Image

ഇന്‍ഡ്യ പഴയ ഇന്‍ഡ്യയല്ല (ലേഖനം: സാം നിലംപള്ളില്‍)

Published on 17 February, 2024
ഇന്‍ഡ്യ പഴയ ഇന്‍ഡ്യയല്ല (ലേഖനം: സാം നിലംപള്ളില്‍)

നരേന്ദ്ര മോദിയുടെ പത്തുവര്‍ഷത്തെ ഭരണത്തിന്‍കീഴില്‍ ഇന്‍ഡ്യ വന്‍പുരോഗതി പ്രാപിച്ചെന്ന് ബി ജെ പി പറയുമ്പോള്‍ അതൊക്കെ വെറും പൊളിവാക്കുകളാണന്ന് ഇന്‍ഡിമുന്നണി നേതാക്കളും നമ്മുടെ പ്രിയപ്പെട്ട കഥാപാത്രം രാഹുല്‍ ഗാന്ധിയും പ്രചരിപ്പിക്കുന്നു. ഇന്‍ഡി നേതാക്കളില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് - കമ്മ്യൂണിസ്റ്റുകാരും അമേരിക്കയിലെ ചില മലയാളി സുഹൃത്തുക്കളുമുണ്ട് വസ്തുതകള്‍ കാണാന്‍ ഇഷ്ടപ്പെടാത്തവരായിട്ട്. കേരളീയരെ സംബന്ധിച്ചിടത്തോളം അവരില്‍  ചിലരൊഴികെ അധികംപേര്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ വാളയാര്‍കഴിഞ്ഞ് അപ്പുറത്തേക്ക് പോയിട്ടില്ല. അമേരിക്കയിലെ ഒരു മലയാളിസുഹൃത്ത് പറയുന്നത് വികസനം നടക്കുന്നത് ഗുജറാത്ത് സംസ്ഥാനത്ത് മാത്രമാണെന്നാണ്. അതും മോദി സര്‍ക്കാര്‍ കേരളത്തിനും മറ്റുസംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പണം ഗുജറാത്തിന് മാത്രമായി ഒഴുക്കുന്നതുകൊണ്ടാണെന്നാണ്. അങ്ങനെ ഒരുസംസ്ഥാനത്തെമാത്രം സഹായിക്കാന്‍ കേന്ദ്രംഭരിക്കുന്നത് ഏതുസര്‍ക്കാരിനായാലും സാധ്യമല്ലന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണ്. 

കോണ്‍ഗ്രസ്സുകാരനായ മന്‍മോഹന്‍ സിങ്ങ് ഭരിക്കുമ്പോള്‍തന്നെ ഗുജറാത്ത് പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കയായിരുന്നു. അതന്റെ ക്രെഡിറ്റ്മുഴുവന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കാണ്. ഗുജറാത്ത് മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കണമെന്ന് കമ്മ്യൂണിസ്റ്റ് എം എല്‍ എയായിരുന്ന അബ്ദുള്ളക്കുട്ടി പറഞ്ഞതിന്റെ പേരിലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. പിന്നീട് അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നത് ചരിത്രം.

രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്ക വന്‍പുരോഗതിയിലേക്ക് നീങ്ങിയത് പ്രസിഡണ്ട് ഐസനോവര്‍ രാജ്യത്തുടനീളം ഹൈവേകള്‍ നിര്‍മ്മിച്ചതോടുകൂടിയാണ്. ചരക്കുനീക്കം സുഗമമായി നടക്കുകയാണ് രാജ്യപുരോഗതിയുടെ അത്യാവിശ്യ ഘടകം. ചൈനയുടെ പുരോഗതി ആരംഭിച്ചതും ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതോടുകൂടിയാണ്. റോഡുകള്‍ രാജ്യത്തിന്റെ ജീവനാഡികളാണന്ന് അറിയാത്ത വിഢിക്കൂശ്മങ്ങളായ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളാണ്, കമ്മ്യൂണിസ്റ്റുകള്‍ പ്രത്യേകിച്ചം, ആഴ്ച്ചതോറും ഹര്‍ത്താലുകള്‍നടത്തി ഗതാഗതം സ്തംഭിപ്പിച്ചതും പൊതുമുതല്‍ നശിപ്പിച്ചതും.

 പോപ്പുലര്‍ഫ്രണ്ട് അരങ്ങേറിയ ദേശഭക്തിപരമായ പ്രകടനവും അതില്‍ അവതരിപ്പിച്ച മതസൗഹര്‍ദ്ദ മുദ്രാവാക്യങ്ങളും (അരിയും മലരും കുന്തിരുക്കവും വാങ്ങിവച്ചോടാ, വരുന്നുണ്ടടാ വരുന്നുണ്ടടാ നിന്റെയൊക്കെ കാലന്മാര്‍) തുടര്‍ന്നുണ്ടായ നിരോധനവും പറ്റേന്നുനടന്ന ഹര്‍ത്താലും പൊതുമുതല്‍ നശിപ്പിക്കലും ഹൈക്കോടതിയുടെ കര്‍ശ്ശനമായ നിര്‍ദ്ദേശപ്രകാരം ഫ്രണ്ടിന്റെ നേതാക്കന്മാരുടെ സ്വത്തുവകകള്‍ പിണറായി വിജയന്‍ മനസില്ലാമനസോടെ കണ്ടുകെട്ടിയതും ഓര്‍മ്മിക്കുമല്ലൊ.  ഇങ്ങനെയുള്ള തെമ്മാടിത്തരങ്ങള്‍ അവസാനിപ്പിച്ച ഹൈക്കോടതിക്ക് എത്രഅഭിനന്ദനം രേഖപ്പെടുത്തിയാലും മതിയാകില്ല.  

കേരളംവിട്ട് തമിഴ്‌നാട്ടിലേക്ക് കയറിയാല്‍ രാജ്യപുരോഗതി വ്യക്തമായി കാണാം. അവിടെ വന്‍ഫാക്ട്ടറികള്‍ നിത്യേനയെന്നോണം ഉയരുന്നു. ആറുവരിയും നാലുവരിയും പാതകള്‍ പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നു. തമിഴന്മാര്‍ കേരളത്തിലേക്ക് കൂലിവേലചെയ്യാന്‍ ഇപ്പോള്‍ എത്തുന്നില്ല. അതിന്റെകാരണം അവിടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലുമുണ്ട്. കര്‍ണാടകയും ആന്ധ്രയും തെലുങ്കാനയും കേരളത്തേക്കാള്‍ എത്രയോ ഇരട്ടി സമ്പന്നമാണ്. വ്യവസായവത്കരണത്തിനുവേണ്ടി ഈ സംസ്ഥാനങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. കിറ്റക്‌സ് സാബുവിനെ പ്രത്യേക വിമാനമയച്ച് ഹൈദരബാദിലേക്ക് റാഞ്ചിക്കൊണ്ടുപോയത് ഓര്‍മ്മിക്കുമല്ലോ. 

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപകരെതേടി പിണറായി വിജയന്‍ ന്യുയോര്‍ക്കിലെ ടൈമ്‌സ് ക്വയറില്‍വന്ന് തുരുമ്പിച്ച കസേരയിലിരുന്ന് പ്രസംഗിച്ചു. ഒരു നിക്ഷേപകനും തിരിഞ്ഞുനോക്കിയില്ല. ആത്മഹത്യ ചെയ്യാനുള്ള എളുപ്പമാര്‍ഗം കേരളത്തില്‍ പണംമുടക്കി വ്യവസായം നടത്തുകയാണന്ന് അറിയാനുള്ള വിവേകം പ്രവാസി മലയാളികള്‍ക്കുണ്ട്.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞകാല പ്രവര്‍ത്തികളാണ് വ്യവസായികളെ പിന്നോക്കം വലിക്കിന്നത്. ഇന്നും അത് തുടരുന്നു. അടുത്തകാലത്താണ് തകഴി എന്നസ്ഥലത്ത് ഷോപ്പിങ്ങ്മാള്‍ തുടങ്ങാന്‍ കോടികള്‍ മുടക്കിയ പ്രവാസിവ്യവസായി പകുതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ച് കരയുന്നത് പത്രവാര്‍ത്തയായിരുന്നു. അതുപോലെ കോട്ടയത്തിനടുത്ത് ഒരു അമേരിക്കന്‍ നിക്ഷേപകന്‍ എന്തോ സ്‌പോര്‍ട്ട് കോംപ്‌ളക്‌സ് തുടങ്ങാന്‍ ശ്രമിച്ചതും പഞ്ചായത്തിന്റെയും ഉദ്യോഗസ്തന്മാരുടെയും സന്മനസുകൊണ്ട് പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതും വായിച്ചു. ബിര്‍ള കോഴിക്കോട്ട് ആരംഭിച്ച മാവൂര്‍ റയോണ്‍സ് പൂട്ടിച്ചതും പ്‌ളാച്ചിമടയില്‍ കൊക്കക്കോള അടപ്പിച്ചതും കേരളത്തിലെ പ്രബുദ്ധരായ തൊഴിലാളികളായിരുന്നു. ഇതൊക്കെ ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശത്തും കേരളത്തെപറ്റി മതിപ്പുളവാക്കാന്‍ സഹായിച്ച ഘടകങ്ങളാണ്. പിണറായി വിജയന്‍ ടൈംസ് സ്‌ക്വയറലല്ല ചൈനയിലെ ബെയ്ജിങ്ങില്‍പോയി പ്രസംഗിച്ചാലും ഒരുവ്യവസായിയും കേരളത്തിലേക്ക് തിരിഞ്ഞുനോക്കില്ല.

മഹരാഷ്ട്ര സംസ്ഥാനത്തിന് പാകിസ്ഥനെന്ന രാജ്യത്തേക്കാളും സമ്പത്തുണ്ട് ജി ഡി പിയുടെ കാര്യത്തില്‍. ദരിദ്രസംസ്ഥാനമെന്ന് മലയാളികള്‍ ആക്ഷേപിച്ചിരുന്ന ഉത്തര്‍പ്രദേശ് പുരോഗതിയിലേക്ക് കുതിക്കുകയാണ്. ക്രമസമാധാനനില മോശമായിരുന്ന സംസ്ഥാനം ഇപ്പോള്‍ സമാധാനപൂര്‍വ്വമാണ്. ഗണ്ടകളെ അടിച്ചൊതുക്കിയും കൊലപാതകികളുടെയും ബലാല്‍സംഗ വീരന്മാവരുടെയും വീടുകള്‍ ബുള്‍ഡോസര്‍വച്ച് നിലംപരിശാക്കിയുമാണ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു പിയെ വാസയോഗ്യമായ സംസ്ഥാനമാക്കി മാറ്റിയത്. അതോടുകൂടി വ്യവസായികള്‍ അവിടേക്ക് പ്രവഹിച്ചുതുടങ്ങി.

140 കോടി ജനങ്ങളെ തീറ്റിപോറ്റുകയെന്നത് ചെറിയൊരു കാര്യമല്ല. സമ്പന്നരാജ്യമായ അമേരിക്കയില്‍പോലും മുപ്പതുകോടി ജനങ്ങളേയുള്ളു. ഇന്‍ഡ്യ പുരോഗമിക്കുന്നില്ല എന്നുധരിക്കുന്ന സംശയാലുക്കള്‍ അടുത്തപ്രാവശ്യം നാട്ടില്‍പോകുമ്പോള്‍ കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങള്‍കൂടി സന്ദര്‍ശിക്കേണ്ടതാണ്.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക