Image

ഫെബ്രുവരി (കവിത:രമാ പിഷാരടി)

Published on 29 February, 2024
ഫെബ്രുവരി (കവിത:രമാ പിഷാരടി)

ഇലയനക്കങ്ങളിൽ നിന്ന് കാറ്റിനെ-
നിറുകയിൽ ചുറ്റിയോടുന്ന മേഘമേ!

പ്രണയമഞ്ഞിൻ്റെ ഭൂപടം മാറ്റി-
വച്ചെഴുതുവാനായിരിക്കുന്ന മണ്ണിലായ്

വെയില് തുള്ളുന്നു, വേനൽപ്പകലിൻ്റെ-
വഴിയിലെ നിഴൽപ്പാടം കടക്കവേ;

കനലെരിഞ്ഞ്  കനത്ത് പോകുന്നുണ്ട്
ഉലയതൊന്ന് ജ്വലിച്ച് തീരുന്നുണ്ട്

ചുമരിലാണിക്കുരുക്കിൽ കലണ്ടറിൽ-
മറവിചുറ്റിക്കിടക്കുന്ന രാശികൾ!

പതിയെ വന്ന് വിളിക്കുന്നെഴുത്തിൻ്റെ-
ലിപികളിൽ മഴത്തുള്ളിയായ് വീഴുന്നു

പുകയിലക്കാട് മാഞ്ഞുപോയീടുന്നു
ഹൃദയമാലിലപ്പച്ചയായ് മാറുന്നു

മണലെഴുത്തിൻ്റെ ഗ്രാമീണസന്ധ്യകൾ-
എഴുതിമായ്ക്കുന്നൊരാവർത്തനങ്ങളിൽ

അധികവർഷദിനാന്ത്യയാത്രാമൊഴി-
പറയുവാൻ വന്ന വേനൽപ്പടർപ്പുകൾ

ശ്രുതികൾ തെറ്റിക്കിടന്ന സാരംഗികൾ-
പതിയെയൊന്നു തൊടുന്ന നേരത്തതാ-

ഗസലുപാടിക്കടന്ന് പോയ് ഗായകൻ,
മിഴിയിലുപ്പുനീർക്കടലിൻ അനുസ്വരം...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക