Image

വഴികൾ നിശ്ചയം ( കഥ : രമണി അമ്മാൾ )

Published on 03 February, 2024
വഴികൾ നിശ്ചയം ( കഥ : രമണി അമ്മാൾ )

സർക്കാരുദ്യോഗസ്ഥനായ കമലേഷിനു
വീട്ടുകാർ പെണ്ണന്വേഷിച്ചു നടക്കാൻ തുടങ്ങീട്ടു കാലം കുറേയായി..
ദല്ലാളന്മാരുവഴിയും,
മാട്രിമോണിയൽ വഴിയും പെണ്ണന്വേഷണം ഇപ്പോഴും ത്വരിതം..
പെൺകുട്ടിയുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാവും ഓരോ യാത്രയും.. പക്ഷേ നേരിൽ ആ കുട്ടിയെക്കണ്ടാൽ കമലേഷിനു പിടിക്കാറില്ല.
"വിവാഹമെന്നത് ജീവിതത്തിൽ ഒരുവട്ടം മാത്രം സംഭവിക്കുന്ന
ഒന്നാണ്.. എനിക്ക്, എന്റെ മനസ്സിനിണങ്ങിയ പെൺകുട്ടിയെത്തന്നെ കിട്ടണം..."
കമലേഷിന്റെ ന്യായം..

എം.ജി. യൂണിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്ന സത്യദാസിന്റെ മകൾ രോഹിണിയുടെ ആലോചന ദല്ലാൾവഴി വന്നതാണ്.
ഫോട്ടോയിൽ കാണാൻ സുന്ദരി, ജാതകവും ചേരും..  
പെൺകുട്ടിയെ നേരിൽക്കണ്ടു.. ഇഷ്ടമായി.
രണ്ടു പെൺകുട്ടികളിൽ
മൂത്ത കുട്ടിയാണ് രോഹിണി..
അനിയത്തി രേവതി...
രണ്ടും ജന്മനക്ഷത്ര പേരുകാർ..
രോഹിണിയേക്കാളും സുന്ദരിയായിരുന്നു,അനിയത്തിക്കുട്ടി.  
"ഇവളെ  കിട്ടിയിരുന്നെങ്കിൽ..!"
ആഗ്രഹം കമലേഷ് ദല്ലാളിനോടു കുശുകുശുത്തു.
"അതു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാ.. 
ചേച്ചിയെ ചോദിച്ചുവന്ന ആളിന്
അനിയത്തിയെ കൊടുക്കുമോ..?
ആ മോഹം നടപ്പുളളതല്ല." 
രോഹിണിയെ കെട്ടുകതന്നെ...!
കണ്ണെത്തും ദൂരത്ത് അനിയത്തിയുണ്ടാവുമല്ലോ..
കമലേഷും രോഹിണിയുമായുളള
കല്യാണം  നടന്നു..
ആദ്യരാത്രിയിൽ ഭാര്യയോട് ഭർത്താവ് ആദ്യം പറഞ്ഞ വാക്ക്..
"നിന്നെയല്ല,
നിന്റെ അനിയത്തിയെ
ആയിരുന്നു ഞാൻ ആഗ്രഹിച്ചത്..
വിധച്ചത് നിന്നെയും.."
രോഹിണി അമ്പരപ്പോടെ
കമലേഷിനെ നോക്കി..
"ചുമ്മാ..., ഞാനൊരു തമാശ പറഞ്ഞതാണെടോ.."
ആസ്വദിക്കാൻ പറ്റിയ തമാശ...!.
പുതിയ ജീവിതം, പുതിയ ചുറ്റുപാട്...
നല്ലവിരുന്നിനു  വീട്ടിൽ ചെന്നപ്പോൾ രേവതിയുടെ നേരെ
പാളിവീഴുന്ന കമലേഷിന്റെ നോട്ടങ്ങൾ രോഹിണി ശ്രദ്ധിച്ചു..
അവളോടു സംസാരിക്കാൻ എന്തൊരു താല്പര്യം.. അടുത്തറിയാവുന്നവരെപ്പോലെ
തമാശകൾ പറയുന്നു, ചിരിക്കുന്നു....!

അമ്മയുടെ മരണശേഷം രോഹിണിയായിരുന്നു കുടുംബ നാഥ ...
കല്യാണം നടന്നാൽ അച്ഛനും അനിയത്തിയും
ഒറ്റയ്ക്ക്. 
രണ്ടുവീടുകളും തമ്മിൽ വലിയ ദൂരമില്ലാതിരുന്നതു ഭാഗ്യമായി...
തോന്നുമ്പോഴൊക്കെ വീട്ടിൽ വന്നുപോകാൻ
തന്നേക്കാൾ താല്പര്യം കമലേഷിനായിരുന്നു..
അച്ഛനോടും അനിയത്തിയോടും
എന്തു  സ്നേഹവും കരുതലുമാണ് അദ്ദേഹത്തിന്..
രേവതിക്കും സ്വന്തം ചേട്ടനായിരുന്നു
കമലേഷ്.
ചേച്ചിയെ കൂടാതെ 
അടിക്കടി വീട്ടിലേക്കുളള ചേട്ടന്റെ വരവ്..
"ഇതുവഴി കടന്നു പോയപ്പോൾ കേറിയതാണ്...."
"ഇന്ന്  ഫീൽഡുവർക്കായിരുന്നു, കുറച്ചു നേരത്തെയിറങ്ങി,
ഇങ്ങോട്ടു പോന്നു..."
അച്ഛനെ വിളിച്ചിട്ടു ഫോണെടുക്കുന്നുണ്ടായില്ല, എന്താന്നറിയാൻ..."
വീട്ടിലേക്കു വരാനുളള
കാരണങ്ങൾ...!
അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയമാണെങ്കിൽ, 
ചായയിടണം, കഴിക്കാനെടുക്കണം..
തൊട്ടരികെ നിന്നാവും സംസാരം..
ദേഹം ഉഴിയുന്ന രീതിയിലുളള നോട്ടവും...!
"നിന്റെ ചേച്ചിയെ കാണുന്നതിനുമുൻപ്
നിന്നെ കണ്ടിരുന്നെങ്കിൽ, എത്ര കാത്തിരിക്കേണ്ടിവന്നാലും നീയെന്റെ ഭാര്യയായേനേ...
ഇപ്പൊഴും എനിക്കു നിന്നെയാണിഷ്ടം..
നിന്നെക്കാണാൻ
വേണ്ടി മാത്രമാണ് ഞാനിവിടെ കാരണങ്ങളുണ്ടാക്കി വരുന്നത്.."
കമലേഷിന്റെ വായിൽനിന്നു വിസർജ്ജിക്കുന്ന വാക്കുകൾ രേവതിയെ
ഭയപ്പെടുത്തി... അച്ഛനോടോ ചേച്ചിയോടോ താൻ പറയുമെന്ന തോന്നലു പോലും ഇയാൾക്കില്ല..!
രേവതി കമലേഷിൽ നിന്നും കഴിയുന്നത്ര
അകന്നു നടന്നു..
അയാൾ വീട്ടിലേക്കു
വരുമ്പോൾ മുറിക്കു പുറത്തിറങ്ങാതായി..
അച്ഛൻ  വിളിക്കുമ്പോൾ
അയാളിരിക്കുന്നിടത്തേക്കു നോക്കാതെ
അച്ഛനോടുമാത്രം സംസാരിച്ചു..

അച്ഛൻ വീട്ടിൽ ഇല്ലെന്നു മനസ്സിലാക്കിയിട്ടു
തന്നെയാവും അന്ന്, അയാൾ തന്റെ മുറിയിലേക്കു കടന്നുവന്നതും നെഞ്ചോടു വലിച്ചടുപ്പിക്കാൻ ശ്രമിച്ചതും..!

"രേവതിയുടെ കോഴ്സു കഴിഞ്ഞു..ഇനി അവളേംകൂടി 
ആരുടെയെങ്കിലും
കയ്യിലേല്പിച്ചാൽ എനിക്കു സമാധാനമായി.
നല്ല ആലോചനകൾ ഒന്നുരണ്ടെണ്ണം വന്നിട്ടുണ്ട്...  അവരെക്കുറിച്ച് മോനൊന്ന് വിശദമായി അന്വേഷിക്കണം.. വിവരങ്ങൾ ഞാൻ മെസ്സേജു ചെയ്യാം..
ഭാര്യയും ഭർത്താവുംകൂടി ഒരുമിച്ചാണ് അന്നു വന്നത്.. അന്തിമയക്കത്തിനു വന്നതുകൊണ്ട്
ഇന്ന് പോകലുണ്ടാവില്ല.

രേവതി എന്തോ വായിച്ചുകൊണ്ട് മുറിയിൽത്തന്നെയിരുന്നു.....തന്നെക്കാണുമ്പോഴുളള പതിവു സന്തോഷം അവളുടെ മുഖത്തില്ല.. 
"എന്താമോളെ..നിനക്കു സുഖമില്ലേ..." 
"ഏയ്...കുഴപ്പമൊന്നുമില്ല ചേച്ചീ...
ചേട്ടൻ മിക്കദിവസങ്ങളിലും ഓഫീസിലേക്കു പോകുന്ന വഴിയോ വരുന്നവഴിയോ  ഇവിടെ കയറാറുണ്ടല്ലോ...."

എന്തോ പറയാനുള്ള തുടക്കം...
പിന്നെ ,നിങ്ങളിവിടെ തനിച്ചല്ലേ.. "

"രേവതിക്കു വരുന്ന കല്യാണാലോചനകളെല്ലാം  കാരണമില്ലാതെ മുടങ്ങുകയാണ്. 
പെണ്ണിനെക്കണ്ട്, ഇഷ്ടപ്പെട്ടുപോകുന്നവർ ആ വഴിക്കങ്ങു
പോകും.
പിന്നെ അവരുടെ ഒരു വിവരവുമില്ല..
ഫോണിലൂടെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ
ഫോൺ കട്ടാക്കുന്നു..
ഞാൻ പറഞ്ഞ പയ്യനെക്കുറിച്ച് മോൻ അന്വേഷിച്ചോ....
അവരും ഇതുവരെ ഒന്നു പറഞ്ഞില്ല.."

മകളുടെ കല്യാണം വൈകുന്നതിൽ അച്ഛനുസങ്കടമുണ്ട്..

"ഇതിനുപിന്നിൽ ആരുടെയോ കളളക്കളികളുണ്ട്.
അല്ലെങ്കിൽ പെണ്ണിനെ കണ്ടിട്ടുപോകുന്ന ഒരാളെങ്കിലും വിളിക്കുമായിരുന്നു..."

തന്റെ ഭർത്താവിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടാവുമോ.. അന്വേഷണങ്ങൾക്ക് അച്ഛനേല്പിച്ചത് മരുമകനെയാണല്ലോ..
കളളൻ കപ്പലിൽത്തന്നെയോ.സംശയിക്കേണ്ടിയിരിക്കുന്നു..

"രേവതിക്കു
വരുന്ന കല്യാണാലോചനകൾ
ആരോ കരുതിക്കൂട്ടി മുടക്കുന്നതുപോലുണ്ട്.."
രോഹിണി മെല്ലെ വിഷയം എടുത്തിട്ടു.. 
"ഏയ് ...ആരു മുടക്കാനാ..എന്തുകാര്യത്തിന്..."
"എന്നാൽ അങ്ങനെയൊരാളുണ്ട്.. അവളെ ഭാര്യയായി കിട്ടാൻ മോഹിച്ച, ഇപ്പൊഴും മോഹിക്കുന്ന ഒരാൾ...!"
"അതാരാ...ആങ്ങനെയൊരാൾ..?"
"നിങ്ങൾതന്നെ..."
അവൾ, എല്ലാം 
എന്നോടു പറഞ്ഞു...
എന്റെ അനിയത്തി നിങ്ങളുടെയും അനിയത്തിയല്ലായിരുന്നോ മനുഷ്യാ..." 

തന്റെ കളളക്കളികൾ വെളിച്ചത്തായിരിക്കുന്നു..രക്ഷപ്പെടാനുളള പഴുതുകളടച്ചുളള ചോദ്യംചെയ്യൽ...
കുറ്റം സമ്മതിച്ചു കീഴടങ്ങുകയേ രക്ഷയുളളു..

"അത്...ഞാൻ...ഒന്നും വേണമെന്നു വിചാരിച്ചല്ല...പറ്റിപ്പോയതാണ്.."

"ഒരു ചേട്ടന്റെയും മകന്റെയും സ്ഥാനമാണ് തനിക്കവർ തന്നത്...
ബന്ധങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവൻ..
ഇനി തന്നോടൊത്തുള്ള
ജീവിതം എനിക്കും അസാദ്ധ്യം....
ഞാനിപ്പോൾ, ഈ നിമിഷം ഇവിടുന്നിറങ്ങുന്നു.. ബാക്കി വഴിയേ അറിയിക്കാം.."

തയ്യാറാക്കി വച്ചിരുന്ന തന്റെതായ ജംഗമ സാധനങ്ങളടങ്ങുന്ന
പെട്ടികളുമെടുത്ത് അവൾ പുറത്തേക്കിറങ്ങി..

നടയിൽ വിളിച്ചിട്ടെന്നപോലെ വന്നു നിന്ന ഓട്ടോയിൽ  കയറി...

എവിടേക്കെന്നു പറഞ്ഞില്ലെങ്കിലും, വഴി നിശ്ചയമുളളതുപോലെ, ലക്ഷ്യം അറിവുളളതുപോലെ,ഓട്ടോ സാവധാനം മുന്നോട്ടു നീങ്ങി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക