ഒരു കപ്പ് ചായയില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാന്‍ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, ബ്രിട്ടീഷുകാര്‍ക്കിടയില്‍ രൂപപ്പെട്ട അസ്വാരരസ്യം കണ്ടിലെന്നു നടിക്കാനാകാതെ യു എസ് എംബസിക്ക് ഒടുവില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നിരിക്കുന്നതായി വാര്‍ത്ത! 'ചായ വിവാദം' എന്ന ഈ സംഭവം കാരണം ചായ പ്രിയന്മാരുടെ നാടായ ബ്രിട്ടനുമായുള്ള യുഎസിന്റ ബന്ധത്തില്‍ ഉലച്ചില്‍ തട്ടാതിരിക്കാനാണ് യു എസ് എമ്പസി ഒരു പ്രസ്താവന തന്നെ പുറത്തിറക്കിയിരിക്കുന്നത്.
ജനുവരി 24-ന് യുകെയിലെ യുഎസ് എംബസി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു, ''ലക്ഷണമൊത്ത'' ഒരു കപ്പ് ചായയ്ക്കുള്ള ഒരു അമേരിക്കന്‍ പ്രൊഫസറുടെ റെസിപ്പിയെക്കുറിച്ചുള്ള ഇന്നത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഞങ്ങളുടെ പ്രത്യേക ബന്ധത്തില്‍ കല്ലുകടിയായിരിക്കുന്നു. ചായയാണ് സൗഹൃദത്തിന്റെ അമൃതം, നമ്മുടെ രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പവിത്രമായ ബന്ധമാണ്,'' യുഎസ് എംബസി വ്യക്തമാക്കി. രുചി കൂട്ടാനായാല്‍പ്പോലും ബ്രിട്ടന്റെ ദേശീയ പാനീയത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് അചിന്തനീയമായ ആശയമാണെന്നും, അത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഔദ്യോഗിക നയമല്ലെന്നും യുഎസ് എംബസി പ്രസ്താവിച്ചു. ചായയുടെ കാര്യത്തില്‍ നമ്മള്‍ ഒന്നായി നില്‍ക്കുന്നുവെന്ന് ലോകത്തെ കാണിക്കാം, എന്നുകൂടി അതില്‍ കൂട്ടിച്ചേര്‍ത്തു.
പെന്‍സില്‍വാനിയയിലെ ബ്രൈന്‍ മാവര്‍ കോളേജിലെ കെമിസ്ട്രി പ്രൊഫസറായ മിഷേല്‍ ഫ്രാങ്ക്, 'സ്റ്റീപ്പ്ഡ്: ദി കെമിസ്ട്രി ഓഫ് ടീ' എന്ന പുസ്തകത്തിലാണ് മികച്ച ചായ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ ശുപാര്‍ശകളുമായി വന്നിരിക്കുന്നത്. അതിനു ശേഷമാണ് ചൂടേറിയ ചായ ചര്‍ച്ചയ്ക്ക് തുടക്കമായത്. പുസ്തകത്തിലെ ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്, ചെറിയതും കട്ടിയുള്ളതുമായ ഒരു കപ്പില്‍ വേണം ചായ എടുക്കാന്‍, കാരണം അതിന് ഉപരിതല വിസ്തീര്‍ണ്ണം കുറവായതിനാല്‍ ചായയുടെ ചൂട് കൂടുതല്‍ നേരം നിലനിര്‍ത്താനതു സഹിയിക്കും. അതു പോലെ മഗ്ഗോ ചായക്കോപ്പയോ ചായ ഒഴിക്കും മുന്‍പ് മുന്‍കൂട്ടി ചൂടാക്കുക, ഒരു ടീബാഗ് ഒരിക്കല്‍ മാത്രം ഉപയോഗിക്കുക. ഈ ശുപാര്‍ശകള്‍ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ മറ്റ് ചില ശുപാര്‍ശകള്‍ ചായ പ്രേമികളായ ബ്രിട്ടീഷുകാരില്‍ നിരാശ ജനിപ്പിച്ചിട്ടുമുണ്ട്.
പാല്‍ ചൂടാക്കല്‍ (പിരിഞ്ഞു പോകാനുള്ള സാധ്യത കുറയ്ക്കുന്നതിന്), ഉപ്പ് വിതറുക (ചായയുടെ കയ്പ്പ് കുറയ്ക്കാന്‍), എന്നിവയാണവ.
ഒരു ചൂടുള്ള കപ്പ് ചായ ഉണ്ടാക്കുമ്പോള്‍ ആദ്യം പാല്‍ ഒഴിക്കണോ വേണ്ടയോ എന്നത് നൂറ്റാണ്ടുകളായി ബ്രിട്ടനിലെ ഏറ്റവും തര്‍ക്കവിഷയങ്ങളിലൊന്നായതിനാല്‍ യു എസില്‍ നിന്നുത്ഭവിച്ച ഈ പുതിയ ചായ റെസിപ്പി, ചായ വിഷയത്തിലെ വിവാദം ഒന്നുകൂടി ആളിക്കത്തിച്ചു കഴിഞ്ഞു.