ഭാഗം - 4
സൈക്കിളിനു ഇന്ധമായി എന്റെ കാലുകൾ പ്രവത്തന ക്ഷമയായിരുന്നതിനാലും സൂര്യതാപം ഏറ്റുവാങ്ങിയതിനാലും ശരീരത്തിലെ ജലകണങ്ങൾ വിയർത്തൊലിച്ചു പോയി തുടങ്ങിയിരുന്നു. ദാഹപരവശനായി വിയർത്തൊലിച്ചു കടയിലേക്ക് കേറിച്ചെന്ന എനിക്ക് അച്ഛൻ കടയിൽ നിന്നും ഉപ്പിട്ട നാരങ്ങാ വെള്ളം തയ്യാറാക്കി നൽകി. ഓലമേഞ്ഞ കടയിലെ തണലും കൂജയിലെ തണുത്ത വെള്ളത്തിൽ തയ്യാറാക്കി നൽികിയ നാരങ്ങാ വെള്ളം കുടിച്ചു ഞാൻ സംതൃപ്തനായി. കടയിലെ കാര്യങ്ങൾ എന്നെ നോക്കാൻ ഏൽപ്പിച്ചു അച്ഛൻ ഗോപാലൻ ചേട്ടന്റെ പലവ്യഞ്ജനക്കടയിലേക്കു പോയി. കടയിൽ നേരിയ തിരക്കുകൾ മാത്രമായിരുന്നു. മേശപ്പുറത്തു ചില്ലു ഭരണികളിൽ അകപ്പെട്ട ഭൂതങ്ങളെപ്പോലെ നാരങ്ങാ മിഠായിയും തേൻ മിഠായിയും പുളിമിഠായിയും കട്ടി മിഠായിയും കൂട്ടത്തോടെ എന്റെ നേർക്ക് അട്ടഹസിക്കുന്നുണ്ടായിരുന്നു. ആ ചിരി സഹിക്ക വയ്യാതെ ഞാൻ ഭരണിയിൽ നിന്നും രണ്ടു തേൻ മിഠായി എടുത്തു അകത്താക്കി. നുണഞ്ഞു തീരും മുൻപ് അലിഞ്ഞുപോയ തേനിന്റെ സ്വാദു എന്റെ മുഖത്ത് ഒരു പുഞ്ചിരി പടർത്തി.
നേരം ഉച്ചയോടടുത്തതിനാൽ വെയിലിന്റെ കാഠിന്യം കൂടാനും തുടങ്ങിയിരുന്നു. കുറച്ചധികം നേരത്തിനു ശേഷം വലിയ ക്യാരിയറോടു കൂടിയ ലോഡ് സൈക്കിളിലിൽ കടയിലേക്കുള്ള നിറയെ സാധനങ്ങൾ കയറിട്ടു വലിച്ചുകെട്ടി അച്ഛൻ തിരികയെത്തി. പുറത്തു നിന്നും ഓരോ സാധങ്ങൾ കടയുടെ അകത്തേക്ക് എടുത്തുവെച്ചു ഞാൻ അച്ഛനെ സഹായിച്ചു. അൽപ സമയത്തിന് ശേഷം ഞാൻ അച്ഛനോട് യാത്രപറഞ്ഞു വീട്ടിലേക്കു പോകാനായി കടയുടെ മുന്നിൽ നിന്നും സൈക്കിളെടുത്തു. ലാസ ഐസ് ക്രീം കമ്പനിക്കാർ പരസ്യ പ്രചരണാർത്ഥം വിതരണം ചെയ്യുന്നതിനായി കടയിലിരുന്ന തൊപ്പി എന്റെ തലയിൽ അച്ഛന്റെ നിർബന്ധപ്രകാരം ചൂടിയതിനാൽ വീട്ടിലേക്കു പോകുന്ന വഴിയിലെ വെയിലിനു കുറച്ചു ശമനം ഉണ്ടായിരുന്നു. നിന്നുചവിട്ടിയ സൈക്കിൾ വീടിന്റെ വെയിലിക്കകത്തേക്കു കേറുമ്പോൾ തന്നെ വയറു വിശന്നു കാളുന്നതിന്റെ "അമ്മേ..." എന്ന ഉച്ചത്തിലുള്ള വിളിയോടെയാണ് ഞാൻ അകത്തേക്ക് കടന്നത്. ബൂമറാങ്ങുപോലെ വിളിക്കു മറുവിളി എന്നവണ്ണം അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം മുറ്റത്തേക്ക് തിരിച്ചെത്തി "തൊള്ള കീറി ചാകണ്ട ഞാൻ ഇവിടെ തന്നെ ഉണ്ട്. സ്വന്തം അമ്മയുടെ മുന്നിൽ കൊഞ്ചുന്നതിനും ചിണുങ്ങുന്നതിനും ഒരുമടിയും കാണിക്കാതെ ഞാൻ മുഖത്ത് ഭാവാഭിനയം കലർത്തി പറഞ്ഞു. അമ്മേ വിശക്കുന്നു.. ചോറെടുക്കു.. മക്കളുടെ വിശപ്പിനെ കാത്തു നിൽക്കാൻ ഒരു മാതാവും തയ്യാറാക്കില്ലാതിരുന്നതിനാൽ എനിക്കുള്ള ചോറും കറികളും മേശപ്പുറത്തു നിരന്നു. കൈകൾ കഴുകി വന്നു ഞാൻ ആഹാരം കഴിച്ചു തുടങ്ങി. ടി വി ചാനലുകൾ മാറ്റുന്നതിനിടയിൽ നരസിംഹം സിനിമയിലെ തിലകന്റെ കഥാപാത്രം മകനായ മോഹൻ ലാലിന്റെ കഥാപാത്രത്തോട് ചോദിക്കുന്ന എന്താ ഇന്ദുചൂഢന്റെ ഭാവി പരിപാടി? എന്ന ചോദ്യവും അമ്മയുടെ നോട്ടവും ഒരുപോലെ എന്റെ നേർക്ക് പതിച്ചു. മറുപടിയില്ലാത്ത ഞാൻ തലതാഴ്ത്തി ആഹാരം വിളമ്പിയ പാത്രത്തിൽ ചോറും കറികൾക്കുമുള്ളിലായി കൈകൾകൊണ്ട് ഉത്തരങ്ങൾ പരാതി. എത്ര എത്ര ചോദ്യ ശരങ്ങൾ ഏറ്റു വാങ്ങിയാണ് ജീവിക്കേണ്ടതെന്ന ചിന്തയിലൂടെ ആ സമയവും കടന്നു പോയി.
മലയാളലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് കേരളത്തിലെ സസ്യസമ്പത്തിനേ കുറിച്ചുള്ള സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഡച്ച് ഗവർണ്ണറായിരുന്ന ആഡ്രിയാൻ വാൻ റീഡ് തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥസമുച്ചയത്തിലായിരുന്നു. ഹോർത്തൂസ് മലബാറിക്കസിനു വേണ്ടി തദ്ദേശീയസസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ പകർന്നു നൽകിയത് പതിനേഴാം നൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ ജീവിച്ചിരുന്ന പ്രഗല്ഭ നാട്ടുവൈദ്യനായ ഇട്ടി അച്യുതനായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം പുതിയകാവ് പഞ്ചായത്തിൽ പണികഴിപ്പിച്ചതായിരുന്നു "അച്യുതൻ ഹോർത്തൂസ്" എന്ന ഗ്രന്ഥശാല. അന്നേവരെ പുസ്തകങ്ങൾക്ക് വേണ്ടി അലയാതിരുന്ന ഞാൻ ആയിരക്കണക്കിന് പുസ്തങ്ങൾ കുടികൊള്ളുന്ന ഗ്രന്ഥപ്പുരയുടെ മുന്നിൽ ഒരു പാറാവുകാരനെപ്പോലെ അവൾക്കു വേണ്ടി കാത്തുനിന്നു. പരസ്പരം കാണാമെന്നു പറഞ്ഞതിലും നേരത്തെ ഞാൻ അവിടെ എത്തിയതിനാൽ ഗ്രന്ഥപ്പുരയുടെ അകത്തു പ്രവേശിച്ചു. ഓരോ എഴുത്തുകാരന്റെയും ചിന്തയുടെയും ഭാവനയുടെയും ഖബറുകളിൽ വായനശാലയുടെ പേരും ക്രെമനമ്പറുകളും പതിപ്പിച്ച മീസാൻ കല്ലുകൾ പോലെ ഓരോ പുസ്തകങ്ങളും അവിടെ നിലയുറപ്പിച്ചിരുന്നു. നിശബ്തത തളംകെട്ടിയ ആ മുറിക്കുള്ളിലൂടെ ഞാൻ നഗ്ന പാദനായി പതിയെ നടന്നു. അഞ്ചു തട്ടുകളിലായി അതുവരെ ഞാൻ കേട്ടിട്ടില്ലാത്ത എഴുത്തുകാരുടെ പേരുകൾ വിചിത്രമായ പുറംചട്ടകളോടുകൂടിയ തലക്കെട്ടുകൾ പതിച്ച പുസ്തകങ്ങളായി വിരാജിച്ചിരുന്നു. അക്ഷരങ്ങളോട് വിരോധമില്ലെങ്കിലും അവ എന്നെ കെട്ടി വരിഞ്ഞുമുറുക്കുമെന്ന ഭയത്താൽ ഞാൻ വായനശാലയുടെ അകത്തു നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ചു. മുറിയിലെ ഘടികാരം നാലുപ്രാവശ്യം മണിമുഴക്കി ഞാനും സിമിയും കാണാമെന്നു പറഞ്ഞിരുന്ന സമയം വിളിച്ചോതി. ഗ്രന്തപ്പുരയിലേക്കു ആളുകൾ വന്നു തുടങ്ങിയില്ല. ഞാൻ പുറത്തേക്കു കടന്നു എന്റെ സൈക്കിളിന്റെ സമീപത്തു ചെന്ന് അവളെയും കാത്തുനിന്നു.
നമുക്ക് പ്രീയപ്പെട്ടവരെന്നു തോന്നുന്നവർക്കുവേണ്ടി കാത്തു നിൽക്കുമ്പോൾ സമയദൈർഖ്യം ഒരിക്കലും പ്രതിബന്ധമായി ഭവിക്കാറില്ല. സൂര്യൻ പടിഞ്ഞാറു ദിക്കിലുള്ള ആഴിയിലേക്കു ഊളിയിടാൻ യാത്രയായി തുടങ്ങി എന്നിട്ടും എന്റെ കണ്ണിലേക്കു പ്രകാശം ചൊറിഞ്ഞുകൊണ്ടു സിമി നടവഴിയിലൂടെ എന്റെ നേർക്ക് പുഞ്ചിരി വാരിവിതറി നടന്നടുത്തു. ഹൃദയ താളം ശ്രുതിമീട്ടിത്തുടങ്ങി. ചുണ്ടുകളിൽ തുറന്ന പുഞ്ചിരി അവൾക്കായി പൊഴിഞ്ഞു വീണു. എന്റെ അടുത്ത് വന്നു ആദ്യമായി സൈക്കിൾ ഹാന്റിലിൽ കൈപിടിച്ചു. അവളുടെ കരസ്പർശം സൈക്കിളിൽ ആയിരുന്നിട്ടും എന്റെ ശരീരത്തിലേക്ക് മഞ്ഞിറങ്ങുന്ന തണുപ്പനുഭവപ്പെട്ടു. കുഞ്ഞു രോമങ്ങൾ മെല്ലെ എഴുന്നു നിന്ന് അവളെ നോക്കി. ഇരുപത്തിയഞ്ചു മിനിറ്റ് താമസിച്ചെത്തിയത്തിനു ശേഷം എന്നോട് കുറെ നേരമായോ എത്തീട്ടു എന്ന ചോദ്യത്തിന് കല്ല് വെച്ച നുണയായി ഞാൻ അവളോട് ഇപ്പോൾ എത്തിയതേ ഉള്ളു എന്നു മറുപടി പറഞ്ഞു. സൈക്കിൾ വെച്ചിട്ടു വരൂ നമുക്ക് വായനശാലയിലേക്കു പോകാം. അവളുടെ ഇങ്കിതം പോലെ ഞങ്ങൾ ഗ്രന്ഥപ്പുരയുടെ അകത്തേക്ക് കടന്നു.
ചിരപരിചിതമായ സ്ഥലമെന്നപോലെ സിമി ഗ്രന്ഥശാലാ പരിപാലകന്റെ പേര് വിളിച്ചു. രാജേന്ദ്രേട്ടാ... ഇന്ന് എന്റെ കൂടെ പുതിയ ഒരാൾ കൂടി ഉണ്ട്. തോടിനുള്ളിൽ നിന്നും തല പുറത്തേക്കിട്ടു നോക്കുന്ന ആമയെപ്പോലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു മനുഷ്യൻ ഞങ്ങളുടെ നേർക്ക് തലയുയർത്തി മൂക്കിൻതുമ്പിലെ കണ്ണാടി വിരലുകൾകൊണ്ട് ചേർപ്പിച്ചു കണ്ണ് മിഴിച്ചു നോക്കി. തൊണ്ടയിൽ കുടുങ്ങിയ അക്ഷരങ്ങളെ ഒന്ന് മുറുമുറുത്തു അകത്താക്കി ശബ്ദമൊന്നു ഘനപ്പിച്ചു അദ്ദേഹം പറഞ്ഞു. ഇത് ചായക്കടക്കാരൻ ശിവദാസന്റെ മോനല്ലേ.. അതേ.. ചേട്ടാ.. അച്ഛന്റെ പേര് അറിയാവുന്ന ആ മനുഷ്യനോട് എന്റെ പേര് വിഷ്ണു എന്നാണെന്നു ഞാൻ വ്യക്തമാക്കി. മേശപ്പുറത്തു നിലയുറപ്പിച്ചിരുന്നു കട്ടികൂടിയ പുസ്തകത്തിന്റെ ഘനം അലക്കുംവിധം അദ്ദേഹം പറഞ്ഞു പതിനഞ്ചു രൂപയാണ് അഗത്വം എടുക്കുന്നതിനും മാസവരി അഞ്ചു രൂപയുമാണ് ഇവിടുത്തെ തുകകൾ. പാന്റിന്റെ പോക്കറ്റിൽ അറിയാതെ കൈകളിട്ടു രണ്ടു വിരലുകൾ ഓട്ടകീശയിലൂടെ പുറത്തു വന്നു. ഞാൻ മോറിച്ചിരിച്ചു. കാര്യമറിയാതെ എന്റെ ചിരികണ്ടു സിമിയും എന്റെ കൂടെ ചിരിച്ചു. ഞങ്ങൾ രണ്ടുപേരും പതിയെ മുന്നോട്ടു നടന്നു. മുന്നിൽ കണ്ട മേശയുടെ ഇരു വശത്തായി ഇരുന്നു. ഞാനും സിമിയും പുസ്തകങ്ങളെ അലോസരപ്പെടുത്താതെ യുവമിഥുനങ്ങളെ പോലെ മുഖത്തോടു മുഖം നോക്കി പതിയെ സംസാരിച്ചു തുടങ്ങി. എന്റെ മുന്നിലേക്ക് അവളുടെ ചോദ്യങ്ങളടങ്ങിയ ഭാണ്ഡം തുറന്നു വീണു...
(തുടരും.....)