Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-5: സോയ നായര്‍) 

Published on 16 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-5: സോയ നായര്‍) 

10. Easy to complain, Hard to work !! 

കഷ്ടപ്പെടാതെയും കഠിനാധ്വാനം ചെയ്യാതെയും മടി പിടിച്ചിരുന്നിട്ട്‌‌ ജീവിതത്തിൽ വിജയമില്ല, ഉയർച്ചയില്ല എന്ന് പരാതിപ്പെടുന്നതിലെന്താണു അർത്ഥമുള്ളത്‌.. കൈനനയാതെ മീൻ പിടിക്കണം എന്ന് പറയുന്ന ഇക്കൂട്ടർക്ക്‌ എങ്ങനെയാ ജീവിതം സന്തോഷമുള്ളതായി തീരുക.. പഠിക്കാനുള്ള അവസരങ്ങൾ ഒക്കെ മുന്നിലുണ്ടായിട്ടും ഒന്നും പഠിക്കാൻ പോകാതെ ഇരുന്നാൽ അറിവുണ്ടാകില്ലല്ലോ? ജോലി സാധ്യതകൾ ഏറെ ഉണ്ടെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ്‌ ആ ജോലികൾ എല്ലാം വേണ്ടെന്ന് വയ്ക്കുന്നവനു എങ്ങനെ സമ്പാദ്യം ഉണ്ടാകും? ജീവിതത്തിൽ മുന്നേറാനും സമ്പാദിക്കാനും ജീവിതം ആസ്വദിക്കാനും ഒക്കെ മാർഗ്ഗങ്ങൾ കണ്മുന്നിലുണ്ടെങ്കിലും അതൊന്നും തെരഞ്ഞെടുക്കാതെ മടിയരായിരുന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന മറ്റുള്ളവരുടെ ജീവിതം നോക്കി " എനിക്കൊന്നുമില്ല"എന്ന പരാതി പറച്ചിൽനിർത്തി പരിശ്രമിച്ചാൽ നേടാവുന്നതേ ഉള്ളൂ എല്ലാം. രണ്ട് കാലില്ലാത്തവനും കണ്ണു കാണാത്തവരും കൈക്ക്‌ സ്വാധീനം ഇല്ലാത്തവരും ശാരീരിക വൈകല്യമുള്ളവരും ഒക്കെ അവരുടെ ആ വിഷമങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന സമൂഹത്തിൽ തന്നെയാണു ഇത്തരം മടിയന്മാരും ഉള്ളതെന്നതാണു കഷ്ടം..  പരാതിയും പരിഭവവും മാത്രമായി അവരവരുടെ ജീവിതം മറന്ന് മറ്റുള്ളവരുടെ ജീവിതം നോക്കിയിരുന്നാൽ നിങ്ങൾ എവിടെയായിരുന്നുവോ അവിടുന്ന് ഒരടി പോലും മുന്നോട്ട്‌ പോകാനാകാതെ നിൽക്കേണ്ടി വരും.. പരാതി പറയാനെളുപ്പമാ, എല്ലു മുറിയേ പണിയെടുക്കാനാ പാട്‌.. വലിയൊരു പാറക്കഷ്ണം എത്ര പ്രാവശ്യം അടിച്ചടിച്ച്‌ ഉടച്ചാണു ഒരു ശിൽപ്പി ഭംഗിയുള്ള ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്‌. അയാൾ പാറക്കഷ്‌ണങ്ങൾ ഉടയുന്നില്ല എന്ന് പറഞ്ഞ്‌ ആ പ്രവ്യത്തി ആദ്യമേ നിർത്തിയിരുന്നേൽ  നല്ല ശിൽപ്പങ്ങൾ ഉണ്ടാകുമായിരുന്നൊ? അതാണു ജീവിതവിജയത്തിന്റെ സീക്രട്ട്‌.. പരിശ്രമിക്കുക, വീണ്ടും വീണ്ടും പരിശ്രമിക്കുക...!

11. Angry+ a Word = Relatives

ബന്ധുക്കളാണു ശത്രുക്കൾ, ശത്രുക്കളാണു ബന്ധുക്കൾ.. ഇതെപ്പോഴെങ്കിലും നിങ്ങൾക്ക്‌ ശരിയായി തോന്നിയിട്ടുണ്ടോ?? എങ്കിൽ അതന്നെ ആണു ഞാനും ഉദ്ദേശിച്ചത്‌.. അടുപ്പം ഏറെയുള്ള നമ്മളുടെ ബന്ധുക്കളിലേക്ക്‌ ആദ്യം വരാം.. 

1. ചക്കരേ,  തേനേ എന്നൊക്കെ പറഞ്ഞ്‌ ഭയങ്കര സ്നേഹം പ്രകടിപ്പിക്കും.. എന്നാൽ നമുക്കിഷ്ടമില്ലാത്ത എന്തിനെ പറ്റിയെങ്കിലും  അവരെന്തേലും പറഞ്ഞാൽ ഒന്നു മറുത്ത്‌ പറഞ്ഞു നോക്കിക്കേ.അപ്പോൾ തീരുമീ ബന്ധു സ്നേഹം. പിന്നീട്‌ അവരു തന്നെ എല്ലാരോടും പറഞ്ഞു പറഞ്ഞു നടക്കും" അവൾ തറുതല പറയും, മുതിർന്നവരോട്‌ തീരെ ബഹുമാനമില്ല, അഹങ്കാരിയാ " അങ്ങനെ നാടു നീളെ പറഞ്ഞു നടന്ന് നമ്മളെ മോശമാക്കുന്ന ആ ബന്ധുവിനെക്കണ്ടാൽ പിന്നെ എങ്ങനെ സ്നേഹിക്കാൻ തോന്നും?

2. പിന്നെ ബന്ധുക്കളിലെ രണ്ടാമത്തെ വിഭാഗക്കാരുടെ പ്രധാന വിഷയം രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ അന്തരം.. നമ്മളുമവരും ഒരേ പാർട്ടിയായില്ലേൽ പിന്നെ കാണുമ്പോൾ മൊത്തം അവർ വിശ്വസിക്കുന്ന പാർട്ടിയാണു ഏറ്റവും ബെസ്റ്റ്‌, നിങ്ങളുടെ പാർട്ടി എന്തിനു കൊള്ളാം? എന്തു ചെയ്തു? പാർട്ടി കളിച്ചു നടന്ന് എന്തുണ്ടാക്കി?? ഇങ്ങനെ ഒരു നൂറു കുറ്റപ്പെടുത്തലും അപമാനിക്കലും.. ഇത്‌ കേട്ട്‌ കേട്ട്‌ മടുത്ത്‌ അവരുടെ വീട്ടിലോ‌ട്ട്‌ പോകാൻ തന്നെ പ്രയാസം.. വീട്ടിലോട്ട്‌ കേറാൻ പോലും പറയാതെ നിർത്തിയങ്ങ്‌ പൊരിക്കും. വെള്ളം പോലും തരാതെ പാർട്ടിയെ വച്ച്‌ അപമാനിക്കുന്ന കുറെപ്പേർ അങ്ങനെ. പിന്നെ ഒള്ളതു പറയണമല്ലോ, ഇവർക്കൊക്കെ എന്തേലും വലിയ വലിയ കാര്യങ്ങൾ നേടണമെങ്കിൽ അന്നേരം ഈ പാർട്ടി തരം തിരിവ്‌ ചൊറിച്ചിൽ ഒന്നും കാണുകയുമില്ല..

3. അടുത്ത വിഭാഗം സദാചാരക്കാർ.. 
പണ്ട്‌ കോളേജിൽ പഠിച്ചിരുന്ന കാലത്ത്‌ ഒരിക്കൽ ബസ്സിൽ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി ഒന്നിച്ച്‌ സീറ്റിലിരുന്ന് വന്നത്‌ കണ്ട  ഏതോ ഒരു ബന്ധു ഞാൻ വീട്ടിലെത്തുന്നതിനും മുൻപേ അത്‌  അച്ഛനെ വിളിച്ച്‌ പറഞ്ഞു. സന്ധ്യക്ക്‌ ഒറ്റയ്ക്ക്‌ ബസിൽ വരുന്ന എന്റെ കൂടെ അവൻ ഇരുന്നത്‌ എന്നെ സംരക്ഷിക്കാൻ ആണെന്ന് എനിക്കല്ലേ അറിയൂ. “ മോൾ ഒരു ചെക്കന്റെ കൂടെ ബസ്സിൽ ഇരിക്കുന്നു" എന്നൊക്കെ എരിപുളി ചേർത്ത്‌ പറഞ്ഞ്‌ എന്നെ മോശമാക്കാൻ ശ്രമിച്ച മറ്റൊരു ശത്രു.. ആൺകുട്ടികൾടെ കൂടെ മിണ്ടിയാൽ, ഇരുന്നാൽ, നടന്നാൽ ഒക്കെ പ്രേമം എന്നൊക്കെ മാത്രമേ അർത്ഥമുള്ളൂ എന്നാണേൽ ഞാനൊക്കെ എത്രയോ പ്രേമങ്ങളിൽ പെട്ടിട്ടുണ്ട്‌🤣🤣..പാര പണിയാൻ ബെസ്റ്റ്‌ എപ്പോഴും നമ്മളുടെ അടുത്ത ബന്ധുക്കൾ തന്നെയാണെന്ന് തോന്നിപ്പോയി അന്നു..

4. പിന്നെ ചില ബന്ധുക്കൾ ഒരു കാരണവുമില്ലാതെ നമ്മൾക്ക് പണി തന്നു കൊണ്ടേ ഇരിക്കും. പ്രത്യേകിച്ച്‌ അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്ത്‌ കൊടുത്തില്ലേൽ, അല്ലെങ്കിൽ അവരെ കുറിച്ച്‌ നല്ലതു മാത്രം പറഞ്ഞില്ലേൽ, അവർ ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാണിച്ചാൽ, ഇതിനൊക്കെ പുറമേ അവർക്ക്‌ നമ്മളെക്കുറിച്ച്‌ ആരോടും മോശമായി എന്തും പറയാം എന്നാൽ നമ്മൾ ആരോടും അവരെ പറ്റി മിണ്ടാനേ പാടില്ല താനും.. കൂടുതലും ഇതൊക്കെ പലയിടത്തും സംഭവിക്കുന്നത്‌ സ്വത്ത്‌ വിഷയം വരുമ്പോളാണു ബന്ധമൊക്കെ അവിടെ കിടക്കും..😀

5. അലമ്പൻസ്‌ ബന്ധുക്കൾ & പിശുക്കൻസ്‌ ബന്ധുക്കൾ
സ്വന്തം കൈയിലിരിക്കുന്ന പൈസ കൊണ്ട്‌ ഒരു മിടായി പോലും വാങ്ങി തരാത്തവരും എന്നാൽ നമ്മുടെ കൈയിലെ പൈസ കൊണ്ട്‌ ആവോളംസുഖിക്കുവാൻ തൽപ്പരത കാണിക്കുകയും ചെയ്യുന്ന ചിലർ. അതുമല്ലാതെ കുടുംബത്തിൽ ഒരാൾക്ക്‌ ഇത്തിരി വരുമാനമാർഗ്ഗം കൂടുതലാണെങ്കിൽ അവരെ പരമാവധി ഊറ്റിയെടുത്ത്‌ തൻ കാര്യം സാധിക്കുന്നവരും കൂട്ടത്തിൽ പെടും.. 

6. വികാരവായ്പ്പ്‌

ഇതിനൊക്കെ പുറമേ ശരീരത്തിൽ തഴുകിയും തലോടിയും അമിതമായ സ്നേഹവികാരവായ്പ്പ്‌ കാണിച്ച്‌ ചേട്ടന്മാർ ചമയുന്ന കുറേപ്പേരും. ഒരു ചടങ്ങിൽ വന്ന് ചേർന്ന് കാണിച്ചു കൂട്ടുന്ന അവരുടെ ആ അലമ്പ്‌ കണ്ടാൽ തന്നെ ചിലപ്പോൾ ഒന്നങ്ങ്‌ പൊട്ടിക്കാൻ തോന്നും.

7. അവരവരുടെ കാര്യസാധ്യത്തിനായി ഒരു വസ്തു നമ്മുടെ കൈയിൽ നിന്നും വാങ്ങി കഴിഞ്ഞാൽ ആ പൊരുളിനെ വ്യത്തിയായി സൂക്ഷിക്കാതെ വെയ്ക്കുകയും കേടു വരുത്തുകയും പിന്നീട്‌ അതെപറ്റി ചോദിച്ചാൽ നമ്മളെന്തോ തെറ്റ്‌ ചെയ്തു എന്ന് തോന്നിപ്പിക്കും വിധം അകൽച്ച കാണിക്കുകയും ചെയ്യുന്ന ചിലരുണ്ട്‌. കേടാക്കിയ പൊരുളിനെ നന്നാക്കി കൊടുക്കാനുള്ള മനസ്സ്‌ കാണിക്കുകയും പോലും ചെയ്യാത്ത ചിലർ.. യാതൊരു മനസ്സലിവും ഇല്ലാതെ അങ്ങോട്ട്‌ പലതിനും കണക്ക്‌ പറഞ്ഞു കാശ്‌ വാങ്ങുന്നവരാണു ഈ പണി ചെയ്യുന്നതെന്നും ഓർക്കണം. പിന്നെ വീട്ടിൽ എന്ത്‌ നല്ല വസ്തു ഉണ്ടേലും ഓസിനു വന്ന് കഥ പറഞ്ഞ്‌ അത്‌ അടിച്ചോണ്ട്‌ പോകുന്ന വിരുതരും പെടും ഇതിൽ. 

എഴുതിയാൽ തീരാത്തത്ര സ്വഭാവഗുണങ്ങളുള്ള ബന്ധുക്കൾ  ഇങ്ങനെ ചുറ്റുവട്ടത്തും നോക്കിയാൽ കാണാം. എല്ലാവർക്കും ഏകദേശം ഇപ്പറഞ്ഞ പോലെ ഒക്കെ ഉള്ള സ്വഭാവങ്ങളും.. ശരിക്കും ഇവരൊക്കെ എന്താ ഇങ്ങനെ മനോഭാവത്തൊടെ പെരുമാറുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്‌. ബന്ധങ്ങൾ എന്നൊക്കെ പറയുന്നത്‌ ഒരു പ്രഹസനമാണെന്നും തോന്നാറുണ്ട്‌ പലപ്പോഴും. 

ഒരു വഴക്ക്‌ വന്നാൽ, അഭിപ്രായവ്യത്യാസം വന്നാൽ, തെറ്റിധാരണ വന്നാൽ, സ്വത്ത്‌ തർക്കം വന്നാൽ ഒക്കെ തകർന്ന് വീഴാനും മാത്രമുള്ളതാണോ സ്‌നേഹബന്ധങ്ങളും രക്‌തബന്ധങ്ങളും. ചെറുപ്പം മുതൽക്ക്‌ നിങ്ങളൊക്കെ തന്നെയല്ലേ ബന്ധുവെന്നു വിളിക്കാൻ പഠിപ്പിക്കുന്നതും പിന്നീട്‌ ശത്രുവായി കാണാൻ പ്രേരിപ്പിക്കുന്നതും.. ഇത്‌ കൊണ്ട്‌ ആർക്ക് എന്ത്‌ പ്രയോജനം?? ബന്ധുക്കളെക്കാൾ ശത്രുക്കളാകാൻ ആണു എളുപ്പം.. ഒരു ജന്മം ഒന്നുംവേണ്ടല്ലോ അതിനു ദേഷ്യം പ്ലസ്സ്‌ ഒരൊറ്റ വാക്കു മതിയല്ലോ.. ജീവിതം കാട്ടി തരുന്ന കുറെ മുഖങ്ങൾ, അതിലും കപടത... ബന്ധുക്കളേ, ശത്രുക്കളേ... !!

12.  Choose your Right Path Wisely for a peaceful life.. 

മറ്റൊരാളെ ചതിച്ച്‌ നേടുന്ന പണം, പദവി, സ്നേഹം ഇതിനൊക്കെ എത്ര നാൾ ആയുസ്സ്‌ കാണും?? പോട്ടെ, ഈ ചതിച്ച്‌ നേടുന്നതൊക്കെ നിങ്ങൾക്ക് എത്രത്തോളം സമാധാനത്തോടെ ആസ്വദിക്കാൻ കഴിയും. ‌ തെറ്റ്‌ ചെയ്യുന്നത്‌ വീട്ടുകാർ കണ്ടുപിടിക്കുമോ എന്ന ഉൾഭയം കൊണ്ട്‌ സ്നേഹിച്ച്‌ കൂടെ കഴിയുന്നവരെ ചതിച്ചാൽ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. ഇനി പലരെ പറ്റിച്ച്‌ പണം സമ്പാദിച്ചാലോ എന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ഭയം കൂടെത്തന്നെയുണ്ടാകും.. എന്റെ പക്‌ഷത്തിന്റെ കൂടെ നിന്നാൽ നിങ്ങൾക്കാ പദവി തരാം, ഈ പദവി തരാമെന്നൊക്കെ പറഞ്ഞ്‌ കാര്യം സാധിച്ചെടുത്ത്‌ കഴിഞ്ഞാൽ പിന്നെ ആ ആളെ കണ്ട ഭാവവും ഇല്ലാ, കൊടുക്കാമെന്ന് പറഞ്ഞ മോഹനവാഗ്ദാനവും ഇല്ല. എന്താ, മനുഷ്യരൊക്കെ ഇങ്ങനെ പെരുമാറുന്നത്‌. ശരിക്കും മറ്റൊരാളെ വഞ്ചിച്ചിട്ട്‌ കാര്യസാധ്യം നടത്തുന്നവർക്ക്‌ എന്ത്‌ സംസ്കാരമാണുള്ളത്‌. വീടു മുതൽ അങ്ങ്‌ മുകളിൽ അധികാരംവരെ എത്ര വഞ്ചനകൾ നടക്കുന്നുണ്ടാകാം. കല്യാണ വാഗ്ദാനം നൽകി ചതിക്കുക, പണം തട്ടാൻ വേണ്ടി ഇല്ലാത്ത മാരക അസുഖങ്ങൾ ഉണ്ടെന്ന് പറഞ്ഞ്‌ നടക്കുക, ജോലിതട്ടിപ്പ്‌.. ഈ തട്ടിപ്പുകാരെ തട്ടി സോഷ്യൽ മീഡിയായിൽ വരെ ഒന്നും എഴുതാൻ പറ്റാത്ത അവസ്ഥ. ആരെങ്കിലും കഷ്ടപ്പെട്ട്‌ ചിന്തിച്ച്‌ എഴുതുന്നതും കോപ്പിയടിച്ച്‌ , ആ സ്യഷ്ടിയെ സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ച്‌ ഞെളിഞ്ഞ്‌ നടക്കുന്ന കുറച്ച്‌ പേരും ഉണ്ട്‌.  ജീവിക്കാനാകാത്ത അവസ്ഥയാണെങ്ങും. ഇതിനൊക്കെ അന്ത്യമുണ്ടോ എന്ന് ചോദിച്ചാൽ എവിടുന്ന്?? മനുഷ്യർക്ക്‌ ഈ മോഹങ്ങളൊക്കെ അധികമായാൽ  വളഞ്ഞവഴിയിലൂടെയാണെങ്കിലും അതെങ്ങനെയും നേടിയെടുക്കണം എന്ന വ്യഗ്രതയുണ്ടല്ലോ അത്‌ എന്ന് മാറുന്നുവോ അന്ന് ചതിയും നിൽക്കും. പക്ഷെ അതൊരിക്കലും നടക്കാനും പോണില്ല..

ചതിച്ച്‌ നേടുന്നതൊക്കെ ഒരിക്കൽ നിങ്ങൾക്ക്‌ തന്നെ നാശമായി ഭവിക്കും. കാരണം, സ്നേഹം നൽകുന്നവരെ ചതിച്ചാൽ അവർ നിങ്ങൾക്കൊപ്പം കാണില്ല. മറ്റൊരാളുടെ വിയർപ്പിന്റെ കണ്ണീരു വീണ പണം നിങ്ങളെ വേരടക്കം ഇല്ലാതെയാക്കാം. അധികാരം മൂത്ത്‌ നേടുന്ന പദവികൾക്ക്‌ സ്ഥാനഭ്രംശം വന്നേക്കാം. ഒന്നുമില്ലാതെ, ആരുമില്ലാതെ, വിശ്വാസവഞ്ചകരായ്‌ ഒറ്റപ്പെടുമ്പോൾ ചെയ്ത്‌ കൂട്ടിയ അത്രയും ചതികൾക്ക്‌ പങ്ക്‌ പറ്റാൻ ഒരാളും കാണുകയുമില്ല. ചതിയല്ല ഒന്നിനും എളുപ്പവഴി. നേർവ്വഴി തന്നെയാണു എളുപ്പവഴി.. ആ വഴിയാണു ജീവിതത്തിൽ സമാധാനം നൽകുന്ന വഴി..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക