Image

പുതിയ ഇര എത്തി; കഴുകന്‍ റസ്റ്ററന്റില്‍ തിരക്കായി 

ദുര്‍ഗ മനോജ് Published on 08 February, 2024
പുതിയ ഇര എത്തി; കഴുകന്‍ റസ്റ്ററന്റില്‍ തിരക്കായി 

ബന്ദിപ്പൂര്‍ വനത്തിലെ കാട്ടാന വയനാട്ടില്‍ ഇറങ്ങിയതും മയക്കുവെടിവെച്ച് തിരികെ ബന്ദിപ്പൂരില്‍ എത്തിച്ചതും വൈകാതെ ആന ചരിഞ്ഞതും വാര്‍ത്തയായിരുന്നല്ലോ. സ്വാഭാവികവനമെന്നാല്‍ പല വിധത്തിലുള്ള ഇരകളെത്തേടുന്ന ജീവികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഭക്ഷ്യശൃംഗലയുടെ ഭാഗമാണ്. സാധാരണ മാനും മുയലും, കാട്ടുപോത്തും കടുവയും കാട്ടുപന്നിയും ആന പുലിയുമൊക്കെ നമ്മള്‍ കാണുമ്പോഴും അധികം ശ്രദ്ധിക്കാത്ത ഒരു കൂട്ടരാണ് കാടുകളിലെ കഴുകന്മാര്‍. 

വെറ്ററിനറി മരുന്നുകള്‍ ധാരാളം കഴിച്ച്, പ്രായമെത്തി ചാവുന്ന കന്നുകാലികളെ ഭക്ഷണമാക്കുന്നതു വഴി ഈ കഴുകന്മാരില്‍ ധാരാളം രോഗങ്ങള്‍ ഉണ്ടാവുകയും അവയില്‍ വംശനാശ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കറണ്ടടിച്ചും വാഹനമിടിച്ചുമൊക്കെ ചാവുന്ന വന്യമൃഗങ്ങളെ കഴുകന്‍മാര്‍ക്കു തിന്നാന്‍ നല്‍കുക എന്ന തീരുമാനത്തില്‍ വനം വകുപ്പ് എത്തിയത്. അതുപ്രകാരമാണ് കര്‍ണാടകയും കേരളവും അത്തരത്തില്‍ അപകടപ്പെടുന്ന മൃഗങ്ങളെ കഴുകന്‍മാര്‍ക്കു സ്വതന്ത്രമായി പറന്നിറങ്ങാവുന്ന കാട്ടിലെ സ്വസ്ഥമായ പ്രദേശത്ത് ഉപേക്ഷിച്ചു തുടങ്ങിയത്. ഇപ്പോള്‍ മയക്കുവെടിവെച്ച് കൊണ്ടുപോയ തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞപ്പോള്‍ കര്‍ണാടക അതിനെ കഴുകന്‍ റസ്റ്ററന്റിലാണ് എത്തിച്ചത്. അതോടെ നൂറുകണക്കിനു കഴുകന്മാരാണ് അവിടേക്കു പറന്നിറങ്ങിയത്. മൂന്നു ദിവസം കൊണ്ടു തന്നെ തണ്ണീര്‍ക്കൊമ്പന്റെ ജഡം വെറും അസ്ഥികൂടം മാത്രമാക്കി മാറ്റിയിട്ടുണ്ടാകും അവ. 

എന്നാല്‍ തണ്ണീര്‍ക്കൊമ്പന്റെ ജഡം അത്തരത്തില്‍ കഴുകന്മാര്‍ക്കു നല്‍കിയതില്‍ കേരളത്തിലെ വനം വകുപ്പിന് അതൃപ്തിയുണ്ട്. കാരണം തണ്ണീര്‍ക്കൊമ്പന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ആനക്ക് ശ്വാസകോശത്തില്‍ ഗുരുതര അണുബാധയും ക്ഷയവും സ്ഥിരീകരിച്ചിരുന്നു. അത്തരത്തില്‍ അണുബാധയുള്ള ജീവിയുടെ ജഡം തിന്നുന്ന ജീവികളിലും ക്ഷയരോഗം വ്യാപിക്കാമെന്നിരിക്കേ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ മുന്‍നിര്‍ത്തിയാണ് കേരളത്തിന്റെ അതൃപ്തി.

എന്തായാലും കാട്ടിലെ കഴുകന്‍ കൂട്ടം ആഹ്ലാദത്തിലാണ്. വയനാട്ടില്‍ നിന്നു പോലും കഴുകന്മാര്‍ ബന്ദിപ്പൂരിലേക്കു പറന്നിറങ്ങി എന്നാണ് മനസ്സിലാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക