Image

 ശ്വാന സംവാദം (കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

തൊടുപുഴ കെ ശങ്കര്‍ മുംബൈ Published on 10 February, 2024
 ശ്വാന സംവാദം (കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

തെരുവിൽ മണ്ടുന്നൊരു ശ്വാനനും, പണക്കാരൻ 
തൻ വീട്ടിൽ വളർത്തുന്ന  ശ്വാനനുമൊരു ദിനം, 
കണ്ടപ്പോൾ പരസ്‌പരം കൈമാറി കുശലങ്ങൾ, 
രണ്ടു പേരിലുമുള്ളോ രന്തരം സംവാദമായ്‌!

"നാമിരുവരും ശ്വാനരേലും ഞാൻ നിരത്തിലും
നീയൊരു ബംഗ്ലാവിലും, കരണമെന്തേ, ചൊല്ലൂ!
മുടങ്ങാതെന്നും നിന്നെ കുളിപ്പിക്കുന്നൂ നിന്റെ
മുതലാളിയേൽ ഞാനോ, വെള്ളമേ കാണാറില്ല!

ചേലെഴും പാത്രത്തിൽ നീ ഭക്ഷണം കഴിക്കുമ്പോൾ 
ചേറെഴും നിലത്തിൽ ഞാൻ ഉച്ചിഷ്ടം ഭുജിക്കുന്നു!
മഴയിൽ, വെയിലിലും , മകര ത്തണുപ്പിലും 
മഞ്ഞിലുമെൻ ശയ്യയീ നിരത്താണല്ലോ നിത്യം!

കമ്പിളി വസ്ത്രം നിന്നെ യണിയിക്കുന്നൂ, ദേഹം 
കമ്പിച്ചു പോകും ശൈത്യ കാലമാകുകിൽ പിന്നെ!
കാറിന്റെ മുൻ സീറ്റിൽ നീ, സഞ്ചരിക്കുമ്പോൾ, ഞാനോ
കാതങ്ങൾ കയ്യും, കാലും കുഴഞ്ഞു നടക്കുന്നു!

കാണുവോരെല്ലാം നിന്നെ, തഴുകി തലോടുമ്പോൾ 
കാണുമ്പോൾ തന്നെയെന്നെ കല്ലെറിഞ്ഞോടിക്കുന്നു!
ജന്മത്തിലിരുവരും തുല്യർ നാമേലും ബത, 
ജീവിതത്തിലെന്തിത്ര വൈവിധ്യം സഹോദരാ?"

"കാമ്യമാം സുഖ ജന്മം നേടുന്ന സുകൃതത്തിൻ
കാര്യമെന്തെന്നാൽ  കർമ്മ ഫലമെന്നറിക നീ!
കേൾക്ക നീ, കാമം, കർമ്മം, കർമ്മ ഫലമീ മൂന്നും 
കൂടപ്പിറപ്പുകൾ നമ്മെ, അനുസന്ധാനം ചെയ്‌വൂ!

നന്മ നാം ചെയ്കിൽ നന്മ, തിന്മ നാം ചെയ്കിൽ തിന്മ 
നമുക്കു ഫലമായ് ലഭിച്ചീടൂ മെന്നറിക നീ!
പ്രാരബ്ധ കർമ്മം മുമ്പേ, സഞ്ചിത കർമ്മം പിമ്പേ, 
ഭാരമായ് വരുമൊരാ ആഗമി കർമ്മം അമ്പോ!

"ജന്മ സാക്ഷാത്കാരം", മാത്രമായിരിക്കണം 
നമ്മുടെ ജന്മത്തിന്റെ പിന്നിലെ സദുദ്ദേശം!
കർമ്മങ്ങളതിനൊത്തു സന്തതം നിയന്ത്രിച്ചാൽ 
കരസ്ഥമാകുമാരും, മോഹിക്കും കൈവല്യവും!

ഗജേന്ദ്ര മോക്ഷത്തിലെ ഗജരാജനെപ്പോലെ 
ഭജിക്ക,  നാരായണ നാമം നീ അനു മാത്ര!
ഒരു നാൾ ഭഗവാന്റെ കരുണാ കടാക്ഷത്താൽ 
ഉരുവായിടും മോക്ഷ സൗഭാഗ്യം പ്രിയ മിത്രാ!


ജ്ഞാന ശക്തിയും,  ഇച്ഛാ ശക്തിയും,  ക്രിയാ ശക്തി, 
ജാതമായിടും ഭക്തി, , വൈരാഗ്യാദിയും ലഭ്യം!
പുരുഷാർത്ഥങ്ങൾ, സർവ്വം കഠിനം, പരബ്രഹ്മം 
 പരമം,  സമ്പാദിക്കിൽ,  ഹസ്താമലകം പോലെ!
                          
ആരു ചൊന്നാലും തെല്ലും കേൾക്കാത്ത നരവർഗ്ഗം, 
"ആരു ഞാൻ?" എന്ന സത്യം അറിയാൻ യത്നിക്കാത്തോർ,  
കർമ്മമാണെല്ലാത്തിനും ആധാരമെന്ന സത്യം 
നമ്മുടെയീ സംവാദം,  കെട്ടേലും പഠിക്കട്ടെ!"
                       --------------
7-2-24
  ഏതോ കർമ്മ ദോഷത്താൽ  ശ്വാന ജന്മം ലഭിച്ചാലും, പൂർവ്വജന്മ സ്മരണ മൂലം, അന്തർലീനമായ,  ആത്മ ജ്ഞാനത്തിൻറെ പ്രസരം മൂലമാണ്  പൂർവ്വ ജന്മത്തിൽ ഒരു ജ്ഞാനിയായിരുന്ന ആ ശ്വാനന് ദുഖിതനായ മറ്റൊരു ശ്വാനന് ആത്മീയത്തെപ്പറ്റി അൽപ്പം വെളിച്ചം പകരാൻ കഴിഞ്ഞത്! 
കൈവന്ന ജ്ഞാനം നമ്മെ കൈവിടുകയില്ല!
ഭാഗവതത്തിലെ ഭരത മഹാരാജാവിന്റെ കഥ ഓർമ്മയുണ്ടല്ലോ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക