Image

സാപ്പാട് റൊമ്പ മുഖ്യം! (ഷുക്കൂർ ഉഗ്രപുരം)

Published on 25 February, 2024
സാപ്പാട് റൊമ്പ മുഖ്യം! (ഷുക്കൂർ ഉഗ്രപുരം)

ഞാൻ സമർപ്പിക്കുന്ന എന്റെ പേപ്പറുകളിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് എച്ച്. ഒ. ഡി ഒപ്പ് വെക്കുന്നില്ല. ശാരീരികവും മാനസികവുമായി ആകെ തളർന്നിട്ടുണ്ട്. സഹഗവേഷകരായിരുന്ന പലരും അവരുടെ പ്രബന്ധം സമർപ്പിച്ച് ഡോക്ടറേറ്റ് നേടി പോയിട്ടുണ്ട്. ഈ ദുരിതങ്ങളൊന്ന് ഷെയർ ചെയ്യാൻ പോലും ഇപ്പോൾ ഇവിടെ ഹൃദയം കൊണ്ടറിയുന്ന സുഹൃത്തുക്കളാരുമില്ല. അത് വല്ലാത്തൊരു വിങ്ങലാണ്. ആകെ ഒരു ആശ്വാസം ആംഗലേയ സാഹിത്യത്തിൽ ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കി തൃഷിയിലെ നിയമ സർവ്വകലാശാലയിൽ പ്രഫസറായി ജോലി ചെയ്യുന്ന അനിലേട്ടനാണ്. കുറേ ദിവസമായി അനിലേട്ടൻ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ വന്ന് താമസിക്കാൻ പറയുന്നു. സ്വസ്ഥമായി ഒരു രാത്രിയെങ്കിലും ഭക്ഷണം കഴിക്കുകയും കിടന്നുറങ്ങുകയും ചെയ്യൂ എന്ന് സ്നേഹപൂർവ്വം നിരന്തരമായി പറയുന്നു. നിലവിലെ സാഹചര്യത്തിൽ അങ്ങോട്ട് പോകുന്നത് യുക്തിയല്ല. എന്റെ റിസർച്ച് വർക്കുകളൊക്കെ പെരുവഴിയിലാകും.

മറ്റന്നാൾ റമദാൻ നോമ്പ് തുടങ്ങുകയാണ്. അതു വരെ ഉറങ്ങിക്കിടക്കുകയായിരുന്ന മസ്ജിദ് ഉണർന്നു. നോമ്പിന്റെ തലേ ദിവസം രണ്ട് മുസ്ലിയാരുട്ടികൾ തറാവീഹ് നമസ്കാരം എന്ന പേരുള്ള നിശാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാൻ ഖാൻഖാഹിലെത്തി. ഞാൻ കിടക്കുമ്പോൾ വിരിക്കുന്ന പായ അവർ എടുത്തോണ്ട് പോയി കിടന്നു, അവർ അറിയാതെ ചെയ്തതാണെങ്കിലും എനിക്ക് അവരോട് അനിഷ്ടം തോന്നി. ഖാൻഖാഹിനകത്ത് നിന്നും മറ്റൊരു വിരിപ്പ് സംഘടിപ്പിച്ച് ഞാൻ കിടന്നു. ഏത് ചൂടാണെങ്കിലും ഒരു പുതപ്പിന്റെ ചെറിയ സ്പർശനമില്ലാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല. ഇവിടെ ഏതായാലും അതൊന്നും ലഭ്യമല്ല. കട്ടിയില്ലാത്ത വിരിപ്പിൽ നാല് ദിവസം തുടർച്ചയായി കിടന്നപ്പോൾ വലത് വശത്തേയും ഇടത് വശത്തേയും മധ്യഭാഗത്തെ വാരിയെല്ലിലുള്ള നെല്ലിക്ക രൂപത്തിലുള്ള പേശിക്കൂട്ടം പൊട്ടി രക്തത്തിൽ കലർന്നതുപോലെ തോന്നി. കിടക്കുമ്പോൾ നിലത്ത് തട്ടിയാൽ ആ ഭാഗം ശക്തമായ വേദന അനുഭവപ്പെട്ടു. നോവിൽ ഇരുട്ടത്ത് ഓരോന്ന് ഓർത്ത് കിടക്കുമ്പോൾ ഒരു വെള്ള വസ്ത്രം ധരിച്ച രൂപം എന്റെ കാലിന്റെ ഭാഗത്ത് വന്ന് നിൽക്കുന്നു, ആദ്യം പേടി തോന്നി. പിന്നെ നോക്കുമ്പോൾ എന്റെ പായ കൊണ്ടുപോയ മുസ്ലിയാരുട്ടിയാണ്. 

 "അണ്ണാ സാപ്പിടുങ്കോ"? - അവൻ പറഞ്ഞു. എന്നിട്ട് ഒരു ഡിസ്പോസിബിൽ പ്ലേറ്റിൽ എന്തോ ഭക്ഷണം എനിക്ക് നേരെ നീട്ടി.

"ഞാൻ അത് വാങ്ങി, ഇരുട്ടിൽ മൊബൈൽ ഫോൺ സ്ക്രീനിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ ചൂടുള്ള രണ്ട് എഗ്ഗ് പപ്സ്" 

 "നീങ്കെ സാപ്പിട്ടാച്ചാ?" - ഞാൻ ചോദിച്ചു

 "ഞങ്ങൾക്ക് വേണ്ട നിങ്ങൾ കഴിച്ചോളൂ" - അവൻ പറഞ്ഞു. 

അവർ കിടക്കാനായി ആ പായ കൊണ്ടുപോയപ്പോൾ ഞാൻ അവരെ മനസ്സിൽ പ്രാകിയതാണ്. പക്ഷേ ഭക്ഷണം ആവശ്യമുള്ളയാളെ കണ്ടപ്പോൾ അവർക്ക് മനസ്സിലായി. മസ്ജിദിനടുത്തുള്ള കടക്കാരൻ കടയടച്ച് പോയപ്പോൾ ആ കുട്ടികൾക്ക് കഴിക്കാൻ കൊടുത്തതായിരുന്നു അത്. അവരുടെ ആഗ്രഹത്തെ മാറ്റി വെച്ചുകൊണ്ട് കഴിക്കാനായി അത് എനിക്ക് നൽകിയതിന്റെ പൊരുളോർത്ത് കണ്ണ് നനഞ്ഞു. 

രാത്രിയിൽ പള്ളിക്കകത്ത് അപ്പുറത്തെ റൂമിൽ രണ്ട് സഹോദരിമാർ കിടന്നുറങ്ങുന്നുണ്ട്. നോമ്പിന് പുലർച്ചെ കഴിക്കാനുള്ള ഭക്ഷണം പാചകം ചെയ്യാനാണ് അവർ വന്നത്. 60 ആളുകൾക്കുള്ള ഭക്ഷണമുണ്ടാകും. സർവ്വകലാശാലയിലെ കുട്ടികളും പരിസരത്തുള്ള മറ്റു പാഠശാലകളിലെ നോമ്പ് നോൽക്കുന്നവരൊക്കെ വന്ന് ഭക്ഷണം കഴിക്കും. നോമ്പ് തുറവിക്കായി ഇവർ തയ്യാറാക്കുന്നത് ഔഷധക്കഞ്ഞിയാണ്. നല്ല പൊന്നി അരിയുടെ കഞ്ഞിയരി കൊണ്ടാണ് ഇത് പാചകം ചെയ്യുന്നത്. ഏറനാട്ടുകാർക്ക് നോമ്പ് തുറക്കാൻ പത്തിരി പ്രധാനപ്പെട്ടത് പോലെയാണ് അവർക്ക് "നോമ്പ് കഞ്ചി". മഞ്ഞൾ നെയ്യ് കറുവപ്പട്ട ഗ്രാമ്പൂ ഏലം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചുവന്നുള്ളി കുരമുളക് തുടങ്ങീ അനവധി വസ്തുക്കൾ കൃത്യമായ അനുപാതത്തിൽ ചേർത്ത് നന്നായി വേവിച്ചെടുക്കുന്നതാണിത്. 

നോമ്പ് കഞ്ചി കുടിക്കാൻ വൈകുന്നേരം നാല് മണിയായാൽ ആളുകളെത്തിത്തുടങ്ങും. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഈശ്വരനിൽ വിശ്വസിക്കാത്തവരും ആണും പെണ്ണും ഒക്കെ വന്ന് പള്ളിയിലിരുന്ന് പിഞ്ഞാണത്തിൽ നോമ്പ് കഞ്ഞി കുടിച്ച് തിരിച്ച് പോകും. ഞങ്ങൾ നോമ്പ് പിടിച്ച മല്ലൂസ് അത്ഭുതത്തോടെ അവരെ നോക്കും. നമ്മുടെ നാട്ടിൽ അമുസ്ലിങ്ങളോ സ്ത്രീകളോ പൊതുവെ പള്ളിക്കകത്ത് കയറൽ പതിവുള്ളതല്ല. 

നോമ്പ് കാലത്ത് ഒരു ദിവസം പകൽ സമയം ഒരു അച്ഛനും അമ്മയും സ്കൂൾ കുട്ടിയായ മകളും പള്ളിക്കകത്ത് വന്നിരിക്കുന്നു. അവർക്ക് പിന്നാലെ ഒരു കയ്യിൽ ചെറുനാരങ്ങയും മറ്റുമായി മൗലാനയും വന്നിരുന്നു. ഞാൻ മൗലാനയെ നോക്കി. അയാൾ ഗൗരവത്തിൽ സൂക്തങ്ങളുരുവിട്ട് ആ കുട്ടിയെ മന്ത്രിച്ചൂതി. അവസാനം കഴുത്തിൽ കെട്ടാൻ മന്ത്രിച്ചൂതിയ ഒരു ചരടും അവർക്ക് നൽകി. തിരിച്ച് പോകുമ്പോൾ ആ കുടുംബം അകത്തെ പള്ളിയിലെ മിഹ്റാബിനടുത്തുള്ള ഹുണ്ടികയിൽ പണമിട്ടു. അവർ പോയതിന് ശേഷം ഞാൻ മൗലാനയോട് ചോദിച്ചു - "നിങ്ങൾ എന്താണ് മന്ത്രിച്ചൂതിയത്? ഖുർആൻ സൂക്തങ്ങളാണോ?"

 "ഖുർആൻ ഇരിക്ക്, അപ്പുറം അസ്മാഅ് ദാ അത്”

ശരി എന്ന് പറഞ്ഞ് ഞാൻ തിരിച്ച് പോയി. 

എന്റെ കാര്യങ്ങളൊന്നും നടക്കാതെ കടുത്ത നിരാശ ബാധിച്ച ദിവസങ്ങളായിരുന്നു അത്. നോവിന്റെ ഭാണ്ഡങ്ങൾ അഴിക്കുമ്പോൾ പടച്ചോന്റെ മുന്നിൽ അറിയാതെ കണ്ണീരിറ്റി സുജൂദിൽ പ്രണമിച്ച ദിനങ്ങൾ. മറ്റൊരാളും നമ്മുടെ നോവ് തീർക്കാൻ ഇല്ലാത്തപ്പോൾ പടച്ചോൻ മാത്രം അഭയം. അന്ന് രാത്രി ഇടമഴ പെയ്തിരുന്നു. കടുത്ത ചൂടിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിച്ചു. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം ദൈവിക സ്തുതികീർത്തനമാലപിച്ച് കൊണ്ട് തുറന്നിട്ട വാതായനത്തിനരികെ ഇരിക്കുകയായിരുന്നു. ജപമാലയിലെ ഓരോ മുത്തുകളും ഇലാഹീ സ്മരണകളാൽ നനുത്ത പ്രഭാതം പോലെ വിശുദ്ധിയുള്ളതായി. ജനവാതിലിന്റെ ഇരുമ്പഴിയെ തൊട്ടുരുമ്മിക്കൊണ്ട് ഒരു ചെടി സൂഫി നൃത്ത രീതിയിൽ ആകാശത്തെ അർഷിന് നേരെ വലം വെയ്ക്കുന്നു. മൈലാഞ്ചിച്ചെടിയുടെ ഇലയോട് സാദൃശ്യമുള്ള നീണ്ട ഇലകളുള്ള ആ ചെടിയെ ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കില്ല. മനോഹാരിത ഇല്ലാത്ത കോളാമ്പിപ്പൂവ് സൂക്ഷിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത് അത് ഒരു നീർമാതളച്ചെടിയാണ്. റുമ്മാന്റെ സ്വർഗ്ഗീയ മാധുര്യം പകർന്നു നൽകുന്ന പഴങ്ങൾ അതിൽ അവിടെയും ഇവിടെയും തൂങ്ങിക്കിടക്കുന്നു. ആ ചെടിയെ ചാരിനിൽക്കുന്ന കൻമതിലിൽ മൂന്ന് മയിലുകൾ വന്നിരുന്നു. അവ എന്തൊക്കെയോ കൊത്തിപ്പെറുക്കി ആഹരിച്ച് കൊണ്ടിരുന്നു. വെയിൽ നാളങ്ങൾ അങ്ങിങ്ങായി തല നീട്ടി കത്തിപ്പടരുന്നുണ്ട്. യഥാർത്ഥത്തിൽ നിരാശ ബാധിച്ച ഹൃദയങ്ങളെയാണത് തീ പിടിപ്പിക്കുന്നത്. 

ക്യാമ്പസിൽ പോകുന്നതിന് മുമ്പായി കുളിക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ മൗലാന ഒരു തത്തമ്മക്കുഞ്ഞിനെ പരിചരിക്കുന്നു. പള്ളിയുടെ മുകൾ നിലയിൽ നിന്നും താഴെ വീണതാണത്. മുകൾ നിലയിൽ നിറയെ തത്തകളാണെന്ന് പറഞ്ഞു മൗലാന. ജലാലുദ്ധീൻ റൂമിയുടെ മസ്നവിയിൽ പറയുന്ന തത്തയെ ഓർത്തു ഞാൻ. മൗലാന അതിനെ പരിചരിച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോയി. പലപ്പോഴായി എടുത്ത് രക്ഷിച്ച ഒരുപാട് തത്തകൾ അയാളുടെ വീട്ടിലുണ്ട്. അയാളുടെ ഭാര്യയാണ് അവയെ പരിചരിക്കുന്നത്. തത്തയെ കുറിച്ചുള്ള ഒരുപാട് കഥകളാൽ അയാൾ വാചാലനായി. പടച്ചോനെ കുറിച്ച് സംസാരിക്കുമ്പോൾ തത്ത ശ്രദ്ധിച്ച് കേട്ടിരിക്കുമത്രെ. "തത്ത മനുഷ്യനോട് വളരെയേറെ സ്നേഹമുള്ള പക്ഷിയാണ്. പക്ഷേ വിശന്നാൽ പറന്ന് വന്ന് ശക്തിയായത് വീട്ടുകാരിയെ കൊത്തും. അങ്ങനെ കൊത്തുന്ന സമയത്ത് വീട്ടുകാരി പറയും - "അള്ളാഹ് നിന്നെ അടിപ്പേൻ". അത് കേട്ടാൽ പിന്നെ കുറച്ച് സമയം അത് കൊത്തൽ നിർത്തി വെയ്ക്കും. അൽപം കഴിഞ്ഞ് കൊത്തൽ തുടരും. എവളു പാസം ഇരുന്താലും തത്ത മനിതനെ കൊത്തിടും" - മൗലാന പറഞ്ഞു. 

നഗരത്തിലെ ആലം ബാദുഷ മഖ്ബറയിൽ പോയപ്പോൾ ചെറിയ ഖബറുകളിൽ ഒന്ന് ഖുർആൻ മനഃപാഠമാക്കിയ ഒരു ഹാഫിള് തത്തയുടേതായിരുന്നു! അവിടെ തൂക്കിയിട്ട ബോഡിൽ അങ്ങനെ എഴുതി വെച്ചത് ഞങ്ങൾ കണ്ടിരുന്നു. മതിൽക്കെട്ടിന് അപ്പുറത്തുള്ള കറുവ മരത്തിൽ നിന്നും മസ്ജിദിന്റെ മിനാരത്തിലേക്ക് ഓരോ പ്രഭാതത്തിലും ദിക്റ് പാടിക്കൊണ്ട് നൂറ് കണക്കിന് തത്തകൾ പറന്ന് വന്ന് പ്രഭാതം മനോഹരമാക്കി.  

കുളിയും ഡ്രസ്സിംഗും കഴിഞ്ഞ് ഞാൻ ക്യാമ്പസിലേക്ക് പുറപ്പെട്ടു. രജിസ്ട്രാറെ കാണാൻ ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചു. മണിക്കൂറുകൾ കാത്തിരുന്നു, അവസാനം വൈകുന്നേരം കക്ഷിയെ കാണാൻ അവസരം കിട്ടി. വിഷദമായി സംസാരിക്കാൻ അയാളുടെ കീഴുദ്യോഗസ്ഥനെ ഏർപ്പാട് ചെയ്തു തന്നു. സംസാരവും വിശദീകരണവുമൊക്കെ കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ആ സംസാരവും ചർച്ചയുമൊന്നും എനിക്ക് ഒട്ടും അനുകൂലമായിരുന്നില്ല. വിശപ്പും ദാഹവും നിരാശയും ദേഷ്യവും നിദ്രക്കുറവ് കൊണ്ടും ഞാനാകെ പരവശനായി. ഒരു കവിൾ വെള്ളം പോലും കുടിച്ചിട്ട് പതിമൂന്നര മണിക്കൂറിലേറെയായി. ക്ഷീണം കൊണ്ട് തല ചുറ്റുന്നുണ്ടായിരുന്നു. വീഴാതെ ശ്രദ്ധിച്ച് നിരാശ ഭാണ്ഡവും പേറി ഞാൻ സ്റ്റെപ്പിറങ്ങി. നോമ്പ് തുറക്കാൻ ഒരു ചീന്ത് കാരക്കയോ ഒരു കവിൾ വെള്ളമോ കയ്യിലില്ലല്ലോ എന്ന് ഓർത്തപ്പോൾ ഇരുൾ വീണ് തുടങ്ങിയ ആ ചത്വരത്തിൽ തനിച്ചിരുന്ന് കരയാനാണ് തോന്നിയത്. ഞാൻ പുറത്തിറങ്ങിയാൽ ഗെയ്റ്റടച്ച് പോകാമായിരുന്നു എന്ന ഭാവത്തിൽ യൂണിഫോമണിഞ്ഞ ഒരു സെക്യൂരിറ്റിക്കാരൻ മാത്രം അവിടെ നിൽക്കുന്നു. അയാൾ കാണാതിരിക്കാനായി ഞാൻ എന്റെ കർച്ചീഫെടുത്ത് കണ്ണുനീർ തുടച്ചു. അത് പിന്നേയും ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. ഒരു തൂവാലയ്ക്കും അതിനെ തടുത്തു നിർത്താൻ ആവില്ല.

അയാൾ ഒരു ദിവസം എത്രയോ കണ്ണീരുകൾ കാണുന്ന മനുഷ്യനാണ്. പി.എച്ച്.ഡി സെക്ഷനിൽ വന്ന് കരയാതെ പോകുന്ന കുട്ടികൾ വളരെ കുറവാണ്. ഞാൻ ഏതായാലും അയാളെ ശ്രദ്ധിക്കാൻ നിന്നില്ല. ഗെയ്റ്റ് കടന്ന് ഏതാണ്ട് അഞ്ച് വാര നടന്ന് കഴിഞ്ഞപ്പോൾ റോഡിനെ ചാരിയുള്ള ഇരുട്ട് വീണ തണൽ മരത്തിന് താഴെ നിന്നും അന്നത്തെ ചായക്കച്ചവടം മതിയാക്കി പോകുന്ന സിന്നമ്മ ചോദിച്ചു - "തമ്പി നീങ്കെ സാപ്പിട്ടിങ്കലാ?" മറുപടി പറയും മുമ്പേ ഇടിഞ്ഞു പൊളിഞ്ഞ എന്റെ മനസ്സിൽ നിന്നും നെഞ്ചിൻ കൂട് ചവിട്ടിപ്പൊളിച്ച് ഒരു പൊട്ടിക്കരച്ചിലാണ് പുറത്ത് ചാടിയത്. അവർ എന്നെ അവിടെ പിടിച്ചിരുത്തി. വിൽക്കാനുള്ള ചായയിൽ ഒഴിക്കാൻ വേണ്ടി എടുത്ത് വെച്ചിരുന്ന കാച്ചിയ പാലാൽ ഭാക്കി വന്നത് ഒരു വലിയ സ്റ്റീൽ ടെംബ്ലറിലേക്ക് ഒഴിച്ചു, അത് എന്നോട് കുടിക്കാൻ പറഞ്ഞു. വലിയ മൂന്ന് ടെംബ്ലർ പാലും നാല് ഉഴുന്ന് വടയും രണ്ട് ബജിയും അവർ എന്നെ കഴിപ്പിച്ചു. അപ്പോൾ അവരുടെ ദേഹത്തിന്റെ മണം എന്റെ മൂക്കിലേക്ക് പതിയെ കയറിക്കൂടി. എന്റെ ഉമ്മയുടെ ഗന്ധമായിരുന്നു അതിന്! 

തൂക്കുപാത്രങ്ങളും സോസറും ഗ്ലാസുമെല്ലാം വീട്ടിൽ പോകാനായി അവർ വലിയ കുട്ടയിൽ അടുക്കി വെച്ചു. ഞാൻ ബാഗും പോക്കറ്റും പേഴ്സും എല്ലാം തപ്പിപ്പെറുക്കിയപ്പോൾ ആകെ കിട്ടിയത് ഒരു 50 രൂപയാണ്. അത് അവർക്ക് നേരെ നീട്ടി. അത് കണ്ടപ്പോൾ അവരുടെ മുഖഭാവം മാറി. 

"ഇത് ഏത്ക്ക് തമ്പി? പസി ഇരിക്ക്ണ ഉങ്കൾക്ക് സാപ്പാട് തന്നത് കാസ്ക്കാഹ അല്ലെയ്, എനക്ക് പെരിയ പഠിപ്പ് ഒന്നുമേ ഇല്ലൈ. നാലാം ക്ലാസ് വറേക്കും ദാ എന്നുടെ പഠിപ്പ്. അപ്പിടി ഇരുന്താലും എനക്ക് മനിതനെ പുരിയും. ഉങ്കൾടെ പെരിയ സാറ്മാർക്ക് മനിതനെ പത്തി ഒന്നുമെ തെറിയില്ലെയ്. മനിതനേയം മനിതനെ പുരിയണം" എന്നും പറഞ്ഞു കൊണ്ട് തലയിൽ വലിയ കുട്ടയും ചുമന്ന് അവർ പുറത്തേക്ക് നടന്നു. ആ ഇരുട്ടിൽ സർവ്വകലാശാലയിലെ കൽത്തൂണിൽ മാനവികതയുടെ നിർവ്വചനം കൊത്തിവെയ്ക്കപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക