Image

ആത്മഹത്യ കൊതിച്ചവൻ ( കഥ : പുഷ്പമ്മ ചാണ്ടി )

Published on 09 February, 2024
ആത്മഹത്യ കൊതിച്ചവൻ ( കഥ : പുഷ്പമ്മ ചാണ്ടി )

അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു . എങ്ങനെ എന്നു മാത്രം തീരുമാനിച്ചില്ല .

മൂന്ന് മാർഗ്ഗങ്ങൾ  മനസ്സിലുണ്ട് .
ഒന്ന് കെട്ടിത്തൂങ്ങി , രണ്ടാമത്  ഉറക്കഗുളിക , മൂന്നാമത് , പതുക്കെ , പതുക്കെ കടലിലേക്ക് നടന്നു നീങ്ങുക .
തിരമാല തന്നെ എടുത്തുകൊള്ളും .

മൂന്നിലും ചില കുഴപ്പങ്ങളുണ്ട്. കെട്ടിത്തൂങ്ങിയാൽ ,  കയറ് പൊട്ടി ചിലപ്പോൾ താഴെ വീഴാൻ സാധ്യതയുണ്ട് . കൂടാതെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച്  അത് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് .

ഉറക്കഗുളിക കഴിച്ചാൽ ,  രാവിലെ എഴുന്നേറ്റില്ലെങ്കിൽ ഭാര്യയും മക്കളും ചേർന്ന്  ആശുപത്രിയിലത്തിക്കും. 
ആകെ നാണക്കേടാകും .

"ഒന്നും ഇല്ല , വെറുതെ മരിക്കാൻ തോന്നി" എന്നൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല .

കടലിൽ ഇറങ്ങുന്നത് കണ്ടാൽ കടൽ തീരത്തുള്ള പട്രോൾ പോലീസ് പിടിക്കും . കുറച്ചു സൈനേഡ് കിട്ടിയിരുന്നെങ്കിൽ സംഗതി എളുപ്പം ആയേനെ...
പക്ഷെ  അത് ആര് തരും ?

ആത്മഹത്യ ചെയ്യുന്നത് എന്തിനാണ് എന്നു മാത്രം ചോദിക്കരുത് . പ്രണയനൈരാശ്യമല്ല . രോഗം അല്ല , കടക്കെണി അതുമല്ല  . സാധാരണ മനുഷ്യർ ആത്മഹത്യ ചെയുന്ന  കാരണങ്ങൾ ഒന്നും തന്നെ അല്ല . 

അയാൾക്ക്‌ ജീവിക്കേണ്ട , അത്രതന്നെ .

ആരൊക്കെ സങ്കടപ്പെടുമെന്ന് ഉറപ്പുണ്ട് .
പതുക്കെ അവരൊക്കെ വിഷമത്തിൽ നിന്നും തിരികെ വരും. അവരുടെയെല്ലാം , വിഷമം , വേർപാടിന്റെ വേദന അതൊക്കെ പതുക്കെ പതുക്കെ  ഇല്ലാതാകും. 

കഴിഞ്ഞ ദിവസം കൂടെ ജോലി ചെയ്യുന്ന നിർമലിനോട് , എപ്പോഴും മരണ വിചാരം ആണെന്ന് പറഞ്ഞപ്പോൾ അവൻ തന്ന ഉത്തരം
" നിനക്ക് ഡിപ്രഷൻ ആണ് .
പോയി ഒരു സൈക്കോളജിസ്റ്റിനെ കാണൂ"
" ഡിപ്രഷൻ ഒന്നും ഇല്ല , മനസ്സിൽ ഒരു  വിഷമവും ഇല്ല , പക്ഷെ ജീവിക്കേണ്ട എന്നു തോന്നുന്നു . എനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിരുന്ന എന്നെ നഷ്ടപ്പെട്ടു."

"അത് തന്നെയാണ് പറഞ്ഞത് , ഇത് ഡിപ്രഷൻ തന്നെ .ഇതോക്കെത്തന്നെയാ ഡിപ്രഷന്റെ തുടക്കം"

" അല്ലടോ , എനിക്ക് സങ്കടങ്ങൾ ഒന്നും ഇല്ല , ഞാൻ ഓക്കേ ആണ് ."
പിന്നെയും അയാൾ ശബ്‍ദം ഉയർത്തി അത് തന്നെ ആവർത്തിച്ചു .

" നഷ്ടപ്പെട്ട നിന്നെ വീണ്ടെടുക്കാൻ അവര് നിന്നെ സഹായിക്കും.

അതാണ് ഉള്ളിലെ സങ്കടം , ഒന്നുമില്ല  എന്നൊക്കെ പറഞ്ഞാലും "

" തിരിച്ചു കിട്ടിയിട്ട് എന്തെടുക്കാൻ ?"

ഉത്തരം പറയാതെ അവൻ എന്നെ തുറിച്ചു നോക്കി. അപ്പോഴാണ് അവന്റെ
ഫോൺ ശബ്‌ദിച്ചത്.. അവൻ അതെടുത്തു നടന്നു നീങ്ങി .

ഇതാണ് കുഴപ്പം , ആർക്കും ആരെയും , കേൾക്കാൻ സമയമില്ല .
അവൻ എന്തെങ്കിലും കുറച്ചു കൂടി ഈ വിഷയത്തിൽ തന്നോട് വിസ്തരിച്ചു സംസാരിച്ചെങ്കിൽ എന്നയാൾ വ്യസനത്തോടെ ഓർത്തു .

വീട്ടിലെയും അവസ്ഥ ഇതോക്കെത്തന്നെ. അമ്മയും അപ്പനും ചേച്ചിയുടെ കൂടെ . ഭാര്യ സ്കൂളിലെ നൂറു കൂട്ടം പ്രശ്‌നങ്ങളമായി വരും .
മക്കൾ ഫോണിൽ കുത്തിക്കൊണ്ട് , അല്ലെങ്കിൽ എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കും .

ഞാൻ മരിച്ചു കഴിയുമ്പോൾ നിർമൽ  മാത്രം പറയും .

സുഭാഷിത് കുറച്ചു ദിവസം മുൻപേ പറഞ്ഞിരുന്നു. .
 
കേൾക്കുന്നവർ ചോദിക്കും . നിങ്ങളെന്താ ഇത് നേരെത്തെ പറയാഞ്ഞതെന്ന് .

പറഞ്ഞിരുന്നെങ്കിൽ അവരൊക്കെ എന്ത് ചെയ്യുമായിരുന്നു ?

മരിക്കണം എന്നു തോന്നിയാൽ , വേറെ ഒന്നും ചിന്തിക്കാൻ സാധിക്കില്ല .
എങ്ങനെ ഇവിടെ നിന്നും കടന്നു പോകണം എന്നു മാത്രമേ ചിന്തയിൽ ഉണ്ടാകൂ ...

എല്ലാവരും എഴുതുന്നപോലെ കത്ത് എഴുതിവെക്കണമോ ?
'എൻ്റെ മരണത്തിൽ ആരും ഉത്തരവാദികൾ അല്ല , ഞാൻ മാത്രമാണ് ഉത്തരവാദി .'

കത്ത് ഉറപ്പായിട്ടും എഴുതണം പക്ഷെ അത് ഇങ്ങനെ മതി .
" എനിക്ക് മരിക്കാൻ തോന്നുന്നു , ഞാൻ മരിക്കുന്നു ."
അത്രയും മതി .

അടുത്ത് കിടക്കുന്ന ഭാര്യയുടെ ഉറക്കെയുള്ള കൂർക്കംവലി , അയാളുടെ  ചിന്തകൾക്കു വിഘ്‌നം വരുത്തി .

എന്നും ഇങ്ങനെ ഓരോന്നാലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ നോക്കുമ്പോൾ അവളിങ്ങനെ വലിയ ശബ്ദത്തിൽ കൂർക്കം വലിക്കുന്നത് കേൾക്കാം ..

എന്ത് കഷ്ടമാണ് .
അയാൾ തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിച്ചു ..

ബാക്കി നാളെ ആലോചിക്കാം ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക