Image

ആരോഗ്യ പ്രവർത്തകർ നേരിടുന്ന പീഡനം (കോര ചെറിയാൻ)

കോര ചെറിയാന്‍ Published on 05 March, 2024
 ആരോഗ്യ പ്രവർത്തകർ നേരിടുന്ന  പീഡനം (കോര ചെറിയാൻ)


ഫിലാഡല്‍ഫിയാ, യു.എസ്.എ.: ജനായത്ത രാഷ്ട്രങ്ങളായ ഇന്‍ഡ്യയിലും അമേരിക്കയിലും രോഗികള്‍ നേഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ശാരീരികമായും മാനസികമായും നടത്തുന്ന പീഢനം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിയന്ത്രണത്തിലുള്ള പെന്‍സില്‍ വാനിയ അസ്സോസിയേഷന്‍ ഓഫ് സ്റ്റാഫ് നേഴ്‌സ് വക്താവും ഇന്‍ഡ്യയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. 30 വര്‍ഷമായി രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പരാതികളും അഭിപ്രായങ്ങളും വിശകലനമായി ശ്രവിക്കുകയും അധികാരികളെ അറിയിക്കുകയും ഉത്തമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന അമേരിക്കന്‍ സംഘടനയായ പ്രസ്സ് ഗാനിയുടെ പ്രസ്താവനയില്‍ ദിനംപ്രതി ശരാശരി 57 നേഴ്‌സിനെ രോഗികള്‍ ആക്രമിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒക്‌ടോബര്‍ മാസ തുടക്കത്തില്‍ ഫിലഡല്‍ഫിയായിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍നിന്നും നവജാത ശിശുവിനെ മോഷ്ടിക്കുവാന്‍ ശ്രമിച്ച സ്ത്രീയെ തടയുവാന്‍ ശ്രമിച്ച നേഴ്‌സിനെ കുത്തി മുറിവേല്‍പ്പിച്ചു. നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍.ഐ.സി.യു.) ലെ നേഴ്‌സുമാര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ശിശുവിനെ രക്ഷിച്ചു. ഹോസ്പിറ്റലിനുള്ളില്‍ ഏറ്റവും സുരക്ഷിതമായ എന്‍.ഐ.സി.യു.വിനുള്ളില്‍ കയറി ക്രൂരമായി നേഴ്‌സിനെ ഉപദ്രവിക്കുകയും വധശ്രമം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് അമേരിക്കന്‍ നേഴ്‌സുമാര്‍ ഭയത്തിലാണ്.

2022, 2023 കാലഘട്ടങ്ങളില്‍ ഐന്‍സ്റ്റീന്‍ ഹോസ്പിറ്റലിലെ 18 ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളില്‍നിന്നും സന്ദര്‍ശകരില്‍നിന്നും മര്‍ദ്ദനം ഏറ്റതായി ഫിലഡല്‍ഫിയാ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍തന്നെ സുപ്രസിദ്ധമായ ജെഫേര്‍സണ്‍ ഹോസ്പിറ്റലില്‍ 32 ഉം ടെംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 31 ഉം പെന്‍ പ്രസ്ബിറ്റേറിയന്‍ ഹോസ്പിറ്റലില്‍ 4 ഉം ജീവനക്കാര്‍ ഗുരുതരമായ മര്‍ദ്ദനങ്ങള്‍ ഏറ്റതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരന്തരം രോഗികളില്‍നിന്നും ഉണ്ടാകുന്ന അക്രമാസക്തമായ പെരുമാറ്റവും ബലപ്രയോഗവും മൂലം ഭയത്തിലും നിരാശയിലുമുള്ള നേഴ്‌സുമാര്‍ക്കു ആത്മവീര്യവും ജോലിയില്‍ വിശ്വസ്തതയും ലഭിക്കുവാന്‍ വേണ്ടിയും സുരക്ഷിതത്വം കൂടുതലായി ഉറപ്പാക്കുവാന്‍ വേണ്ടിയും ആശുപത്രി അധികൃതര്‍ ശ്രമിക്കണമെന്ന് അമേരിക്കന്‍ നേഴ്‌സസ് യൂണിയന്‍ ശക്തമായി ആവശ്യപ്പെട്ടതായി ഫിലഡല്‍ഫിയ ഇന്‍ക്യൂറര്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഡ്യയിലെ വയലന്‍സ് എഗേയ്ന്‍സ്റ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് (വി.എ.എച്ച്.സി.ഡബ്ല്യു) എന്ന ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വ നിരീക്ഷണ സംഘടനയുടെ അറിയിപ്പാനുസരണം 2020-ല്‍ 225 ഉം 2021-ല്‍ 110 ഉം ആക്രമണങ്ങള്‍ രോഗികളും സന്ദര്‍ശകരും ചേര്‍ന്നു നടത്തി. ഇന്‍ഡ്യയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ 75 ശതമാനവും ഹോസ്പിറ്റല്‍ ജോലി കാലഘട്ടവേളയില്‍ ഒരിക്കലെങ്കിലും പീഡനം ഏറ്റതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒക്‌ടോബര്‍ 29-ന് ആയിരത്തിലധികം ഇന്‍ഡ്യന്‍ ഡോക്‌ടേഴ്‌സും നേഴ്‌സസും ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍നിന്നും ഇന്‍ഡ്യാ ഗേറ്റ് വരെ നടത്തിയ സുദീര്‍ഘമായ മാര്‍ച്ചില്‍ രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍നിന്നുമുള്ള ആക്രമണം പരിപൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും സുരക്ഷിതത്വം ഉറപ്പാക്കണമെന്നുള്ള പരമ പ്രധാനമായ ഡിമാന്‍ഡ് സര്‍ക്കാര്‍ സമക്ഷം സമര്‍പ്പിച്ചു.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരുടെമേല്‍ ശക്തമായ ശിക്ഷാനടപടികള്‍ നടത്തുവാനുള്ള ഭരണഘടന വ്യതിയാനം തീര്‍ച്ചയായും ഇന്‍ഡ്യയിലും അമേരിക്കയിലും ആഗോളതലത്തിലും ഉണ്ടാകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക