Image

ചെളിയിൽ നിന്നു ചെന്താമര, വിനു ഡാനിയൽ ടൈമിന്റെ നൂറിലൊരുവൻ (കുര്യൻ പാമ്പാടി)

Published on 05 February, 2024
ചെളിയിൽ നിന്നു ചെന്താമര, വിനു ഡാനിയൽ ടൈമിന്റെ നൂറിലൊരുവൻ (കുര്യൻ പാമ്പാടി)

പാലായ്ക്കടുത്ത് പ്രവിത്താനം  അളനാട്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത്  'ചിരാത്' എന്നൊരു പാർപ്പിടം കണ്ടു നടക്കുമ്പോൾ തൊട്ടടുത്തു രാമപുരത്തെ നാലമ്പലങ്ങളിൽ ദർശനം നടത്തിയ നിർവൃതി. പ്രപഞ്ചത്തിന്റെ വർണവൈവിധ്യം സാക്ഷാൽക്കരിക്കുന്ന ആകാശ മേടയുടെ  ഓരോ മുക്കും മൂലയും നമ്മെ ഊഞാലിലാറാടിക്കും.

ചെളിയിൽ നിന്നുയർന്ന വാസ്തുശില്പി വിനു  ഡാനിയൽ

ഒരേ ഗ്രാമത്തിൽ അഞ്ചു കിമീ ചുറ്റളവിനുള്ളിൽ ശ്രീരാമനെയും ലക്ഷ്മണനെയും ഭരതനെയും ശത്രുഘ്നനെയും പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ വലംവച്ചു കഴിഞ്ഞപ്പോൾ ദ്വാരകയിൽ ശ്രീകൃഷ്ണ രാജധാനിയിലേക്കു ഒരു കിഴി അവലുമായിപ്പോയ  കുചേലനാണല്ലോ ഞാനെന്നു  സ്വയം നിരൂപിച്ചു കണ്ണു നിറഞ്ഞു.  "എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരകണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു!" (കുചേലവൃത്തം, രാമപുരത്തു വാര്യർ) 

പാലായിലെ മോഡേൺ മന ചിരാത്-ബിനു, നാരായണൻ, തേജസ്

കുറുപ്പക്കാട്ടില്ലത്ത് പഴമയും പുതുമയും ഇടകലർത്തി ചിരാത് (മൺവിളക്ക്)എന്നൊരു മോഡേൺ മന പണിയാൻ നിശ്ചയിച്ചപ്പോൾ രാമാനുജൻ ആകെ ആവശ്യപ്പെട്ടത് പഴയ മനകളിൽ നിന്ന് വ്യത്ര്യസ്തമായി എല്ലാ മുറികളിലും  നല്ല വെളിച്ചം ഉണ്ടായിരിക്കണമെന്നാണ്. വാൾമേക്കേഴ്‌സ് വാസ്തുശില്പി വിനു ഒരു തളികയിൽ സമ്മാനിച്ചതു പുതിയൊരു സൂര്യ ഗായത്രി മന.

മലയോരത്ത് മഴകുറവാണെന്നതിനാൽ 35,000 ലിറ്റർ മഴവെള്ളം സംഭരിക്കാവുന്ന ഒരു കുളം നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. കുഴിച്ചെടുത്ത മണ്ണും കല്ലും പൊട്ടും പൊടിയും കളയാതെ ഭിത്തികൾ മെനയാൻ ഉപയോഗിച്ചു. ത്രികോണാകൃതിയുള്ള കുളത്തിനു മുകളിൽ സ്വീകരണ മുറി ഒരുക്കി.

ടൈമിന്റെ 2023ലെ 100 താരങ്ങളിൽ ഒരാൾ; ലണ്ടൻ പുരസ്കാരം

ഉമ്മറം, വടക്കിനി, തെക്കിനി തുടങ്ങിയ വാസ്തുവിദ്യാ സങ്കൽപ്പങ്ങളെല്ലാം സന്നിവേശിപ്പിച്ച് ഉയർത്തിയ 1800 ച. അടി ഫ്ലോറിനു ചുറ്റും പഴയ ഓടുകൊണ്ടുള്ള ജാളികൾ. ഫെറോസിമന്റ് ഷെല്ലുകൾ കോർത്തിണക്കിയ റൂഫ്. ചോരാതിരിക്കാൻ മുകളിൽ പോളികാര്ബണേറ്റ് ഷീറ്റുകൾ.

ആകാശത്തിന്‌ നിന്ന് നോക്കിയാൽ ചിറകു വിരിച്ച് പറക്കുന്ന ഭീമൻ  അരയന്നതിന്റെ  രൂപം. ചെലവ് 38 ലക്ഷം.  നിഷ ബാങ്കിലായതിനാൽ പണത്തിനു മുട്ടില്ലല്ലോ എന്ന് രാമാനുജനോട് ഞാൻ അടക്കം പറഞ്ഞു. പക്ഷെ ഇതിനേക്കാൾ പണംമുടക്കുള്ള മോഡേൺ മനകൾ  മലബാറിൽ കണ്ടിട്ടുണ്ടെന്ന് രാമാനുജൻ.

മനോരമയിൽ ഭാഷാപോഷിണി പത്രാധിപസമിതി അംഗമായ രാമാനുജൻ കോട്ടയത്ത് സൗത്തിന്ത്യൻ ബാങ്ക് സീനിയർ മാനേജരായ നിഷയുമൊത്തു എന്നും രാവിലെ ഡ്രൈവ് ചെയ്തു പോകും. മടങ്ങിയെത്തുമ്പോൾ രാത്രിയാകും. പുതിയ വീട്ടിൽ കൊതിതീരാതെ ചെലവഴിക്കാൻ  സമയം കിട്ടുന്നില്ല..

പീരുമേട്ടിലെ ദി ലെഡ്‌ജിന്‌ മുമ്പിൽ ശീതളുമായി അഭിമുഖം

ഞങ്ങൾ എത്തുമ്പോൾ മകൻ തേജസ് മാത്രമേ അവിടുള്ളൂ. ബിഹാറിലെ ഗയയിൽ എംഎസ്‌ ഡബ്ലിയു കഴിഞ്ഞു മടങ്ങി വന്നതേയുള്ളു. കൂട്ടിനു ടിബറ്റിലെ ഷിറ്റ്സു  ഇനത്തിൽ പെട്ട ഒരു നായ്ക്കുട്ടിയും. ചുറ്റിനും വാലാട്ടി കൂണുങ്ങി നടന്നതല്ലാതെ കുരയ്ക്കുക പോലും ചെയ്തില്ല ആ ഓമന.    

ദുബൈയിൽ ജനിച്ചു പതിനേഴാമത്തെ വയസിൽ മാവേലിക്കരയിൽ മടങ്ങി വന്ന ശില്പി വിനു ഡാനിയൽ  തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് 2005ൽ ആർക്കിടെക്ച്ചറിൽ ബിരുദം നേടി. പോണ്ടിച്ചേരി ആരോവില്ലിലെ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സുനാമിബാധിതർക്കായി യുഎൻഡിപി പാർപ്പിടങ്ങൾ പണിതുകൊണ്ടായിരുന്നു തുടക്കം. കോളേജിൽ പഠിക്കുന്ന കാലത്ത് വാസ്തുശിൽപ്പി ലോറി ബേക്കറിന്റെ ആരാധകനായി.

പിറൗട്ട് ഹൗസിന്റെ പിരിവുകൾ

ഭൂമിയും മണ്ണുമായുള്ള ആത്മബന്ധത്തിന്റെ തുടക്കം അങ്ങിനെ. വീടുകൾക്കു പകരം മണ്ണുകൊണ്ടുള്ള ഭിത്തിയാണ് നാട്ടിൽ ആദ്യം നിർമ്മിച്ചത്. അങ്ങിനെ വാൾമേക്കേഴ്‌സ് എന്ന പേര് ഇരിപ്പതായി. മണ്ണും ചെളിയും ഉപയോഗമില്ലാത്ത കളയുന്ന കല്ലും തടിയും കമ്പിക്കഷണങ്ങളും കുപ്പികളും എന്നുവേണ്ട പ്ലാസ്റ്റിക് ബോട്ടിലുകളും ഉപേക്ഷിച്ച ടയറുകളും വരെ നിർമ്മിതിക്ക് ഉപയോഗിച്ച്‌ വ്യത്യസ്തനായ ഒരു വാസ്തുശില്പിയായി ലോകമെങ്ങും പേരെടുത്തു.

നാല്പത്തൊന്നു വയസിനിടയിൽ നിരവധി അംഗീകാരങ്ങൾ. പുരസ്ക്കാരങ്ങൾ. കാനഡയിലെ വാൻകൂവറിൽ നടന്ന ടെഡ്  (ടെക്‌നോളജി, എന്റർടൈൻമെന്റ്, ഡിസൈൻ) കോൺഫറൻസിൽ പ്രഭാഷണത്തിന് ക്ഷണം. ബിൽഗേറ്സും എലോൺ മാസ്കും പ്രസംഗിച്ചിട്ടുള്ള വേദിയിൽ  നിറഞ്ഞ കരഘോഷം നേടി.

നിസർഗ: പാട്ടുകാരുടെ വീട്ടിൽ തംബുരു

ലണ്ടൻ റോയൽ അക്കാദമിയിൽ നിന്ന് ബഹുമതി.  ഓട്ടോമ്യൂസിയം കൊണ്ട് പ്രസിദ്ധമായ ജർമനിയിലെ മെലെയിൽ ഡിസൈൻ ദാറ്റ് എഡ്യൂക്കേറ്റസ് മീറ്റിൽ പ്രഭാഷണം, 2023ൽ ടൈം മാഗസിന്റെ 100 ഭാവിതാരങ്ങളുടെ പട്ടികയിൽ സ്ഥാനം. ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച മറ്റു രണ്ടുപേർ ക്രിക്കറ്റ്  താരം ഹർമീൻപ്രീത് കൗർ, ടിബി അതിജീവിത നന്ദിത വെങ്കടേശൻ.

പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് ഭാവിയിലേക്ക് കരുതലോടെ നിർമ്മാണം നടത്തുകയെന്ന മഹനീയ മാതൃകയാണ് വിനുവിന്റേതെന്നു  ന്യൂയോർക്കിലെ മ്യുസിയം ഓഫ് മോഡേൺ ആർട്ടിൽ ആർക്കിടെക്ച്ചർ ക്യൂറേറ്റർ ആയ പാവോല അന്റോനെല്ലി ടൈമിൽ വിലയിരുത്തി. ഒരു ചാക്ക് സിമന്റ് കുറയ്ക്കാനോ  മരമെങ്കിലും രക്ഷപ്പെടുത്താനോ കഴിഞ്ഞാൽ അത് ഭാവിയിലേക്കുള്ള വലിയ കാൽവെപ്പെന്ന  വിനുവിന്റെ സിദ്ധാന്തം അവർ ഉദ്ധരിക്കുന്നു.  

കല്ലും മണ്ണുംകമ്പിയും കൊണ്ടുള്ള വിതാനങ്ങൾ

വിനുവിന്റെ മൺ വിദ്യ ചിക്കാഗോയിലെ അഥീനിയം മ്യുസിയം ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈനിലും ഹോങ്കോങ് യൂണിവേഴ്സിറ്റിയുടെ ആർക്കിടെക്ച്ചർ വകുപ്പിലും ബാങ്കോക്കിലെ ഏഷ്യ റിയൽ എസ്റ്റേറ്റ് സമ്മിറ്റിലും ഷാർജ ആർക്കിടെക്ച്ചറൽ ട്രയനിയേലിലും അലയൊലികൾ സൃഷ് ട്ടിച്ചു.  കർണാടകത്തിലെ സിർസിയിലും പഞ്ചാബിലെ മൊഹാലിയിലും വാൾ മേക്കഴ്‌സിന്റെ ഉത്തുംഗ മന്ദിരങ്ങൾ ഉയർന്നു.

ഇഷ്ടികകൊണ്ടൊരു ആകാശക്കൂടാരം

ജേര്ണലിസ്റ് എന്ന നിലയിൽ വാൾമേക്കഴസിന്റെ കൊച്ചി ആസ്ഥാനത്തേക്ക് (ബെങ്കലൂരുവിലും  ഓഫീസുണ്ട്) ഇമെയിൽ അയച്ചു കാത്തിരുന്നു. രണ്ടാംദിവസവും മറുപടി കിട്ടാതെവന്നപ്പോൾ  ഒരു ക്ലയന്റ് എന്ന നിലയിൽ മറ്റൊന്നു കൂടി തൊടുത്തു. അതാ വരുന്നു  പ്രസ്.വാൾമേക്കേഴ്‌സ്@ ജിമെയിൽ.കോം ഐഡിയിൽ നിന്ന് പാലക്കാട്ടുക്കാരി ആർക്കിടെക്ട് സുപ്രീതയുടെ മറുപടി. 'കുര്യൻജി, ക്ഷമിക്കണം. അദ്ദേഹം വിദേശത്തു നിന്നു ഇന്നലെ വൈകിട്ടു എത്തിയതേ ഉള്ളു. എന്നെ വിളിക്കുക, ഫോൺ നമ്പരും. ഓക്കേ. ജെറ്റ്ലാഗ് കഴിയട്ടെ. കാത്തിരിക്കാം.

മട്ടാഞ്ചേരി കൂനൻകുരിശ് പള്ളിയുടെപുതിയ രൂപം

ഭൂമി നേരിട്ടു കണ്ടു അതിന്റെ  കിടപ്പനുസരിച്ചാണല്ലോ എല്ലാ വാസ്തുശില്പികളും  കെട്ടിടം രൂപകൽപന ചെയ്യുക. മാവേലിക്കരയിൽ അയൽക്കാരനായ ഗൾഫ് സുഹൃത്ത് ജോർജിന് വാരാന്ത്യ  വസതിയൊരുക്കാൻ പീരുമേട്ടിലെത്തിയ വിനു തേയിലത്തോട്ടത്തിലെ കിഴുക്കാംതൂക്കായ സ്ഥലം കണ്ടപ്പോൾ ഭഗ്നാശനായില്ല, പകരം  ആവേശത്തിലായി. മലചെരിവിലേക്കു തള്ളി നിൽക്കുന്ന സ്പടിക മുറികളോടെ കാറ്റാടിക്കഴകൾ അടുക്കി ഒരു വിസ്മയം ഉണ്ടാക്കി-ദി ലെഡ്‌ജ്‌ (ഓരം). റൂഫിൽ പുല്ലു പടർന്നു കയറി ഒരു തികഞ്ഞ ഹരിതഭവനമാകുമെന്നു പ്രവചനം. 

 ഹോങ്കോങ്ങിൽ വാസ്തുശില്പ വിദ്യാർത്ഥികൾക്കൊപ്പം     

അങ്കമാലിയിൽ വീട്ടിലെല്ലാവരും സംഗീതക്കാരായപ്പോൾ അവർക്കിണങ്ങുന്ന 'നിസർഗ' ആര്ട്ട് ഹബ് , തിരുവനന്തപുരം പോത്തൻകോട്ടെ മലമുകളിൽ ഭൂമിക്കടിയിൽ കാർ പോർച്ചോടെ മൂന്നു നില വീട് 'ശിഖര',   മൂവാറ്റുപുഴക്കടുത്ത് വെങ്ങോലയിൽ വലിയൊരു പ്ലാവ്  നിലനിർത്തിക്കൊണ്ടു ജാക്ഫ്രൂട് ഗാർഡൻ ഹൗസ്,  സേവ് പെരിയാർ കമ്മിറ്റിക്കു വേണ്ടി യേശുദാസ് സ്പോൺസർ ചെയ്ത ലക്ഷ്മിക്കുട്ടിയുടെ വീട്, മട്ടാഞ്ചേരിയിൽ ചരിത്രപ്രസിദ്ധമായ കൂനൻകുരിശ് സെന്റ് ജോർജ്  ഓർത്തോഡോക്സ് പള്ളിയുടെ നവീകരിച്ച പതിപ്പ് എന്നിങ്ങനെ.

ശാലിനി സംവിധാനം ചെയ്ത 'എന്നെന്നും' എന്ന ചിത്രം വിനുവിന്റെ 'ചുഴി' എന്ന വീടിനെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചത്. 2024 ലെ ലെക്സസ് ഡിസൈൻ അവാർഡിന്റെ ജൂറിയിൽ വിനു അംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക