പ്രണയദിനം എന്ന് പറയുമ്പോൾ പലരും മനസ്സിലാക്കുന്നത് പ്രണയിക്കാൻ ഒരു ദിവസമെന്നാണ്. വാസ്തവത്തിൽ പ്രണയത്തിനും ഒരു ദിവസം എന്നായിരിക്കും ശരി. കാരണം ആ ദിവസം വന്നിട്ടില്ല. ഓരോ വർഷവും സ്ത്രീപുരുഷന്മാർ അതിനായി കാത്തിരിക്കുന്നു. പ്രണയസുധ തുളുമ്പുന്ന രജതചഷകങ്ങൾ നീട്ടി പിടിച്ച് ഉന്മേഷത്തോടെ ആർപ്പ് വിളിച്ച് ജീവിതം ആസ്വദിക്കുന്ന ആ സുദിനം. അത് വരുമോ എന്ന് സംശയമാണ്. ചിലർക്ക് പ്രണയം കുരങ്ങന്റെ കയ്യിൽ കിട്ടുന്ന പൂമാല പോലെയാണ്. ആ സ്വപ്നഹാരം വലിച്ച് പൊട്ടിച്ച് ഇളിച്ചുകാട്ടുന്ന കുരങ്ങനിൽ നിന്നും വ്യത്യസ്തമായി മനുഷ്യർ പൊട്ടിച്ചിതറികിടക്കുന്ന മാലകൾ നോക്കി വിലപിക്കാറുണ്ട് എന്ന് മാത്രം. പ്രണയവും രതിയും തിരിച്ചറിയാൻ വയ്യാത്ത ഗതികേടിൽ പെട്ടുകിടക്കുന്നവരുമുണ്ട്.
എം ടി യുടെ ഒരു കഥാപാത്രം (നമ്പൂതിരി) പറയുന്ന സംഭാഷണം ഏതാണ്ടിങ്ങനെയാണ്" ഈ കവികൾ പറയുന്ന അനുരാഗം എന്താണെന്ന് എനിക്ക് ഒരു രൂപവും കിട്ടിയിട്ടില്ല നേരമ്പോക്ക് ഇശ്ശി ഉണ്ടായിട്ടുണ്ടെങ്കിലും.അനുരാഗം ആഘോഷിക്കാൻ ഒരു ദിവസം ജനങ്ങൾ നീക്കിവച്ചിരിക്കുമ്പോൾ ഒരു നമ്പൂതിരി അതിനെ നോക്കിക്കാണുന്നത് എത്രയോ വ്യത്യസ്തമായിട്ടാണ്. അങ്ങനെ ഒരു വികാരം അങ്ങേർക്ക് ഉണ്ടായിട്ടില്ല പോലും. പ്രഥമ ദൃഷ്ട്യാ സ്ത്രീ പുരുഷന്മാർക്ക് തോന്നുന്നത് പ്രേമമാണോ കാമമാണോ? കാമമാണെന്ന് സത്യം ആരും സമ്മതിക്കാൻ തയ്യാറല്ല അവർ കവികൾ എഴുതിവച്ചിരിക്കുന്ന ഭ്രമകല്പനകളിൽ മുങ്ങിപോകുന്നു. അമ്പലത്തിൽ വച്ചുകണ്ട സുന്ദരിയായ വാരസ്യാരോട് നമ്പൂതിരി പറഞ്ഞു. ഇന്ന് രാത്രി ഞാൻ നിന്റെ അടുക്കൽ വരുന്നുണ്ട്. അയ്യോ തിരുമേനി അടിയൻ ഭർത്താവുള്ളവളാണ്. അവനോട് പോകാൻ പറ. നോം വന്നിരിക്കും. തിരുമേനി അടിയന് അതിഷ്ടമല്ല ദയവായി പൊറുക്കണം. നിന്റെ ഇഷ്ടം ആര് നോക്കണം. എന്നാൽ ഞാൻ നിന്റെ അടുത്ത് അഷ്ടകം പഠിക്കാൻ വരാം. അത് അടിയന് അറിയില്ല തിരുമേനി. തിരുമേനി കള്ളപുഞ്ചിരി തൂകി പറഞ്ഞു "അതെന്നാ ജ്യേഷ്ട്ടെ നിന്നോട് പറഞ്ഞത്. നിനക്ക് ആകെക്കൂടി ഒന്നേ അറിയൂ അതങ്ങട് സമ്മതിക്കാ"
സവർണ്ണ മേധാവിത്വം നിലനിന്നിരുന്ന കാലത്ത് പ്രണയത്തിനു വലിയ വിലയൊന്നുമുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം. ഇല്ലത്തെ കാര്യസ്ഥൻ തിരുമേനിയോട് പറഞ്ഞു "എനിക്ക് ഒരു കല്യാണം ഒത്തു വന്നിട്ടുണ്ട്. ദൂരെയുള്ള വീട്ടിൽ ഒന്ന് പോകണം." തിരുമേനി അയാളെ ഒന്നിരുത്തി നോക്കി. എന്നിട്ട് ചോദിച്ചു നോം സംബന്ധത്തിനു പോകുമ്പോൾ ചൂട്ടും കത്തിച്ച് താൻ വരാറില്ലേ, നോം കുഞ്ഞുലക്ഷ്മിയുമായി രതിലീലകളിൽ രസിക്കുമ്പോൾ താനും അവരുടെ അമ്മയുമായി ചില ചുറ്റികളികൾ നടത്താറുള്ളത് നോം അറിയാറുണ്ട്. അപ്പൊ തനിക്ക് എന്തിനാ ഇപ്പോൾ ഒരു വേളി. അത് പിന്നെ വീട്ടിൽ ഒരാൾ വേണമെന്ന് 'അമ്മ നിർബന്ധിക്കുന്നു. ഓ ശരി താൻ പോയി തന്റെ കാര്യം നടത്തി വരിക. കാര്യസ്ഥൻ തിരിച്ചുവന്നപ്പോൾ തിരുമേനി പറഞ്ഞു എവിടയാ തന്റെ വേളി അവളെ കൊണ്ടുവരിക. നോം ഒന്ന് കാണട്ടെ. കാര്യസ്ഥൻ ഭയപ്പാടോടെ അത് വേണ്ട തിരുമേനി അവൾ സുഖമില്ലാതിരിക്കയാണ്. മധുവിധു കാലത്ത് ഏതു പെണ്ണിനാടോ അസുഖം. അങ്ങനെ അസുഖം ഉണ്ടെങ്കിൽ അത് തന്റെ കഴിവില്ലായ്മയാണ്. താൻ അവളെ വിളിച്ചുകൊണ്ടുവരിക. കാര്യസ്ഥൻ ദുഖത്തോടെ വീട്ടിലോട്ട് ചെന്ന് വിവരം പറഞ്ഞു.
അപ്പോൾ അയാളുടെ അമ്മ പറഞ്ഞു അത് വേണ്ട മോനെ.. നിന്റെ അമ്മയുടെ ചെറുപ്രായത്തിൽ അവിടത്തെ വലിയ തിരുമേനിയുടെ കണ്ണിൽ ഒരിക്കൽ പെടുകയുണ്ടായി. അമ്പലത്തിലെ വേല കാണാൻ ആഗ്രഹിച്ചതാണ്. അമ്മായിഅമ്മയും അമ്മായിയച്ഛനും പറഞ്ഞു നീ പോരേണ്ട. എന്നാൽ ഭവിഷ്യത്തുകൾ അറിയാത്ത ഞാൻ കൂടെ പോയി. വേലയും പൂരവും കണ്ടു നടക്കുമ്പോൾ തിരുമേനി തൊട്ടു മുന്നിൽ. എന്നെ അടിമുടി നോക്കി. നീ നാളെ രാവിലെ ഇല്ലത്തേക്ക് വരിക എന്ന് ഒരു കൽപ്പന. അതുകേട്ട് എന്തിനെന്നറിയാതെ ഞാൻ കുഴങ്ങുമ്പോൾ എന്റെ അമ്മായി 'അമ്മ പാടി " “അപ്പോഴും പറഞ്ഞില്ലേ പോരേണ്ട പോരേണ്ടാന്നു" എന്ത് ചെയ്യാം പിറ്റേന് രാവിലെ അവിടെ ചെന്ന ഞാൻ ഇല്ലപറമ്പിലെ കയ്യാലപ്പുരയിൽ ഒരാഴ്ച്ച തിരുമേനിയുടെ കൂടെ കിടപ്പറ പങ്കിടേണ്ടി വന്നു. അയാളുടെ മകനാണ്. നിന്നെ കാണണെമന്നു പറയുന്നത്.ചതിയാണ്. സൂക്ഷിച്ചോ. അവൾ ഭർത്താവിനെ വിവരം അറിയിച്ചെങ്കിലും തിരുമേനി കല്പിച്ചാൽ പോയെ മതിയാകു എന്നറിയുന്ന അയാൾ പറഞ്ഞു നമുക്ക് തിരുമേനിയുടെ മുന്നിൽ പോകാതെ തരമില്ല. അതുപ്രകാരം രണ്ടുപേരും ഇല്ലത്തേക്ക് ചെല്ലുമ്പോൾ തിരുമേനി മുറുക്കി സംഗീതവും മൂളി ഇരുപ്പാണ്.
കാര്യസ്ഥന്റെ ഭാര്യ തല കുനിച്ച് നാണത്തോടെ അവളുടെ ഭർത്താവിന്റെ പുറകിൽ മറഞ്ഞു നിന്ന്. തിരുമേനി നീ ഇങ്ങട് നീങ്ങി നില്ക്കു. നോം കാണട്ടെ. അവൾ മുന്നിലോട്ടു നീങ്ങി നിന്നു. തിരുമേനി പറഞ്ഞു നീ ഒരു സുന്ദരിയാണല്ലോ. ഇനി നീ പുറം തിരിഞ്ഞു നില്ക്കാ..അവൾ പുറം തിരിഞ്ഞു നിന്ന്. നേരിയ മൽമൽ മുണ്ടിനടിയിൽ ജഗന്നാഥൻ മുണ്ടുകൊണ്ട് ഉടുത്ത ഒന്നര കുപ്പിവിളക്കിലെ തിരി പോലെ തെളിഞ്ഞു നിൽക്കുന്നു. ആ നിഴൽ ചിത്രം തിരുമേനിയോട് ചോദിക്കുന്നപോലെ അദ്ദേഹത്തിന് തോന്നി " ആവനാഴിയിൽ അമ്പ് തീർന്നോ കാമദേവാ"..അമ്പൊന്നും തീരാത്ത ആവനാഴിയായാണ് നോമിന്റെത്. നാം തൊടുക്കും നീ ഓരോന്നായി തിരിച്ചു തരിക. തിരുമേനി പറയുന്നതിന്റെ അർഥം മനസ്സിലാകാത്ത ആ ഗ്രാമീണവല്ലരി അന്ധാളിച്ച് നിന്നു.
തിരുമേനിക്ക് നിക്കക്കള്ളിയില്ലാതായി. അദ്ദേഹം നൂറു തേച്ച വെറ്റിലയും പാക്കും വായിലിട്ടിട്ട് നീ അങ്ങനെ തന്നെ കുറെ നേരം നിന്നാലും നമുക്ക് അലോഹ്യം ഉണ്ടാകില്ല. കാര്യസ്ഥൻ നിന്ന് വിറക്കയാണ്. എന്താകും തിരുമേനി കൽപ്പിക്കുക. തിരുമേനി കയ്യിലിരുന്ന വീശറികൊണ്ട് വീശി മുന്നിലെ കോളാമ്പിയിൽ ബേഷായി ഒന്ന് തുപ്പിയിട്ട് കാര്യസ്ഥനോട് “അതേ കേശവ.. നീ തൊഴുത്തിൽ നിന്നും ഒരു പശുക്കുട്ടിയെ അഴിച്ചുകൊണ്ടു പൊയ്‌ക്കോ അവൾ ഇവിടെ നിൽക്കട്ടെ. കാര്യസ്ഥൻ തിരിഞ്ഞൊന്നു നോക്കീടാതെ തൊഴുത്തിലേക്ക് നടന്നു. ഇല്ലത്തേ വാല്യക്കാരിയെ വിളിച്ച് തിരുമേനി പറഞ്ഞു ഇവളെ ആ കയ്യാലപുരയിൽ കൊണ്ടാക്കുക.
പ്രണയമെന്നു പറയുന്നത് ശുദ്ധ തട്ടിപ്പാണെന്നാണ് പ്രായോഗികമായി ചിന്തിക്കുന്നവരുടെ അഭിപ്രായം. എന്തിനാണ് വിലപ്പെട്ട ജീവൻ പ്രേമത്തിനുവേണ്ടി റെയിൽപാലത്തിലും, കയറിന് തുമ്പിലും, അമ്പലകു ള ത്തിലും ഹോമിക്കുന്നത് എന്ന് നമുക്കും തോന്നാം. പ്രേമത്തിന്റെ അല്ലെങ്കിൽ ശരിക്ക് പറഞ്ഞാൽ കാമത്തിന്റെ രക്തസാക്ഷികൾ എല്ലാവരും തന്നെ സ്ത്രീകളാണെന്നുള്ളത് ഓർക്കാനും ആർക്കും ഇഷ്ടമല്ല. പുരുഷനുവേണ്ടി നേദിക്കേണ്ട നിവേദ്യമാണ് സ്ത്രീയെന്ന വിശ്വാസം എല്ലാവരിലുമുണ്ട്. അവർ ത്യാഗം ചെയ്യണം. മനുഷ്യരുടെ ദുർബല വികാരങ്ങളെ ത്രസിപ്പിക്കുന്ന വിധം കവികളും എഴുതാറുണ്ട്. "സംഭൂതമാപ്രേമാ സിദ്ധിക്ക് വേണ്ടി ഞാൻ പച്ചില കുമ്പിളിൽ പിച്ച തെണ്ടാം "എന്ന് ഒരു കവി അദ്ദേഹത്തിന്റെ കഥാനായികയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. അതുവായിക്കുന്ന വികാരജീവികൾ അങ്ങനെ ചെയ്യുന്നതാണ് പ്രേമസൗഭാഗ്യം എന്ന് കരുതി തെണ്ടാനിറങ്ങാവുന്നതാണ്. ജീവിതം സുന്ദരമാണ്. അതിനെ ആവശ്യമില്ലാത്ത ആദർശങ്ങളും നിബന്ധനകളും ചേർത്ത ദുഷ്കരമാക്കുകയാണ് മനുഷ്യർ ചെയ്യുന്നത്. " കിസ്സി സ്സേ പ്യാർ കർ കെ ദേഖിയെ യെ സിന്ദഗി കിത്നി ഹസീൻ ഹേ : (അർഥം "ആരേയെങ്കിലും പ്രണയിച്ച് നോക്ക് അപ്പോൾ അറിയാം ജീവിതം എത്ര സുന്ദരമാണെന്നു") അങ്ങനെ ആരെയെങ്കിലും കയറി പ്രണയിക്കാൻ പറ്റുകയില്ലെന്ന് എഴുതുന്ന കവിക്കും വായിക്കുന്നവനുമറിയാം. എന്നാലും ചിലർ ആ അപകടം(risk ) ഏറ്റെടുടുക്കാൻ തയ്യാറാകുന്നു. പിന്നെ പ്രണയത്തിന്റെ മൃദുലതയൊക്കെ പോയി അത് താണ്ഡവമാടാൻ തുടങ്ങുകയായി. ഇപ്പോഴാണെങ്കിൽ കാമുകിക്ക് നേരെ നിറയൊഴിക്കുക, കാമുകന് വിഷം കൊടുക്കുക തുടങ്ങിയവ..
പ്രേമം അഭൗമ സുന്ദരമാണ്. അനുഭൂതിദായകമാണ്. തിരിച്ചറിയാൻ പ്രയാസമുള്ള രത്നമാണ്. കവികളും എഴുത്തുകാരുമാണ് ആ അമൃതപീയുഷം നുകരുന്നത്. കാരണം അവർ സദാചാരഗുണ്ടകളെ ഗൗനിക്കുന്നില്ല.സദാചാരമെന്ന കപടസന്യാസിയുടെ അന്തപുരങ്ങളിൽ വീർപ്പുമുട്ടിക്കഴിയുന്ന പ്രണയകന്യകകളെ കലാകാരന്മാർ വിളിച്ചിറക്കികൊണ്ടുപോകുന്നു. അവർ മാലാഖമാരെപോലെ സ്വപ്നഭൂമിയിൽ ചിറകു വിരിച്ച് പറക്കുന്നു. തിമിരമില്ലാത്ത കണ്ണുകൾ കൊണ്ട് നോക്കുക അവരെ കാണാം.
എല്ലാവർക്കും പ്രണയദിനാശംസകൾ.
ശുഭം