Image

മതേതരത്വത്തില്‍ നിന്നും മതരാഷ്ട്രത്തിലേക്കോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Published on 29 January, 2024
മതേതരത്വത്തില്‍ നിന്നും മതരാഷ്ട്രത്തിലേക്കോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ അയോദ്ധ്യയില്‍ പ്രൗഢഗംഭീരമായ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കപ്പെടും. പ്രതിഷ്ഠ ചെയ്യപ്പെട്ട ബാലരാമന്റെ കൃഷ്ണശിലാനിര്‍മ്മിതമായ വിഗ്രഹം സര്‍വ്വാഭരണ-രത്‌നഭൂഷിതം ആയിരുന്നു. അതിഗംഭീരമായ താരനിബിഢമായിരുന്ന, ഒരു സദസ് ഇതിന് സാക്ഷ്യം വഹിച്ചു. പ്രത്യേകമായി ക്ഷണം, ലഭിച്ച വിശിഷ്ടാത്ഥികള്‍ക്കു മാത്രമേ പ്രതിഷ്ഠാദിനത്തില്‍ ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഈ ദിവസത്തിനു മുമ്പു മറ്റൊരു  ദിവസം ഉണ്ടായിരുന്നു ഇതിന്റെ മുന്നോടിയായി. 1992 ഡിസംബര്‍ ആറ്. അന്ന് അവിടെ ക്ഷണിക്ക്‌പെടാത്ത ഒരു അതിഥിയായി ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ പംക്തിക്കാരനും സന്നിഹിതനായിരുന്നു. അന്ന് അവിടെ ഈ തിളക്കവും വര്‍ണ്ണശബളിമയും ഒന്നും ഉണ്ടായിരുന്നില്ല. പകരം ചരിത്രത്തോടു പ്രതികാരം ചെയ്യുവാനായിട്ടുള്ള പോര്‍വിളിയാല്‍ അന്തരീക്ഷം മുഖരിതമായിരുന്നു. ഇതിന്റെ എല്ലാം നടുവില്‍ ചരിത്രത്തില്‍ മുങ്ങി ഭയചകിതമായി ഒരു കെട്ടിടവും നിലകൊണ്ടിരുന്നു. അതൊരു മസ്ജിദ് ആയിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള(1528) ബാബറി മസ്ജിദ്. ഇവിടെ ആണ് ഇപ്പോള്‍ രാമക്ഷേത്രം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇവിടെ ഒരു രാമക്ഷേത്രം ഉണ്ടായിരുന്നെന്നും അത് ഇടിച്ചുനിരത്തി അതിന്റെ സ്ഥാനത്താണ് മുഗള്‍ഭരണത്തിന്റെ സ്ഥാപകനായ ബാബര്‍ മസ്ജിദ് പണിതതെന്നും ആണ് ഹിന്ദു പക്ഷത്തിന്റെ വാദം. മുസ്ലീംപക്ഷം ഇതിനെ നിരാകരിച്ചു. ഒടുവില്‍ സംഘപരിവാറിന്റെ സാംസ്‌ക്കാരിക ദേശീയതയുടെ പേരില്‍ നടത്തിയ സോമനാഥ ക്ഷേത്രത്തില്‍ നിന്നും ലാല്‍ കിഷന്‍ അദ്വാനിയുടെ രഥയാത്രയുടെ ഒടുവില്‍ മസ്ജിദ് പൊളിച്ചുകളയുകയായിരുന്നു. ്അവിടെ ഒരു ക്ഷേത്രം നിന്നതിന്റെ തെളിവായി ഒന്നും ഇല്ലെന്ന് പുരാവസ്തു ഗവേഷക വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് സുപ്രീംകോടതി അതിന്റെ വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഏതായാലും മന്ദിരം പൊളിച്ചു. ക്ഷേത്രം അവിടെ പണിതു. മസ്ജിദിന്റെ നടുവിലത്തെ താഴികക്കുടത്തില്‍ കരസേവകര്‍ കയറുന്നതും അതില്‍ ആദ്യത്തെ ഇരുമ്പുദണ്ഡ് പതിക്കുന്ന ശബ്ദവും ഞാന്‍ കേട്ടതാണ്. മാനസ ഭവന്റെ മുകളില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിരുന്ന ഇടത്തു നിന്നു കൊണ്ട്. ജനുവരി 22-ന് ക്ഷേത്രപ്രതിഷ്ഠ ചടങ്ങില്‍ വേദമന്ത്രങ്ങളുടെ ഉച്ചാരണം കേള്‍ക്കാമായിരുന്നു ദൃശ്യമാധ്യമത്തിലൂടെ. ഡിസംബര്‍ ആറിന് അന്ന് മസ്ജിദിനു മുന്‍ഭാഗം കലാപകലുഷിതം ആയിരുന്നു. കരസേവകര്‍ മാധ്യമപ്രവര്‍ത്തകരെയും മറ്റും ഓടിച്ചിട്ടു തല്ലുന്നത് കാണാമായിരുന്നു. മസ്ജിദ് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നതും മറ്റും അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പള്ളിപൊളിച്ചു തുടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിന്നു 'ജയ്ശ്രീരാം' എഴുതിയ കാവിയും പുതച്ചുകൊണ്ടാണ് നടന്നു രകഷപ്പെട്ടത്. അതില്‍ ലേഖകനും ഉണ്ടായിരുന്നു.

പള്ളിപൊളിച്ചതിനു നേതൃത്വം നല്‍കിയത് സംഘപരിവാര്‍ ആയിരുന്നു. ഇന്ന് ക്ഷേത്രപ്രതിഷ്ഠക്ക് മുഖ്യകാര്‍മ്മികനായത് പ്രധാനമന്ത്രിയും. അദ്ദേഹം ഒരു മതനിരപേക്ഷ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി ആണ്. അദ്ദേഹം അതായത് യാദൃശ്ചികം അല്ലായിരുന്നു. പള്ളിതകര്‍ക്കലിലൂടെയും ക്ഷേത്രനിര്‍മ്മാണത്തിലൂടെയും ഭൂരിപക്ഷ മതപ്രീണനയും ധ്രൂവീകരണവും നടത്തിയിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യം ആണ്. ഇന്‍ഡ്യ എന്ന ഭാരതം അങ്ങനെ മതേതര രാഷ്ട്രത്തില്‍ നിന്നും മതരാഷ്ട്രത്തിലേക്ക്-ഹിന്ദുരാഷ്ട്രം-മാറുകയാണോ? ഒരു യഥാര്‍ത്ഥ ഭക്തന് ജനുവരി 22 വലിയ ഒരു ആഗ്രഹസഫലീകരണത്തിന്റെ ദിനം ആയിരുന്നു. അവരുടെ ചിരകാല സ്വപ്‌നമായ രാമക്ഷേത്രം അയോദ്ധ്യയില്‍ രാമജന്മഭൂമിയില്‍ ഉയര്‍ന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പരിപൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിലൂടെ അത് പൂര്‍ണ്ണമാകും. രാമവിഗ്രഹപ്രതിഷ്ഠ അതിന്റെ മതാചാരപ്രകാരമാണ് നടത്തിയത്. ശ്രീകോവിലില്‍ ശങ്കരാചാര്യന്മാര്‍ക്കും യോഗിവര്യന്മാര്‍ക്കും ഒപ്പം പ്രധാനമന്ത്രി മോദി ഉണ്ടായിരുന്നു. രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രാണ്‍ പ്രതിഷ്ഠകര്‍മ്മം ഇന്‍ഡ്യയുടെ മതേതരജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ പുതിയ ഏട് തുറന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യം ഒരു ദിവ്യാധിപത്യ സ്റ്റേറ്റായി മാറുകയാണ്. ഈ സംഭവബഹുലമായ നിമിഷം ഇന്‍ഡ്യയെ ചരിത്രത്തില്‍ പിറകോട്ടു നയിച്ചെന്നും വീക്ഷിക്കുന്നവര്‍ ഉണ്ട്. ഭാവിചരിത്രകാരന്മാര്‍ക്കു മാത്രമെ യഥാര്‍ത്ഥസ്ഥിതി മനസിലാവുകയുള്ളൂ. സമാധാനവും സഹാനുഭൂതിയും സഹവര്‍ത്തിത്വവും ആണ് ഓരോ ആരാധനാലയങ്ങളും അതിലെ പ്രതിഷ്ഠയും നല്‍കുന്ന സന്ദേശം. ഈ ഭീമാകാരനായ ക്ഷേത്രവും അതു തന്നെ നല്‍കട്ടെ. രക്തരൂക്ഷിതമായ അതിന്റെ ചരിത്രം അതിനെ പിന്തുടരാതിരിക്കട്ടെ. അയോദ്ധ്യ ഇനി ഒരിക്കലും വെടിയൊച്ച കൊണ്ടോ കലാപം കൊണ്ടോ മുഖരിതം ആവുകയില്ലെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ശ്രീരാമന്‍ അഗ്നി അല്ല, ഊര്‍ജ്ജം ആണെന്നാണ് മോദി വെളിപ്പെടുത്തിയത്. അയോദ്ധ്യ ഭരിച്ചിരുന്ന രാമന്റെ വേദപ്രമാണം ആലോക പുരോഗതിയും നിര്‍ബ്ബന്ധിത ജനാധിപത്യവും ആയിരുന്നുവെന്നാണ് തുളസിദാസിനെയും, സിസ്റ്റര്‍ നിവേദിതയെയും മഹാത്മാഗാന്ധിയെയും ഉദ്ധരിച്ചുകൊണ്ട് ആര്‍.എസ്.എസ്. മുഖ്യന്‍ മോഹന്‍ ഭഗവത് പറഞ്ഞത്.

രാമക്ഷേത്രത്തിന് നിയമപരമായ സകല സാധുതയും ഉണ്ടെങ്കിലും അതിലേക്ക് എത്തുവാന്‍ സംഘപരിവാര്‍ സ്വീകരിച്ച വഴികള്‍ വളരെ സങ്കീര്‍ണ്ണം ആയിരുന്നു. പള്ളിയുടെ തകര്‍ച്ച ഭരണഘടനയുടെ തകര്‍ച്ചക്ക് തുല്യമായിരുന്നു. മൂന്ന് ഭരണാധികാരികള്‍ അതു കയ്യുംകെട്ടി നോക്കിനിന്നു-പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍. രാമന്‍ ഇതെല്ലാം ആഗ്രഹിച്ചിരുന്നോ? അംഗീകരിക്കുമായിരുന്നോ? 1949, ഡിസംബര്‍ 22-23 അര്‍ദ്ധരാത്രിയില്‍ 'രാംലല്ല' ഒരു ഗൂഢാലോചനയുടെ ഭാഗമായി ഫൈസബാദിലെ ജില്ലാധികാരികളുടെ ഒത്താശയോടെ മസ്ജിദില്‍ ഒളിച്ചുകടത്തിയതുള്‍പ്പെടെ. അയോദ്ധ്യ ഇന്ന് ആകെപ്പാടെ മാറിയിരിക്കുന്നു. റോഡുകള്‍ രാജവീഥികളായി. പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളുടെ സ്ഥാനത്ത് രാജകീയ മന്ദിരങ്ങള്‍ ഉയര്‍ന്നു. പ്രതിഷ്ഠക്ക് മുന്നോടിയായി മോദി തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാം രാമനുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പൂജനടത്തി. അയോദ്ധ്യയിലെ രാമമന്ദിരം മോദിക്കും പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. വടക്ക് ഹിന്ദി ഹൃദയഭൂമിയില്‍ തീര്‍ച്ചയായും ദക്ഷിണേന്ത്യയില്‍ വിരളമായും. പക്ഷേ, രാമക്ഷേത്രം മുസ്ലീങ്ങളുടെ ഹൃദയത്തിറ്റ മുറിവ് ഉണക്കുമോ? മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുമോ? ക്ഷേത്രാനുകൂലികള്‍ ഇതിനെ സര്‍വ്വദാസ്വാഗതം ചെയ്തപ്പോള്‍ മതേതരവാദികള്‍ ഇത് അപകടകരമായ ഒരു പതനമായിട്ടാണ് വിശേഷിപ്പിച്ചത്. അയോദ്ധ്യ ആരുടെയും വിജയം അല്ല. അത് ഭരണഘടനയുടെ പരാജയം ആണ്. അവിടെ ഭൂതവും ഭാവിയും തമ്മില്‍ ഏറ്റുമുട്ടി. ഭയവും പ്രതീക്ഷയും തമ്മില്‍ അടരാടി. സുപ്രീം കോടതി അയോദ്ധ്യയിലെ ഭൂമിതര്‍ക്ക കേസില്‍ പള്ളിതകര്‍ത്ത് ഗൗരവമായ ഒരു നിയമലംഘനമാണെന്നു വിധിച്ചു. പക്ഷേ, കേസ് ഹിന്ദുപക്ഷത്തിന് അനുകൂലമായി വിധിച്ചു. വിധിയെഴുതിയ 5 ജഡ്ജിമാരെയും ക്ഷേത്രപ്രതിഷ്ഠക്ക് ക്ഷണിച്ചിരുന്നു. ഒരാള്‍ പങ്കെടുക്കുകയും ചെയ്തു. ഇതില്‍ നിന്നൊക്കെ ജനങ്ങള്‍ എന്താണ് മനസിലാക്കേണ്ടത് ? അയോദ്ധ്യക്കുശേഷം ഉയര്‍ന്നുവരുന്ന കാശി, വൃന്ദാവന്‍ തര്‍ക്കങ്ങള്‍ അപകടകരങ്ങളായ സൂചികകള്‍ ആണ്. അയോദ്ധ്യയിലെ രാമക്ഷേത്രം വിജയദിവസമായി കാണരുതെന്നാണ് മോദി പറഞ്ഞത്. പകരം അത് വിനയത്തിന്റെ ദിവസം ആയിരിക്കണം. പക്ഷേ, ഇത് അദ്ദേഹം 'സിയാവര്‍ രാമചന്ദ്ര കീ' എന്നു പറഞ്ഞപ്പോള്‍ 'ജയ്' എന്ന് ഏറ്റു വിളിച്ച രാമഭക്തര്‍ അനുസരിക്കുമോ? 'രാം തര്‍ക്കം അല്ല, പരിഹാരം ആണ്' എന്നും മോദി പറഞ്ഞു. അത് മോദി തന്നെ പറഞ്ഞു ഭൂതകാല അടിമത്വ മനസ്ഥിതിയില്‍ നിന്നുമുള്ള മോചനം ആണ് രാമക്ഷേത്രം പ്രതിഷ്ഠയുടെ നിമിഷം. ഇതില്‍ നിന്നും ഉത്തേജനം സ്വീകരിച്ചായിരിക്കുമോ അദ്ദേഹത്തിന്റെ അനുയായികള്‍ കാശിയിലേക്കും വൃന്ദാവനിലേക്കും പോവുക? ഇതില്‍നിന്നും കിട്ടിയ പ്രചോദനത്തിലാണോ മദ്ധ്യപ്രദേശില്‍ ക്രിസത്യന്‍ ദേവാലയങ്ങള്‍ക്കു മുകളില്‍ പ്രതിഷ്ഠാദിനം കാവിക്കൊടി നാട്ടിയത് ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക