Image

അമ്പലനടയിലും പ്രതിക്ഷേധ സമരം (ലേഖനം: സാം നിലംപള്ളില്‍)

Published on 26 January, 2024
അമ്പലനടയിലും പ്രതിക്ഷേധ സമരം (ലേഖനം: സാം നിലംപള്ളില്‍)

രാഹുല്‍ ഗാന്ധിയുടെ ജോഡോവിനോദയാത്ര അസമിലൂടെ സഞ്ചരിച്ച് ബംഗാളില്‍ പ്രവേശിച്ചതായിട്ടാണ് അറിയുന്നത്. അസമിലൂടെ സഞ്ചരിക്കുമ്പോള്‍ പുള്ളിക്കാരന്‍ ചില ഉഡായിപ്പുകളൊക്കെ കാഴ്ചവയ്ക്കയുണ്ടായി. അയോധ്യയില്‍ നരേന്ദ്ര മോദി ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്ന സമയമായിരുന്നു. അതിനു ബദലായി താനും എന്തെങ്കിലും ചെയ്യണമല്ലോ എന്നുവിചാരിച്ച് അസമിലെ ഒരുക്ഷേത്രത്തിലൂടെ ജോഡോയാത്ര ആക്കാമെന്ന് തീരിമാനിച്ചു. 
ക്ഷേത്രത്തില്‍ എന്തോ പ്രത്യേക കര്‍മ്മങ്ങള്‍ നടക്കുന്നതുകൊണ്ട് ഉച്ചകഴിഞ്ഞ് മൂന്നുമണിയാകാതെ പ്രവേശനം പാടില്ലെന്ന് പൂജാരിമാര്‍. തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചെന്നു പറഞ്ഞ് രാഹുലും കൂട്ടരും ക്ഷേത്രനടയില്‍ സത്യാഗ്രഹം ആരംഭിച്ചു. നിരാഹാര സത്യാഗ്രഹമൊന്നുംമല്ല., വെറും സാദാസത്യാഗ്രഹം. കൂടെ മലയാളികളുടെ അഭിമാനഭാജനമായ കെ സി വേണുഗോപാലും ഉണ്ടായിരുന്നു. പുള്ളിക്കാരനാണല്ലോ പാവത്തിനെ കുരങ്ങുകളിപ്പിക്കുന്നത്. പിന്നെ എപ്പോഴാണ് ക്ഷേത്രനടയില്‍നിന്ന് എഴുന്നേറ്റുപോയതെന്ന് മനോരമയും മറ്റുപത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തില്ല.
തന്റെ ജോഡോ ന്യായ യാത്രയെ തടയാന്‍ ബി ജെ പിക്കാരനായ അസം മുഖ്യമന്ത്രി ഹേമന്ത് ബിസ്വാസ് ശര്‍മ്മ പരമാവധി ശ്രമിച്ചുവെന്നാണ് രാഹുല്‍ പറയുന്നത്. അങ്ങനെയുള്ള പ്രതിബന്ധങ്ങളെയൊക്കെ തരണംചെയ്താണ് അവിടെനിന്ന് രക്ഷപെട്ടത്. ശര്‍മ്മക്ക് രാഹുലിനോട് അല്‍പം കലിപ്പുണ്ടന്നത് നേരുതന്നെ. അവസരംവന്നപ്പോള്‍ അയാള്‍ തന്റേതായ പൊടിക്കൈകളും പ്രയോഗിച്ചുകാണും.  മനുഷ്യനല്ലേ പ്രതികാരദാഹം എല്ലാവര്‍ക്കും ഉണ്ടാകുക സാധാരണമല്ലേ.
 
ശര്‍മ്മ ഒരിക്കല്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു., എ പി സി സി പ്രസിഡണ്ട്, നമ്മുടെ കെ. സുധാകരനെപ്പോലെ. അന്നൊരിക്കല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെപറ്റി കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന രാഹുല്‍ ഗാന്ധിയോട് സംസാരിക്കാന്‍ അദ്ദേഹം ബദ്ധപ്പെട്ട് ട്രെയിന്‍കയറി ഡെല്‍ഹിയിലെത്തി. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോവിളിച്ച് രാഹുലിന്റെ ഭവനത്തിലുമെത്തി. രാഹുലപ്പോള്‍ തന്റെ പട്ടിയെ കളിപ്പിക്കയായിരുന്നു. ശര്‍മ്മക്ക് പറയാനുണ്ടായിരുന്നതൊന്നും പട്ടിയുമായുള്ള ഇടപാടിനിടയില്‍ രാഹുല്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍തെന്നെ തന്റെ പട്ടിയുടെ വിലയുണ്ടോ ഈ അസംകാരന്‍ കോണ്‍ഗ്രസ്സുകാരനെന്ന് തോന്നിയിട്ടുണ്ടാകും. നിന്നുനിന്ന് കാലുകഴച്ചപ്പോള്‍ അണ്ടികളഞ്ഞ അണ്ണനെപ്പോലെ ശര്‍മ്മ തിരികെപ്പോന്നു. അസമില്‍ വന്ന്  അദ്ദേഹം കോണ്‍ഗ്രസ്സില്‍നിന്ന് രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി അദ്ദേഹത്തെ അസം മുഖ്യന്ത്രിയമുമാക്കി.
 
താന്‍ ഭരിക്കുന്ന സംസ്ഥാനത്തിലുടെ ജോഡോയും വലിച്ചുകൊണ്ടുപോകുന്ന രാഹുലിന് ചെറിയൊരു പണികൊടുക്കണമെന്ന് ശര്‍മ്മ വിചാരിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതും ഏതോ ബി ജെ പി പിള്ളാര് കമല്‍നാഥിന്റെ കാറിന് കല്ലെറിഞ്ഞതും ശര്‍മ്മ പറഞ്ഞിട്ടാണന്ന് തെളിവൊന്നും ഇല്ലെങ്കിലും രാഹുല്‍ വച്ചുകാച്ചി.  
അസംകടന്ന് ബംഗാളില്‍ വന്നപ്പോളാണ് ഇന്‍ഡ്യാ മുന്നണി പൊളിഞ്ഞെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ബംഗാളിലെ എല്ലാസീറ്റിലും മമതയുടെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കാന്‍ പോകുന്നെന്ന്. നേരത്തെ മൂന്നുസീറ്റ് നല്‍കാമെന്ന് പറഞ്ഞതാണ്. കൂടുതല്‍ വേണമെന്ന് വാശിപിടിച്ചപ്പോളാണ് മമത യാതൊരു മമതയുമില്ലാതെ പെരുമാറിയത്. ഇതിനിടയില്‍ കേജരിവാളിന്റെ കുറ്റിച്ചൂലുപാര്‍ട്ടിയും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചു.
അയോധ്യയില്‍നിന്ന് മടങ്ങിവന്ന മോദി ബീഹാറിലെ സോഷ്യലിസ്റ്റിനെ ചുരുട്ടിക്കൂട്ടി ഒരുമൂലക്കിരുത്തി. പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിരുന്ന നിതീഷ് കുമാറിന് കരണത്തടി കിട്ടിയതുപോലെയാണ് രാവിലെ പത്രംവായിച്ചപ്പോള്‍ തോന്നിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും ബീഹാര്‍ സോഷ്യലിസത്തിന്റെ തലതൊട്ടപ്പനുമായ കര്‍പ്പൂരി ഠാക്കൂറിന് മോദി ഗവണ്മന്റ് ഭാരതരത്‌നം നല്‍കിയെന്നതായിരുന്നു വാര്‍ത്ത. കാലിനടിയിലെ മണ്ണ് ഒലിച്ചുപോയതുപോലെയാണ് നിതീഷിന് തോന്നിയത്. ഇനി ഇന്‍ഡ്യാ മുന്നണിയില്‍ നിന്നിട്ട് കാര്യമില്ലന്ന് അദ്ദേഹം മനസിലാക്കി. നേരെ ബി ജെ പിയിലേക്ക് പോകുകതന്നെ രക്ഷ. ഒരു പ്രശ്‌നമുള്ളത് അവരുടെകൂടെ കൂടിയാല്‍ അവര്‍ വരക്കുന്ന വരയിലൂടെ നടക്കണം. ഇന്‍ഡ്യാ മുന്നണിയിലെ തന്‍പ്രമാണിത്തമൊന്നും ബി ജെ പിയില്‍ നടക്കില്ല. എന്തായാലും ആലോചിച്ച് തീരുമാനിക്കാം., ഇലക്ഷന്‍ പ്രഖ്യാപിക്കാന്‍ ഇനിയും സമയമുണ്ടല്ലോ.
മുന്നണി പൊളിഞ്ഞെങ്കിലും താന്‍ പ്രധാനമന്ത്രിയായാല്‍ ചെയ്യാന്‍ പോകുന്ന അഞ്ചിന പരിപാടി രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നാമത് സ്‌നേഹത്തിന്റെ കട വിപുലീകരിച്ച് ഹോള്‍സെയില്‍ മാര്‍ക്കറ്റാക്കിമാറ്റും. അവിടെ ജോലിചെയ്യുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്ലശമ്പളം ഉറപ്പാക്കും. കാര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നീതി പായ്ക്കറ്റായി നല്‍കും. അറുപതുവര്‍ഷം രാജ്യംഭരിച്ചിചട്ടും എന്തേ ഇതൊക്കെ ചെയ്യാതിരുന്നതെന്ന് ആരും ചോദിക്കരുത്. രാഹുല്‍കുട്ടനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അപ്പനും അമ്മൂമ്മയും വല്യപ്പൂപ്പനും ഭരിക്കുമ്പോള്‍ കുട്ടന്‍വെറും പയ്യനായിരുന്നില്ലേ? ഇപ്പോള്‍ മുതിര്‍ന്നോ?

മുറിവാല്.

രാഹുല്‍ ഗാന്ധിയെ വിമര്‍ശ്ശിക്കുമ്പോള്‍ അദ്ദേഹത്തെ ആരാധിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക്  വേദനിക്കുന്നുണ്ടെന്ന് അറിയാം. ഞാനും ഒരിക്കല്‍ കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നതുകൊണ്ടാണ്, ഈ പാര്‍ട്ടി നശിക്കരുതെന്ന ആഗ്രഹംകൊണ്ടാണ്, ഇങ്ങനെയൊക്കെ പറയുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടത് ഗാന്ധികുടുംബമാണ്. കോണ്‍ഗ്രസ്സിനെ  അള്ളിപിടിച്ചിരിക്കുന്ന അമ്മയും മക്കളും സ്ഥാനമൊഴിഞ്ഞ്  സ്വതന്ത്രമാക്കിയാല്‍ മാത്രമെ പാര്‍ട്ടി കരകയറു. ഇവരുടെ വാലാട്ടികളായി നില്‍കുന്നവരെയല്ലാതെ മറ്റാരെയും പാര്‍ട്ടിയില്‍ വളരാന്‍ അനവദിക്കില്ല., മല്ലികാര്‍ജുന്‍ ഹെഗ്‌ഡെയെപ്പോലുള്ള നിര്‍ഗുണജീവികളെമതി ഗാന്ധികുടുംബത്തിന്. തങ്ങളുടെ ആജ്ഞകള്‍ അനുസരിക്കാതിരുന്ന നരസിംഹറാവുവിന്റെ പേര് ഓര്‍ക്കാന്‍പോലും ഇവര്‍ ഇഷ്ടപ്പെടുന്നില്ല.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക