Image

 പ്രണയവസന്തം (വാലൻ്റൈൻസ് ഡേ സന്ദേശം: സൂസൻ പാലാത്ര)

Published on 14 February, 2024
 പ്രണയവസന്തം (വാലൻ്റൈൻസ് ഡേ സന്ദേശം: സൂസൻ പാലാത്ര)

ഇന്ന് വാലൻ്റൈൻസ് ഡേ.  പ്രണയത്തെക്കുറിച്ച് എഴുതാം. യാതൊരു എക്സ്പീരിയൻസും ഇക്കാര്യത്തിലില്ലാത്ത ഞാൻ എന്തെഴുതാൻ അല്ലേ?
 പണ്ടെന്നപോലെ ഇന്നും ന്യൂജെൻ തലകുത്തിമറിയുന്ന ദിനം. അതാതുകാലങ്ങളിലെ ന്യൂജെൻ അറിഞ്ഞാഘോഷിച്ചദിനം. 
പ്രണയത്തെ സാധൂകരിക്കാൻ പലരും പുരാണ കഥാപാത്രങ്ങളെ കൂട്ടുപിടിയ്ക്കാറുണ്ട്. വളരെ രസകരമായ പ്രണയബന്ധങ്ങൾ ഓർമ്മകളിൽ നിന്ന് മാഞ്ഞു പോകാത്തത്, സിരകളെ ഉന്മിഷത്താക്കുന്ന പ്രണയ വാക്ചാതുര്യങ്ങൾ. പലരും വിശുദ്ധ ബൈബിളിലെ  ഉത്തമ ഗീതത്തിൽനിന്നും, രാധാകൃഷ്ണലീലകളിൽ നിന്നും കടമെടുക്കുന്നു. 
പതിനാറായിരത്തെട്ടു പേരെ പ്രണയ നിർവൃതികളിലാറാടിച്ച കൃഷ്ണനും രാധയെന്ന കളിത്തോഴിയും ഹർഷം പകരുന്നു എങ്കിലും കണ്ണൻ്റെ പ്രണയിനി ഒരു വേദനയായി മാറുന്നു. അനുവാചകരിൽ എന്നും വേദനയുണർത്തുന്ന കഥാപാത്രമാണ് രാധ. ഇന്നത്തെ ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ കണ്ണൻ തേച്ചിട്ടുപോയി. (ദയവായി ആരും വഴക്കിടാൻ വരരുതെ). ആപാവം ഗ്രാമീണപെൺകൊടിയെ എന്നുവേണംകരുതാൻ. കൃഷ്ണനും വൃന്ദാവനത്തിലെ  ഗോപികമാരും മനസ്സിന് എന്നും ഹർഷോന്മാദം പകരുന്നവരാണ്. 
ഉത്തമഗീതത്തിലേയ്ക്കു കടന്നു വന്നാൽ ശലോമോൻ രാജാവിനെയും  ശൂലേംകാരി എന്ന ശൂലമിയേയും  ഇടയച്ചെറുക്കനേയും കാണുന്നു.
ശലോമോന് ബാൽഹാമിൽ ഒരു മുന്തിരിത്തോട്ടമുണ്ട്. മുന്തിരി പ്രേമത്തിൻ്റെ ഒരടയാളം പോലെ ഉത്തമഗീതത്തിൽ ഉടനീളം പരിലസിക്കുന്നു.   
 ഉത്തമഗീതം തുടക്കമിങ്ങനെ. "അവൻ തൻ്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ. നിൻ്റെപ്രേമം വീഞ്ഞിലും രസകരമാകുന്നു. നിൻ്റെതൈലം സൗരഭ്യമായതു; നിൻ്റെനാമം പകർന്ന തൈലംപോലെ ഇരിയ്ക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെസ്നേഹിക്കുന്നു; നിൻ്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും. നിൻ്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ" ഇതിൽ മറഞ്ഞിരിക്കുന്ന ഒരു  രാജാവുണ്ട്, അതു ശലോമോനല്ല,  മഹാ പരിശുദ്ധനായ ദൈവമാണ്. പള്ളിയറ, ആത്മീയ മേച്ചിൽപ്പുറമാണ്. വീഞ്ഞ് ആന്മ നീരുറവകളിലെ തെളിനീരാണ്.
ശൂലമി പറയുന്നു:  ഞാൻ കറുത്തവൾ എങ്കിലും അഴകുള്ളവൾ എന്നും  വെയിൽ കൊണ്ടു കറുത്തതിനാലാണ് ഇരുൾ നിറം പറ്റിയതെന്നും. കേദാര്യകൂടാരങ്ങളെക്കാളും ശലോമോൻ്റെ തിരശ്ശീലകളെക്കാളും  അഴകുള്ള, എന്നാൽ  വെയിൽകൊണ്ട് ഇരുൾനിറംപറ്റിയ ശൂലമിയെയാണ് ഏറ്റവും  ആഗ്രഹത്തോടെ  രാജാവ് തൻ്റെ പള്ളിയറകളിലേയ്ക്ക്,  മണവാട്ടിയായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്.  
 പക്ഷേ, ശൂലമിയ്ക്ക് ശലോമോൻ  രാജാവിനെ ഭർത്താവായി വേണ്ട. രാജകൊട്ടാരവും വേണ്ട, അവളുടെ ഹൃദയം തൻ്റെ ഇടയച്ചെറുക്കനിൽ ഭ്രമിച്ചു വശായിരിക്കുകയാണ്. അവൾ അന്വേഷിക്കുന്നത് ആ ഇടയൻ്റെ കാല്പാടുകളെയാണ്. ( ആ നല്ല ഇടയൻ സാക്ഷാൽ ദൈവം തന്നെ) സങ്കീ: 23 
ഉത്തമഗീതം ശലോമോൻ എഴുതിയ കാലത്ത് ശലോമോൻ രാജാവിന് 60 ഭാര്യമാരും 80 വെപ്പാട്ടികളുമാണ് ഉള്ളതെന്ന് ഉത്തമഗീതം 6:8-ൽ പറയുന്നു. ശലോമോൻ്റെ ജീവിതകാലത്തെ മൊത്തം ഭാര്യമാരുടെ കണക്ക് 1 രാജാക്കന്മാർ 11:3-ലുണ്ട്, അവന് 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഫറവോൻ്റെ പുത്രിയായിരുന്നു ശലോമോൻ്റെ പട്ടമഹിഷി. 
    
''ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോനുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിയ്ക്കേണ്ടതിനു വന്നു. അവൾ അതിമഹത്തായ പരിവാരങ്ങളോടും സുഗന്ധവർഗ്ഗവും അനവധി പൊന്നുംരത്നവുംചുമന്ന,  ഒട്ടകങ്ങളോടും കൂടെ യെരുശലേമിൽ വന്ന്  തൻ്റെ മനോരഥമൊക്കെയും ശലോമോൻ രാജാവിനോട് 
അറിയിച്ചു" 1 രാജാ: 10:1-6 വരെ വായിച്ചാൽ  ശെബാരാജ്ഞി ശലോമോൻ്റെ കൊട്ടാരവും അതിലെ സകല ആഡംബരങ്ങളും എന്തിനേറെ പാനപാത്രവാഹകന്മാരുടെ ഇരിപ്പുംനടപ്പും വരെകണ്ട് അന്തംവിട്ടുപോയി.
         
"ശലോമോൻ ഫറവോൻ്റെ മകളെ കൂടാതെ, മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സത്രീകളെയും സ്നേഹിച്ചു" (ദൈവ കല്പന ലംഘിച്ച് പില്ക്കാലത്ത് ദൈവത്തിൽ നിന്ന് അകന്നു പോകാനും ഈ സ്ത്രീകൾ കാരണഭൂതരായിത്തീർന്നതായും കാണാം, തുടർന്നിങ്ങോട്ടു കാണുന്ന അവസാനിയ്ക്കാത്ത യുദ്ധവും യെരുശലേം ദൈവാലയത്തിൻ്റെ പതനവും ശലോമോൻ ലംഘിച്ച കല്പനലംഘനത്താൽ ഉത്ഭവിച്ചതാണെന്ന് വിശുദ്ധ ബൈബിളിൽനിന്ന് വായിച്ചു മനസ്സിലാക്കാം.)
         
എന്നിട്ടും രാജാവിന് സ്വന്തമായ ഈ  സ്ത്രീകളിലൊന്നും  തോന്നാത്ത പ്രണയം, ആകർഷകത്വം രാജാവ്, മുന്തിരിത്തോട്ടത്തിന് കാവൽനിന്ന്, വെയിൽകൊണ്ട്,  കറുത്തവളായ ശൂലമിയിൽ കാണുന്നു. അവൾക്ക് തൻ്റെ പ്രേമം കൊടുക്കാനും അവളെ തൻ്റെ പള്ളിയറയിലേയ്ക്ക് കൊണ്ടുവരാനും രാജാവ് ബദ്ധപ്പെടുന്നു.

1 രാജാക്കന്മാർ 2 : 13 -25 ൽ കാണുന്നു.. ശൂനേംകാരത്തി അബിശഗിനെ ശലോമോൻ തൻ്റെ രാജപദവിയെക്കാളും സ്നേഹിക്കുന്നതായി. 
        
ലോകത്തിലെ ഏറ്റം വേഗതയേറിയ, ഫറവോൻ്റെ രഥത്തിനു കെട്ടുന്ന ഈജിപ്ത്ഷ്യൻ പെൺകുതിരകളെപൂട്ടിയ രഥവുമായാണ് രാജാവിൻ്റെ രഥഘോഷയാത്ര. 
എന്നാൽശൂലമിയ്ക്ക് വേണ്ടത് തന്റെഇടയച്ചെറുക്കനെമാത്രം.
 ശലോമോൻരാജാവ് ഉത്തമഗീതത്തിലെ വില്ലനും അതിൻ്റെ രചയിതാവുമാണ്.  നായിക ശൂലമി. നായകൻ ഇടയച്ചെറുക്കൻ.
എബ്രായ ഭാഷയിൽ പാട്ടുകളുടെ പാട്ട് എന്ന വ്യാഖ്യാനം നല്കിയ ഉത്തമ ഗീതം, പില്ക്കാലത്ത് ബതിലഹേമിൽ ജനിച്ച്,  നസറെത്തിൽ ജീവിച്ച്,  നസറായൻ എന്നു വിളിക്കപ്പെട്ട്,  സ്വന്തജനമായജൂതന്മാരുടെ അസൂയയ്ക്ക് പാത്രമായി ലോകത്തിലെ ഏറ്റവുംക്രൂരമായ റോമൻശിക്ഷകൾക്ക് വിധേയനായി 39 അതിക്രൂരമായ അടികളേല്ക്കപ്പെട്ട് (ബൈബിളിലെ പുസ്തകങ്ങൾ 39 എണ്ണം) നിന്ദ്യമായ ക്രൂശുമരണംപ്രാപിച്ച്, മൂന്നാംനാൾ പിതാവായ ദൈവം ഉയിർത്തെഴുല്പിച്ച്, ഇന്നും ജീവിക്കുന്ന യേശു എന്ന മഹാപരിശുദ്ധനായ  ക്രിസ്തുവാണ് ഉത്തമഗീതത്തിലെ നായകൻ.
 ക്രിസ്തു എന്നാൽ ആത്മാവിലും അഗ്നിയിലും അഭിഷേകം ചെയ്യപ്പെട്ടവൻ എന്ന അർത്ഥം. "ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന്  പിതാവായ ദൈവം രണ്ടു പ്രാവശ്യം  അരുളിചെയ്തു. ഒന്ന്  യേശു യോഹന്നാൻ്റെ കയ്യാൽ  ജോർദ്ദാൻ നദിയിൽ സ്നാനമേല്ക്കുമ്പോഴും മറ്റൊന്ന്, പിന്നീട് പീഢാ സഹനത്തിൻ്റെ മുന്നോടിയായി,  ശക്തി പകരാൻ മറുരൂപമലയിലെ പ്രാർത്ഥനാവേളയിലും  ഇങ്ങനെ പിതാവാം ദൈവം യേശുവിനെ തേജസ്ക്കരിക്കുന്നു. ശേഷം ക്രൂശുമരണം.  മരിച്ചവരിൽ നിന്ന് പിതാവുയർപ്പിച്ച പിതാവിൻ്റെ ഏകജാതൻ   അങ്ങനെ  ആദ്യജാതനായി. ആ ക്രിസ്തുവാണ് ഇടയച്ചെറുക്കൻ. ശൂലമി സഭ. ശലോമോൻ രാജാവ് - ഈലോകമോഹങ്ങളും നശ്വരമായ ഈ ജീവിതവും മാത്രമാണ്. 
 പ്രിയൻ്റെ വരവ്  എപ്പോഴെന്നറിയില്ല. ഏതു നേരവും അവൻ വരാം.  അവൻ വരുമ്പോൾ ഒപ്പം പോകണം. അവൻ്റെ പള്ളിയറയിൽ കയറാൻ ഭാഗ്യം ലഭിക്കണം. അവൻ്റെ വക്ഷസ്സിൽ മുഖംചേർത്ത് ഈ ലോകദു:ഖങ്ങളെല്ലാം മറക്കണം. അവൻ പറയും; "കന്യകമാരുടെയിടയിൽ എൻ്റെ പ്രിയ ഇരിക്കുന്നു. മുള്ളുകളുടെയിടയിലെ താമര പോലെ" ലോകത്തിൽ ഞെരുക്കിയ മുള്ളുകൾ ഏറെയാണ്.  മുള്ളുകൾ തറഞ്ഞു കയറി എത്രയധികം വേദന തിന്നതാണ്.

 "യെരുശലേം പുത്രിമാരേ, പ്രേമത്തിനു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു, അതാ എൻ്റെ പ്രിയൻ്റെ കാതരമായ ശബ്ദം!  എൻ്റെ പ്രിയൻ ... അവൻ കിളിവാതിലിലൂടെ നോക്കുന്നു" എൻ്റെ പ്രിയൻ എന്നോടു പറഞ്ഞു " അത്തിക്കായ്കൾ പഴുക്കുന്നു, മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു, എന്റെ പ്രിയേ, എഴുന്നേല്ക്ക, എൻ്റെ സുന്ദരീ വരിക, ഞാൻ നിൻ്റെ മുഖം ഒന്നു കാണട്ടെ, നിൻ്റെ സ്വരം ഒന്നു കേൾക്കട്ടെ"
 "എൻ്റെ പ്രിയൻ എനിക്കുള്ളവൻ, ഞാൻ എൻ്റെ പ്രിയനുള്ളവൾ, എൻ്റെ പ്രിയൻ വെണ്മയും ചുവപ്പുമുള്ളവൻ. പതിനായിരംപേരിൽ അതിശ്രേഷ്ഠൻ. അവൻ സർവ്വാംഗസുന്ദരൻ തന്നേ"   യേരുശലേംപുത്രിമാരേ, ഇവനത്രേ എൻ്റെ പ്രിയൻ. ഇവനത്രേ എൻ്റെ സ്നേഹിതൻ.

"പ്രിയാ നമുക്കു ഗ്രാമങ്ങളിൽ ചെന്നുരാ പാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽപ്പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവച്ചു ഞാൻ നിനക്ക് എൻ്റെ പ്രേമം തരും"

Join WhatsApp News
Abdul punnayurkulam 2024-02-14 17:51:11
Well written, Susan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക