Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-11: സോയ നായര്‍) 

Published on 02 March, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-11: സോയ നായര്‍) 

25. Keep your Humanity regardless of your Religion..! 

നിരാശയുടെ കയത്തിലേക്ക്‌ മുങ്ങിത്താഴുന്നവനു ആശ്വാസത്തിന്റെ കൈത്തിരി കൊടുക്കാതെ വീണ്ടും അവരെ നിരാശയിലേക്ക്‌ മൂക്കുംകുത്തിവീഴാൻ പ്രേരിപ്പിക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുകയെന്നത്‌ വലിയ പാടാണു എന്നതു പോലെയാണു  ഇന്ന് വർഗ്ഗീയതയും രാഷ്ട്രീയവും എല്ലാം കടന്നു കയറി ഇല്ലാതാക്കുന്ന സ്നേഹബന്ധങ്ങളും മനുഷ്യത്വവും.. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"  എന്ന  വചനങ്ങളെ മാറ്റി "മതമേതായാലും മനുഷ്യനെ കൊന്നാൽ മതി" എന്ന തലത്തിലേക്ക്‌ എത്തിച്ചേർന്നിരിക്കുന്നു കാര്യങ്ങൾ. മദമിളകി മനുഷ്യർ കാണിച്ചുകൂട്ടുന്ന ജാതിമതകോപ്രായങ്ങൾക്ക്‌ എത്രത്തോളം നിലനിൽപ്പ്‌ ഉണ്ടാകും ? 

അന്ന് കോളേജിൽ പഠിച്ചിരുന്ന കാലത്ത്‌ എല്ലാ വിഭാഗത്തിലുമുള്ള സുഹ്യത്തുക്കൾ എനിക്ക്‌ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്‌. അന്നൊക്കെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാവരും യാതൊരു മതവിദ്വേഷങ്ങളുമില്ലാതെ വളരെ സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നത്‌. അവരവരുടെ ആചാരങ്ങളെ പരസ്പരം ബഹുമാനിച്ചും ആ ആചാരങ്ങളിൽ അന്യോന്യം പങ്കെടുത്തും തന്നെയാണു കഴിഞ്ഞിരുന്നത്. 

ഒരു ക്രിസ്തീയ കോളേജിലായിരുന്നു എന്റെ കോളേജ്‌ പഠനം. അവിടെ കോളേജ്‌ ഹോസ്റ്റലിനോട്‌ ചേർന്ന് കോളേജിന്റെ ഒരു ചാപ്പൽ ഉണ്ടായിരുന്നു. അന്ന് ഹോസ്റ്റലിലെ സന്ധ്യാ പ്രാർത്ഥനകളിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടാനും ബൈബിൾ വചനം ചൊല്ലാനുമൊക്കെ അന്യമതസ്ഥരായ ഞങ്ങൾ കൂടാറുണ്ടായിരുന്നു. അന്നൊക്കെ ക്രിസ്ത്യൻപള്ളികളിലെ ഞായറാഴ്ച പ്രാർത്ഥന കാണാനും ചാപ്പലിൽ മാതാവിന്റെ നൊവ്വേ‌ന ചൊല്ലാനും ഒക്കെ അവരുടെ കൂടെ ഞാനും പോയിരുന്നു. ആരു വീട്ടിൽപ്പോയി വന്നാലും കൊണ്ട്‌ വരുന്ന പൊതിച്ചോറിനുള്ളിലേക്ക് ജാതിമതഭേദമന്യേ എല്ലാവരും കൈയിട്ട്‌ ഓരോ ഉരുള എടുക്കുമ്പോഴുമതിൽ നിറഞ്ഞ്‌ നിന്നിരുന്നത്‌ കറയറ്റ സ്നേഹം മാത്രമായിരുന്നു, വിശ്വാസവും. എന്റെ അടുത്ത മുസ്ലീം കൂട്ടുകാരി റംസാൻ പെരുന്നാളിനും ഈദിനും ഒക്കെ എന്നെ വീട്ടിൽ കൊണ്ടുപോകുകയും അവളുടെ ബന്ധുക്കൾ ഒക്കെ  വളരെ സ്നേഹത്തോടെ എന്നെ സ്വീകരിക്കുകയും കരുതുകയും ചെയ്തതും എന്റെ ജാതി നോക്കിയല്ലായിരുന്നു. 
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എത്രത്തോളം ആ സ്നേഹം ഉണ്ട്‌ എന്ന് ചോദിച്ചാൽ സത്യസന്ധമായി പറഞ്ഞാൽ പണ്ടത്തെ അത്രയും ഇല്ല എന്ന് തന്നെ പറയണം. 

ഇന്ന് നമ്മളൊക്കെ ഒരാളെ കാണുമ്പോൾ ആദ്യം പേരു ചോദിക്കുന്നതിനു പകരം   ചോദിക്കുക "ഏത്‌ പള്ളിയിലാണു പോകുന്നത്‌/ ഏത്‌ അമ്പലത്തിലാണു പോകുന്നത്"‌ എന്നായി. പുരോഗമനവാദികൾ എന്ന് നമ്മൾ കരുതുന്നവർ തന്നെയാണു ഏറ്റവും വലിയ ജാതിവിപത്തുകൾ. അവരുടെ  പുരോഗമനപറച്ചിലും ചെയ്യുന്ന പ്രവ്യത്തിയും തമ്മിൽ യാതൊരു ബന്ധവും കാണില്ല. കുട്ടികൾക്ക്‌ അന്യ മതവിഭാഗത്തിൽ ഉള്ള സുഹ്യത്തുക്കൾ കൂട്ടുകാരായി ഉണ്ടെന്നറിഞ്ഞാൽ " അവരോടൊന്നും കൂട്ടു കൂടണ്ട, നമ്മുടെ കൂട്ടർ അല്ല" എന്ന് പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കളെയും കണ്ടിട്ടുണ്ട്‌. ജാതി പറഞ്ഞുള്ള അധിക്ഷേപങ്ങളും കളിയാക്കലുകളും പരസ്യമായ്‌ നടത്തി അവരെ സമൂഹത്തിനു മുന്നിൽ നാണംകെടുത്തി നിർത്തുന്ന ഒരു കൂട്ടരും മറുവശത്ത്‌ ഉണ്ട്‌. 

ജാതിസംബന്ധമായ്‌ ഞാൻ നേരിടേണ്ടി വന്ന എന്റെ അനുഭവങ്ങൾ പറഞ്ഞാൽ രസകരമാണു. ഇവിടെ എന്നെ  ആദ്യമായി കാണുന്നവരോട്‌ നായർ ചേർത്ത്‌ പറയാതെ സോയ എന്ന് മാത്രം പറഞ്ഞാൽ സ്ഥിരം ചോദിക്കുന്ന ഒരുചോദ്യമായിരുന്നു "ഏതു പള്ളിയിലാ പോകുന്നത് എന്ന്". പിന്നെ ഫേസ്ബുക്കിൽ ഉള്ള ഒരു ദളിത്‌ വിഭാഗത്തിൽപ്പെട്ട എഴുത്തുകാരിയുടെ ചോദ്യമായിരുന്നു 
"എന്തിനാണു നായർ ജാതിവാൽ വെച്ച്‌ നടക്കുന്നേ,സവർണജാതി ആണെന്ന് കാണിക്കാനാണോ?" എഴുതുന്ന എഴുത്തുകൾ വായിക്കാതെ "കവിതകൾക്ക്‌ അടിയിൽ സോയ എന്ന് മാത്രം  എഴുതിയാൽ  മതി നായർ  എന്ന് വേണ്ട, അതെടുത്ത്‌ കളയണം “ എന്നൊക്കെ ജാതിസ്പിരിറ്റ്‌ ഉള്ള പല മനുഷ്യസ്നേഹികളും പേർസണൽ ആയി വന്ന് എന്നെ ഉപദേശിച്ചിട്ടുമുണ്ട്‌. ‌ശരിക്കും എനിക്ക്‌ ജാതി വെച്ചൊരു പേരുവയ്ക്കുകയാണെങ്കിൽ ബ്രാഹ്മണസമുദായത്തിലെ ലാസ്റ്റ്‌ നെയിം ആണു വയ്ക്കേണ്ടത്‌. സവർണ്ണജാതി ആയാലും ഇല്ലേലും ഞാൻ ഒരു മനുഷ്യൻ തന്നെ.

സോയ വി. പി. അതാരുന്നു നാട്ടിലെ എന്റെ പേർ. അമ്മേടേ പേരും വീട്ടഡ്രസ്സും ചേർന്ന് VP. അതിവിടെ അമേരിക്കയിൽ ഫസ്റ്റ്നെയിമും ലാസ്റ്റ്നെയിമും ആയി എത്തിയപ്പോൾ സോയ പ്രസന്നകുമാരി ആയി. അമേരിക്കയിൽ  ഈ വായിൽക്കൊള്ളാത്ത ലാസ്റ്റ്‌ നെയിം വെച്ച്‌ സായിപ്പന്മാർ വിളിക്കുന്നത്‌ കേട്ടാൽ പെറ്റവരു പോലും സഹിക്കില്ല. പിന്നല്ലെ നമ്മൾ. നീളമുള്ള ലാസ്റ്റ്‌പേരും വീട്ട്പേരുമൊക്കെ വെച്ച്‌ ഡോക്കുമെന്റും മറ്റും  തയ്യാറാക്കാൻ വലിയ പാടാണു ഇവിടെ. പേരു മാറ്റാൻ ഒരവസരം വന്നപ്പോൾ അതു കൊണ്ട്‌ എത്രയും ചുരുക്കി ഇടാമോ അത്രയും ചുരുക്കി വെച്ചു. അങ്ങനെ കെട്ടിയോന്റെ ലാസ്റ്റ്‌ നേയിം ഞാൻ അങ്ങ്‌ വച്ചന്നേ ഉള്ളൂ..
ആനുകൂല്യങ്ങളൊക്കെ സുലഭമായി കിട്ടുന്നവർക്ക്‌ ആ വിഭാഗം മോശപ്പെട്ടതായി എന്തിനു തോന്നണം എന്നാലോചിച്ചിട്ടുണ്ട്‌. സവർണ്ണർക്ക്‌ ഈ പേരല്ലാതെ എന്ത്‌ ആനുകൂല്യം കിട്ടുന്നുവെന്നതും ചിന്തിച്ചിട്ടുണ്ട്‌. അല്ലാതെ സവർണ ആനുകൂല്യങ്ങളോ സവർണ ആദരവോ ഒന്നും പ്രതീക്ഷിച്ചല്ല ഈ പേരും കൊണ്ട്‌ നടക്കുന്നത്‌. ഒരേ പേരിൽ ഒന്നിലധികമെഴുത്തുകാർ ഉണ്ടെങ്കിൽ അവരുടെ ഓരോരുത്തരുടെയും ഐഡന്റിറ്റി അടയാളപ്പെടുത്താൻ ലീഗൽ പേരു ഉപയോഗിച്ചേ മതിയാകൂ... പിന്നെ ഇവിടെ അമേരിക്കയിൽ ഈ നായർ വെച്ചുവെന്ന് കരുതി നാട്ടിലെപ്പോലെ പ്രശ്നങ്ങൾ ഇല്ല. മതവും ജാതിയുമൊന്നും നോക്കിയല്ല ഇവിടെ ആളുകളെ സ്വീകരിക്കണോ സ്നേഹിക്കണൊ ജോലിക്കെടുക്കണോ പറഞ്ഞുവിടണോ ആനുകൂല്യം കൊടുക്കണോ വേണ്ടായോ എന്നു നോക്കുന്നത്‌. കഴിവിനനുസരിച്ചാണു അവരുടെ അവസരങ്ങൾ..

 പല മതവിഭാഗങ്ങളിൽപ്പെട്ടവർക്ക്‌ ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണു. അതിൽ തന്നെ ചിലർ കൂടുതൽ വിശ്വസിക്കുന്നവരുണ്ടാകാം അതു തീരെ വിശ്വസിക്കാത്തവരും ഉണ്ടാകാം. വിശ്വാസങ്ങളെ അവരിൽ അടിച്ചേൽപ്പിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ ആണു പ്രശ്നങ്ങൾ ഉണ്ടാകുന്നത്‌.. നമ്മുടെ ഒക്കെ വിശ്വാസങ്ങൾ നമ്മളെ ഓരോരുത്തരെയും രക്ഷിക്കട്ടെ എന്ന് വിചാരിച്ച്‌ മറ്റുള്ളവരുടെ ആചാരവിശ്വാസങ്ങളിൽ തലയിടാതെ ഇരുന്നാൽ തന്നെ പല പ്രതിസന്ധികളും മാറും. എന്നാൽ ഇന്ന് കാണുന്നതോ ഒറ്റക്കെട്ടായി നിൽക്കാതെ പല മതത്തിനുള്ളിലും ജാതികൾക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങൾ മൂലം പല വിഭാഗങ്ങൾ വരുമ്പോൾ പരസ്പരം തകർക്കാനുള്ള ശ്രമവും വൈര്യാഗ്യവും പ്രതികാരവും ഉണ്ടാകും. അത്‌ സ്വാഭാവികമായും വ്യക്തിബന്ധങ്ങളെ തകർക്കുന്നതിലേക്കും നീങ്ങും. 
എന്താണു ഇതു കൊണ്ട്‌ നേട്ടംഎന്നു ചോദിച്ചാൽ തമ്മിൽ തമ്മിൽവഴക്കു കൂടാനും അതിൽ നിന്നും മാറി അക്രമവാസനയിലേക്ക്‌ പോയി മനുഷ്വത്വമേ ഇല്ലാതെ കുറേ കുടുംബങ്ങളെ നാഥനില്ലാകളരിയാക്കാമെന്നത്‌ തന്നെ.. 

മറ്റുള്ളവരെ ബഹുമാനിക്കുവാൻ നാം പഠിച്ചതുപോലെ തന്നെ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുവാനും നമ്മൾ പഠിക്കണം. വ്യക്‌തിപരമായ ബന്ധങ്ങളിലേക്ക്‌ ഒരിക്കലും ജാതിമതരാഷ്ട്രീയം കൂട്ടിക്കലർത്താതെ ഇരിക്കണം.ഒരു അത്യാഹിതം സംഭവിച്ചാൽ ഈ മതമോ ജാതിയോ രാഷ്ട്രീയമോ ആചാരമോ ഒന്നും തന്നെ വരില്ല അവസാനനിമിഷങ്ങളിൽ നമ്മളെ രക്ഷിക്കാൻ.. പകരം വിവിധ മതവിഭാഗക്കാരുടെ (ചിന്താഗതികളുള്ളവരുടെ) ധനസഹായമോ രക്തമോ കരളോ ഹ്യദയമോ അങ്ങനെ എന്തേലും .. അന്ന് ആശുപത്രിക്കിടക്കയിൽ നമ്മൾ ഡോക്ടറോട്‌ ചോദിക്കുമോ "ജാതി പറയൂ, മതം പറയൂ എന്നിട്ട്‌ മതി എന്നെ ചികിൽസിക്കൽ" എന്ന്.. ജീവൻ നിലനിർത്തേണ്ടതായി വരുന്ന അവസാനഘട്ടത്തിൽ പെട്ടെന്ന് മാറ്റി മറിക്കാവുന്ന അത്ര ഊറ്റമേ  ഉള്ളൂ നമ്മുടെ ജാതിമതരാഷ്ട്രീയാചാര പ്രഹസനങ്ങൾ.. അത്‌ കൊണ്ട്‌ മറ്റ്‌ മതസ്ഥരെ അന്യോന്യം ബഹുമാനിക്കാതെ ഇരിക്കേണ്ട ആവശ്യമേ ഇല്ല. നിങ്ങളുടെ ആരുടെയും ഒരു നിലപാടുകളെയും വിശ്വാസങ്ങളെയും വിട്ടുകൊടുക്കേണ്ടതായും മാറ്റിപ്പറയേണ്ടതായിട്ടുമില്ല.. പകരം മതമേതായാലും ഇത്തിരി മനുഷ്വത്വം ബാക്കി ഉണ്ടായാൽ മതി.

ജാതിമതഭേദമന്യേ Good Morning Friends😊🌞


26. Beware, it’s CyberFace, not a real Face! 

സോഷ്യൽ മീഡിയാ സൗഹ്യദവലയത്തിൽ എനിക്ക്‌ കുറേയധികം അപരിചിതരായ സുഹ്യത്തുക്കൾ ഉണ്ട്‌. 
മിക്കവരും ഇന്ത്യയിൽ ഉള്ളവർ. അവർക്കവിടെ രാത്രിയാകുമ്പോൾ എനിക്ക്‌ ഇവിടെ പകലാണല്ലോ. ആ സമയങ്ങളിൽ  എന്റെ പ്രൊഫെലിൽ തെളിഞ്ഞ്‌ കാണുന്ന പച്ചവെളിച്ചം കണ്ട്‌ പലരും സ്നേഹാന്വേഷണം ചോദിച്ച്‌ വരും. പലർക്കും എന്റെ കവിതകളെയോ എഴുത്തിനെയോ കുറിച്ച്‌ അല്ല സംസാരിക്കണ്ടത്‌. പകരം, വളരെ മോശപ്പെട്ട രീതിയിൽ ഉള്ള ചോദ്യങ്ങളും ചിത്രങ്ങളും വീഡിയോയും ഒക്കെ ആകും കിട്ടുക. അത്തരമൊരു ചിന്തയിൽ മാത്രം കഴിയുന്ന അവരെ ത്യപ്തിപ്പെടുത്തുക എന്നത്‌ എന്റെ ജോലിയല്ലാത്തതു കൊണ്ട്‌ അവരെ അപ്പോൾ തന്നെ ബ്ലോക്ക്‌ ചെയ്യും.അങ്ങനെ വർഷങ്ങൾക്ക്‌ മുൻപേ ഓൺലൈൻ വഴി എനിക്ക്‌ വന്ന ഒരു പ്രണയാഭ്യർത്ഥന ആണു ഇന്നത്തെ വിഷയം..

ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയ സമയങ്ങളിൽ ഞാൻ  പ്രണയകവിതകൾ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്‌ പതിവായിരുന്നു. അക്കാലങ്ങളിൽ ഒന്നിലധികം കവിതാ ഗ്രൂപ്പുകളിലും സജീവമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അവിടങ്ങളിലും കവിതയും കമന്റുമൊക്കെയായി ഞാൻ എത്താറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ പോസ്റ്റ്‌ ചെയ്ത എന്റെ കവിതയ്ക്ക്‌ ഒരു നെഗറ്റീവ്‌ കമന്റ്‌ ഇട്ട്‌ കൊണ്ടായിരുന്നു ആളുടെ വരവു.  കമന്റിനു ആകുന്ന പോലെ മറുപടിയും കൊടുത്തു. പിന്നീട്‌ ഈ പരിപാടി പുള്ളി എന്റെ എല്ലാ പോസ്റ്റിനും തുടർന്നുകൊണ്ടേയിരുന്നു. വളരെ സഭ്യവും മാന്യവുമായ കമന്റടിയായതു കൊണ്ട്‌ അയാളെ കൂടുതൽ അവിശ്വസിച്ചില്ല. പിന്നീട്‌ അയാൾ മെസ്സേഞ്ജറിൽ കൂടിയായി കമന്റുകൾ.. അയാൾക്ക്‌ മറുപടി കൊടുത്തത്‌ അബദ്ധമായി ന്നു പിന്നീട്‌ ആണു തോന്നിയത്‌. 

കമന്റുകളുടെ ഗതി മാറിമാറി പിന്നീട്‌ അയാൾ "ക്യഷ്ണനും ഞാൻ അയാളുടെ രാധയുമാണു" എന്ന ലെവലിലേക്ക്‌ പോയപ്പോൾ ഞാൻ ചോദിച്ചു ഈ ക്യഷ്ണന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന്? ഭാര്യയും രണ്ട്‌ പെൺകുട്ടികളും എന്ന് മറുപടി. വീട്ടിലൊരു രാധ ഉണ്ടല്ലോ , അവരെ പോയി നല്ലോണം സ്നേഹിച്ചുകൂടെ എന്ന് കർക്കശമായി പറഞ്ഞു. അയാളെ ബ്ലോക്കും ചെയ്തു. പിന്നീട്‌ അയാൾ വേറൊരു ഐഡിയിൽ നിന്നായി കമന്റടി. പല ഗ്രൂപ്പുകളിലും പെണ്ണുങ്ങളൂടെ കവിതകൾക്ക്‌ അടിയിൽ കമന്റിടുന്നത്‌ ഇയാളുടെ ഒരു ശീലമായിരുന്നു. വീണ്ടും അയാൾ എന്നോടുള്ള രാധാസ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി. അയാൾ എഴുതി അയയ്ക്കുന്ന സ്നേഹം ചൊരിഞ്ഞൊഴുകുന്ന മെസ്സേജ്‌ കെട്യോൻ കേൾക്കെ വായിച്ച്‌ കൊടുത്തിട്ട്‌ 
" എന്നെ സ്നേഹിക്കാൻ ആളുണ്ട്‌ , നിങ്ങളു സൂക്ഷിച്ചോ എന്ന് പറഞ്ഞ്‌ ചിരിക്കുന്നതായിരുന്നു പിന്നീട്‌ ഞങ്ങളുടെ പണി. 

എന്തുപറഞ്ഞ്‌ ഞാൻ കമന്റ്‌ ഇട്ടാലും രാധ കൃഷ്ണ പല്ലവിയ്ക്ക്‌ ഒരു മാറ്റവും വന്നില്ല. അയാൾടെ സ്നേഹം സത്യമാണെന്ന് ഒരു പോയിന്റിൽ തെളിയിക്കാൻ അയാളുടെ പാസ്‌വ്വേർഡ്‌ വരെ അയച്ചു തന്നു. എത്ര ബ്ലോക്കിയാലും വേറെ പേരിൽ വന്ന് കമന്റിടുന്ന ഇയാൾടെ ശല്യം സഹിക്കാതെവന്നപ്പോൾ ഞാൻ മറുപടി കൊടുത്തു. "എന്നോടുള്ള സ്നേഹം സത്യമാണല്ലോ, ഞാൻ രാധയുമാണല്ലോ. ഈ ക്യഷ്ണന്റെ രാധയായിട്ട്‌ ഞാൻ അങ്ങു നാട്ടിലേക്ക്‌ വരാം, പക്ഷെ എനിക്കൊരൊറ്റ നിബന്ധന ഉണ്ട്‌. ന്റെ കെട്യോനെയും രണ്ടു കുട്ടികളെയും കൂടി ഏറ്റെടുക്കണം. അവരെ പാതിവഴി ഉപേക്ഷിച്ചിട്ട്‌ വരാൻ എനിക്ക്‌ പറ്റില്ല". അതു പറഞ്ഞതിൽ പിന്നെ അയാൾക്ക്‌ എന്നോടുള്ള സ്നേഹം കുറഞ്ഞു, പയ്യെ പയ്യെ കമന്റടി അങ്ങ്‌ നിന്നു.. 

പിന്നീട്‌ മൂന്നു വർഷത്തോളം കഴിഞ്ഞ്‌ ഫേസ്ബുക്ക്‌ മൂലം ഫ്രണ്ട്‌ ആയി കിട്ടിയ ഒരു ചേച്ചി എന്നോട്‌ ഇങനെ ഒരാൾ സോയയെ ശല്യംചെയ്തിരുന്നോ? എന്നും ചോദിച്ച്‌ വന്നു. അതേ എന്ന് പറഞ്ഞപ്പോൾ ഇതേ ആൾ ആ ചേച്ചിയെയും ഇങ്ങനെ നിരന്തരം രാധക്കഥ പറഞ്ഞ്‌ ശല്യം ചെയ്യുമായിരുന്നുവെന്നും  അയാളൂടെ തീവ്ര സ്നേഹം നിരസിച്ച എന്നെ പറ്റി വളരെ വ്യത്തികെട്ട രീതിയിൽ ഗ്രൂപ്പുകളിൽ മോശം എഴുത്തുകൾ എഴുതിയിരുന്നു എന്നും പറഞ്ഞു. അയാളെ ബ്ലോക്ക്‌ ചെയ്തതു കൊണ്ട്‌ ഞാൻ ആ എഴുത്തുകൾ കണ്ടിട്ട്‌ ഇല്ലായിരുന്നു. 

ഇത്തരത്തിൽ കുറെ ഞരമ്പന്മാരും കൂടി ഉള്ള ഇടമാണു ഫേസ്ബുക്ക് എന്നറിഞ്ഞ്‌ തന്നെയാണു ഇവിടെ പ്രണയക്കവിതകൾ ഉൾപ്പെടെ പലതും എഴുതുന്നതും പോസ്റ്റ്‌ ചെയ്യുന്നതും. പ്രണയം എന്ന വികാരത്തെ പറ്റി എഴുതുന്നു എന്ന് വച്ച്‌ അതിനർത്ഥം ഞാൻ സ്നേഹം കിട്ടാൻ വേണ്ടി അലഞ്ഞു നടക്കുന്ന ഒരുവളെന്നല്ല. പെൺകുട്ടിഎന്ന നിലയിൽ എല്ലാവരെപ്പോലെ മോശപ്പെട്ട അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്‌. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌  ഒരു പെൺകുട്ടി മെസ്സേജയച്ചാൽ അത്‌ ഒരു സുഹ്യത്തായി അയച്ചതാണെന്ന് പോലും മനസ്സിലാക്കാൻ ആകാത്ത അത്രയും താഴ്‌ന്ന ചിന്താഗതികളാണല്ലോ മനുഷ്യർക്കെന്ന്. അപരിചിതരുടെ ചില നേരത്തെ സ്വന്തം എന്ന ഭാവവും ഡിയറെ ന്നൊള്ള വിളിയുമൊക്കെ കേൾക്കുമ്പോൾ തന്നെ വെറുപ്പും ദേഷ്യവുമാണെനിക്ക്‌ തോന്നുക. യാതൊരു അടുപ്പവും ഇല്ലാത്തവർ കാണിക്കുന്ന അമിതസ്വാതന്ത്ര്യം അതെനിക്ക്‌ തീരെ കണ്ടുകൂടാ. ബ്ലോക്ക്‌ ചെയ്ത്‌ അത്‌ അവിടെ അങ്ങു നിർത്തും. വേറൊന്നുമല്ല എന്റെ സ്പേസിൽ എനിക്ക്‌ നെഗറ്റിവിറ്റി ഉണ്ടാകുന്നതും ഉണ്ടാക്കുന്നതുമൊന്നുംവേണ്ടാ ന്നു വെച്ചിട്ടു.. 

എന്റെ പ്രൊഫെയിലിലെ പച്ചവെളിച്ചം എന്നും കത്തി തന്നെ കിടക്കും.അതെന്റെ മാത്രം സ്പേസാണു. ദയവായി ആ വെളിച്ചം കണ്ട്‌ നിങ്ങൾക്ക്‌ എന്തു വ്യത്തികേടും പറയാനും കാണിക്കാനും ഉള്ള ഒരു സിഗ്നനലായി കാണണ്ട. പലർക്കും ഇത്തരമനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അത്‌ പണം തട്ടിപ്പ്‌, പീഡനം, വഞ്ചന എന്നിങ്ങനെ പല ഭാവത്തിൽ നടക്കുന്നു എന്ന് മാത്രം. ഒത്തിരിപ്പേർ ഈ ചതിക്കുഴികളിൽ വീണിട്ടുമുണ്ടാകാം. 
നമ്മുടെ തിരിച്ചറിവുകൾക്കനുസരിച്ചുള്ള പ്രവ്യത്തി, തീരുമാനങ്ങൾ ഇവ ഒന്ന് മാത്രം മതി സൈബർഅപകടങ്ങളിൽ നിന്നും  അല്ലാത്ത ചതിവുകളിൽ നിന്നും നമ്മൾക്ക്‌ സ്വയം രക്ഷ നേടാൻ.. എല്ലാവരും എപ്പോഴും ഒന്നു കരുതിയിരിക്കുക ..എന്തിനെയും എല്ലാവരെയും കണ്ണടച്ച്‌ വിശ്വസിക്കാൻ നിൽക്കാതെ കണ്ണുതുറന്ന് കാണാനും വല്ലപ്പോഴും ശ്രമിക്കുക.. ചങ്ങായിമാരേ, ഈ ചതിയന്മാർ ചിരിച്ചോണ്ടെ എപ്പോഴും വരാറുള്ളൂ... അപ്പോൾ നമ്മൾ എന്നോടാണോ അടവിറക്കൽ എന്ന ഭാവത്തിൽ തിരിച്ചു ചിരിച്ച് ഈ പൊയ്മുഖങ്ങളെ അങ്ങ്‌ ഇല്ലാണ്ടാക്കുക‌. അത്ര തന്നെ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക