ഓരോ ഭാഷയിലും അക്ഷരങ്ങളാണ് പദങ്ങളായും പിന്നീട് വാക്യങ്ങളായും മാറുന്നത്. എന്റെയും മലയാളികളായ ഓരോരുത്തരുടെയും മാതൃഭാഷയായ മലയാളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ കേരളത്തിനകത്തും പുറത്തുമായുള്ള ജനങ്ങൾ ഉൾക്കണ്ഠ പ്രകടമാക്കുന്നുണ്ട്. മലയാള അക്ഷരങ്ങളുടെ സൗന്ദര്യവും ഏകാത്മതയും ലിപി പരിഷ്‌ക്കരണം കൊണ്ടുവന്നതോടെ നഷ്ടപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ അതിപ്രസരത്തോടെ പഴയതും പുതിയതുമായ ലിപികൾ കൂട്ടിക്കുഴച്ചാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. എഴുതുന്നതും വായിക്കുന്നതും നൂതനമായ ഇടങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. പഴയ ലിപിയിലും അച്ചടിക്കാമെന്നുണ്ടെങ്കിലും അത് പിന്തുടരുന്നത് ചുരുക്കം ചിലർ മാത്രമാണ്. അതുപോലെതന്നെ ഉച്ചാരണശുദ്ധി എന്നത് ഇപ്പോൾ പേരിനുപോലുമില്ല. മാതാപിതാക്കൾ കുട്ടികൾക്ക് മലയാളം പഠിപ്പിച്ചു തുടങ്ങുന്ന സമയത്തു ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. ഈ കാലഘട്ടത്തിൽ തനിമയുള്ള മലയാളം കുട്ടികൾ കേട്ട് വളരുന്നത് വിരളമാണെന്നു തന്നെ പറയാം.
കേരളത്തിന് പുറത്തും വിദേശത്തുമായി താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾ നവ മാധ്യമങ്ങളിലൂടെയുള്ള ദൃശ്യ വൽകൃതമായോ ചാനലുകളിലൂടെയോ മാത്രമായി മലയാളം കേട്ടാണ് വളരുന്നത്. ഇംഗ്ലീഷിന്റെയോ മറ്റു ഭാഷയുടെയോ അമിതമായ സ്വാധീനം പ്രകടമാണ്. ഒരു വാക്യത്തിൽ മൂന്നോ നാലോ ഇംഗ്ലീഷ് പദമെങ്കിലും ഇല്ലെങ്കിൽ മലയാളിക്ക് എന്തോ കുറച്ചിൽ പോലെയാണ് ഓരോ മലയാളിയും ഇപ്പോൾ വീക്ഷണം നടത്തുന്നത്. തനതായ മൊഴിമലയാള പദങ്ങൾ മാത്രം ഉൾപ്പെടുത്തി സംസാരിക്കുന്നവരെ കാണുമ്പോൾ അവർക്കു പുച്ഛവുമാണ്. "ന്യൂജെൻ" എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നതാണ് അതിലും രസകരമായി തോന്നിയത്. കാലാനുവർത്തിയായ മാറ്റങ്ങൾ വന്നുചേരുന്നതിലൂടെ മാതൃഭാഷയോടുള്ള സമീപനം വിദൂരമാകുന്ന തരത്തിൽ അനുവർത്തിക്കുന്നുണ്ട്.
ദക്ഷിണ ഭാരത ഭാഷകളിൽ മലയാളമാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് എന്ന് സംശയം ഉരിത്തിരിയുന്നുണ്ട്. തമിഴും കന്നടയും തെലുങ്കുമെല്ലാം അവയുടെ ഉച്ചരണശുദ്ധിയും ശബ്ദ സൗന്ദര്യവും തനിമയും നിലനിർത്തി പോരുന്നതിൽ അവർ ഓരോരുത്തരും ജാഗരൂകരാകുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പേരുകൾ വരെ ഇപ്പോൾ ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് വേണ്ടെന്നല്ല അതിനു അർത്ഥമാക്കുന്നത്. ഒപ്പം മലയാളവും നിലനിർത്തണം എന്ന് തന്നെയാണ് പറഞ്ഞു വയ്ക്കുന്നത്. ഭാഷയുടെ പേരിൽ മിഥ്യാഭിമാനം ഉണ്ടാകാൻ പാടില്ല എന്നുള്ള കാര്യവും ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.
ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ഭാഷയാണ് മലയാളം. ഞാൻ അടക്കമുള്ള മലയാളികൾക്കു മൊബൈൽ ഫോണുകളിൽ മലയാളം ലഭ്യമാണെങ്കിലും അതുപയോഗിക്കുന്നവർ കുറവാണ്. ഇപ്പോൾ എല്ലാവർക്കും ഇംഗ്ലീഷ് മതി എന്ന അവസ്ഥയിലൂടെ കാര്യങ്ങൾ കടന്നുപോകുന്നു. വീണ്ടെടുക്കാൻ കഴിയാത്ത തരത്തിൽ മലയാളത്തിന്റെ പ്രാധാന്യം അക്കാദമിക രംഗത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതീകാത്മകമായി മൊഴിമലയാളത്തെ ഉദ്ദരിക്കും വിധം പ്രവർത്തങ്ങൾ നമ്മുടെ ഭാഷയ്ക്കു ലഭിക്കുന്നില്ല എന്നുതന്നെ പറയേണ്ടി വരുന്നുണ്ട്.
കേരളത്തിൽ നിരവധി സാഹിത്യ ഉത്സവങ്ങളും സംവാദങ്ങളും, ചർച്ചായോഗങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിന് വളർച്ചയ്ക്ക് എന്തെങ്കിലും ഗുണമുള്ളതായി ഇതുവരെ അനുഭവപ്പെടുന്ന രീതിയിൽ തോന്നിട്ടില്ല. വിപണനത്തിന്റെ കാപട്യ ചുഴികൾ മാത്രമായി പ്രതിഭലിക്കുന്നു എന്നത് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്. നമ്മുടെ ഭാഷയിലൂടെ ജീവിതക്രമത്തെയും പ്രത്യുൽപാദിപ്പിച്ച ജ്ഞാനപാരമ്പര്യത്തെയും പ്രതിനിധാനം ചെയിത സാംസ്കാരികസ്മൃതികളെയും നാം ഇന്ന് വീണ്ടെടുക്കേണ്ടതുണ്ട്. ഏതറിവിനെയും ഉൾക്കൊള്ളാനും ആവിഷ്കരിക്കാനും ആകുംവിധം വഴക്കമുള്ളതായി മൊഴിമലയാളം മാറേണ്ടതുണ്ട്. മലയാളത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നു കിടക്കട്ടേ.. അവനവന്റെ മാതൃഭാഷയെ ശ്രേഷ്ടമാക്കേണ്ടതിന്റെ ഉത്തരവാദിത്യം നമുക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്ന തിരിച്ചറിവുകൾ ഓരോരുത്തർക്കും ഈ മാതൃഭാഷ ദിനത്തിൽ തന്നെ ഉണ്ടാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടു എല്ലാവർക്കും മാതൃഭാഷ ദിനാശംസകൾ നേരുന്നു.