പുതിയകാവ് അമ്പലത്തിൽ നിന്നും അതിരാവിലെ കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന കൃഷ്ണ സ്തുതിഗീതങ്ങൾ കേട്ടുകൊണ്ടാണ് എന്റെ അമ്മ രാധാമണി പതിവ് ദിനങ്ങളിൽ എഴുന്നേൽക്കുന്നത്. പ്രഭാത ഭക്ഷണം മുതൽ മദ്ധ്യാഹ്നം വരെയുള്ള കാര്യങ്ങൾ ഒരുക്കുന്നതിന് മുൻപ് അടുക്കളയിലേക്ക് കടന്നു കട്ടൻചായ തിളച്ചു അച്ഛൻ ശിവദാസന് കൊടുത്തുകൊണ്ടാണ് സഹധർമ്മിണിയുടെ കടമകൾ ഓരോ ദിവസവും തുടങ്ങുന്നത്. ആ ഒരു കട്ടൻചായ കുടിച്ചതിനുശേഷം അച്ഛൻ രാവിലെ തന്നെ കടയിലേക്ക് പോകും. രാധാമണി എന്ന പേര് മാത്രമേയുള്ളു പ്രേമം എന്ന് കേട്ടാൽ കലിതുള്ളുന്ന കാളിയാണ്. ജാനകി കുഞ്ഞമ്മയുടെ മകൻ ശ്രീദേവ് പ്രേമിച്ചു കിട്ടിയതിന്റെ പേരിൽ അവനെയും അവന്റെ ഭാര്യയായി വന്ന ട്രീസയെയും ഇന്നേവരെ വീട്ടിൽ കേറ്റിട്ടില്ല. അപ്പോഴാണ് സ്വന്തം മകൻ വിഷ്ണു പ്രണയത്തിലാണ് എന്നറിഞ്ഞാലുള്ള പുകിലുപിടിച്ച കാര്യങ്ങൾ എന്ന ഞെട്ടൽ സ്വപ്നം കൂടുതൽ സമയം ഉറങ്ങാൻ അനുവദിക്കാതെ തനിയെ അടിക്കുന്ന അലാറം പോലെ എന്നെ ഞെട്ടിച്ചാണ് എഴുന്നേൽപ്പിച്ചത്.
സ്‌കൂളിൽ പോകണ്ടാതിരുന്ന സമയമായിരുന്നിട്ടും നേരത്തെ മുറിയിൽ നിന്നും എഴുന്നേറ്റു വന്ന എന്റെ മുഖത്തേക്ക് ചെറിയൊരു പുഞ്ചിരി കലർത്തി അമ്മയുടെ വക ചോദ്യം ഉണർന്നു. "അല്ലാ... ഭൂമി തിരിഞ്ഞു കറങ്ങാൻ തുടങ്ങിയോ? സിറ്റുവേഷൻ കോമഡിക്ക് പ്രബന്ധം തയ്യാറാക്കി പുതിയകാവ് പഞ്ചായത്തിൽ പേരെടുത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു രാധാമണി. അമ്മയുടെ ഭൂമി കറക്കിയ ആ ചോദ്യത്തിന്റെ പൊരുൾ ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം അറിയാമായിരുന്നു. പതിനഞ്ചു വയസ്സുകാരനാണെങ്കിലും അമ്മയുടെ വിളിയോ കൈപ്പാടുകളോ ഇല്ലാതെ കട്ടിലിൽ നിന്നും എഴുന്നേൽക്കാറില്ലായിരുന്നു എന്ന എന്റെ ചരിത്രം മുറിയുടെ ഭിത്തിക്ക് പിന്നിൽ നിന്നും അട്ടഹാസം മുഴക്കുന്നുണ്ടായിരുന്നു.
അടുക്കളയിൽ സ്റ്റീലിന്റെ ചട്ടുകം ഉപയോഗിച്ച് ദോശ മറിച്ചിടുന്ന അമ്മയെ കണ്ടപ്പോൾ ഉറയിൽ നിന്നും വാൾ ഊറി നിൽക്കുന്ന ഝാൻസി റാണിയെപ്പോലെ തോന്നിയതിനാൽ എന്റെ ഭാഗത്തു നിന്നും മറുപടിയോ ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ചോ വായിൽ നിന്നും ഒരക്ഷരംപോലും ഉടലെടുത്തില്ല. അമ്മ വിഹരിക്കുന്ന യുദ്ധഭൂമിയിൽ നിന്നും വിട്ടൊഴിയാൻ ഞാൻ തന്ത്രപരമായി തീരുമാനം കൈക്കൊണ്ടു. അമ്മയോട് നേര് തുറന്നു പറഞ്ഞാലുണ്ടാകുന്ന പ്രത്യാക്രണം എനിക്ക് മുൻകൂടി കാണിച്ചു തരുന്ന വിധം ജനലിലൂടെ സൂര്യകിരണങ്ങൾ ഛായചിത്രം വരച്ചുകാട്ടി. തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അതൊരു ഷെല്ലാക്രമണം എന്നവിധം കയ്യിൽ കിട്ടുന്നതെന്തും എന്റെ ദേഹത്ത് പതിക്കുമായിരുന്ന തരത്തിലായിരുന്നു അടുക്കളയിലെ പത്രങ്ങൾ അവിടെ നിലകൊണ്ടിരുന്നത്. അമ്മേ... ഒരു ഗ്ലാസ് കാപ്പി എന്ന് മാത്രം ഞാൻ പറഞ്ഞു. അൽപ സമയത്തിന് ശേഷം 'അമ്മ കാപ്പി പകർന്നു തന്നു. ചെറു ചൂടോടെ കിട്ടിയ കാപ്പിയുമായി ഞാൻ സിറ്റ് ഔട്ടിലേക്കു നടന്നു. വെക്കേഷൻ വന്നതോടുകൂടി പത്ര വായന തുടങ്ങിയിരുന്നു. പുതിയകാവ് കവലയുടെയും അമ്പലത്തിന്റെയും അടുത്ത് വീടായിരുന്നതിനാൽ പത്രക്കാരന്റെ ആദ്യ പത്രം എറിയൽ ചടങ്ങു തുടങ്ങുന്നത് എന്റെ വീട്ടിലേക്കായിരുന്നു. ആറു മണിക്ക് മുന്നേ വരാന്തയിൽ വന്നു വീഴുന്ന മാതൃഭൂമി പത്രം എന്നെയും കാത്തു അവിടെ കിടക്കുന്നുണ്ടായിരുന്നു.
'അമ്മ നട്ടുവളർത്തി പരിപാലിച്ചിരുന്ന റോസയും ചെത്തിയും മുല്ലയും വെള്ള മന്ദാരവും പൂത്തുവിടന്ന പൂക്കളുമായി പുലരിയെ ആവരണം ചെയ്യ്തിരുന്ന വീട്ടുമുറ്റത്തേക്കു ഞാൻ കൺപരതി. ഹിമകണം ചുംബിച്ച പൂക്കൾ എനിക്കായി പുഞ്ചിരി സമ്മാനിച്ചു. അറിയാതെ എന്റെ മുഖത്തും മന്ദസ്മിതം പൂത്തുലഞ്ഞു. പിന്നീട് നിലത്തുകിടന്നു പത്രം കയ്യിലെടുത്തു ഞാൻ വരാന്തയിലിരുന്നു. പ്രധാന വാർത്തയുടെ തലക്കെട്ടുകളിൽ കണ്ണോടിച്ചുകൊണ്ടു ഞാൻ കട്ടൻകാപ്പി നുകർന്നു. എന്റെ മുഖത്തേക്ക് സൂര്യൻ പൊൻവെയിലിൻ ശോഭയോടെ തഴുകി ചുംബിച്ചു. പ്രഭാത വെയിലും കട്ടൻകാപ്പിയും പത്രവും മലയാളികളുടെ വികാരംപോലെ ഞാനും പത്രത്തിലെ വാർത്തകൾ അരിച്ചുപെറുക്കുന്നതിൽ വ്യാപൃതനായിരുന്നു. വാക്കുകൾ ചവച്ചിറക്കുന്നതിനിടയിൽ പൂക്കളിലെ തേൻ നുകരാൻ വന്ന ഭ്രമരത്തെപ്പോലെ ഗ്ലാസിലെ കാപ്പി ഞാൻ നുകർന്ന് കഴിഞ്ഞിരുന്നു. സമയം കടന്നുപോയിക്കൊണ്ടിരുന്നു. വികാരമില്ലാതെ അടുക്കളയ്ക്ക് സമീപത്തുള്ള മുറിയിൽ നിന്നുള്ള ആർക്കോ വേണ്ടി ചിലച്ചുകൊണ്ടിരുന്ന റേഡിയോയിലെ പ്രോഗ്രാം എനിക്ക് അന്യമായ വസ്തുതയായിരുന്നു. അന്നുവരെ പരിചിതമില്ലാതിരുന്ന ഒരു റേഡിയോ പ്രോഗ്രാം എന്റെ കത്തിലേക്കു ഓടിയെത്തി.
ഹലോ ജോയ് ആലുക്കാസ് വെഡിങ് സെന്റർ ഫോൺ ഇൻ ഗാനോത്സവം എന്ന കൊച്ചി ആകാശവാണിയിലെ ആശ ചേച്ചിയുടെയും ബാലേട്ടന്റെയും പ്രോഗ്രാം എന്റെ കാതുകളിൽ ആദ്യമായി വന്നു പതിച്ചു. രണ്ടുപേരുടെയും അതിമനോഹരമായ സംഭാഷണവും മധുതരമായ ശബ്ദവും ഓരോ ശ്രോതാവിനേയും ആകർഷിച്ചു പിടിച്ചിരുത്തും വിധമായിരുന്നു. പത്രവായന കഴിഞ്ഞിട്ടും വരാന്തയിലിരുന്നു ഞാൻ അവരുടെ റേഡിയോ പ്രോഗ്രാമിൽ ശ്രദ്ധാലുവായി കേട്ടിരുന്നു. കത്തുകൾക്ക് മറുപടിയും കളിചിരിയും പ്രണയ ഗാനങ്ങളും കോർത്തിണക്കിയ പരുപാടിയിൽ ലയിച്ചുചേർന്ന ശ്രോതാവായി ഞാൻ വരാന്തയിലെ തൂണിൽ ചാരിയിരുന്നു. അൽപനേരം കഴിഞ്ഞു അമ്മയുടെ വിളിവന്നു."മോനേ വിഷ്ണു.." മേശപ്പുറത്തു ദോശയെടുത്തു വെച്ചിട്ടുണ്ട്. അത് എടുത്തു കഴിക്കാനാണ് നിന്നോട് പറഞ്ഞത്. പിന്നീട് 'അമ്മ സ്വയം റേഡിയോയായി ആരോടോ പുലമ്പുന്നപോലെ എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ടെന്നുള്ള പയ്യാരം പറഞ്ഞുകൊണ്ടിരുന്നു. അടുത്ത വിളി എത്തും മുന്നേ ഞാൻ വരുവാമ്മേ എന്നുള്ള മറുപടി പാസ്സാക്കി പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി മേശ ലക്ഷ്യമാക്കി അകത്തേക്ക് നടന്നു. അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ആറാം ക്ലാസുകാരനായ എന്റെ അനിയൻ വൈശാഖ് ദോശയും ചമ്മന്തിയും കഴിക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തു കരുതിയ പ്ലേറ്റെടുത്തു ഞാൻ അഞ്ചു ദോശയ്ക്ക് മുകളിലോട്ടു തേങ്ങാ ചട്ട്ണിയും ചമ്മന്തിപ്പൊടിയും വാരി വിതറി കൂട്ടിക്കുഴച്ചൊരു പിടുത്തം പിടിച്ചു കഴിച്ചു തീർത്തു.
അടുക്കളയുടെ പിൻവശത്തു വിറകുകൾ വെച്ചിരുന്ന ചായിപ്പിൽ സൈഡ് സ്റാന്റിട്ടു നിർത്തിയിരുന്ന സൈക്കിൾ പുറത്തിറക്കി. അഴയിൽ കിടന്ന കീറത്തുണികൊണ്ടു സൈക്കിളിലെ പൊടിയും റിമ്മിൽ പറ്റിപ്പിടിച്ച ചെളിയും തുടച്ചു വൃത്തിയാക്കി. കൈയ്യിലെ ഗ്രീസും ചെളിയും പൊടിയുമെല്ലാം മുറ്റത്തു കരുതിയ ബക്കറ്റു വെള്ളത്തിൽ കഴുകി കളഞ്ഞു. വെക്കേഷനായിരുന്നതിനാൽ രാവിലെ കുളിക്കുന്ന ശീലത്തിൽ നേരിയ മാറ്റം വന്നു. പതിയെ അകത്തേക്ക് കടന്നു ചെന്ന് അലമാരയിൽ നിന്നും കലകുഞ്ഞമ്മ കഴിഞ്ഞ വർഷത്തെ ഓണത്തിന് വാങ്ങി തന്ന ഇളം നീല ചെക്ക് ഷർട്ടും വീട്ടിലിടുന്ന ഇറക്കം കുറഞ്ഞ കറുപ്പ് പാന്റ്സും ധരിച്ചു. അലമാരയുടെ ഒരു പാതി വാതിൽ പാളിയിൽ മാത്രമുള്ള കണ്ണാടിയിൽ നാലോ അഞ്ചോ തവണ തിരിഞ്ഞും മറിഞ്ഞുമുള്ള ഞാൻ എന്നിൽതന്നെയുള്ള കാമുകനെ തൃപ്തിപ്പെടുത്തുന്നതിനായി ശ്രമിച്ചു. അവസാന മിനുക്കു പണി എന്നപോലെ അലമാരിയിൽ നിന്നും കുട്ടിക്കൂറ പൗഡർ മുഖത്താകെ വാരിപ്പൊത്തി മുഖം ഒന്നുകൂടി മിനുക്കി. ചീകിട്ടും അനുസരണക്കേടുകാണിച്ച ചുരുണ്ടമുടി ഒരുവശത്തേക്കു ഒതുക്കിവെച്ചു. കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കി തുറന്ന പുഞ്ചിരി പാസാക്കി ഞാൻ എന്നെത്തന്നെ സംതൃപ്തനാക്കി. വലതു കൈകൊണ്ടു നെഞ്ചൊന്നു തടവി. ഹൃദയ വീണ ശ്രുതിമധുരമായി താളം മീട്ടുന്നുണ്ടായിരുന്നു. അടുക്കളയിൽ പാചകക്കസർത്തുമായി വിരാചിക്കുന്ന അമ്മയെ നീട്ടിവിളിച്ചു.. അമ്മേ ഞാൻ അച്ഛന്റെ കടയിൽ വരെ പോകുവാണ്. സമ്മതം മൂളിയെന്നു ഉറപ്പു വരുത്തിയെന്ന് കേട്ട മാത്രയിൽ ഞാൻ സൈക്കിൾ എടുത്തു പുറത്തേക്കു വേഗത്തിൽ ചവിട്ടി വിട്ടു.
(തുടരും.....)