Image

ജസ്ന സലീമിനു ഇഷ്ടം ഉണ്ണിക്കണ്ണനെ! (വിജയ് സി. എച്ച്)

Published on 20 February, 2024
ജസ്ന സലീമിനു ഇഷ്ടം ഉണ്ണിക്കണ്ണനെ! (വിജയ് സി. എച്ച്)

ജസ്ന സലീം തൻ്റെ ജീവിതത്തിൽ ആദ്യം വരച്ച പടം വെണ്ണയുണ്ണുന്ന സാക്ഷാൽ ഉണ്ണിക്കണ്ണൻ്റെയാണ്! വരയ്ക്കാൻ ഉപയോഗിക്കുന്ന പെയ്ൻ്റോ, ബ്രഷോ, പാലെറ്റോ മുമ്പൊരിക്കലും ആ മുസ്ലീം യുവതി കണ്ടിട്ടു പോലും ഇല്ലായിരുന്നു. കൃഷ്ണനുമായി അതു വരെ ജസ്നയ്ക്കുണ്ടായിരുന്ന ഏക ബാന്ധവം വീട്ടുകാർ അവളെ ഓമനിച്ചു, കളിയാക്കി, വിളിച്ചിരുന്നതു കണ്ണൻ എന്നായിരുന്നുവെന്നു മാത്രം. 
വിവാഹ ശേഷം ഭർത്താവ് സലീമിൻ്റെ ഒരു ചങ്ങാതിയുടെ വീട്ടിൽ ദമ്പതിമാർ സന്ദർശിച്ചപ്പോഴാണ് അവിടത്തെ പൂജാമുറിയിൽ ഉണ്ണിക്കണ്ണൻ്റെ രൂപം ജസ്ന ആദ്യമായി കണ്ടത്.

വെണ്ണയുണ്ണുന്നതിൻ്റെ സംതൃപ്തിയിൽ ശോഭിതമായ ആ ഓമനമുഖം കണ്ടിട്ടും കണ്ടിട്ടും ജസ്നയ്ക്കു മതിവന്നില്ല! പിന്നീടൊരിയ്ക്കൽ വീട്ടിലേയ്ക്കു സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവന്ന ഏതോ പഴയ ദിനപത്രത്തിൽ ഐശ്വര്യം നിറഞ്ഞ ആ മുഖം ജസ്ന വീണ്ടും കണ്ടു. ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന ആ ചാരുത്വം ഒന്നു വരച്ചു നോക്കിയാലോ? കൃഷ്ണഭക്തയായ ഒരു ചിത്രകാരിയുടെ പിറവിയായിരുന്നു അത്!


മതമൗലികവാദികളുടെ എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും ഒപ്പമെത്തി. എല്ലാം സഹിച്ചുകൊണ്ടു ആയിരത്തിലേറെ ആകർഷകമായ കൃഷ്ണചിത്രങ്ങൾ ഇതിനകം വരച്ചുതീർത്ത, പുതുവർഷപ്പുലരിയിൽ വെണ്ണക്കണ്ണൻ്റെ ചില്ലിട്ട 101 ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രനടയിൽ കാണിക്കയായി വച്ച, ജസ്നയെ ഇത്തിരി നേരം കേൾക്കാതിരിക്കാൻ സഹൃദയർക്കു കഴിയുമോ?


🟥 കന്നി വര വെണ്ണക്കണ്ണൻ  
ഭർത്തൃ ഗൃഹം കൊയിലാണ്ടിക്കടുത്തുള്ള കുറുവങ്ങാടാണ്. കോഴിക്കോടു ജില്ലയിലെ തന്നെ താമരശ്ശേരി താലൂക്കിലുള്ള പൂനൂർ ഗ്രാമത്തിലാണു ഞാൻ ജനിച്ചുവളർന്നത്. ക്ഷേത്രങ്ങളോ, ഹിന്ദു ദൈവങ്ങളോ, ഭക്തിഗാനങ്ങളോ, ക്ലാസ്സിക്കൽ സംഗീതമോ പ്രക്ഷേപണം ചെയ്യപ്പെടുമ്പോൾ ടി.വി സ്വിച്ച് ഓഫ് ചെയ്യണമെന്നു കർശന നിബന്ധനയുള്ളൊരു വീട്ടിൽ. വിരലിൽ എണ്ണാവുന്നത്ര ഹൈന്ദവ ഭവനങ്ങളേ ഞങ്ങളുടെ പ്രദേശത്തുള്ളൂ. വിശ്വാസപരമായി ജീവിയ്ക്കുന്ന മുസ്ലീങ്ങളാണ് പരിസരങ്ങളിലെല്ലാം. അതുകൊണ്ടാണാണു ഞാൻ കണ്ണനെ വരച്ചപ്പോൾ പലരും അത്ഭുതപ്പെട്ടതും, നെറ്റി ചുളിച്ചതും. അതിനു മുന്നെ ഒരു ചിത്രവും ഞാൻ വരച്ചിട്ടുമില്ലായിരുന്നു. ജീവിതത്തിൽ ആദ്യമാദ്യം വരച്ചത് കണ്ണനെയാണ്. സ്കൂളിലേയ്ക്കുള്ള ഇന്ത്യയുടെ മേപ് പോലും വെളിച്ചെണ്ണ പുരട്ടി കോപ്പിയടിച്ച വ്യക്തിയാണു ഞാൻ. വരച്ചതു നന്നായിട്ടുണ്ടെങ്കിലും,

കണ്ണൻ്റെ പടം വീട്ടിൽ വച്ചാൽ പ്രശ്നമാണെന്നു സലീംക്ക പറഞ്ഞതിനാൽ, എൻ്റെ പ്രഥമ സാക്ഷാൽകാരം അടുത്തുള്ള അമ്പലത്തിലെ പൂജാരിയ്ക്കു സമ്മാനമായി കൊടുക്കുവാൻ തീരുമാനിച്ചു. പൂനൂരിലുള്ള പ്രശസ്ത മങ്ങാട് കോവിലകത്തെ അംഗമാണ് നാട്ടിലെ മിക്കവരും ശങ്കരേട്ടൻ എന്നു വിളിയ്ക്കുന്ന ശങ്കരൻ നമ്പൂതിരി. പടം ഫ്രെയ്ം ചെയ്തു കോവിലകത്തു കൊണ്ടുപോയി ശങ്കരേട്ടനു നൽകി. വിവാഹിതനായിട്ടു പത്തിരുപതു വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാതിരുന്ന ശങ്കരേട്ടൻ്റെ പത്നി ഗർഭിണിയായതും പ്രസവിച്ചതും ഇല്ലത്തു പുതിയതായി എത്തിയ കൃഷ്ണ ചൈതന്യമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു.

മുസ്ലീം കുട്ടി വരച്ച കണ്ണനാണ് ഈ സിദ്ധിയ്ക്കു നിദാനമെന്നു സന്തുഷ്ടനായ ശങ്കരേട്ടൻ കണ്ടവരോടൊക്കെ പറഞ്ഞു. വിവരം പ്രദേശവും, ജില്ലയും കടന്നു സംസ്ഥാനതലം വരെയെത്തി. അങ്ങനെ ഞാൻ വരച്ച കൃഷ്ണചിത്രം തേടി നിരവധി പേർ എത്തിത്തുടങ്ങി. ആദ്യമെല്ലാം സമ്മാനമായാണു പടം വരച്ചു നൽകിയിരുന്നതെങ്കിലും പിന്നീടു വരയ്ക്കാനുള്ള ചെലവ് വർദ്ധിച്ചതോടെ ചെറിയൊരു വില ഈടാക്കി.


🟥 കാസർകോട്ടുനിന്നൊരു കൃഷ്ണഭക്തൻ
കാസർകോട് മൂന്നാടിൽ നിന്നു കോഴിക്കോട്ടെത്തി ഒരു പത്രമാപ്പീസിൽ കയറി എൻ്റെ ഫോൺ നമ്പർ വാങ്ങിയാണ് വൃദ്ധനായ നാരായണൻ നായർ എന്നെ വിളിച്ചത്. ആ സമയം ഞാൻ വീട്ടിൽ ഇല്ലായിരുന്നതിനാൽ പടം കുറിയർ വഴി അയച്ചുകൊടുക്കാമെന്നു പറഞ്ഞു. പക്ഷേ, കൃഷ്ണചിത്രം എൻ്റെ കയ്യിൽ നിന്നു നേരിട്ടു സ്വീകരിക്കണമെന്നും തനിയ്ക്കുള്ള ചിത്രം വരച്ചു കഴിഞ്ഞാൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം വിനയത്തോടെ പ്രതികരിച്ചു. മൂന്നാലു ദിവസംകൊണ്ടു അദ്ദേഹത്തിനുള്ള പടം വരച്ചു, വിവരം ഞാൻ അറിയിച്ചു. ഉടൻ തന്നെ പൂനൂരെത്തി വളരെ സംതൃപ്തിയോടെ അദ്ദേഹം പടം ഏറ്റുവാങ്ങി. സമൂഹമാധ്യമങ്ങളിലൂടെ എന്നെക്കുറിച്ചു അറിഞ്ഞതു മുതലുള്ള ആഗ്രഹമായിരുന്നു അതെന്നു എല്ലാ മാസവും ഗുരുവായൂർ സന്ദർശിക്കാറുള്ള കൃഷ്ണഭക്തൻ കൂട്ടിച്ചേർത്തു. ദൂരത്തുള്ള നിരവധി പേർ ഇതുപോലെ കൃഷ്ണചിത്രം തേടി എത്തുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും, കൂടാതെ തമിഴ് നാട്, കർണാടക, ആന്ധ്രപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ നിന്നും കണ്ണനെ തേടി വിളികൾ വരാറുണ്ട്. അവർക്കെല്ലാം കുറിയറായി അയച്ചു കൊടുക്കുന്നു. അതിനാലാണ് വെണ്ണക്കണ്ണന്മാരെ തുടർച്ചയായി വരക്കേണ്ടിവരുന്നത്. ഒരടി മുതൽ ഒരാൾ ഉയരം വരെയുള്ള വെണ്ണക്കണ്ണന്മാരെ സാക്ഷാൽക്കരിക്കുന്നതു അക്രിലിക് ഷീറ്റുകളിൽ ഫേബ്രിക് പെയിൻ്റുകൾ ഉപയോഗിച്ചാണ്. മറ്റു പടങ്ങൾ വരച്ചു നോക്കിയിരുന്നു, പക്ഷേ വെണ്ണക്കണ്ണൻ്റെയത്ര ചേല് മറ്റൊരു ചിത്രത്തിനും ലഭിയ്ക്കുന്നില്ല. എനിയ്ക്കു 'ഒന്നും പറയാതെ ഒക്കെ അറിയുന്ന' വെണ്ണക്കണ്ണൻ മതി!


🟥 കൃഷ്ണചിത്ര സമർപ്പണങ്ങൾ
2013-ലാണു ഞാൻ ആദ്യത്തെ വെണ്ണക്കണ്ണനെ വരച്ചത്. അടുത്ത വർഷം തൊട്ടു ശ്രീകൃഷ്ണജയന്തി ദിനത്തിലും, വിഷുവിൻ്റെയന്നും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിച്ചു വെണ്ണക്കണ്ണൻ്റെ ചിത്രം സമർപ്പിക്കാറുണ്ട്. നൂറ്റിയൊന്നു കൃഷ്ണചിത്രങ്ങൾ ഒരുമിച്ചു കിഴക്കേ നടയിൽ കാണിക്ക വച്ചത് ഒരു വേറിട്ട സംഭവമാണ്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും, ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ.വി.കെ.വിജയനും, മറ്റു ക്ഷേത്രഭാരവാഹികളും, ഗോകുലം ഗോപാലൻ ഉൾപ്പെടെയുള്ള നിരവധി പൗരമുഖ്യന്മാരും ചേർന്നു ഞാൻ വരച്ച ഉണ്ണിക്കണ്ണന്മാരെ സ്വീകരിച്ചതു തീർച്ചയായും മനസ്സിൽനിന്നു ഒരിക്കലും മാഞ്ഞുപോകാത്തൊരു അനുഭവമാണ്. ഗുരുവായൂർ കൂടാതെ, കൊയിലാണ്ടിയിലുള്ള ശ്രീ നാഗകാളി ക്ഷേത്രം മുതൽ പന്തളം ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ സന്ദർശിച്ചു വെണ്ണക്കണ്ണൻ്റെ ചിത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
🟥 കൃഷ്ണനിൽ വിശ്വാസം
എൻ്റെ അന്നം ഇന്നു കണ്ണനാണ്. പത്തു വർഷമായി കണ്ണനും കണ്ണനെ വരച്ചു കിട്ടുന്ന പ്രതിഫലവുമാണ് എൻ്റെ ജീവോർജം. നമ്മുടെ മുന്നിൽ വിളമ്പുന്ന ചോറിൽ നമുക്കു വിശ്വാസമില്ലെങ്കിൽ നാമതു കഴിയ്ക്കുമോ? എനിയ്ക്കു കണ്ണനിൽ വിശ്വാസമുണ്ട്. വിശ്വാസമില്ലെങ്കിൽ കണ്ണനെ വരച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കാൻ എനിയ്ക്കു കഴിയുമോ? കണ്ണനിൽ എനിയ്ക്കു ഉറച്ച വിശ്വാസമാണ്! കുഞ്ഞുന്നാളിൽ കണ്ണനെന്നു കളിയാക്കി വിളിയ്ക്കുമ്പോൾ എനിയ്ക്കു കരച്ചിൽ വന്നിരുന്നു. എന്നാൽ, ആ വിളിപ്പേര് ഇന്നെനിയ്ക്കു അഭിമാനമാണ്!
🟥 ആത്മഹത്യയുടെ വക്കിൽ
ഉമ്മയുടെ വീട്ടുകാർക്ക് വിശ്വാസം ഇത്തിരി കൂടുതലാണ്. ഉമ്മയുടെ അനിയത്തിയുടെ മകൻ എന്നോടു ചോദിച്ചു കൃഷ്ണനെ വരയ്ക്കുന്നതു നിറുത്തിയിട്ടു വേശ്യാവൃത്തിയ്ക്കു ഇറങ്ങിക്കൂടേയെന്ന്. ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതിനേക്കാൾ മോശമായ ജോലിയല്ലേയെന്നു ഇക്കാക്ക ആക്രോശിച്ചു. ജനിച്ചതു മുതൽ കൂടെപ്പിറപ്പായി കരുതിപ്പോന്ന ആളുടെ നിഷ്ഠൂരമായ വാക്കുകൾ മനസ്സിനെ ആകെ കീറിമുറിച്ചു. പൂർണ വിഷാദത്തിൽ എങ്ങനെയൊക്കെയോ രണ്ടു ദിവസം കഴിച്ചുകൂട്ടി. മൂന്നാം ദിവസം എനിയ്ക്കു ഒട്ടും പിടിച്ചുനിൽക്കാനായില്ല. ജീവിതം അവസാനിപ്പിക്കാൻ ഞാൻ ശ്രമിച്ചു. പ്രധാന ഞരമ്പ് പൂർണമായും പിളർന്നിട്ടില്ലായിരുന്നതിനാൽ, എന്തോ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പക്ഷേ, അത് എൻ്റെ ഇടത്തെ കണങ്കൈയിൽ തീർത്ത സ്മാരകം മങ്ങാതെ മായാതെ ഇന്നും നിലകൊള്ളുന്നു. അതൊരു ഓർമപ്പെടുത്തലാണ്!
🟥 മകനു മതപഠനം വിലക്കി
മകൻ മദ്രസ്സയിൽ പോകാറുണ്ടായിരുന്നു. ഓരോ കാരണം പറഞ്ഞു ദിവസവും ഉസ്താദ് അവനെ തല്ലി. ഒരു ദിവസം വൈകിയാണ് എത്തിയതെന്ന കാരണമാണു പറഞ്ഞതെങ്കിൽ, അടുത്ത ദിവസം ഹോംവർക്ക് ചെയ്തില്ലെന്നു പറഞ്ഞായിരിയ്ക്കും. മൂന്നാം ദിവസം മറ്റെന്തെങ്കിലും കാരണം പറഞ്ഞു അവനെ തല്ലും. ഉടനെത്തന്നെ ഉമ്മയെ വിളിച്ചു കൊണ്ടുവരുവാൻ പറയും. അവൻ്റെ ഉപ്പ ഗൾഫിലാണല്ലൊ. ഞാൻ ചെന്നാൽ ശകാരങ്ങളുടെ തീമഴയാണ്. എന്നെ കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത് എന്നു തുടങ്ങി എൻ്റെ വസ്ത്രധാരണ രീതിയെക്കുറിച്ചു വരെയുണ്ടാകും കൊള്ളിവാക്കുകൾ. ഞാനല്ല അവിടെ പഠിക്കുന്നത് എൻ്റെ മകനാണ് മുതലായ എൻ്റെ ഉത്തരങ്ങളൊന്നും അവർക്കു സ്വീകാര്യമായിരുന്നില്ല. ഒടുവിൽ അവൻ മദ്രസ്സയിൽപ്പോക്കു നിറുത്തി. പക്ഷേ, മദ്രസ്സാ വിദ്യഭ്യാസം കുട്ടികൾക്കു നിർബ്ബന്ധമെന്നു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു പറഞ്ഞപ്പോൾ മകനേയും കൂട്ടി ഞാൻ മറ്റൊരു മദ്രസ്സയിൽ ചെന്നു. അവിടത്തെ ഉസ്താദ് ആദ്യത്തെ മദ്രസ്സയിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് കൊണ്ടുവരുവാൻ പറഞ്ഞു. അദ്ദേഹം 'കണ്ണനെ വരയ്ക്കുന്ന കലാകാരി'യെ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. അതായിരുന്നല്ലൊ എൻ്റെ ചീത്തപ്പേര്! ഒമ്പതു വയസ്സുള്ള കുട്ടിയ്ക്കു എന്തു സ്വഭാവദൂഷ്യമാണുണ്ടാകുകയെന്നു ചോദിച്ചപ്പോൾ, കുട്ടിയുടെ മാത്രമല്ലല്ലൊ, കുട്ടിയുടെ മതാപിതാക്കളുടെ സ്വഭാവവും അറിയണമല്ലൊ എന്നായി ഉസ്താദ്. ഞങ്ങൾ അവിടെ നിന്നു ഇറങ്ങിപ്പോന്നു. മകനു വേണ്ടി ഉളുപ്പും മാനവും പണയം വച്ചു, മകനെ തല്ലിയ മദ്രസ്സയിലേയ്ക്കു വീണ്ടും ചെന്നു, അവനെ തിരിച്ചെടുക്കണമെന്നു താഴ്മയോടെ അപേക്ഷിച്ചു. അപ്പോൾ പുതിയ ന്യായം. അവർക്കു പള്ളിക്കമ്മിറ്റിയുമായി ആലോചിക്കണമത്രെ! കൂടാതെ, ആ മദ്രസ്സയിൽ പഠിക്കുന്ന ഓരോ കുട്ടിയുടെയും രക്ഷിതാവിൻ്റെ സമ്മതം വാങ്ങണമെന്നും, ഏതെങ്കിലും ഒരാൾക്കു സമ്മതമല്ലെങ്കിൽ എൻ്റെ മകനെ തിരിച്ചെടുക്കുകയില്ലെന്നും അവർ തീർത്തുപറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി വീട്ടിലേയ്ക്കു മടങ്ങാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ. എൻ്റെ മകൻ്റെ മതപഠനത്തിനു എന്നന്നേക്കുമായി തിരശ്ശീല വീഴുകയായിരുന്നു.
🟥 കുടുംബ ഫോട്ടോ ചോദിക്കരുതേ...
കുടുംബ ഫോട്ടോ മാത്രം എന്നോടു ചോദിക്കരുത്. ഞാൻ കാരണം മക്കൾ, പ്രത്യേകിച്ചു എൻ്റെ മകൻ വേണ്ടത്ര അനുഭവിച്ചതാണ്. അതുകൊണ്ടു ഞാൻ എൻ്റെ ഒരു കാര്യത്തിലും മക്കളെ ഉൾപ്പെടുത്താറില്ല. നൂറാള് ചേർത്തുപിടിയ്ക്കുമ്പോഴും, ഒരാൾ മതിയല്ലൊ എൻ്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ. അതവർക്കു താങ്ങാൻ കഴിയില്ല. ക്ഷമിക്കണം, മക്കളുടെയും ഭർത്താവിൻ്റെയും ഫോട്ടോകൾ ഞാൻ പുറത്തു വിടാറേയില്ല.

ജസ്ന സലീമിനു ഇഷ്ടം ഉണ്ണിക്കണ്ണനെ! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക