സുഖകരമായ ഗാഢനിദ്രയ്ക്കായി സോഷ്യല്‍ മീഡിയയില്‍ വിദഗ്ദ്ധനായ ഡോ. കുനാല്‍ സൂദ്, തന്റെ 2.2 ദശലക്ഷം വരുന്ന ഫോളോവേഴ്സിനോട് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു. ഉറക്കം മെച്ചപ്പെടുത്താനുള്ള ഒന്നാം നമ്പര്‍ മാര്‍ഗമായി അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്, റെസൊണന്‍സ് ഫ്രീക്വന്‍സി ശ്വസനം എന്ന ലളിത വ്യായാമം പരിശീലിക്കുക എന്നതാണ്. ഇപ്പോള്‍ ഗവേഷകരും ഈ മാര്‍ഗത്തിലൂടെ ഉറക്കത്തിനു മാത്രമല്ല, ശരീരത്തിനു പലവിധ ഗുണങ്ങള്‍ ലഭിക്കുന്നുവെന്ന് പഠനങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞു.
ഒരു വ്യായാമവും ഇതിലും ലളിതമായി ഉണ്ടാകില്ല. റെസൊണന്‍സ് ഫ്രീക്വന്‍സി ശ്വസനമെന്നാല്‍ ശ്വാസോച്ഛ്വാസം മന്ദഗതിയിലാക്കുക എന്നര്‍ത്ഥം. ഒരു മിനിറ്റില്‍ ശ്വാസം എടുക്കുന്നതിന്റെ എണ്ണം കുറയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു മിനിറ്റില്‍ ശ്വസിക്കുന്നത് അഞ്ചു തവണയായി നിജപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. സാവകാശം ശ്വാസം എടുത്ത് സാവകാശം പുറത്തേക്കു വിടുക. ഒരു മിനിറ്റില്‍ പരമാവധി നാലോ അഞ്ചോ തവണ മാത്രം ശ്വാസോച്ഛാസം ചെയ്യുക.
പതിനഞ്ചു സെക്കന്റുകൊണ്ട് ഒരു ശ്വസന ചക്രം പൂര്‍ത്തിയാക്കാനായാല്‍ ഒരു മിനിറ്റില്‍ നാലുതവണയാകും ശ്വാസോച്ഛാസം നടക്കുക. ഇങ്ങനെ ശ്വസനം നിയന്ത്രിക്കുന്നതു വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. പാനിക് ഡിസോഡര്‍, ആങ്‌സൈറ്റി, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന ശ്വസന വ്യായാമമാണ് ഇത്. കൂടാതെ ഫൈബ്രോമയാള്‍ജിയയിലും അസ്വസ്ഥമായ ദഹനത്തിനും ആശ്വാസം നല്‍കുന്നു. ആസ്ത്മ, COPD എന്നിവയില്‍ ശ്വാസകോശത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിലും ഈ ശ്വസനരീതി ആശ്വാസം നല്‍കുന്നു.
ഈ ശ്വസന രീതിയില്‍ ഹൃദയമിടിപ്പ് വ്യതിയാനം മെച്ചപ്പെടുത്തുമ്പോള്‍, അത് പാരാസിംപതറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കും, ഇത് ഉറക്കം കുറയ്ക്കാനും അതേസമയം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. റെസൊണന്‍സ് ഫ്രീക്വന്‍സി ശ്വസനം പരിശീലിക്കുന്നത് യുവാക്കളില്‍ ഉത്കണ്ഠ കുറയ്ക്കുകയും അവരുടെ വൈജ്ഞാനിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കാണിക്കുന്ന ഗവേഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപ്പോള്‍ ഇനി ഉറങ്ങാന്‍ കിടക്കും മുന്‍പായി അല്പ സമയം ശ്വാസഗതി നിരീക്ഷിച്ചിരിക്കാന്‍ തുടങ്ങാം. നല്ല ഉറക്കം പുത്തന്‍ പ്രഭാതത്തെ നന്നായി സ്വാഗതം ചെയ്യും.