുന്നു. കൂടാതെ കൽക്കട്ടയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളെക്കൊണ്ട് തിരക്കേറിയ ബി. ബി. ഡി. ബാഗിലെ സ്റ്റീഫൻ ഹൗസില്‍ ആയിരുന്നു അന്ന് ഞങ്ങളുടെ എയർ ഇന്ത്യയുടെ കൽക്കട്ട സിറ്റി ഓഫീസ്‌ . 

ഒരു തിങ്കളാഴ്ച ആയിരുന്നു എന്നാണ്‌ എന്റെ ഓർമ്മ. എയർ ഇന്ത്യയുടെ കാർഗോ ഡിപ്പാർട്മെന്റിലെ ഇന്റർനാഷണൽ കാർഗോ ട്രാഫിക് ഡെസ്ക്കിൽ ഫ്രാങ്ക്ഫർട്ടിലേക്ക് ഒരു കൺസൈന്മെന്റ് അയക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാനന്ന് രാവിലെ. അതുകൊണ്ട് എന്റെ മുൻപിൽ വന്നിരുന്ന ചെറുപ്പക്കാരനെ ഞാനത്ര ശ്രദ്ധിച്ചില്ല. തിരക്ക് കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ അയാൾ ഒരു കവർ തന്നു. കണ്ടപ്പഴേ മനസ്സിലായി അയാൾ ഒരു മലയാളി ആണെന്ന്. എങ്കിലും ചോദിച്ചു.

''മലയാളി ആണ് അല്ലെ?"

"അതെ, എന്റെ പേര് മാത്യൂസ്
കുര്യൻ. ബോംബെയിൽ
ആയിരുന്നു ഇന്റർവ്യൂ. ഇവിടെ കാർഗോ സിറ്റി ഓഫീസിൽ ജോയിൻ
ചെയ്യാൻ വന്നതാണ് ''

കവർ .കാർഗോ മാനേജരുടെ പേരിൽ ആയിരുന്നത്കൊണ്ട് ഞാൻ അയാളെയും കൂട്ടി മാനേജർ ബിരണ്‍ സിംഗിന്റെ റൂമിലേക്ക്‌ നടന്നു.

അന്നു മുതൽ കാർഗോ ഡിപ്പാർട്മെന്റിൽ ട്രാഫിക് അസ്സിസ്റ്റന്റ്സ് ബിജു, സുഭാഷ് ചന്ദ്രൻ,
ഗണപതി അയ്യർ എന്നിവരെ കൂടാതെ ഒരു മലയാളി കൂടി എന്റെ സഹപ്രവർത്തകൻ ആയി. ഓറിയന്റേഷൻ എന്റെ കീഴിൽ ആയിരുന്നു. രണ്ടാഴ്ച കൊണ്ട് ജോലിയെല്ലാം മാത്യൂസ് മനസ്സിലാക്കിയെടുത്തു. ഓഫീസിൽ സമയം കഴിഞ്ഞാൽ ഞങ്ങൾ എയർ ഇന്ത്യ കാർഗോ മലയാളികൾക്ക് കൽക്കട്ട നഗരത്തിലൂടെ ഒരു കറക്കമുണ്ട്. ഓരോ ദിവസവും ഓരോ സ്ഥലങ്ങൾ. ടെംപിൾ ബാർ, എൽഫിൻ, അംബര്‍, സാഗർ, ഷാ ബ്രദേഴ്സ്, ട്രിൻകാസ്‌ അങ്ങനെ പോകും. കറക്കം കഴിഞ്ഞ് കറങ്ങി വീട്ടിൽ എത്തിയാൽ ഞങ്ങൾ ബാച്ചലേഴ്‌സ് ആയതിനാൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. അവിവാഹിതൻ ആയിരുന്നെങ്കിലും മാത്യൂസിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. അവൻ നാട്ടിൽ മൂവാറ്റുപുഴയിലെ കൊച്ചുമാളിയേക്കൽ കുടുംബാംഗം. കേരളാ ഹൈക്കോടതിയിലെ തിരക്കുള്ള സീനിയർ വക്കീലും പ്ലാന്ററും ആയ കുര്യൻ തോമസിന്റെ ഒറ്റമോൻ .  മോൾ ഗ്രേസും ഭർത്താവും കൽക്കട്ടയിൽ. ഗ്രേസിന്റെ ഭർത്താവ് ഐസക്കിന് കൽക്കട്ട റിസേർവ് ബാങ്കിൽ ജോലി. മാത്യൂസിന് എയർ ഇന്ത്യയിൽ ജോലി കിട്ടിയതുകൊണ്ടും അളിയനും പെങ്ങളും കൽക്കട്ടയിൽ ഉള്ളതുകൊണ്ടും മാത്രമാണ് എം. കോം ബിരുദധാരിയായ മാത്യൂസിനെ കല്കട്ടക്ക് കുര്യൻ വക്കീൽ അയച്ചത് എന്ന് മാത്യൂസ് പറഞ്ഞിരുന്നു.  വൈകുന്നേരങ്ങളിൽ ഉള്ള കറക്കം അവന്റെ അളിയനും പെങ്ങൾക്കും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് പെങ്ങളുടെ വീട്ടിലെ താമസം മതിയാക്കി അവൻ എന്റെ കൂടെ താരാ റോഡിലെ ലക്ഷ്മി നാരായൺ മെസ്സിലേക്ക് പോന്നു .  ആയിടെ ഒരു ദിവസമാണ് അവൻ സ്ഥിരമായി വരാറുള്ള പാരീസ് ബാറിൽ എന്നെയും കൂട്ടി എത്തുന്നതും സൊണാലിയുമായി മദ്യലഹരിയിൽ ആടിക്കുഴഞ്ഞതും.

അക്കാലത്താണ് എനിക്ക് എയര്‍പോര്‍ട്ടിലേക്കു് ട്രാൻസ്‌ഫർ ആകുന്നത്‌ .  അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടുന്നത് ആഴ്ചയിൽ ഒരിക്കൽ ആയി. പിന്നീടത് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഞാൻ സിറ്റി ഓഫീസിൽ വരുമ്പോൾ മാത്രമായി. മാത്യൂസിന്റെ പാരീസ് ബാറിലേക്കുള്ള സായാഹ്നയാത്രകള്‍ തുടർന്നുകൊണ്ടേയിരുന്നു .  സൊണാലി വെളുത്തുമെലിഞ്ഞ സുന്ദരിയായിരുന്നു. നീണ്ട മൂക്കും നീലക്കണ്ണുകളുമുള്ള സുന്ദരി. അവൾ മാത്യൂസിന് ഒരു വികാരമായി. ഭാഷ ഒരു തടസ്സമായിരുന്നില്ല. അവൻ ബോംബെയിൽ പഠിച്ചതുകൊണ്ട് ഹിന്ദി നന്നായി അറിയാം. ഇപ്പോൾ ബംഗാളി സംസാരിക്കാൻ ശ്രമിക്കുന്നു. പല പ്രാവശ്യം അകന്നു മാറാൻ ശ്രമിച്ചെങ്കിലും മാത്യൂസിന്റെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെ മുൻപിൽ സൊണാലി ഹാഷ്മിക്ക് തോൽക്കേണ്ടിവന്നു. അവർ പ്രണയബദ്ധരായി. ഹൃദയവും ശരീരവും പരസ്പരം സമർപ്പിച്ച പ്രണയം. ഒരു മനോഹര സായാഹ്നത്തിൽ വിക്ടോറിയ മെമ്മോറിയലിന്റെ പച്ചപ്പുൽത്തകിടിയിൽ മാത്യൂസിന്റെ മടിയിലമർന്ന് സൊണാലി മനസ്സ് തുറന്നു.

"മാത്യൂസ്, നിനക്കറിയാമോ ഞാനാരാണെന്ന് ?"

''അറിയാം കുറെയൊക്കെ, എങ്കിലും സൊണാലി പറയൂ ''

''ഞാൻ സോനാഗച്ചിയിലെ ഒരു ലൈംഗികത്തൊഴിലാളി. എന്റെ
ബോസ് ഗിരിജാബെൻ ജോലിയുടെ
ഭാഗമായി എന്നെ വൈകുന്നേരങ്ങളിൽ പാരീസ് ബാറിൽ അയക്കുന്നു. എന്നാൽ നിന്നെ കണ്ടതിനുശേഷം എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല ''

''അതുകൊണ്ടാണ് ഞാനെന്നും പറയാറുള്ളത്, നമുക്ക് ഒരുമിച്ചു ജീവിക്കാം. എനിക്ക് നീയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല സൊണാലി ''

''ശരിയായിരിക്കാം. പക്ഷെ, നിന്റെ
കുടുംബം, നിന്റെ ഭാവി... എല്ലാം
ഓർക്കുമ്പോൾ എനിക്ക് പേടിയാകുന്നു മാത്യൂസ് ''

''സൊണാലി ഇപ്പോൾ അതൊന്നും ചിന്തിക്കണ്ട .  സമയമാകുമ്പോൾ എല്ലാം നടക്കും. എങ്കിലും നീ സോനാഗച്ചിയിൽ എത്തിയത് എങ്ങനെയെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട് ''

''ഞാൻ പറയാം മാത്യൂസ് ''

അവൾ കഥ പറഞ്ഞുതുടങ്ങി.
ഉത്തർപ്രദേശിലെ അസംഗഡിലെ
തംസാ നദിക്കരയിലൂടെ കൂട്ടുകാരികളുമൊത്ത്  കളിച്ചുനടന്ന
ഒരു ബാല്യകാലമുണ്ടായിരുന്നു എനിക്ക്. ഞാനും എന്റെ അനുജത്തി സൈനുവും റയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന രാജാ ജേട്ടുവിന്‍റെ മകൾ നദിയയും ഞങ്ങളുടെ വീടിനോട്‌ തൊട്ടുചേർന്നു താമസിച്ചിരുന്ന ഫാത്തിമയും ആയിരുന്നു കളിക്കൂട്ടുകാർ. നദിക്കരയിലെ ലിച്ചിമരത്തോട്ടങ്ങളിൽ നിന്നും ലിച്ചിപ്പഴങ്ങൾ കട്ടുപറിക്കുവാനാണ് പോകുന്നതെങ്കിലും  ഞങ്ങളുടെ പ്രധാന വിനോദം ആ ആഴ്ചയിൽ ടൗണിൽ ഓടിയ സിനിമയുടെ കഥ പറച്ചിലാണ്.  ടൗണിൽ അന്ന് നല്ല ഒരു സിനിമാ കൊട്ടാകെയുള്ളു, 'ടാജ്  മഹൽ'. ഞങ്ങളിൽ ആരെങ്കിലും ആഴ്ചയിൽ ഒരു സിനിമ കാണും. പിറ്റേദിവസം മറ്റു മൂന്നു പേരോടും നദിയോരത്തെ ധോബിപ്പാറയിലിരുന്ന് കഥ പറയും. കഥ തീരുമ്പോൾ പറിച്ച ലിച്ചിപ്പഴങ്ങൾ മുഴുവൻ ഞങ്ങൾ തിന്നു തീർത്തിരിക്കും. രാജ്‌കപൂർ , ദിലീപ്   കുമാർ, മനോജ്‌കുമാർ, രാജ്‌കുമാർ, രാജേന്ദ്രകുമാർ, ഷമ്മികപൂർ, പ്രാൺ , നർഗീസ്, വഹീദാറെഹ്മാൻ ,  ആശാപരേഖ്‌ ,  വൈജയന്തിമാല, നൂതൻ ഇവരൊക്കെയും ഇവർ അഭിനയിച്ച സിനിമകളും കുഞ്ഞുംന്നാളുകളിലും സ്കൂൾ സമയം കഴിഞ്ഞാൽ ഞങ്ങളുടെ സംസാര വിഷയങ്ങളായിരുന്നു. ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് എന്റെ ബാപ്പ ഹനീഫ് ഹാഷ്മി വീട് പൂട്ടി ഞങ്ങളെയും കൊണ്ട് ബോംബെക്ക് പോകുന്നത്. ബാപ്പക്ക് അവിടെ താനയിൽ ഒരു തുണിമില്ലിൽ ജോലിയായിരുന്നു. അഞ്ചു വർഷത്തിന് ശേഷം തൊഴിൽത്തർക്കം മൂലം കമ്പനി പൂട്ടിയതിനാൽ ഞങ്ങൾക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടിവന്നു. അന്ന് അനുജത്തി എട്ടിലും ഞാൻ പത്തിലും താനയിലെ ബാബാ സാഹിബ് പബ്ലിക് സ്കൂളിൽ പഠിക്കുകയായിരുന്നു. അസംഗഡിലെ ഞങ്ങളുടെ വില്ലേജിൽ എത്തിയപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ സ്ഥാനത്ത് മറ്റൊരു വീട്. അയൽവക്കത്തെ വെളിയിൽ ജോലിക്കു പോയിട്ടുള്ള പലരുടെയും വീടുകൾ ഇങ്ങനെ കയ്യേറിയിരുന്നു. സർക്കാർ ഓഫീസുകളിൽ കൈക്കൂലികൊടുത്ത് റവന്യൂ റെക്കോർഡിൽ ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി. വില്ലേജ് ഓഫീസിൽ നിന്നും ബാപ്പയറിഞ്ഞത് ഞങ്ങളെല്ലാം വർഷങ്ങൾക്കുമുൻപ് മരിച്ചവരാണെന്ന് .  ഞങ്ങളുടെ ഗ്രാമത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും  ഇന്നും മൃതകന്മാരാണ്. അവർ റോഡരികിലും പൊതുസത്രങ്ങളിലും അന്തിയുറങ്ങുന്നു ,  ജീവനുള്ള മൃതകന്മാരായി.  എനിക്ക് ജോലി വല്ലതും തരപ്പെടുമോ എന്നറിയാൻ എന്റെ പഴയ കൂട്ടുകാരി ഫാത്തിമയെ അന്വേഷിച്ച് പുറത്തുപോയപ്പോൾ, എന്റെ ബാപ്പയും ഉമ്മയും അനുജത്തിയും ഞങ്ങളുടെ വീടിന്റെ സ്ഥാനത്തു പണിത പുതിയ വീട്ടിൽ പൂട്ടുപൊളിച്ചു കയറി താമസമാക്കി. ഞാൻ തിരിച്ചു വന്നപ്പോൾ സന്ധ്യ കഴിഞ്ഞു. ഇരുട്ട് വീണു തുടങ്ങി. കോളണിയിൽ ഒരു വീട്ടിലും ലൈറ്റില്ല. ആളനക്കവുമില്ല. എനിക്ക് പേടിയായി. ബാപ്പയേയും ഉമ്മയേയും മാറിമാറി വിളിച്ചു. ഭയപ്പെടുത്തുന്ന നിശബ്ദത. ഞാൻ ഞങ്ങളുടെ പഴയ വീടിന്റെ വരാന്തയിൽ എത്തി. ഉള്ളിലേക്കുള്ള വാതിൽ തുറന്നു കിടന്നിരുന്നു. അടുക്കളയിൽ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നുണ്ട്. ഞാൻ അകത്തു കടന്നു. അരണ്ട വെളിച്ചത്തിൽ  കണ്ട കാഴ്ച. ഞാൻ ഞെട്ടിവിറച്ചു. ബാപ്പയും ഉമ്മയും അനുജത്തിയും ജീവനറ്റ നിലയിൽ. ബാപ്പയുടെ കഴുത്തറുത്തിരുന്നു. ഉമ്മയെയും അനുജത്തിയെയും കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നത്. വലിയ രാഷ്ട്രീയ പിടിപാടുള്ള കയ്യേറ്റ മാഫിയയെ എതിർത്തു നിന്നതുകൊണ്ടാണ് ഞങ്ങൾക്ക് ഈ ദുർവിധിയുണ്ടായത്. ഞാൻ വീഴാതെ ഭിത്തിയിൽ ചാരിനിന്നു. ആരോ അവിടെ എന്നെയും പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ട് എന്നൊരു തോന്നൽ. ഞാൻ അടുക്കള വശത്തെ വാതിൽ തുറന്ന് പുറത്തേക്കോടി. എന്റെ ഊഹം ശരിയായിരുന്നു .  ആരോ എന്റെ പുറകെയുണ്ട്. ഇരുട്ടിൽ ഒന്നും വ്യക്തമല്ല. ഇടവഴിയിലൂടെ ഓടി നദിക്കരയിലേക്ക്‌ ,  പിന്നെ നദിയോട് ചേർന്നുകിടക്കുന്ന പൊന്തക്കാടുകളിലേക്ക് .  എത്ര നേരം ആ കാട്ടിൽ ഞാൻ കഴിഞ്ഞു എന്നെനിക്കറിയില്ല. അവിടെനിന്നും എഴുന്നേറ്റ്‌ ഓടി. എങ്ങോട്ടാണെന്നൊന്നും അറിയില്ല. നല്ല ഇരുട്ട്. എവിടെയൊക്കെയോ വീണു. ദേഹത്തെ മുറിവുകളിലൂടെ ചോരയൊഴുകുന്നുണ്ടായിരുന്നു. ഒരു കുറുക്കുവഴിയിലൂടെ നാട്ടുവെളിച്ചത്തിൽ ഞാനെത്തിയത് അസംഗഡ് റയില്‍വേ സ്റ്റേഷന്റെ പിന്നാമ്പുറത്തായിരുന്നു. എന്റെ പിന്നാലെ അപ്പോളാരുമില്ല എന്ന് ഉറപ്പുവരുത്തി റെയിൽവേ പാളം ചാടിക്കടന്ന്‌ പ്ലാറ്റുഫോമിലെത്തി ഏതോ ഒരു തീവണ്ടി നീങ്ങി തുടങ്ങിയിരുന്നു. ഓടുന്ന തീവണ്ടിയിൽ ചാടിക്കയറി. പിന്നീട് മനസ്സിലായി ഞാൻ രാത്രിയിൽ ചാടിക്കയറിയത്‌ അസംഗഡ് - ഹൗറ എക്സ്പ്രസ്സ് ട്രെയിനിന്റെ രണ്ടാംക്ലാസ്സ് കംപാർട്മെന്റിലേക്കു ആയിരുന്നു എന്ന്. ക്ഷീണം കൊണ്ട് ഓടുന്ന തീവണ്ടിയുടെ തറയിൽക്കിടന്ന്‌ മയങ്ങിപ്പോയി. തീവണ്ടി കുറെദൂരം പോയിക്കാണും. രണ്ടു ബലിഷ്ഠകരങ്ങൾ എന്നെ താങ്ങിയെടുത്തു സീറ്റിലിരുത്തി. നോക്കിയപ്പോൾ ദേവാനന്ദ് കാക്കു എന്ന് ഞങ്ങൾ വിളിക്കുന്ന എന്റെ ബാപ്പയുടെ കൂട്ടുകാരൻ. ഞങ്ങൾ ബോംബെയിൽ പോകുന്നതിനുമുമ്പ് ഞങ്ങളുടെ കോളണിയിൽ ആയിരുന്നു താമസം. കാക്കു എനിക്ക് ഭക്ഷണം വാങ്ങിത്തന്നു. ഡിസംബർ മാസത്തിലെ അസഹ്യമായ തണുപ്പ്. കാക്കുവിന്റെ ഷാൾ കൊണ്ട് എന്നെ പുതപ്പിച്ചു. തീവണ്ടി ഓടിക്കൊണ്ടിരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി പാതിമയക്കത്തിലും മനസ്സിലേക്ക് കേറിവരുമ്പോൾ ഞെട്ടിയുണരും. കാക്കു എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ കാക്കുവിനോട് ചേർന്നിരുന്നു. പുലർച്ചെ രണ്ടുമണിയോടടുത്തുകാണും. തീവണ്ടി ഹൗറയിലെത്തി. കോരിച്ചൊരിയുന്ന മഴ. ശരീരത്തിലൂടെ അരിച്ചുകയറുന്ന തണുപ്പ്. ഒരു ടാക്സിയിൽ ഞങ്ങൾ ഏതോ ഒരു മന്ദിറിൽ എത്തി. രാത്രി ആ സമയം അവിടെ ആരുമില്ല. ഞാനും കാക്കുവും മന്ദിറിന്റെ വരാന്തയിൽ കിടന്നു. സമീപം മറ്റാരുമില്ലായെന്നുറപ്പുവരുത്തി കാക്കു എന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി. തടയാൻ ശ്രമിച്ചപ്പോൾ എന്റെ കൈകൾ രണ്ടും അയാൾ ഷാൾ കൊണ്ട് കെട്ടി. ആ രാത്രിയിൽ കാക്കു എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു.  ഞാൻ ആർത്തലച്ചു കരഞ്ഞു. ഇടിവെട്ടി മഴ പെയ്യുന്ന രാത്രിയിൽ എന്റെ കരച്ചിൽ ആരും കേട്ടില്ല. എന്റെ സ്ത്രീത്വം കവർന്നെടുത്ത അയാളെ, എന്റെ സ്വന്തം പിതാവിന്റെ ചങ്ങാതിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. ബോധമില്ലാതെ മന്ദിറിന്റെ വരാന്തയിൽ ഞാൻ കിടന്നു. ആരൊക്കെയോ നേരം വെളുക്കുന്നതുവരെ എന്നെ മാറിമാറി ഉപയോഗിച്ചുകൊണ്ടിരുന്നു. അതിൽ അല്പം നന്മയുള്ള ഒരു ലോറി ഡ്രൈവർ  ചോര വാർന്നൊഴുകുന്ന എന്നെ കോരിയെടുത്ത് ബീഡൻ സ്ട്രീറ്റിലുള്ള  ഭഗവാൻദാസ് കാന്തിലാലിന്റെ വസതിയിലെത്തിച്ചു. സോനാഗച്ചിയിലെ അന്നത്തെ ഗുണ്ടാരാജാവായ കാന്തിലാലിന് എന്നെ വിലപേശി വിറ്റ് ഡ്രൈവർ സ്ഥലം വിട്ടു .  ഞാൻ മാനഭംഗപ്പെട്ട സ്ഥലം സോവാബസാറിലെ ലാൽമന്ദിർ ആയിരുന്നു .  കാന്തിലാലിൽ നിന്നാണ്‌ ഈ വിവരങ്ങൾ ഞാൻ പിന്നീടറിഞ്ഞത് .  കാന്തിലാലിൽ നിന്നും എന്റെ ഉടമസ്ഥാവകാശം മാറിമറിഞ്ഞുകൊണ്ടിരുന്നു .  ഗുണ്ടാനേതാക്കൾ മേദിനിപ്പൂർ കാലോ, ഹാൽഡർ ഷിബു, കുദുഘാട്ട് ബർമ്മൻ, പിന്നെ സ്ഥാപന ഉടമകളായ മൗഷുമിദീദി, പല്ലവി അനുഷ്‌ക്കാർ, ശകുന്തളാ സെൻ, ഇപ്പൊഴത്തെ ബോസ് ഗിരിജാബെന്‍. ഗിരിജാബെന്നിന്റെ നാട് അസംഗഡ് ആയതുകൊണ്ടാകണം എന്റെ കഥകൾ കേട്ടതിനുശേഷം എനിക്ക് പാരീസ് ബാറിലേക്ക് ലാലാ ഗഫൂറിന്റെ കൈറിക്ഷയിൽ വൈകുന്നേരങ്ങളിൽ പോകുവാനും വരുവാനും അനുവാദം തന്നത്.

സൊണാലി സുദീർഘമായ തന്റെ കഥ പറഞ്ഞുനിർത്തി.  മാത്യൂസിന്റെ മുടിയിൽ വിരലുകളോടിച്ചുകൊണ്ട് സൊണാലി ചോദിച്ചു.

''ഇനിയും നിനക്കെന്നെ ഇഷ്ടമാണോ ''

അവൻ അൽപ്പസമയം നിശബ്ദനായി. എന്നിട്ട് പറഞ്ഞു.

''എനിക്കിപ്പോൾ നിന്നോടുള്ള ഇഷ്ടം ഇരട്ടിയായി''

''എനിക്കറിയില്ല മാത്യൂസ് നമ്മുടെ ഈ യാത്ര എങ്ങോട്ടാണെന്ന് ''

''എങ്ങോട്ടായാലും ആരെതിർത്താലും ആകാശം താഴേക്കു പതിച്ചാലും നമ്മൊളൊന്നായിരിക്കും ''

ഇതുകേട്ട് സൊണാലി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. ലിപ്സ്റ്റിക്ക് ഇടാത്ത അവളുടെ ചുണ്ടുകൾക്ക് നല്ല
ഭംഗിയുണ്ടായിരുന്നു .  ഇളംനീല സാരിയിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. അവരെഴുന്നേറ്റു നടന്നു വിക്ടോറിയ മെമ്മോറിയലിന്റെ മെയിൻ ഗേറ്റ് ലക്ഷ്യമാക്കി, ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ട് .

ഒരാഴ്ച കഴിഞ്ഞു കാണും. എന്റെ ഓഫീസിലേക്ക് മാത്യൂസിന്റെ ഫോൺ. ഞാൻ ഓഫീസിൽ ഇല്ലാതിരുന്നതുകൊണ്ട് മെസ്സേജ് എഴുതിവച്ചിട്ടുണ്ടായിരുന്നു. വരുമ്പോൾ ഉടനെ വിളിക്കണമെന്ന്. പുറത്തിറങ്ങി പബ്ലിക് ബൂത്തിൽനിന്നും അവനെ വിളിച്ചു. സൊണാലിയെ സോനാഗച്ചിയിൽനിന്നും ഇറക്കിക്കൊണ്ടുവരണം. അതിനുവേണ്ടി ഗിരിജാബെന്നിനെ കാണാൻ ഞാനുംകൂടി അവന്റെകൂടെ ചെല്ലണം. ഗിരിജാബെന്നും സൊണാലിയും താമസിക്കുന്നത് സോനാഗച്ചി മെയിൻ ലൈനിൽ അഭിനാഷ് കബിരാജ് സ്ട്രീറ്റിലെ ജഗ്‌മോഹൻ ലാൽകോട്ടിയിലെ അഞ്ചാമത്തെ നിലയിലാണ്. ഞാൻ അവിടേക്ക്‌ വരില്ല എന്ന് മാത്യൂസിനോട് തുറന്നു പറഞ്ഞു. പുറത്തെവിടെയെങ്കിലും വച്ചാണെങ്കിൽ അവരെ കാണാൻ ഞാനുംകൂടി വരാമെന്നു പറയുകയും ചെയ്തു. പിറ്റേദിവസം രാവിലെ പത്തു മണിക്ക് ശ്യാംബജാറിലെ ഹരിലാൽ കോഫീ ഷോപ്പിൽ ഞങ്ങൾ പറഞ്ഞതനുസരിച്ച് ഗിരിജാബെന്നും സൊണാലിയും എത്തി. അവിടെ വച്ച് ഗിരിജാബെൻ സൊണാലിയെ മാത്യൂസിനെ ഏൽപ്പിച്ചു. മാത്യൂസ് ഒരു പാരിതോഷികം ഗിരിജാബെന്നിന് നൽകി. അവർ പാക്കറ്റ്‌ അഴിച്ചുനോക്കിയപ്പോൾ ക്യാഷ്  ആയി അഞ്ചു ലക്ഷം രൂപ. അവന്റെ അമ്മയുടെ പേരിലുള്ള മൂവാറ്റുപുഴയിലെ  ഒരു കട വിറ്റപ്പോൾ അവനു കിട്ടിയ ഷെയർ ആണത്. അത് തന്റെ പെണ്ണിനെ കാത്തുസൂക്ഷിച്ചതിന് ഗിരിജാബെന്നിന് പ്രതിഫലമായി നൽകി, അവർ ആവശ്യപ്പെട്ടില്ലെങ്കിലും. ഗിരിജാബെന്നും സൊണാലിയും കെട്ടിപ്പിടിച്ച് നിറകണ്ണുകളോടെ യാത്രപറഞ്ഞുപിരിഞ്ഞു .  അവിടെനിന്നും ഞങ്ങൾ നേരെ പോയത് സോവാബജാറിലെ ലാൽമന്ദിറിലേക്കാണ്. നിയമാനുസൃതമായ ഒരു വിവാഹത്തിന് കാത്തുനിൽക്കാതെ തന്റെ സ്ത്രീത്വം കവർന്നെടുക്കപ്പെട്ട ലാൽമന്ദിറിന്റെ മുറ്റത്ത് ഒരു സ്ത്രീയായി പുനർജനിച്ച് സൊണാലി മാത്യൂസിന്റെ കഴുത്തിൽ പുഷ്പമാലയിട്ടു. അവൻ തിരിച്ചും അവൾക്ക്‌ മാല ചാർത്തി. ഞാൻ മൂകസാക്ഷിയായി. അവർ പിന്നീട് പോയത് മാത്യൂസിന്റെ നിംതലയിലെ വാടക ഫ്‌ളാറ്റിലേക്ക്‌ .  ഞാൻ എന്റെ ഓഫീസിലേക്കും മടങ്ങി.

വസന്തം തൊട്ട് ശിശിരം വരെ ഋതുക്കൾ മുറ തെറ്റാതെ മാറിക്കൊണ്ടിരുന്നു. ഹൂഗ്ലിയിലൂടെ പൂക്കൾ നിറച്ച വഞ്ചികളൊഴുകുന്ന പുലരികൾ കടന്നുപോയി. കൽക്കട്ട
പതിവുപോലെ തിരക്കിലായി. ദിവസങ്ങൾക്ക്‌ കാറ്റിന്റെ വേഗത. രണ്ടു വർഷങ്ങൾ പോയതറിഞ്ഞില്ല.

ചരിത്രം കുലീനമായി ചുവടുവച്ചു സിയാല്‍ഡായിലെ സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയം. പള്ളിക്കകത്ത് ഫ്യൂണറല്‍ സർവീസ്
നടക്കുകയാണ്. അതിനിടെ കുഴഞ്ഞുവീണ മാത്യൂസിന്റെ പിതാവ് കുര്യൻ തോമസ് വക്കീലിനെ ആരൊക്കെയോ ആശുപത്രിയിലേക്ക് മാറ്റി. പള്ളിയുടെ പൂമുഖത്തെ ചാരുബെഞ്ചുകളിലൊന്നിൽ ഞാൻ തളർന്നിരുന്നു. ഇന്നത്തെ  കൃസ്തുമസ്സ്  പ്രഭാതത്തിൽ സുഭാഷ് ചന്ദ്രന്റെ ഫോൺ കാൾ ഒരു ഇടിത്തീ പോലെ എന്റെ ചെവിയിലെത്തി.

''നമ്മുടെ മാത്യൂസ് ...
"മാത്യൂസ് ? "
"മാത്യൂസ് പോയടാ..."

ഞാൻ തരിച്ചിരുന്നു ഒരു പ്രതിമ പോലെ. എനിക്ക് ശബ്ദമില്ലായിരുന്നു.
അവൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു . 
മാത്യൂസ് ഇന്നലെ രാത്രി മോട്ടോർബൈക്ക് ആക്‌സിഡന്റിൽ
മരിച്ചു. സെൻട്രൽ അവന്യൂ ഗണേഷ്‌ചന്ദ്ര അവന്യൂ ക്രോസ്സിങ്ങിൽ പ്ലൈവുഡ് ലോഡുമായി എതിരെ വന്ന ലോറി അവന്റെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപ്പോൾ  തന്നെ ജീവൻ നിലച്ചു. പോസ്റ്റുമാർട്ടം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ബോഡി അവന്റെ പെങ്ങളുടെ വീട്ടിൽ കൊണ്ടുവരും. സൊണാലി അമ്മയാകുന്ന സന്തോഷമറിഞ്ഞ മാത്യൂസ് ഇന്നലത്തെ കൃസ്തുമസ്സ് ഈവ് ആഘോഷിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നു. ഞാൻ സിറ്റിയിൽ വന്ന വിവരം അറിഞ്ഞ് അവന്റെ സന്തോഷം എന്നെ നേരിൽ കണ്ടറിയിക്കാൻ താരാ റോഡിലെ എന്റെ മെസ്സിലേക്കു പോന്നതാണ്, സൊണാലി വിലക്കിയിട്ടും കേൾക്കാതെ.

ബോഡി സെമിത്തേരിയിലേക്ക്‌ എടുത്തു. കൂടെ പോകാൻ തോന്നിയില്ല. സെമിത്തേരിയുടെ വെളിയിൽ വരിവരിയായി നിൽക്കുന്ന ഗുൽമോഹർ മരങ്ങളിലൊന്നിൽ ഞാൻ ചാരിനിന്നു. ചാറ്റൽ മഴയുണ്ട്. ചടങ്ങു കഴിഞ്ഞ് എല്ലാവരും പോയി. എന്റെ മുൻപിലൂടെ കടന്നുപോയ മാത്യൂസിന്റെ പെങ്ങൾ ഗ്രേസും അളിയൻ ഐസക്കും എനിക്ക് മുഖം തന്നില്ല. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. അവസാനം ഞാനും പള്ളിനാടകളിറങ്ങി താഴോട്ടു നടന്ന് മെയിൻ ഗേറ്റിലെത്തി. മഴ ശക്തിയായി പെയ്തുതുടങ്ങി. മഴനനഞ് ഗേറ്റിൽ പിടിച്ച് വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ തേങ്ങിക്കരയുന്നു - സൊണാലി .  അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയതാണ് .  അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു .  എന്നെ കണ്ടതോടെ അവൾ വാവിട്ടു കരയാൻ തുടങ്ങി .  ഞാൻ അടുത്തുചെന്നു .  ആ പാവത്തിനെ എങ്ങനെ സമാധാനിപ്പിക്കണം എന്നെനിക്കറിയില്ല .   മഴ ആർത്തലച്ചു പെയ്യുന്നു .   അവൾ എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു .  എന്തുചെയ്യണമെന്നറിയാതെ മഴയത്ത് ഞാൻ അനങ്ങാതെ നിന്നു .  പിന്നെ മെല്ലെ അവളെ എന്റെ നെഞ്ചോട് ചേർത്തു .  അങ്ങു മുകളിൽ സെൻറ് ജോൺസ് ദേവാലയത്തിന്റെ മുഖഗോപുരത്തിൽ നിന്നും സന്ധ്യാനമസ്ക്കാരത്തിനുള്ള മണിമുഴങ്ങി തുടങ്ങി .    

Join WhatsApp News
Thomas Koovalloor 2024-01-25 19:35:21
I personally know Writer P. D. Poulose for more than a decade. This writing is one of his best real life stories. I read it fully , and I believe it is based on a real life story and through this writing the writer took us to the golden times of West Bengal, that was a safe heaven for many MALAYALEES. Interestingly, the people of West Bengal going to Kerala looking for jobs. Congratulations Mr. P. D. Poulose. Please excuse me if I misspelled your name. Once I read some where that your name is P. D. Poulose, not PT.
Raju Thomas 2024-01-26 00:44:25
ശ്രീ PT Paulose എഴുതിക്കൊണ്ടേയിരിക്കുന്നു. 25 വര്ഷം കൽക്കട്ടയിൽ വസിച്ച അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക കഥകളിലും ആ നഗരം കടന്നുവരുന്നത് ഞാൻ ആശ്ചര്യത്തോടെ ആസ്വദിച്ചിട്ടുണ്ട്. ഞാൻ ഈ കഥയും വായിച്ചത് ഒരു Kolkata City Map എൻ്റെ മുന്നിലുണ്ടെന്നപോലെയാണ് .ഇങ്ങേർക്ക് എന്തോരോർമ്മ! കഥയോ വല്ലാത്തൊരു ക ഥതന്നെ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി, ഉലച്ചു. ഇതാ പുതിയൊരു പുരാവൃത്തം. പുതിയൊരു പ്രമേയം. ഇത് ലൈംഗികത്തൊഴിലാളിസാഹിത്യമാണ് ( (not forgetting the great novel കൂത്താണ്ടവർ (2023, DC Books) by my new friend വേണുഗോപാലൻ കൊക്കോടൻ, Washington DC. 'കൽക്കട്ട 69'-ൽ ഒരു പാവംപെണ്ണിനെ രക്ഷപ്പെടുത്തി വിവാഹം കഴിച്ചു കഥകൃത്തിന്റെ സുഹൃത്ത് --എന്നാൽ , വേഗംതന്നെ അയാൾ വാഹനാപകടത്തിൽ മരിച്ചു, അതും ആ അനാഥ പുർണ്ണഗര്ഭിണിയായിരിക്കെ. സത്യമായും സംഭവിച്ചത് . ഇതും ജീവിതം! Very good, PTP.
Bissy Thoppil 2024-01-26 01:19:49
An excellent narration. As a reader I went through the hardships and torture experienced by Sonali and felt the intense pain when Mathews passed away. Keep up your good work 👍
josecheripuram 2024-01-26 02:39:32
Mr; Paulose has proved again that he is a very good story teller. I have read many of his stories. I never was in Calcutta but I have a narrative description of the place ,now make me familiar to the place the reality of life is, sometimes unbelievable and strange. There are people living around us with such stories. Keep writing my friend, looking forward to read more. All the best. ,
Leela Kurian 2024-01-26 05:39:42
ഇത്രയും വിശദമായി ഓർത്തിരിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. ഇത് വായിക്കുമ്പോൾ സ്റ്റീഫൻ ഹൌസ്, ഡാൽഹൗസി സ്‌ക്വാർ, dhatamtalla writes ബിൽഡിംഗ്‌ എല്ലാം കണ്മുപ്പിൽ കാണാൻ കഷിഞ്ഞു. ഇനിയും ഇതുപോലെ എഴുതുക.
Abdul punnayurkulam 2024-01-26 13:58:31
Paulose, interesting. Especially, Sonaliza and Mathews loves story, but sad story. I have little fond of memory about Calcutta. I had Kamala Surayya's some friends were there at that time. My 2nd world trip started from there via Bangladesh 44 years ago.
K P Jaison 2024-01-27 09:42:07
Such a sad real life story. Keen to know what happened to Sonali and the kid. I think we had a strong malayalee association those times in Kolkata. Could we do anything to support them
T. Maniyar 2024-01-27 10:22:04
വായനതുടെ ആദ്യ ഘട്ടത്തിൽ ഒരു real storyയുടെ വിവരണമെന്ന തോന്നൽ ഉണ്ടായെങ്കിലും പിന്നീടുള്ള വായന ഈ ചെറുകഥയുടെ അവസാനം എന്തായിരിക്കുമെന്നുള്ള ആകാംക്ഷയോടെ ആയിരുന്നു. 👍
Alex K Esthappan 2024-02-01 00:22:04
എന്തുകൊണ്ടാണ് ഈ രണ്ട് ജീവിതങ്ങൾ ഇത്രമാത്രം ക്രൂരത അനുഭവിക്കേണ്ടി വന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ! പി. റ്റി. പൗലോസിന് എന്റെ അഭിനന്ദനങ്ങൾ.
രാധമോഹൻ 2024-02-03 14:20:12
കൽക്കട്ടയിൽ 35 വർഷംചി ലവഴിച്ച എനിക്ക് ഈ കഥ വായിച്ച് വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെട്ടു.. രണ്ടു ജീവിതങ്ങൾ ക്രൂരമായ അനുഭവങ്ങളിലൂടെ കടന്നു പോയി... കഥ വായിച്ച് വല്ലാത്തൊരു നൊമ്പരം... നന്നായിട്ടുണ്ട് പൗലോസ് സർ... അഭിനന്ദനങ്ങൾ 🌹🌹🌹
Raju 2024-02-13 09:56:19
വളരെ നന്നായിരിക്കുന്നു വീണ്ടും വീണ്ടും എഴുതുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക