Image

കറുത്ത സൂര്യന്മാർ  (സുധീർ പണിക്കവീട്ടിൽ)

Published on 26 February, 2024
കറുത്ത സൂര്യന്മാർ  (സുധീർ പണിക്കവീട്ടിൽ)

ഫെബ്രുവരി മാസം കറുത്ത വർഗക്കാരെ  ആദരിക്കാനുള്ള മാസമായി ആഘോഷിക്കപ്പെടുന്നു. ഹാർവാഡിലെ ചരിത്രകാരനായിരുന്ന കാർട്ടർ ജി വുഡ്‌സൺ ആണ് 1926 ഇൽ ഈ ആശയം കൊണ്ട് വന്നത്. അന്ന് ഇത് അറിയപ്പെട്ടിരുന്നത് "നീഗ്രോ ഹിസ്റ്ററി വീക്ക്" എന്നായിരുന്നു. 

അടിമകളായി കരുതിയിരുന്ന കറുത്ത വർഗ്ഗക്കാരുടെ വിമോചന വിളംബരം നടത്തിയ എബ്രഹാം ലിങ്കന്റെ ജന്മമാസമായത്കൊണ്ട് ഈ ആഘോഷത്തിനായി ഫെബ്രുവരി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1960 കൾ ആയപ്പോഴേക്കും കറുത്തവർ എന്ന സത്വബോധം (identity) കൂടുതൽ ദൃഡപ്പെടുകയും നീഗ്രോ എന്ന വാക്ക് മാറ്റി ബ്ളാക്ക് എന്നാക്കുകയും ചെയ്തു.  ചരിത്രം പറഞ്ഞുവച്ചതിനെ കുറേകൂടി ആധുനികകാലതിനനുസരിച്ച് മാറ്റുന്നത് ശരിയും ചിലപ്പോഴെല്ലാം അനാവശ്യവുമാണ്. നീഗ്രോ എന്ന വാക്ക് നിന്ദ്യസൂചകമാണെന്ന ചിലരുടെ വ്യാഖാനമാണ് ഇങ്ങനേ പേരുമാറ്റത്തിന് കാരണം.
ഇന്ത്യയിലേക്ക് കടൽമാർഗമുള്ള വഴിയന്വേഷിച്ച ആഫ്രിക്കയിൽ എത്തിയ പോർച്ചുഗീസുകാരാണ് അവിടത്തെ ജനങ്ങളെ നീഗ്രോ എന്ന് വിളിച്ചത്. അക്ഷരാർത്ഥത്തിൽ അത് കറുപ്പ് എന്നതിന് പകരമായി ഉപയോഗിച്ച പദമായിരുന്നു. സ്പാനിഷിൽ നീഗ്രോ എന്നാൽ കറുപ്പ് എന്നും ലാറ്റിനിൽ നീഗ്രം എന്നുമാണ്. എന്നാൽ ആ പ്രയോഗം കറുത്തവർക്ക് അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നു പിൽക്കാലത്തു സ്റ്റോക്‌ലി കാർമൈക്കിൾ പ്രസംഗിക്കുയും (1966) ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ( Black Power – The Politics of Liberation in America) ചെയ്തതിലൂടെ നീഗ്രോ എന്ന് പദപ്രയോഗം കറുത്തവരെ അവഹേളിക്കുന്നുവെന്ന തീരുമാനമായി. നീഗ്രോ എന്ന വാക്കുള്ളതിനാൽ മാർക്ക് ട്വയിനിന്റെ ഒരു പുസ്തകം സ്‌കൂളുകളിൽ നിരോധിച്ചത് വായനക്കാർ ഓർക്കുന്നുണ്ടാകും. വംശീയമായ പദങ്ങൾ ജനങ്ങൾ ഉപയോഗിക്കുകയും കാലം മാറുമ്പോൾ അതിന്റെ പ്രചാരണം നിന്നുപോകുകയും ചെയ്തിട്ടുണ്ട്. 2008 ലെ തിരഞ്ഞെടുപ്പിനുമുന്പ് സെനറ്റർ ഹാരി റീഡ് ഒബാമയെപ്പറ്റി പറഞ്ഞ ഒരു പ്രസ്താവനക്ക് അദ്ദേഹം മാപ്പു ചോദിക്കയുണ്ടായി ഒബാമ ലൈറ്റ് സ്കിൻ ഉള്ള നീഗ്രോകൾ  ഉപയോഗിക്കുന്ന ഭാഷ സംസാരിക്കാത്ത ആളാണെന്നു പറഞ്ഞിരുന്നു. വാക്കുകൾ ശ്രദ്ധിക്കാതെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി. കറുത്തവർഗ്ഗക്കാരുടെ പ്രസിദ്ധീകരണമായ ഇബോണി (ebony) 1966 കളുടെ അന്ത്യത്തോടെ നീഗ്രോ എന്ന വാക്ക് പാടെ ഉപേക്ഷിച്ച് കറുത്തവർ (black ) എന്നാക്കി. ജനം അത് പിന്തുടർന്നു. 1970 ഓടുകൂടി അസോസിയേറ്റഡ് പ്രസ്സും ന്യുയോർക്ക് ടയിംസും നീഗ്രോ എന്ന വാക്ക് ഉപേക്ഷിച്ചു. 1980 ന്റെ  പകുതിയോടെ  അമേരിക്കയിലെ സുപ്രീം കോർട്ടും ആ വാക്കുപയോഗിക്കുന്നത് നിർത്തി. 


ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സഹാറക്ക് തെക്കുഭാഗത്ത് താമസിക്കുന്ന ജനങ്ങളെ (Negroid ) നീഗ്രോ ജനവർഗമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുൻകാലങ്ങളിൽ മനുഷ്യരെ മൂന്നു വംശങ്ങളായി തരം തിരിച്ചിരുന്നു. അവ നീഗ്രോ, മംഗോളിയൻ, കക്കോഷ്യൻ എന്നിങ്ങനെയായിരുന്നു
അടിമമകളായി കൊണ്ടുവന്ന കറുത്തവർഗ്ഗക്കാരുടെ വിമോചന വിളബരം നടത്തിയ എബ്രഹാം ലിങ്കൺ 1865 ഇൽ കൊല്ലപ്പെട്ടു. പതിനൊന്നു വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ "അടിമത്തത്തിൽ നിന്നും വിമോചിതരായവരുടെ ഓർമ്മക്കായി" വാഷിംഗ്ടണിൽ അനാച്ഛാദനം ചെയ്യപ്പെട്ടു ഈ  പ്രതിമയിൽ ലിങ്കണും പുതുതായി അടിമത്തത്തിൽ നിന്നും മോചിതനായ ഒരു അടിമയും  ഉണ്ടായിരുന്നു. ഇതിൽ ലിങ്കൺ വിമോചന  വിളംബരത്തിന്റെ ഒരു കോപ്പി കയ്യിൽ പിടിച്ച ആഫ്രിക്കൻ അമേരിക്കൻ അടിമയെ സ്വതന്തനാക്കുന്നതും അടിമ മുട്ടിൽ നിന്ന് എഴുനേൽക്കുന്നപോലെ കൈകൾ  ചുരുട്ടിപിടിച്ച് , പൊട്ടിയ ചങ്ങലകളുമായി പ്രസിഡന്റിന്റെ കാൽക്കൽ വീഴുന്നപോലെയാണ്. ഈ പ്രതിമയുടെ നിർവഹണം നിരവധി മുൻകാല അടിമകളുടെ സംഭാവനകളിൽ നിന്നായിരുന്നു. അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാനായി ഒരു സ്മാരകം പണിയുന്നതിൽ അവർ ആഹ്ളാദചിത്തരായി.


അടിമത്തത്തിൽ നിന്നും മോചനം നേടി, സ്വന്തമായി ജോലി ചെയ്തു സമ്പാദിച്ച പണത്തിൽ നിന്നും അഞ്ചു ഡോളർ നല്കികൊണ്ടു ഈ പ്രതിമയുടെ നിർമാണത്തിനായി ഒരു സ്ത്രീ മുന്നോട്ട് വന്നു. അവർണ്ണരുടെ എക്കാലത്തെയും സുഹൃത്താണ് എബ്രഹാം ലിങ്കൺ എന്ന് അവർ അഭിമാനത്തോടെ പ്രസ്താവിച്ചു.  വിമോചിതരായ അടിമകളുടെ സംഭാവനകൾ കൊണ്ട് തീർത്ത ഈ പ്രതിമ വാഷിങ്ടൺ ഡി സി യിലെ ക്യാപിറ്റൽ ഹില്ലിലുള്ള ലിങ്കൺ പാർക്കിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഒരു കോപ്പി ബോസ്റ്റണിലെ പാർക്ക് സ്‌ക്വയറിൽ സ്ഥാപിച്ചിരുന്നു. എന്നാൽ 2020 ഇൽ ബോസ്റ്റൺ ആര്ട്ട് കമ്മിഷൻ ഇത് നീക്കം ചെയ്തു. അവർ പബ്ലിക്കായി ആ പ്രതിമയെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. പ്രതിമ പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നു  എന്നാണു അവർ അഭിപ്രായപ്പെട്ടത്. ഏതൊരു ഉദ്ദേശ്യത്തിനാണോ അത് സ്ഥിതിചെയ്യുന്നത് അതിനുള്ള മുഴുവനായ വിവരണം നൽകാൻ ആ പ്രതിമ അപര്യാപ്തമാണെന്ന് അവർ തീരുമാനിച്ചു. ഒരാളുടെ മുന്നിൽ മറ്റൊരാൾ മുട്ടുകുത്തുന്നത് അടിമത്തത്തിന്റെ ലക്ഷണമാണ്. അടിമത്തം നിർത്തലാക്കുമ്പോൾ തുല്യപ്രാധാന്യത്തോടെ രണ്ടുപേരെയും കൊത്തിവയ്ക്കണമായിരുന്നുവെന്നു പുരോഗമന ചിന്താഗതിയുള്ളവർ പറയുമ്പോൾ അത് പരിഗണിക്കപ്പെടേണ്ടത് ആവശ്യമാകുന്നു.:നീഗ്രോ വീക്ക്” എന്നത് കാലക്രമേണ “ബ്ലാക്ക് വീക്ക്” ആയതുപോലെ മനുഷ്യമനസ്സുകൾക്ക് ചാഞ്ചല്യം ഉണ്ടാകുന്നു. അങ്ങനെ ഒരു പേര്, അങ്ങനെ ഒരു പ്രതിമ പ്രതികൂലമായല്ലേ ഭവിക്കുകയെന്ന സന്ദേഹം. ബോസ്റ്റണിലെ പ്രതിമ നീക്കം ചെയ്യപ്പെട്ടു.
കറുത്തവരുടെ ചരിത്ര മാസം നമ്മെ അമേരിക്കൻ ചരിത്രവും അറിയാൻ സഹായിക്കുന്നു. കറുത്ത വർഗ്ഗക്കാർ നൽകിയ ചരിത്രപരമായ സംഭാവനകൾ, അവർ സഹിച്ച ത്യാഗങ്ങൾ അവരുടെ കണ്ടുപിടിത്തങ്ങൾ എല്ലാം നമ്മൾ കൗതുകത്തോടെ മനസിലാക്കുന്നു. പൊട്ടറ്റോ ചിപ്സ് മുതൽ ക്ലാസ്സിക് അമേരിക്കൻ സ്നാക്സ് വരെ കറുത്ത വർഗക്കാരന്റെ കണ്ടുപിടിത്തമാണ്. നമ്മളെ സുരക്ഷിതരാക്കാൻ തെരുവുകളിൽ കത്തുന്ന ട്രാഫിക് ലൈറ്റും ഒരു കറുത്ത വർഗക്കാരന്റെ കണ്ടുപിടിത്തമാണ്. ഒരു പക്ഷെ നമ്മൾ ചരിത്രക്ലാസുകളിൽ നിന്നും കേൾക്കാതിരുന്ന ഒത്തിരി വിവരങ്ങൾ നമുക്ക് ചികഞ്ഞാൽ ലഭിക്കുന്നതാണ്. ഒരു പക്ഷെ ഈ മാസം അവരുടെ ചരിത്രം അറിയുന്നതിനായി നീക്കിവച്ചിരിക്കുന്നതിനാൽ ധാരാളം ഗവേഷണങ്ങൾ നടത്തി പലതും മനസ്സിലാക്കാൻ കഴിയും. കറുത്തവരുടെ ചരിത്രം പ്രതിദിനം വികസിച്ചുകൊണ്ടിരിക്കയാണെന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും.
1776 ജൂലൈ നാലിന് അമേരിക്ക സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമ്പോൾ കറുത്ത വർഗക്കാർ ആ രാജ്യത്തിലെ സ്വതന്ത്ര പൗരന്മാർ ആയിരുന്നില്ല.   അന്ന് 13  സംസ്ഥാനങ്ങൾ മാത്രമാണുണ്ടായിരുന്നത്. പതിനെട്ടും പത്തൊമ്പതും  നൂറ്റാണ്ടുകളിൽ  അമേരിക്ക ചുവന്ന ഇന്ത്യക്കാർ എന്ന് നാം വിളിക്കുന്ന അമേരിക്കയിലെ ആദിവാസി ജനതയെ കൊന്നൊടുക്കി അവരോട് വാഗ്ദാനം ലംഘിച്ചുമാണ്  വികസിച്ചത്. 1861 മുതൽ 1865  വരെയുള്ള കാലഘട്ടത്തിൽ നടന്ന ആഭ്യന്തരയുദ്ധം മൂലം  അടിമത്തം പേരിനു അവസാനിച്ചെങ്കിലും അമേരിക്കയിലെ വടക്കും തെക്കുമുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള പോര് തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ സംസ്ഥാനങ്ങൾ തമ്മിൽ നടന്ന പോരാട്ടങ്ങളെയാണ് അമേരിക്കൻ ആഭ്യന്തരയുദ്ധം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആഭ്യന്തരയുദ്ധത്തിനുശേഷം അടിമത്തം പേരിനു അവസാനിപ്പിച്ചുവെങ്കിലും അമേരിക്കയിലെ കറുത്തവർഗ്ഗക്കാർ സാമൂഹ്യമായും രാഷ്ട്രീയപരമായും  ദിശാബോധമില്ലാത്ത ഒരു ജനതയായി വോട്ടവകാശമില്ലാത്തവരായി തുടർന്നു. ഇന്നത്തെ അവസ്ഥയിലെത്താൻ കറുത്തവർഗ്ഗക്കാർക്കും അവരുടെ നേതാക്കൾക്കും അനവധി ത്യാഗങ്ങളും വേദനകളും  സഹിക്കേണ്ടിവന്നു.



1865 ഇൽ ലിങ്കൺ വിമോചന വിളംബരത്തിൽ ഒപ്പു  വയ്ക്കുകയും ഇതിനാൽ സ്വതന്ത്രരാക്കപ്പെട്ടവർ  സ്വയം രക്ഷക്കല്ലാതെ അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഉചിതമായ വേതനത്തിനായി ആത്മാർത്ഥമായി തൊഴിൽ ചെയ്യണമെന്നും അദ്ദേഹം പ്രേരിപ്പിച്ചെങ്കിലും കറുത്തവർഗ്ഗക്കാരോടുള്ള വെള്ളക്കാരന്റെ സമീപനത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല ലിങ്കന്റെ പ്രസംഗം കഴിഞ്ഞ് നൂറു വര്‍ഷത്തിനുശേഷം നാം എന്തായിരിക്കുന്നു എന്ന് മാർട്ടിൻ ലൂതർ കിംഗ് ചോദിക്കുകയും അതിന്റെ ചില ഉത്തരങ്ങൾ അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. (എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രഭാഷണം 1963 -But one hundred years later, the colored America is still not free. One hundred years later, the life of the colored American is still sadly crippled by the manacle of segregation and the chains of discrimination.One hundred years later, the colored American lives on a lonely island of poverty in the midst of a vast ocean of material prosperity. One hundred years later, the colored American is still languishing in the corners of American society and finds himself an exile in his own land”) പരിഭാഷ ”നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് അടിമനിരോധന വിളംബരത്തിൽ കറുത്തവരുടെ യുഗപുരുഷന്‍ ഒപ്പുവച്ചു. നൂറുവര്‍ഷങ്ങള്‍ക്കുശേഷവും കറുത്തവർ  വിമോചിതരല്ല. വംശവിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ചങ്ങലകൾക്കുള്ളിൽ അവർ അകറ്റിനിർത്തപ്പെട്ടിരിക്കുന്നു. സമൃദ്ധിയുടെയും സമ്പത്തിന്റെയും മഹാസമുദ്രത്തിനുള്ളില്‍ ദാരിദ്ര്യത്തിന്റെ ഏകാന്തദ്വീപുകളിലാണ് ഇപ്പോഴും കറുത്തവർ  ജീവിക്കുന്നത്. സാമൂഹ്യജീവിതത്തിന്റെ അരികുകളിലേയ്ക്ക് അവര്‍ ഇപ്പോഴും മാറ്റപ്പെട്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രവാസികളായി അവര്‍ തുടരുന്നു." 

പാവം മനുഷ്യരെ കൊണ്ടുവന്നു അടിമകളാക്കി അവരെക്കൊണ്ടു പണിചെയ്യിച്ച് മനുഷ്യർ എന്ന പരിഗണനപോലുമില്ലാതെ നിർദയം കഷ്ടപ്പെടുത്തിയിട്ടും ആ ജനത ഉയർന്നുവന്നു  :നിങ്ങൾക്ക് ഒരുപക്ഷേ എല്ലാ പൂക്കളെയും ചവിട്ടി അരയ്ക്കാൻ കഴിയുമായിരിക്കാം. പക്ഷേ, വസന്തത്തെ തടയാനാകില്ല’. എന്ന് പ്രശസ്ത ചിലിയൻ കവിയായ പാബ്ലോ നെരൂദ പറഞ്ഞപോലെ ഒരു ജനതയുടെ പുരോഗതി തടയുക പ്രയാസമാണെന്ന് കറുത്ത വർഗ്ഗക്കാരുടെ ജീവിത ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.
 (തുടരും)
ശുഭം

 

Join WhatsApp News
Abdul Punnayurkulam 2024-02-26 18:50:08
Lot of people, including American Blacks and American Malayalees don't know to free the slaves, Abraham Lincoln has to pay his life. As well as Lot of people don't know, the American Black's contributions and discoveries...
josecheripuram 2024-02-26 22:50:00
A very informative article , many information are new to me. Thank you Sudhir. Every community has words or names used to degrade them for example " We are called Indian Coolies". Human think that I am superior to the rest. That's where the problem lies. Thank you for the information.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക