അക്ഷരം നിറഞ്ഞഴകാക്കാൻ
ചിന്തോദ്ദീപകമൊരു
പുറം ചട്ട ....
ഒരു ക്ലോക്കിൽ
എല്ലാ സൂചികളും
പന്ത്രണ്ടാമക്കത്തിൽ
നിശ്ചലമായി നിൽക്കുന്നു
പെൻഡുലത്തിൽ തൂങ്ങിയ
ഒരു തത്ത
ചിലക്കാനാവാതെ
പ്രാണൻ വെടിഞ്ഞങ്ങനെ.
കവർ ചിത്രത്തിനു താഴെ
കവിതയെന്നോ
കഥയെന്നോ
മറ്റെന്തെങ്കിലുമെന്നോ
എഴുതിയട്ടില്ലയൊന്നും.
പുസ്തകം പ്രകാശനം
ചെയ്ത ജില്ലാ നേതാവ്
പറഞ്ഞതിങ്ങനെ:
ക്ലോക്ക് എന്ന ഈ പുസ്തകം
സാമൂഹ്യ ജീവിതത്തിൻ്റെ
പരിച്ഛേദമാണ്.
പുസ്തകം സ്വീകരിച്ചു കൊണ്ട്
സ്ഥലത്തെ പ്രധാന കവി
പറഞ്ഞതിങ്ങനെ:
മറിക്കുവാനാവുന്നില്ല
മരിക്കാത്തയീത്താളുകൾ.
ജനനം മുതൽ മരണം വരെ
ജീവിതം സംഘർഷം ചെയ്യുന്നു....
'ചിന്താശൂന്യമായ
സമൂഹത്തെ
കല്പ്പിക്കുന്നതാണോ
ശൂന്യ അകത്താളുകൾ..."
മൈക്ക് ഓപ്പറേറ്റർ
സത്യനാഥൻ്റ കമൻ്റ്.
നന്ദി പറഞ്ഞ കവി
ഇങ്ങനെ പൊയറ്റിക്കായി.
സ്നേഹ സ്മേര
ഹിമംചൂടി
ഈ സായാഹ്നത്തിൽ
എൻ്റെ
പുതുകൃതിയുടെ
പുറംചട്ട
പ്രകാശിതമാക്കിയ
നഗരമേ ..നന്ദി ..
പതറ്റിക്കായി
കണ്ണടച്ചു നഗരവും...