Image

കരാമ ഷെയ്ഖ് കോളനി - 244- 245 Flat No 1 തുടരുന്നു !(മിനി വിശ്വനാഥന്‍)

Published on 26 January, 2024
കരാമ ഷെയ്ഖ് കോളനി - 244- 245 Flat No 1 തുടരുന്നു !(മിനി വിശ്വനാഥന്‍)

പുത്തൻ കാഴ്ചകൾ ! അനുഭവങ്ങൾ ! 

ഡോറ് തുറന്ന ഉടൻ അകത്തേക്ക് ഓടിക്കയറി വന്ന കുട്ടികളിൽ ചെറിയവൾക്ക് രണ്ട് രണ്ടര വയസ് കാണും. അവളാണ് ചേച്ചിയുടെ കൈ പിടിച്ച് വലിച്ച് വീടിനുള്ളിലേക്ക് നടന്ന് കയറിയത്. അച്ഛമ്മയുടെ ഭാഷയിൽ പറഞ്ഞാൽ "വേളൂരി പോലെ വെളുത്തു തിളങ്ങുന്ന കുഞ്ഞ്.  പോണിടെയ്ൽ കെട്ടിയ മുടി ഇളക്കി ഇളക്കി മീൻ പായുന്നത് പോലെ അവൾ ഒഴുകി നടന്നു. അനുജത്തി പറയുന്നതൊക്കെ ആഹ്ളാദത്തോടെ അനുസരിക്കുന്ന മൂത്തവൾക്ക് കാഴ്ചയിൽ വലുപ്പമുണ്ടെങ്കിലും ഒരു നാലു വയസിൽ കൂടുതൽ കാണില്ലെന്ന് എനിക്ക് മനസ്സിലായി. അവർക്ക് പിന്നാലെ ഓടി വന്ന അമ്മയുടെ ശാസന ചെവിക്കൊള്ളാതെ
രണ്ടു പേരും ഒരുമിച്ച്  ഫ്രിഡ്ജിനുള്ളിലേക്ക് തലയിട്ട് പരിശോധിച്ച് അതിനുള്ളിൽ അവർ പ്രതീക്ഷിച്ച ചോക്കലേറ്റുകൾ കാണാതെ നിരാശരായി പിൻതിരിഞ്ഞു. ആൻ്റീ "നാളെ ടു ചോക്കലേറ്റ്സ് വാങ്ങിവെക്കണം" എന്ന് ആജ്ഞാപിച്ചു കൊണ്ട് കൂട്ടത്തിൽ ചെറിയവൾ അടുക്കള മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി നോക്കി. മൂത്തവൾ 'ടാനിയാ കം ' എന്ന് വിളിച്ച് കൊണ്ട് ഹാളിലും ബെഡ് റൂമിലും കയറിയിറങ്ങി, കളിക്കാൻ ടോയ്സ് വല്ലതുമുണ്ടോ എന്ന് പരിശോധിച്ചു. ഒടുവിൽ മേശപ്പുറത്ത് വെച്ചിരുന്ന ഖലീജ് ടൈംസ് വീക്കെൻഡ് മാഗസീൻ എടുത്ത് പേജുകൾ തുറന്ന് ചിത്രം നോക്കലായി. ഇളയവൾ കാർപ്പറ്റിൽ കമഴ്ന്ന് കിടന്ന് ഏതൊക്കെയോ പാട്ടുകൾ ഉറക്കെ പാടി.

കുഞ്ഞുങ്ങൾ അവിടെ കാണിക്കുന്ന അമിതസ്വാതന്ത്ര്യം അവരുടെ അമ്മയെ അസ്വസ്ഥയാക്കുന്നുമുണ്ടായിരുന്നു. ആവശ്യത്തിൽ കൂടുതൽ വികൃതികളാണ് രണ്ടു പേരുമെന്ന് മനസ്സിലായെങ്കിലും പുതിയ ഒരു മലയാളി അയൽക്കാരിയെ കിട്ടിയ സന്തോഷത്തിൽ ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞ്, വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

തൊട്ടടുത്ത ഫ്ലാറ്റിൽ  താമസിക്കുന്ന അവർ ദുബായി ഡ്യൂട്ടിഫ്രീ സ്റ്റാഫാണ് എന്നു പറഞ്ഞു സംസാരം തുടങ്ങി. ലീന എന്നാണ് അവരുടെ പേരെന്ന് കുട്ടികളുടെ ലീന മമ്മ എന്ന വിളിയിൽ നിന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായിരുന്നു. ലീനയുടെ അച്ഛനമ്മമാർ ഇവിടെ ഉണ്ട്. അവരുടെ വീട്ടിൽ നിന്ന് കുഞ്ഞുങ്ങളെ തിരിച്ച് കൊണ്ട് വരുന്ന ബഹളത്തിനിടക്കാണ്  അയൽ വീട്ടിൽ പുതിയ ആരോ വന്നിട്ടുണ്ടെന്ന് ഡാർളി പറഞ്ഞത്. അതിനിടക്കാണ് ഈ പിള്ളാർ ഇങ്ങോട്ട് ഓടിക്കയറിയത്. അവൾ ക്ഷമാപണ സ്വരത്തിൽ വിശേഷങ്ങൾ പറഞ്ഞു. തൊട്ടടുത്ത ഫ്ലാറ്റിലെ മലയാളി ഗർഭിണിയുടെ പേര് ഡാർലി എന്നാണെന്ന് മനസ്സിലായി. അവർ എയർ ഇന്ത്യ ഓഫീസ് സ്റ്റാഫാണെന്നും.

ദുബായിൽ ജനിച്ചു വളർന്നിട്ടു പോലും ലീനയുടെ സംസാരത്തിലെ കോട്ടയംസ്ലാങ്ങിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഞാൻ അവർക്ക് മനസ്സിലാവാൻ വേണ്ടി എൻ്റെ കണ്ണൂർ ഭാഷയുടെ ഒടിവുകളും വളവുകളും കഷ്ടപ്പെട്ട് നിവർത്തിയെടുത്തു. ഓരോ വാക്കുകളും കൃത്യമായി അടുക്കിപ്പെറുക്കി സംസാരിക്കുമ്പോൾ ഇതിലും ഭേദം അയിഷയുടെ അമ്മയുടെ ഹിന്ദിയായിരുന്നു എന്ന് മനസ്സിൽ പറഞ്ഞു. വാരാന്തപ്പതിപ്പിലെ
ചിത്രങ്ങൾ നോക്കി മതിയാക്കിയ നികിതയും ടാനിയയും എൻ്റെ അടുത്ത് വന്ന് നാളെ ചോക്കലേറ്റ് വാങ്ങി വെക്കണമെന്ന് ഒന്നുകൂടെ ഓർമ്മിപ്പിച്ച്  പുറത്തേക്ക് ഓടി.  
കരാമജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരദ്ധ്യായമാണ് ആ കുഞ്ഞുങ്ങളുടെ വരവോടെ അവിടെ തുടങ്ങിയതെന്ന് അറിയാതെ ഞാൻ അവർക്ക് നേരെ കൈ വീശി. നാളെ അമ്മച്ചിക്കൊപ്പം വരാമെന്ന് പറഞ്ഞ് ലീനയും യാത്ര പറഞ്ഞു.

ഡിന്നർ പുറത്ത് നിന്നാണെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ചെറുതായി ഒന്ന് ഒരുങ്ങി വിശ്വേട്ടനെ കാത്തിരുന്നു. ദുബായി നഗരത്തിൻ്റെ രാത്രി മുഖത്തിൻ്റെ സൗന്ദര്യം ജനാലകൾക്ക് പുറത്തുള്ള ദൂരക്കാഴ്ചകളിൽ നിന്നുതന്നെ എന്നെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. ദൂരെ പിക് ആൻ്റ് സെയ് വ് എന്ന സൂപ്പർ മാർക്കറ്റിൻ്റെ പേര് മിന്നിത്തിളങ്ങുന്നത് നോക്കിയിരിക്കെ എട്ടുമണിയോടെ വിജനമാവുന്ന കതിരൂർ അങ്ങാടിയെ ഓർത്തു. 

രാത്രി എട്ടുമണിക്ക് കണ്ട്യൻ കുമാരേട്ടൻ്റെ അനാദിപ്പീടിക അടച്ച് കഴിഞ്ഞാൽ കതിരൂർ ടൗണിലെ വെളിച്ചം കെടും. ഞങ്ങളുടെ വീടിനെ പൊതിയുന്ന ഇരുട്ടിൽ ഒളിച്ചിരിക്കുന്ന പ്രേതരൂപങ്ങളെ പേടിച്ച് ഞാൻ ജനലുകൾ വലിച്ചടക്കും. പകൽ പോലും ഇരുള് പിടിച്ച് കിടക്കുന്ന വീട്ടിലെ അകമുറികളിലെ നിഴലുകൾക്കിടയിലൊക്കെ പ്രേതങ്ങൾ വലിഞ്ഞു കയറി ഇരിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പായിരുന്നു. പഠിക്കാൻ കിട്ടുന്ന മണ്ണെണ്ണവിളക്കിൻ്റെ തിരി ഉയർത്തിവെച്ച് പഠിക്കുന്നത് പോലെ അഭിനയിച്ച് കഞ്ഞി കുടിക്കാനുള്ള വിളിക്കായി കാതോർക്കും. എട്ട് മണിക്ക് ഭക്ഷണം കഴിഞ്ഞ് വടക്കേ വാതിൽ അടച്ച് ഭദ്രമാക്കിക്കഴിഞ്ഞാൽ അന്നത്തെ ദിവസം തീർന്നു.
ഒൻപത് മണി എന്നത് ഞങ്ങൾക്ക് അർദ്ധരാത്രിയാണ്. രാത്രി നേരത്തെ ഉറങ്ങി രാവിലെ എണീക്കണമെന്നതാണ് വീട്ടിലെ ചിട്ട. പക്ഷേ തലേന്ന് രാത്രി വീട്ടിൽക്കയറി വന്ന ആത്മാക്കൾ കട്ടിലിൻ്റെ അടിയിൽ ഇരുന്ന് സൊറ പറയുന്നുണ്ടാവുമെന്ന വിശ്വാസത്തിൽ ഞാൻ കട്ടിലിൽ നിന്ന് എഴുനേൽക്കില്ല. 

ടെലിവിഷൻ ചാനലുകൾ ഇല്ലാത്ത കാലമായത് കൊണ്ട് തന്നെ നാട്ടിലെ രാത്രി സമയങ്ങൾ ശരിക്കും മടുപ്പിക്കുന്നതായിരുന്നു. അതുകൊണ്ട്  പരാതികൾക്കിടയിലും രാത്രിയിലത്ത മിന്നിത്തിളങ്ങുന്ന ദുബായിയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. തൊട്ടയൽവക്കത്തെ മലയാള ശബ്ദങ്ങളും റോഡിൽ കളിക്കാൻ വരുന്ന കുട്ടികളും ഇനിയുള്ള എൻ്റെ ജീവിതം വല്യ ബോറടിയില്ലാതെ കടത്തിത്തരുമെന്ന തോന്നലിൽ ഞാൻ സമാധാനപ്പെട്ടു.

ടോമിയുടെ വീട്ടിലാണ് ഇന്നത്തെ ഡിന്നർ എന്ന് വിശ്വേട്ടൻ മുന്നേ പറഞ്ഞിരുന്നു. ടോമിയുടെ ഭാര്യ സോണിയയെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. ഇപ്പോൾ പുതിയ കൂട്ടുകാരെ പരിചയപ്പെടുമ്പോഴുള്ള പ്രശ്നം അവർ മലയാളിയാണോ എന്നത് മാത്രമല്ല, നമ്മുടെ മലയാളമാണോ അവർ പറയുന്നത് എന്നും കൂടിയായിരിക്കുന്നു! 

പോവുന്നതിനിടെ സോണിയയുടെ പാചക വൈദഗ്ധ്യത്തെപ്പറ്റി പുകഴ്തി പറയുന്നത് കേൾക്കാതിരിക്കാൻ ഞാൻ പുറം കാഴ്ചകളിൽ മനസ് കൊരുത്തു. നന്നായി ഭക്ഷണമുണ്ടാക്കാനറിയുന്ന പെൺകുട്ടികളോടൊക്കെ എനിക്ക് കഠിനമായ അസൂയയും കുറച്ചൊരു ദേഷ്യവുമായിരുന്നു. 

ഏതായാലും പുതിയ ജീവിതത്തിൻ്റെ ആദ്യപാഠങ്ങളിൽ ഒന്നായിരുന്നു പാചകം അറിയുന്നത് ഒരു ചെറിയ കാര്യമല്ല എന്നത്. എം.എ , ബി എഡ്. എം.ഫിൽ എന്നീ ഡിഗ്രികളിൽ എനിക്കുണ്ടായിരുന്ന അഹങ്കാരത്തിൻ്റെ മുനയൊടിച്ചു കൊണ്ട് അടുക്കള എന്നെ പരിഹാസത്തോടെ നോക്കി! 

സഹായിക്കാനാരുമില്ലാത്ത , ഞാൻ ദുരഭിമാനക്കുപ്പായം അഴിച്ച് വെച്ച്  കൂട്ടുകാരുടെ ഭാര്യമാർക്ക് ശിഷ്യപ്പെട്ടു. ആദ്യകാലത്ത് അവർക്ക് പറ്റിയ അമളികൾ ഉപ്പും എരുവും കൂട്ടി വിശ്വേട്ടനോട് പറഞ്ഞു കൊടുത്തു. വീട്ടിലുണ്ടാക്കുന്ന വെള്ളയപ്പവും കടലക്കറിയും സ്വപ്നത്തിൽ വന്നു കൊതിപ്പിച്ചു!

പരീക്ഷണങ്ങൾ അവസാനിക്കാത്ത
 കരാമാ ജീവിതം തുടരും !

Read more: https://emalayalee.com/writer/171

Join WhatsApp News
Mohandas 2024-01-27 03:33:38
ജീവിതമാകുന്ന യാത്രയിലെ സ്വന്തം അനുഭവത്തിന്റ ഒരു ചെറിയ കണിക വളരെ നന്നായി വരച്ചു കാണിച്ചു. നന്നായിട്ടുണ്ട്. 👌 അഭിനന്ദനങ്ങൾ 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക