Image

ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 09 February, 2024
ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക് (ദുര്‍ഗ മനോജ് )

നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിനു പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. ഈ സംവിധാനം അവതരിപ്പിക്കുന്ന സ്വകാര്യബാങ്കുകളില്‍ ആദ്യത്തെ ബാങ്കുകളിലൊന്നാണ് ഫെഡറല്‍ ബാങ്ക്. നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി (എന്‍സിഎംസി) സംയോജിപ്പിച്ച റുപേ കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡുപയോഗിച്ച് എന്‍സിഎംസി സംവിധാനമുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും ഓഫ്ലൈനായി ഞൊടിയിടയില്‍ പണമടക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫെഡറല്‍ ബാങ്ക് ഒരുക്കിയിരിക്കുന്നത്. കാര്‍ഡ് റീഡറില്‍ ടാപ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ കാര്‍ഡുകളില്‍ നിലവില്‍ രണ്ടായിരം രൂപ വരെ സൂക്ഷിക്കാനും യാത്രാ വേളകളില്‍ ഉപയോഗിക്കാനും കഴിയും.

ഫെഡറല്‍ ബാങ്കിന്റെ റുപേ ഡെബിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് ഇനി അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുഗമമായി യാത്ര ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്തുടനീളം നഗരങ്ങളില്‍ പൊതുഗതാഗത രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന സൗകര്യമാണ് എന്‍സിഎംസി. യാത്രാ സംവിധാനങ്ങളും പൊതുഗതാഗത ശൃംഖലകളും കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുമുള്ള ഏകീകൃത സംവിധാനമാണ് എന്‍സിഎംസി. റുപേയുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ഈ സൗകര്യം അവതരിപ്പിച്ചത് ഇടപാടുകാരുടെ യാത്രകള്‍ കൂടുതല്‍ ലളിതവും അനായാവുമാക്കാന്‍ സഹായിക്കുമെന്ന് ഫെഡറല്‍ ബാങ്ക് എസ് വി പിയും റീട്ടെയില്‍ അസറ്റ്സ് ആന്റ് കാര്‍ഡ്സ് വിഭാഗം കണ്‍ട്രി ഹെഡുമായ ചിത്രഭാനു കെ. ജി. പറഞ്ഞു.

റുപേ ഡെബിറ്റ് കാര്‍ഡുകളില്‍ എന്‍സിഎംസി സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ഐവിആര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ച് കാര്‍ഡിലെ 'കോണ്‍ടാക്ട്ലെസ്സ്' ഫീച്ചര്‍ എനേബിള്‍ ചെയ്യണം. ശേഷം മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ ഡെസ്‌കുമായി ബന്ധപ്പെട്ട് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനും പണം ചേര്‍ക്കാനും കഴിയും. സേവിങ് അക്കൗണ്ടില്‍ നിന്നോ അല്ലെങ്കില്‍ കാര്‍ഡ് ഉപയോഗിച്ചോ മെട്രോ സ്റ്റേഷനുകളില്‍ പണം നേരിട്ട് നല്‍കിയോ കാര്‍ഡില്‍ പണം ചേര്‍ക്കാം. എന്‍സിഎംസി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ വേളകളില്‍ വേറെ ടിക്കറ്റ് എടുക്കേണ്ടതില്ല. സ്റ്റേഷനുകളിലെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലുമുള്ള കാര്‍ഡ് റീഡറില്‍ കാര്‍ഡ് ടാപ് ചെയ്താല്‍ മാത്രം മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക