പൂഴി വിരിച്ച റോഡിൽ നിന്നും ടാർ പതിച്ച റോഡിലേക്ക് കേറുമ്പോൾ എന്റെ മനസിലേക്ക് പദ്മരാജന്റെ എവർഗ്രീൻ ക്ലാസിക് സിനിമകളിൽ ഒന്നായ തൂവാനത്തുമ്പികളിലെ ശ്രീകുമാരൻ തമ്പിയുടെ വരികളായ "ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി.. വന്നുവല്ലോ ഇന്നലെ നീ.." എന്ന ഗാനം വേണുഗോപാലിന്റെ അതെ സ്വരമാധുരിയിൽ ഞാനും പാടാൻ ശ്രമിച്ചു. അന്നേവരെ കുളിക്കുമ്പോൾ ബാത്റൂമിൽ കാളരാഗം പാടിയിരുന്ന ഞാൻ ഇന്ന് ഈ നിമിഷം ഗന്ധർവ്വ ഗായകനോട് ചേർന്ന് പാടിയ ഗായകനെപ്പോലെ സൈക്കിൾ മുന്നോട്ടു ചവുട്ടുന്നതിനിടയിൽ അനുഭവപ്പെട്ടിരുന്നു. നമ്മുടെ മനസ്സിൽ പ്രണയമുണ്ടെകിൽ പിന്നെ കാണുന്നവയിലെല്ലാം സ്നേഹത്തിന്റെ നാമ്പുകൾ നാം കണ്ടെത്താൻ ശ്രമിക്കും. എന്റെ നാട്ടു വഴികളിലെ പൂക്കളും ചെടികളും മരങ്ങളും തഴുകി കടന്നുപോയ കാട്ടുപോലും എന്നോട് കിന്നാരം പറഞ്ഞിരുന്നു. വട്ടത്തിൽ ചവുട്ടുന്ന സൈക്കിൾ നീളത്തിൽ ഓടുന്നുണ്ടായിരുന്നു എങ്കിലും എന്റെ മനസ്സു സിമിയുടെ ലോകത്തു കറങ്ങുകയും സല്ലപിക്കുകയുമായിരുന്നു.
അൽപദൂരം ഞാൻ മുന്നോട്ട് പോയി പുതിയകാവ് കവലയിൽ എത്തി. ആരോ "വിഷ്ണു..." എന്ന് പിന്നിൽ നിന്നും വിളിക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. രാഘവൻ ചേട്ടന്റെ പലമഞ്ജന കടയുടെ മുന്നിൽ നിന്നും ബിനീഷയിരുന്നു. സൈക്കിൾ അഭ്യസിയല്ലായിരുന്നിട്ടും ഒറ്റക്കാലിൽ കുത്തി ഞാൻ സൈക്കിൾ വളച്ചെടുത്തു അവന്റെ അടുത്തേക്ക് ചെന്നു നിന്നു. തലേദിവസം കൂടി ഞങ്ങൾ പരസ്പരം കണ്ടിരുന്ന സുഹൃത്തുക്കളായിരുന്നിട്ടും അവനു എന്നോട് ആയിരം കാര്യം പറയാനുള്ളതുപോലെ സൈക്കിളിന്റെ കാരൃറിൽ ചാടിക്കേരിയിരുന്നു. ലോക കാര്യങ്ങൾ വിവരിക്കുംപോലെ വർത്താനം പറഞ്ഞു തുടങ്ങി. അവന്റെ വീട്ടിലേക്കു വാങ്ങിയ സാധങ്ങൾ നിറച്ച സഞ്ചി കയ്യിൽ പിടിച്ചിട്ടുള്ള ഭാരമോ ചിന്തയോ അവന്റെ മനസ്സിൽ എന്നെ കണ്ടു വർത്തമാനം പറയുന്നതിനിടയിൽ ഇല്ലായിരുന്നു. എന്റെ ഉറ്റ സുഹൃത്തെന്നതിനപ്പുറം ഞങ്ങൾ ഒരുമിച്ചു ബാല്യ കാലം മുതൽ കളിച്ചു വളർന്നവരായിരുന്നു. ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി റോഡിനു സൈഡിലേക്കായി രണ്ടു കാലുകളും കുത്തി ചാരി നിന്നു അവന്റെ വർത്തമാനം കേട്ടുകൊണ്ടിരുന്നു.
സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് എന്റെ മുഖം ശ്രദ്ധ കേന്ദ്രീകരിച്ചു അവനിൽ നിന്നും ഒരു ചോദ്യം മുളപൊട്ടി വീണു. ഡാ നീ രാവിലെ അണിഞ്ഞൊരുങ്ങി പൗഡറൊക്കെ ഇട്ടുകൊണ്ട് എങ്ങോട്ടാണ്? ചോദ്യത്തിന്റെ മറുപടി കാത്തു നിൽക്കാതെ അവൻ തനിയെ പുലമ്പി കഥകളിക്കാരെപ്പോലെ നല്ല ചേലുണ്ട് എന്ന് പറഞ്ഞു എന്നെ കളിയാക്കും വിധം ഒന്ന് മോറിച്ചിരിച്ചു. പിന്നീട് അവൻ എന്റെ ഇടതു നെറ്റിയിലെയും കഴുത്തിലുമുള്ള പൗഡർ തുടച്ചു മാറ്റി. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നു പണ്ട് ആരോ പറഞ്ഞ പഴംചൊല്ല് ഓർമ്മ വന്നു. സ്വരം താഴ്ത്തി ഞാൻ പറഞ്ഞു അച്ഛന്റെ കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത ഒരു സംശയക്കണ്ണു അവന്റെ മുഖത്ത് തിളങ്ങി നിന്നു. ഡോക്ടറോടും വക്കീലിനോടും കള്ളം പരരുതെന്ന പോലെ എന്റെ ആത്മാർത്ഥ സുഹൃത്തായ ബിനീഷിനോട് എനിക്ക് കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റിയില്ല. അപ്പൊൾതന്നെ അവൻ എന്റെ മുഖത്ത് ഉടലെടുത്ത ഭാവ വ്യത്യാസത്തിൽ നിന്നും അവൻ എന്റെ മനസ്സ് വായിച്ചെടുത്തു പറഞ്ഞു. നീ അവളെ കാണാൻ പോകുവല്ലേ? ഇത് ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ? നിന്റെ ചാട്ടവും ചേഷ്ടായുമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. എന്ന് പറഞ്ഞതിന് ശേഷം അവൻ എനിക്ക് ഒരു ഉപദേശം കൂടി പറഞ്ഞു. നിന്റെ മനസ്സിലുള്ള കാര്യം നേരത്തെ പറഞ്ഞോ ഇല്ലേൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോകും പിന്നെ നീ പുതിയകാവ് പഞ്ചായത്തിൽ കിടന്നു കറങ്ങിയിട്ടു ഒരു കാര്യവും ഇല്ല കേട്ടോ..!!
അതുവരെ ഇല്ലാതിരുന്ന എന്റെ നെഞ്ചിടുപ്പുകൾ ക്രമാതീതമായി കൂടാൻ തുടങ്ങി. ഞാൻ സൈക്കിൾ കടയുടെ വാതിക്കൽ നിന്നും അല്പം ദൂരെ മാറ്റി നിർത്തി. ഞങ്ങൾ വർത്താനം തുടർന്നു. ഡാ ബിനീഷേ.. എനിക്ക് അവളോട് എന്റെ ഇഷ്ടം തുറന്നു പറയണമെന്നുണ്ട് പക്ഷേ അവളുടെ മുന്നിൽ ചെന്നു നിന്നു കഴിയുമ്പോൾ എന്റെ എല്ലാ ധൈര്യവും തുലാവർഷത്തിൽ പെയ്യുന്ന മഴപോലെ ഒലിച്ചുപോകും. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ.. ആശാൻ കളരിയിൽ അക്ഷരമെഴുതി തുടങ്ങിയ കാലം മുതൽ ഇപ്പോവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയു എന്ന് ഞാൻ അവന്റെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു. ഗാഢമായ ചിന്തയിലെന്നപോലെ അവൻ എന്നെ സമാധാനിപ്പിക്കും വിധം മറുപടി പറഞ്ഞു. നീ പേടിക്കണ്ട നമുക്ക് എത്രയും പെട്ടന്ന് തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം ശരിയാക്കാം. എനിക്ക് വേണ്ടി അവൻ ഈ കാര്യത്തിൽ എന്തെങ്കിലും വഴി കണ്ടെത്തുമെന്ന ഉറപ്പുണ്ടായിരുന്നു. ഞാൻ പോന്നിട്ടു കുറെ നേരമായി 'അമ്മ അന്വേഷിക്കുന്നുണ്ടാകും വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ കാണാം എന്ന് പറഞ്ഞുകൊണ്ട് ബിനീഷ് അവന്റെ വീട്ടിലേക്കു നടന്നു. പിന്നീട് ഞാൻ അച്ഛന്റെ കട ലക്ഷ്യമാക്കി സൈക്കിൾ തിരിച്ചെടുത്തു മുന്നോട്ടു ചവിട്ടി പോയി.
വീട്ടിൽ നിന്നും അച്ഛന്റെ കടയിലേക്ക് മൂന്നു കിലോമീറ്റർ മാത്രമായിരുന്നു ദൂരമെങ്കിലും അന്നത്തെ ദിവസത്തെ യാത്ര ഏതാണ്ട് മുപ്പതു കിലോമീറ്റർ യാത്ര ദൂരം ഉണ്ടെന്നനുഭവപ്പെട്ടു. പോകുന്ന വഴിക്കു അവളോട് എങ്ങനെ എന്റെ പ്രണയം തുറന്നു പറയുമെന്ന ചിന്ത വല്ലാതെ അലട്ടുമ്പോഴും പ്രണയമെന്നത് എന്നെപ്പോലെ അന്തർമുഖന്മാർക്കു പറഞ്ഞിട്ടില്ലാത്തതാണോ എന്നുള്ള പിരിമുറുക്കവും എന്നെ ചുറ്റിവരണ്ടുന്നുണ്ടായിരുന്നു. നേരിട്ട് പറയാൻ ധൈര്യം കുറവായതിനാൽ കത്തിലൂടെ പറയണമോ അവളുടെ കൂടുകാരികളിലൂടെ പറയണമോ അല്ലെങ്കിൽ ബിനീഷ് എനിക്ക് വേണ്ടി കണ്ടെത്തുന്ന മറ്റു പദ്ധതിയെന്തെങ്കിലും പരീക്ഷിക്കണോ അങ്ങനെ പലവിധ ചിന്തകൾ തലയിൽ കറങ്ങിയപ്പോൾ സൈക്കിൾ ചക്രങ്ങളും മുന്നോട്ടു കറങ്ങുന്നുണ്ടായിരുന്നു. അൽപദൂരം കൂടി മുന്നോട്ടു ചെന്നപ്പോൾ പുതിയകാവ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി ജോലി ചെയ്യുന്ന അവളുടെ അച്ഛൻ ഗിരീശൻ എന്ന ഭാവി അമ്മയച്ഛനെ കണ്ടു. സൈക്കിൾ ഒന്നൊതുക്കി കുശലം ചോദിക്കുമ്പോൾ വീട്ടിലേക്കു കാതുകൾ വല്ലതുമുണ്ടോന്നു ചോദിച്ചു. കത്തില്ല എന്ന മറുപടിക്കൊപ്പം മറ്റൊന്ന് കൂടി പറഞ്ഞു ആനന്ദവല്ലി അമ്മുക്കയ്ക്കുള്ള പെൻഷൻ മണിയോഡർ ഉണ്ട്. അത് ഞാൻ ഉച്ചകഴിഞ്ഞു വീട്ടിൽ ഏൽപ്പിച്ചേക്കാമെന്നു പറഞ്ഞു ഗിരീശൻ ചേട്ടൻ സൈക്കിളുമെടുത്തു മുന്നോട് പോയി.
അച്ഛന്റെ കടത്തുന്നതിന് തൊട്ടു മുൻപായി ഞാൻ വലതു വശത്തേക്ക് സൈക്കിൾ ചവിട്ടി. സിമിയുടെ വീട്ടിലേക്കുള്ള നടവഴിയായിരുന്നു. അവളെ വെറുതെ ഒന്ന് കാണാൻ ആഗ്രഹം മുൻ നിർത്തിയായിരുന്നു സൈക്കിളിൽ അങ്ങോട്ടേക്ക് വെച്ച് പിടിച്ചതും. ഒരേ നാടായിരുന്നിട്ടും പരിചയക്കാരെ കാണുമോ എന്തെങ്കിലും ചോദ്യ ശരങ്ങൾ എന്റെ നേർക്ക് വന്നു പതിക്കുമോ എന്നുള്ള ആശങ്കയും എനിക്കുണ്ടായിരുന്നു. അവളുടെ വീടിനു മുന്നിലൂടെ ഞാൻ കടന്നുപോയി. ഓലമേഞ്ഞ വെയിലിക്കെട്ടുകൾ പാതിയും പൊളിഞ്ഞു വീണതിനാൽ വീട്ടുമുറ്റത്തെ നന്നായി കാണാമായിരുന്നു. മനോഹരമായ പൂച്ചെടികൾ വീട്ടുമുറ്റത്തുണ്ടായിരുന്നിട്ടും ഞാൻ അന്വേഷിച്ചതും എനിക്കാവശ്യമായ സിമി എന്ന പ്രണയ പുഷ്പത്തിനെ എനിക്ക് കാണാൻ സാധിച്ചില്ല. നെല്ല് നേരം മനസ്സൊന്നു നിരാശപ്പെട്ടുകൊണ്ടു ഞാൻ സൈക്കിൾ തിരിച്ചു ചവിട്ടി. ആരും എന്നെ ശ്രദ്ധിച്ചില്ലെന്നു ഉറപ്പു വരുത്തുന്നതിന് ഞാൻ വഴികളുടെ രണ്ടു വശത്തും കണ്ണോടിച്ചു. നടവഴി തുടങ്ങുന്നിടത്തേക്കു ഞാൻ പതിയെ മുഖമുയർത്തി നോക്കി എന്റെ കണ്ണുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വഴിയിലൂടെ ഇളം മഞ്ഞ നിറമുള്ള പട്ടുപാവാട ധരിച്ചു ചിറകുകളില്ലാത്ത മാലാഖയെപ്പോലെ മരച്ചില്ലയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശത്തിൽ പ്രതിജ്വലിച്ചുകൊണ്ടു ഒരു പെൺകുട്ടി നടന്നു വരുന്നു. അവൾക്കുവേണ്ടി ഹൃദയത്തിന്റെ ഭാഷയായ സ്നേഹംതുളുമ്പുന്ന നിറപുഞ്ചിരി എന്റെ മുഖത്ത് പൂത്തുവിടർന്നു.
അഞ്ഞൂറ് മീറ്റർ ദൂരം പ്രകാശ വേഗത്തെ മറികടക്കുവിധം ഞാൻ അവളുടെ അടുത്ത് സൈക്കിളിൽ ചെന്ന് നിന്നു. അവൾ എനിക്ക് സമ്മാനിച്ച പുഞ്ചിരി പ്രണയ സിംഹാസനത്തിൽ വിരാജിക്കുന്ന ചക്രവർത്തിക്കുള്ള കാഴ്ചവിരുന്നായി മാറി. എന്റെ സൈക്കിളിന്റെ ഹാന്റിൽ ബാറിൽ പിടിച്ചുകൊണ്ടു സിമി എന്നോട് സമരിക്കാൻ തുടങ്ങി. എഡോ തന്നെ കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്താ തന്റെ അടുത്ത പരുപാടി.? ആ ചോദ്യം എന്റെ പ്രണയലോകത്തു നിന്നും താഴെയിറക്കി. ഒന്നും തീരുമാനിച്ചിട്ടില്ല എന്ന മറുപടി ഒതുക്കാമെന്നു കരുതിയെങ്കിലും അവൾ തുടർന്നു. റിസൾട്ട് വരൻ ഇനി ഇരുപതു ദിവസംകൂടി ഉള്ളു. വിഷ്ണു... അതിനുള്ളിൽ താൻ ഭാവി കാര്യങ്ങൾ എല്ലാം തീരുമാനിക്കൂ. എന്റെ ഭാവിയും ലോകവും സിമിയുടെ കയ്യിലാണെന്ന അവൾക്ക് മനസ്സിലായോ? അവൾക്കു എന്നെ ഇഷ്ടമായതുകൊണ്ടു ഒരേ പാതയിലേക്ക് വരാൻ തയ്യാറെടുക്കാൻ വേണ്ടിയാണോ? എനിക്ക് ഒന്നും മനസിലാകാതെ നിൽക്കുമ്പോൾ അവൾ ഒന്ന് കൂടി പറഞ്ഞു. എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട് താൻ വൈകുന്നേരം പുതിയകാവ് ലൈബ്രറിയിൽ വരാമോ? വരാമെന്നു ഞാൻ സമ്മതം മൂളി. വൈകുന്നേരം അവിടെ എനിക്ക് വേണ്ടി കാത്തു നിൽക്കാമെന്ന് പറഞ്ഞു എന്റെ നേർക്ക് വീണ്ടും ചിരിയമ്പുകൾ വർഷിച്ചു സിമി വീട്ടിലേക്കു നടന്നു. മുന്നോട്ടു സൈക്കിൾ ചവിട്ടുമ്പോൾ എന്റെ ചിന്തകൾ കറങ്ങാൻ തുടങ്ങി. അവൾക്കു എന്തായിരിക്കും എന്നോട് സംസാരിക്കാനുണ്ടാകുക?
(തുടരും.....)