Image

ആത്മഹത്യ: ഒരു പിടിവള്ളിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍...(ഉയരുന്ന ശബ്ദം-106:ജോളി അടിമത്ര)

Published on 28 January, 2024
ആത്മഹത്യ: ഒരു പിടിവള്ളിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍...(ഉയരുന്ന ശബ്ദം-106:ജോളി അടിമത്ര)

കഴിഞ്ഞയാഴ്ച കോഴിക്കോടുജില്ലയിലുള്ള എന്റെ ഒരു സുഹൃത്ത് പത്രത്തില്‍ വന്ന ഒരു ചരമവാര്‍ത്ത വാട്‌സാപ്പില്‍ ഇട്ടുതന്നു. കോട്ടയം എഡിഷനില്‍ ഇല്ലാത്ത വാര്‍ത്തയായിരുന്നു അത്. 23 വയസ്സുള്ള പെണ്‍കുട്ടിയുടെ മരണം. ആ കുട്ടിയുടെ  ഭര്‍ത്താവിനെ എനിക്ക് അറിയാമായിരുന്നതിനാല്‍ ഞാനുടന്‍ സുഹൃത്തിനെ തിരിച്ചുവിളിച്ചു. എന്തായിരുന്നു മരണകാരണം എന്ന് അന്വേഷിച്ചു. 23-ം വയസ്സില്‍  സംഭവിച്ച മരണം സ്വാഭാവികമായും നമ്മളെ അസ്വസ്ഥപ്പെടുത്തുമല്ലോ. കിട്ടിയ  വിവരം എന്നെ അന്ധാളിപ്പിച്ചു. അതൊരു ആത്മഹത്യയായിരുന്നു !.
   
പണ്ടത്തെപ്പോലെയല്ല, വീട്ടുകാര്‍ക്ക് ആത്മഹത്യാവാര്‍ത്തകള്‍ സാധാരണ ചരമവാര്‍ത്തയായി പത്രത്തില്‍ വരാനാണ് താല്‍പ്പര്യമെങ്കില്‍ അവരുടെ ആഗ്രഹം മാനിച്ച് അങ്ങനെയേ ഇപ്പോള്‍ കൊടുക്കാറുള്ളൂ. അതുകൊണ്ട് ഒരു സാദാ ചരമ വാര്‍ത്തയായിട്ടാണ് അത് വന്നത്.  പെണ്‍കുട്ടിയുടെ ഭര്‍ത്താവ് നല്ല ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. സന്തോഷമായി കഴിയുന്ന ഒരു കുടുംബം എന്നു മാത്രമേ എല്ലാവര്‍ക്കും അവരെപ്പറ്റി പറയാനുള്ളൂ. രണ്ടുപ്രാവശ്യം ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ സംഭവിച്ചതിനാല്‍ യുവതി ദുഖിതയായിരുന്നുവത്രേ. ചെറിയപ്രായമല്ലേ, അതൊന്നും കാര്യമാക്കേണ്ടതില്ല എന്ന് എല്ലാവരും ആശ്വസിപ്പിച്ച് സാധാരണ മാനസ്സികാവസ്ഥയിലെത്തിയിരുന്നു അവള്‍. അന്ന് , ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവിനെ സന്തോഷത്തോടെ സ്വീകരിച്ച പെണ്‍കുട്ടി.അവളുടെ മൊബൈല്‍ ചാര്‍ജര്‍ കേടായതിനാല്‍ മറ്റൊരെണ്ണം വാങ്ങാന്‍ ഭര്‍ത്താവ്  പുറത്തേക്കു പോയി തിരിച്ചു വരുമ്പോള്‍ കാണുന്നത് തൂങ്ങിനില്‍ക്കുന്ന ഭാര്യയെ.

അതിനേക്കാള്‍ എന്നെ സങ്കടപ്പെടുത്തിയത് അച്ഛന്‍ മരിച്ചുപോയ ആ പെണ്‍കുട്ടിയെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയുടെ ദുരന്തമാണ്. അവള്‍ ആ സ്ത്രീയുടെ ഒരേ ഒരു സന്താനമാണ്. കാന്‍സര്‍ ബാധിച്ച അവര്‍ക്ക്  വിദഗ്ധ ചികിത്സയ്ക്ക് പോകേണ്ട ദിവസത്തിന്റെ തലേന്നാണ്  മകളുടെ ആത്മഹത്യ. നിര്‍വികാരതയോടെ മകളുടെ മൃതശരീരത്തിനു മുന്നില്‍ കുത്തിയിരുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകള്‍ കിട്ടിയില്ല. മാരകരോഗത്തിനു പുറമേ അനാഥയായിപ്പോയ ആ അമ്മയെപ്പറ്റി അവള്‍ ഒരു നിമിഷം ചിന്തിച്ചിരുന്നെ്കില്‍ ...നിത്യവും നമ്മള്‍ കേള്‍ക്കുന്ന സങ്കടവാര്‍ത്തകളില്‍ ഒന്നുമാത്രമാണിത്. ആരും ആരെയും ഓര്‍മിക്കുന്നില്ല ...
                     
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് , വലിയവര്‍ക്ക് എന്താണ് സംഭവിക്കുന്നത്. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് വഴക്കുപറഞ്ഞതിന് തൂങ്ങി മരിച്ച കുട്ടികള്‍, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനാല്‍ ജീവനൊടുക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികള്‍, മാര്‍ക്കു കുറഞ്ഞാല്‍ ചാകുന്ന കുട്ടികള്‍ , പരീക്ഷയ്ക്ക് ജയിക്കുമോ എന്നു പേടിച്ച് മരിക്കുന്നവര്‍, ഭര്‍ത്താവ് വഴക്കു പറഞ്ഞതിന് കുഞ്ഞിനെയുമെടുത്ത് ആറ്റില്‍ ചാടുന്നവര്‍ .. എണ്ണിയാല്‍ ഒടുങ്ങാത്ത കാരണങ്ങള്‍. പിന്നെ കര്‍ഷക ആത്മഹത്യകള്‍, കടക്കെണി... പ്രണയനൈരാശ്യ ആത്മഹത്യകള്‍...
           
 20 വര്‍ഷത്തിനുമപ്പുറത്ത് ഞാനൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. ആലപ്പുഴ ജില്ലയിലെ നൂറനാട് എന്ന ഗ്രാമത്തിലേക്കായിരുന്നു യാത്ര. അത് കേരളത്തിലെ ആത്മഹത്യാ ഗ്രാമമായിട്ടാണ് അന്ന് അറിയപ്പെട്ടിരുന്നത്. അതെത്തുടര്‍ന്ന് അവിടുത്തെ പൊലിസ് സ്റ്റേഷനില്‍ കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങിയതറിഞ്ഞ് റിപ്പോര്‍ട്ടു ചെയ്യാന്‍ പോയതാണ്. അന്നാ പൊലിസ് സ്റ്റേഷന്‍  വലിയ കൗതുകവും വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. ഒരു കാരണവുമില്ലാതെ ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്ന പ്രവണത. പൊലിസുകാര്‍ക്കായിരുന്നു പങ്കപ്പാട്. ഒരാത്മഹത്യ അറിഞ്ഞ് ഓടിച്ചെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചശേഷം മനസ്സ്ും ശരീരവും തളര്‍ന്ന് സ്‌റ്റേഷനില്‍ തിരികെ എത്തുംമുമ്പ് അടുത്ത മരണവിളി എത്തിക്കഴിയും. നിരന്തരം  നെഞ്ചുപൊട്ടിയുള്ള കരച്ചിലും കണ്ണീരും കണ്ടും കേട്ടും പൊലീസുകാര്‍ക്കും മനസ്സ് തളര്‍ന്നു. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പൊതു ജനത്തിനായി പൊലിസ് സ്റ്റേഷനില്‍ത്തന്നെ സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയത് അങ്ങനെയാണ്. കുടുംബപ്രശ്‌നങ്ങളും ദാമ്പത്യകലഹങ്ങളും മദ്യപാനത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമായി സ്റ്റേഷനില്‍ വരുന്നവര്‍ക്ക്  കൗണ്‍സലിംഗ് നല്‍കി മിത്രമായി നമ്മുടെ നൂറനാട് പൊലിസ്. ജനമൈത്രി പൊലിസൊക്കെ വരുന്നതിന് എത്രയോ മുമ്പ് നൂറനാട്ട്  പൊലീസ് മിത്രമായി ഉപദേശങ്ങള്‍ നല്‍കി ഒപ്പം നിന്നു. ഇന്ന് നൂറനാടിന്റെ ആ പേരുദോഷം മാറി. പകരം കൊല്ലംജില്ലയ്ക്കായി ആ സ്ഥാനം.
               
ആത്മഹത്യാ നിരക്കിന്റെ കാര്യത്തില്‍ കേരളം രാജ്യത്ത് നാലാമതാണ്..  2023 അവസാനം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ  പുറത്തുവിട്ട, 2022 ലെ റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം 10162 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. 2021-ല്‍ 9549 ആത്മഹത്യകളായിരുന്ന സ്ഥാനത്താണ് ഈ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. സ്ംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത് കൊല്ലം ജില്ലയിലാണ്. 2022-ല്‍ മാത്രം കൊല്ലം ജില്ലയില്‍ 472 പേര്‍ ജീവനൊടുക്കി. കേരള പൊലിസിനിടയിലും ആത്മഹത്യകള്‍ പിടി മുറുക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേര്‍. 12 പേര്‍ ആത്മഹത്യാ ശ്രമവും നടത്തിയതായി വ്യക്തമാക്കുന്നുണ്ട്. മാനസ്സികസമ്മര്‍ദ്ദം പൊലിസുകാര്‍ക്കിടയില്‍ കൂടുന്നതായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പോയ വര്‍ഷങ്ങളില്‍  ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ ശേഖരിക്കുകയായിരുന്നു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍മിക്കാന്‍ കാരണം ഒരാഴ്ച മുമ്പ് നടന്ന ഒരു പാസ്റ്ററുടെ മരണമാണ്. ഭോപ്പാലില്‍ ഒരു സഭയുടെ പുരോഹിതനായിരുന്ന അദ്ദേഹം വളരെ സമര്‍ത്ഥനായ പരിഭാഷകന്‍ ആയിരുന്നു. വലിയ കണ്‍വന്‍ഷനുകളില്‍ പ്രസംഗം ഹിന്ദിയിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ ആള്‍. ചില സഭാ പ്രശ്‌നങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നതായും സഭയില്‍നിന്ന് അദ്ദേഹത്തെ  പുറത്താക്കിയതായും അറിയുന്നു. കടുത്ത ഡിപ്രഷനില്‍ ആയിപ്പോയ അദ്ദേഹത്തെ ആരും തുണച്ചില്ല. ഒരു മുഴംകയറില്‍ തന്റെ പ്രാണന്‍ കിടന്നുപിടഞ്ഞു. അനേകം പേര്‍ക്ക് ആശ്വാസവാക്കുകള്‍ പങ്കു വച്ച് ഒപ്പംനിന്ന  ആ പുരോഹിതന്‍ തികച്ചും ഒറ്റപ്പെട്ടവനായി എന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷം ജീവിതത്തിന് പൂര്‍ണ്ണ വിരാമം ഇട്ടു. ആത്മഹത്യ പാപമാണെന്ന് വിശ്വസിക്കുന്ന സമൂഹമാണ് ക്രിസ്ത്യന്‍ സഭകള്‍. ഇളം പ്രായത്തില്‍ത്തന്നെ അവരെ അതു പഠിപ്പിക്കുന്നു. സ്വയം പ്രാണന്‍ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലെന്നും അങ്ങനെ ചെയ്തവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനമില്ലെന്നും ഉള്‍ക്കൊണ്ടാണ് അവരുടെ വളര്‍ച്ച. അതൊക്കെ പഠിപ്പിക്കുന്ന പുരോഹിതര്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സങ്കടകരമായ അവസ്ഥ നമ്മളെ ചിന്തിപ്പിക്കുന്നു. അടുത്തിടെ ചില കത്തോലിക്ക പുരോഹിതരും കന്യസ്ത്രീകളും ആത്മഹത്യചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എത്രയെത്ര സിനിമാ താരങ്ങളാണ് പണത്തിന്റെയും പ്രശസ്തിയുടെയും ഉന്നതങ്ങളില്‍ വിരാജിക്കുമ്പോള്‍ സ്വയം വിടപറഞ്ഞിട്ടുള്ളത്. പുരോഹിതരാവട്ടെ, സന്യസ്തരാവട്ടെ സമൂഹത്തിലെ ഉന്നതനിലയില്‍ വാഴുന്നവരാവട്ടെ മനസ്സിന്റെ ഒറ്റ നിമിഷത്തിലെ മലക്കം മറിച്ചിലില്‍  പിടിവിട്ടുപോകുന്നു.

നമ്മള്‍ക്ക് ചിലതൊക്കെ ചെയ്യാനാവും. ഒപ്പം നില്‍ക്കുക എന്ന ലളിതമായ പ്രവൃത്തി. സാഹചര്യങ്ങളാല്‍ തളര്‍ന്നുപോകുന്ന ചലരെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കാം. ഞാനുണ്ട് എന്നൊരു വാക്ക്. ചിലപ്പോള്‍ അതൊരു ഭംഗിവാക്കു മാത്രമായാല്‍ക്കൂടി ആ മൂന്നക്ഷരം ഒരാള്‍ക്കു നല്‍കുന്ന ധൈര്യം അപാരമാണ്.
     
ചിലരുടെ സാന്നിധ്യം പോലും തകര്‍ച്ചയില്‍ ഔഷധമാണ്. എന്റെ ഒരു പ്രശസ്തനായ പുരുഷസുഹൃത്ത് ഡിപ്രഷനില്‍ പെട്ടുപോയ കാലം. അദ്ദേഹത്തോട് മറ്റൊരു സുഹൃത്ത് ഉപദേശിച്ചതിങ്ങനെ. ഇന്നുള്ള പ്രശസ്തനായ ഒരു പുരോഹിതനൊപ്പം ഇത്തിരിനേരം വെറുംവെറുതെ ചിലവിടുക .ആ സാന്നിധ്യം, ആ പെറുക്കിപെറുക്കിയുള്ള , പതിഞ്ഞ ശബ്ദത്തിലെ സംസാരം നിങ്ങളെ ആകെ മാറ്റി മറിക്കും , നിങ്ങളുടെ അശാന്തമായ മനസ്സിനെ ശാന്തമാക്കും എന്ന്. എന്റെ സുഹൃത്ത് ആ ഗുരുവിന്റെ  സാന്നിധ്യം തേടിപ്പോയി. ഒന്നും ഉരിയാടിയില്ല. വെറുതെ അദ്ദേഹത്തെത്തന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. ഇളകി മറിഞ്ഞ കടല്‍പ്പോലെ പ്രക്ഷുബ്ധമായ മനസ്സുമായി പോയ ആള്‍ തെളിഞ്ഞൊഴുകുന്ന  ശാന്തമായ ഒരു പുഴയായി..നാളുകള്‍ കഴിഞ്ഞ് ഒരിക്കല്‍  ഗുരുവിനെ നേരില്‍ കണ്ടപ്പോള്‍ ഞാനീ കാര്യം പറഞ്ഞു. അദ്ദേഹത്തിന് അത്ഭുതമായി. അറിയാതെ കണ്ണുകള്‍ പൂട്ടി കരങ്ങള്‍ കൂപ്പി.

''അദ്ദേഹം എന്നെ കാണാനെത്തിയിരുന്നു, ഒന്നും സംസാരിച്ചില്ല. കുറേനേരം എനിക്കൊപ്പം ഇരുന്നിട്ട് മടങ്ങിപ്പോയി,' ഗുരു പറഞ്ഞു.

അതെ ,അഗാധഗര്‍ത്തത്തിലേക്കു തെന്നിവീഴാന്‍ പോകുന്നവന് ഒരു പിടിവള്ളിയാകാന്‍ നമ്മുടെ സാന്നിധ്യത്തിന് കഴിയും. ഒന്നു ശ്രമിച്ചുകൂടെ?.

Join WhatsApp News
Concerned 2024-01-30 04:12:34
The 988 Suicide & Crisis Lifeline is a suicide prevention network of over two hundred crisis centers in the United States that provides 24/7 service via a toll-free hotline with the telephone number 9… This kind of title is not going to help anyone.
Matt 2024-01-30 14:32:11
I agree with the concerned. Is she promoting suicide?
Jacob 2024-01-31 12:13:29
Another issue is financial problems arising from taking out bank loans pledging real estate as collateral. If re-payment is not done in a timely manner, bank will seize the real estate. Be very careful when taking out bank loans. Be open to ask for help from friends and relatives in a difficult situation. Suicide is not the answer. Try to overcome any bad situation.
Abdul Punnayurkulam 2024-02-02 23:44:41
Definitely, neither suicide is an answer, nor it is solving problems...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക