മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമെന്നു വിശേഷിക്കപ്പെട്ടിരുന്ന കേരളം രണ്ടു ദശാബ്ദങ്ങൾക്കു മുൻപ് വരെ മനുഷ്യന് ജീവിക്കാനുള്ള ഭൂമിയിലെ സ്വർഗ്ഗമായിരുന്നു. എന്നാൽ ഇന്നവിടെ ചിലർ മതസ്പർദ്ധയുടെ നാലുവരിപ്പാത നരകത്തിലേക്കു വെട്ടിക്കൊണ്ടിരിക്കയാണ്. സർക്കാരിന്റെ നിഷ്ക്രിയത്വമാണ് ഇതിനു പ്രചോദനമാകുന്നത് എന്നതാണ് കേരള ജനതയെ ഭയപ്പെടുത്തുന്നത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും കൈകോർത്തു പിടിച്ചു ജീവിച്ച നാട്ടിൽ കുറെ വർഷങ്ങൾക്കു മുൻപ് ഇന്നത്തെ സാഹചര്യം ചിന്തിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു.
ഹിന്ദുക്കൾക്ക് മഹാഭൂരിപക്ഷമുണ്ടായിരുന്ന കേരളത്തിൽ മറ്റു മതങ്ങൾ പുഷ്ടി പ്രാപിച്ചത് ഹിന്ദുക്കളുടെ സംസ്ക്കാര മേന്മ കൊണ്ടാണ്. മറ്റു സമുദായങ്ങളിൽ പെട്ട പലർക്കും ദേവാലയങ്ങൾ ഉണ്ടായത് ഹൈന്ദവർ ദാനമായി നൽകിയ ഭൂമിയിലാണ്. പല ക്രിസ്ത്യൻ ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത് പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ തൊട്ടടുത്താണ്. അവരുടെ ഉത്സവങ്ങളിൽ അന്യോന്യം സഹകരിക്കുകയും അതനുസരിച്ച് ഇരുവരുടെയും ആരാധനാ സമയങ്ങൾ പോലും ക്രമീകരിക്കാറുമുണ്ടായിരുന്നു. രണ്ടിന്റെയും മുറ്റത്തു സായാന്ഹത്തിൽ കൂടുന്ന യുവാക്കൾ ഒന്നിച്ചുള്ള കളികളിൽ ഏർപ്പെട്ടു രസിക്കാറുണ്ട്. അതിലൊന്നും അവർ മതം കലർത്താറില്ലായിരുന്നു. പല ക്രിസ്തീയ ദേവാലയങ്ങളിലെ പെരുന്നാളിന് ഇന്നും വിളക്ക് തെളിക്കുന്നത് ഹൈന്ദവ തറവാട്ടിലെ പിൻതലമുറക്കാരാണ്.
എന്നാൽ ഈ കഴിഞ്ഞ ആഴ്ച്ചയിൽ പൂഞ്ഞാറിലുള്ള ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ കുറച്ചു കുട്ടികൾ ബൈക്കിലും കാറിലുമായി എത്തി പള്ളിമുറ്റത്ത് കുറെ അഭ്യാസങ്ങൾ കാണിച്ചു. ആരാധനാ സമയമായതിനാൽ പള്ളിയിലെ അസിസ്റ്റന്റ് വികാരി ഇറങ്ങി വന്ന് അവരോടു സ്ഥലം കാലിയാക്കാൻ പറഞ്ഞു. അവരുണ്ടാക്കി കൊണ്ടിരുന്ന ശബ്ദം വളരെ ഉച്ചത്തിലായിരുന്നതു കൊണ്ട് അച്ചൻ പറഞ്ഞത് അവർ കേട്ടില്ല. അതിൽ ദേഷ്യപ്പെട്ട അച്ചൻ പള്ളി കോമ്പൗണ്ടിന്റ്റെ ഗേറ്റ് അടയ്ക്കുവാൻ തുനിഞ്ഞു. അത് കണ്ട പിള്ളേർക്ക് ദേഷ്യം തോന്നിയത് സ്വാഭാവികം. അവർ ഓടിച്ചിരുന്ന വാഹനം കൊണ്ട് അച്ചനെ സ്നേഹപൂർവ്വം തള്ളി മാറ്റാൻ ശ്രമിച്ചു. അല്ലെങ്കിൽ ഗേറ്റ് മറിഞ്ഞു തലയിലെങ്ങാനും വീണാലോ എന്ന് വിചാരിച്ച് അച്ചനെ രക്ഷിക്കാൻ ചെയ്‌തതായിരിക്കും. അതിന് എന്തിനാണ് കത്തോലിക്കാ സഭ ഈ ബഹളം വയ്ക്കുന്നത്?
ഏതാണ്ട് പതിനാലു വർഷങ്ങൾക്കു മുൻപ് പള്ളിയിൽ കുർബ്ബാന കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ഒരു പ്രൊഫസർ ജോസഫ് മാഷിന്റെ ഒരു കൈ ചില പിള്ളേർ അദ്ദേഹത്തെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിയെടുത്തു. അതിനൊരു കാരണമുണ്ടായിരുന്നു. കുട്ടികളുടെ ചോദ്യക്കടലാസിൽ ഏതോ ഒരു കഥാപാത്രത്തിന് പ്രവാചകന്റെ പേരായിരുന്നു മാഷ് നൽകിയത്. എന്തായാലും ജോസഫ് മാഷിന്റെ കൈ വെട്ടിക്കളഞ്ഞതിനെ കത്തോലിക്കാ സഭ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു പുറം കാലുകൊണ്ട് ജോസഫ് മാഷിനെ ചവുട്ടി പുറത്താക്കി കൈ വെട്ടുകാരെ സന്തോഷിപ്പിച്ചു. പെൻഷൻ പോലും കിട്ടാതെ ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ മാഷിന്റെ ഭാര്യ ആത്മഹത്യ ചെയ്‌തു. അന്ന് കത്തോലിക്കാ സഭയിലെ പുരോഹിതർ ചിരിച്ചു. കേരളത്തിൽ മത തീവ്രവാദം മുട്ടത്തോടു പൊളിച്ചു പുറത്തു വന്നപ്പോളാണ് ജോസഫ് മാഷിന്റെ കൈ നഷ്ടപ്പെട്ടതെന്ന സത്യം അവർ തിരിച്ചറിഞ്ഞില്ല.
പിന്നീട് കാലാകാലങ്ങളായി പല ദേവാലയ ഉടമസ്ഥതയിലുള്ള കുരിശടികളും രൂപങ്ങളും ഈ കുട്ടികൾ പലയിടത്തും നശിപ്പിക്കുകയോ വികൃതമാക്കുകയോ ചെയ്‌തു. ക്രിസ്ത്യാനികൾ വിശുദ്ധമായി കാണുന്ന കുരിശിനു മുകളിൽ കയറി നിന്നു സെൽഫി എടുത്തുകൊണ്ടു കുട്ടികൾ നൃത്തം ചെയ്‌തു. അപ്പോൾ കുറെ അച്ചന്മാർ ബഹളം വച്ചെങ്കിലും അവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കണമെന്ന് അധികാരികളിൽ നിന്നും താക്കീതുണ്ടായി. സഭയിലെ കുട്ടികൾ ലഹരിമരുന്നിനടിമകളാകതെ സൂക്ഷിക്കണം, കാരണം ഇവിടെ ലഹരി മരുന്നു വിപ്ലവം ചിലർ ഉന്നമിടുന്നു എന്ന് സഭയിലെ ഉയർന്ന ഒരു പിതാവ് മുന്നറിയിപ്പു നൽകിയപ്പോൾ അത് തങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നു പറഞ്ഞു കുട്ടികൾ ജാഥയായി പിതാവിന്റെ അരമനയിലേക്കു കുതിച്ചു. ഈ അവസരങ്ങളിലെല്ലാം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൂർണ്ണ പിന്തുണ ഈ കുട്ടികൾക്കുണ്ടായിരുന്നു. അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മിക്ക രാഷ്ട്രീയ പാർട്ടികളും പത്രസമ്മേളനം നടത്തി.
എന്നാൽ ഈ കുട്ടികളുടെ ഇപ്പോഴത്തെ പ്രവർത്തി പൊറുക്കാനാവില്ലെന്നാണ് സഭയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇപ്പോൾ പൂഞ്ഞാർ സംഭവത്തിൽ ചിലരൊക്കെ സട കുടഞ്ഞെഴുന്നേറ്റിരിക്കയാണ്. എന്നാൽ നിങ്ങൾ ചുറ്റും ഒന്ന് നോക്കുന്നത് നന്നായിരിക്കും. ഒരു രാഷ്ട്രീയ പാർട്ടികളും നിങ്ങളുടെ സഹായത്തിനെത്തില്ല. പോലീസോ അധികാര വർഗ്ഗമോ നിങ്ങളെ ചെവിക്കൊള്ളില്ല. മുഖ്യധാരാ മാധ്യമങ്ങൾ നിങ്ങളുടെ രോദനം കേൾക്കാൻ തിരിഞ്ഞു പോലും നിൽക്കില്ല. എന്തിന്, നിങ്ങളുടെ സഹോദരീ സഭകൾ എവിടെപ്പോയി? ഏതെങ്കിലും ഒരു സഭാധ്യക്ഷനോ സഭാ പ്രസിദ്ധീകരണമോ നിങ്ങളെ പിന്തുണച്ചു മുന്നോട്ടു വന്നോ? ഇവരാരും വരില്ല. എന്താണ് കാരണം? 'ഇവനിതു വരേണം ഇന്നവണ്ണം ഭവിക്കേണം' എന്നു പറഞ്ഞു കേട്ടിട്ടില്ലേ? നിങ്ങൾ ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കണം.
കേരളത്തിൽ മത തീവ്രവാദം ആഴത്തിൽ വേരൂന്നി കഴിഞ്ഞിരിക്കുന്നു. കൊച്ചുകുട്ടികളുടെ വികൃതിയായി തീവ്രവാദത്തെ കണ്ടു രസിക്കുന്നവർ കാര്യം അറിയാതെയല്ല, അവർക്കതിനേ കഴിയൂ. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടുബാങ്ക് മാത്രമാണ് ലക്‌ഷ്യം. അവർക്കധികാരം വേണം. മാധ്യമങ്ങൾക്കു വൻതോതിൽ പരസ്യം കൊടുക്കുന്നവർ എന്തു തെറ്റു ചെയ്‌താലും അവർ കണ്ണടയ്ക്കും. കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദത്തിനെതിരേ ശബ്ദിക്കാൻ പോലും ഇവരാരും മെനക്കേടുകയില്ല. കാരണം ഒന്നുകിൽ അവരൊക്കെ അതിന്റെ ഗുണഭോക്താക്കളാണ് അല്ലെങ്കിൽ അവർക്കു ഭയമാണ്.
കേരളത്തിൽ മുസ്ലിം സമുദായത്തിനുള്ള വോട്ടു ബാങ്കോ ഐക്യമോ ക്രിസ്‌തീയ സമുദായത്തിനില്ല. ക്രിസ്ത്യാനികൾ തമ്മിലടിച്ചു വിഭജിച്ചു ചെറിയ കൂട്ടങ്ങളായി മാറിയിരിക്കുന്നു. അതിൽ ഒരുവന് പറ്റുന്ന പരുക്ക് കണ്ട് ഉള്ളിൽ ചിരിക്കുന്നവരാണ് മറ്റുള്ളവർ. പൗരോഹിത്യത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുന്ന സഭാ നേതാക്കൾക്ക് ഇത് മനസ്സിലാവില്ല. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതവർ അറിയുന്നില്ല. മണിപ്പൂരിൽ വംശീയ കലാപമോ വർഗ്ഗീയ കലാപമോ എന്ന് ഇന്നും തീർപ്പാക്കാത്ത ലഹളയിൽ കേഴുന്നവർ കണ്മുന്നിൽ മത തീവ്രവാദികൾ സഹോദരന്റെ കൈ വെട്ടി മാറ്റിയപ്പോൾ അവന്റെ ചങ്കിൽ കുത്തുക കൂടിയാണ് ചെയ്‌തത്.
കേരളം തീവ്രവാദത്തിനു നല്ല വളക്കൂറുള്ള മണ്ണാണ്. ഒൻപതു വയസ്സുള്ള കുട്ടി തോളിലിരുന്നു മറ്റു മതവിശ്വാസികളെ ഉന്മൂലനം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയപ്പോഴും കുട്ടിയുടെ വികൃതിയായി കണ്ടവർക്ക് പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലായി വരുന്നുണ്ട്. ഇസ്‌ലാമിക തീവ്രവാദം കേരളത്തിൽ പതുക്കെ പിടി മുറുക്കുകയാണ്. നല്ലവരായ ഭൂരിഭാഗം മുസ്ലിങ്ങളും മൗനം പാലിക്കുമ്പോൾ അവർ ധരിക്കുന്നത് അവരുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നുവെന്നാണ്. രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കപ്പുറം കേരളത്തിൽ ക്രിസ്ത്യാനികളുടെ ജീവിതം അത്ര സുഗമമായിരിക്കില്ല. ഇത് മനസ്സിലാക്കിയാണ് ക്രൈസ്‌തവ കുടുംബങ്ങളിലെ ചെറുപ്പക്കാർ ഇപ്പോഴേ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പോകാൻ തത്രപ്പെടുന്നത്.
വടക്കേ ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരെയും വിശ്വാസികളെയും ഹൈന്ദവ തീവ്രവാദികൾ ആക്രമിക്കുമ്പോൾ കേരളത്തിൽ ക്രിസ്ത്യാനികൾക്ക് നേരെ ഭീഷണി മുഴക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണ്. ഇതിനിടയിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ മുൻപിൽ എന്തു വഴിയാണുള്ളത്? ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി ക്ക് ഒപ്പം നിൽക്കുകയാണുത്തമം. കാരണം, ലോകചരിത്രം അതാണ് പഠിപ്പിക്കുന്നത്. കേരളത്തിൽ ക്രിസ്ത്യാനികളോട് കുന്തിരിക്കം പുകയ്‌ക്കാൻ തയ്യാറായിക്കോളൂ എന്ന് പറഞ്ഞവരുടെ പുകപോലും ഇപ്പോൾ കാണാത്തത് നരേന്ദ്ര മോദി കേന്ദ്രം ഭരിക്കുന്നതു കൊണ്ട് മാത്രമാണ്. ഇസ്‌ലാമിക തീവ്രവാദത്തിന് ഓശാന പാടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോ കോൺഗ്രസോ ക്രിസ്ത്യാനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇനി തയ്യാറാവുകയില്ല.
കേരളത്തിലെ ബിജെപി ക്ക് അക്കൗണ്ട് തുറക്കണമെന്ന് താത്പര്യമില്ലെന്നുള്ളത് സ്ഥാനാർഥി നിർണ്ണയത്തിൽ നിന്നു മനസ്സിലാക്കാം. ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിൽ നിർത്തിയാൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും എന്നറിയാമായിട്ടും ആരും അറിയാത്ത അനിൽ ആന്റണിയെ അവിടെ കെട്ടിയിറക്കിയത് അതിനു തെളിവാണ്. എന്തു തന്നെയായാലും കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഇനി നിലനിൽപ്പിന്റെ പ്രശ്‌നമാണ്. വിഭാഗീയത മറന്ന് വിവേകത്തോടെ ഒന്നിച്ചു നിന്നാൽ രക്ഷപെടാം. അല്ലെങ്കിൽ നാട്ടിൽ നിന്നുതന്നെ രക്ഷപെടേണ്ടി വരും.
_________________