29.Sometimes you just need to use your Commonsense😎😎
അനുഭവങ്ങളിലൂടെയാണു നാം ഓരോരുത്തരും ഓരോ പാഠങ്ങൾ പഠിക്കുന്നതെന്ന് പലരും പറയാറുണ്ട്.ഞാനും ഇടയ്ക്ക് അങ്ങനെ വിചാരിക്കാറുണ്ടായിരുന്നു.പക്ഷേ, പിന്നീട് തോന്നി ശരിക്കും നമ്മൾ പാഠങ്ങൾ പഠിക്കാൻ വേണ്ടി അനുഭവങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ?
എന്തേലും പറ്റിയാൽ ജീവനു തന്നെ നഷ്ടം എന്ന് അറിയാം എങ്കിലും സീറ്റ്ബെൽറ്റ് ഇടണം എന്ന റൂൾ ഉണ്ടെങ്കിൽ തന്നെയും ( ഉണ്ടെന്ന് അറിയുമെങ്കിൽപ്പോലും) പലപ്പോഴും ഇവിടെ വണ്ടിയുടെ പാസഞ്ചർ സൈഡിലിരിക്കുന്നോരും ബാക്ക്സീറ്റിലിരിക്കുന്നവരും മനപ്പൂർവ്വം സീറ്റ്ബെൽറ്റ് ഇടാറേ ഇല്ല. ചിലർക്ക് അതൊരു സ്റ്റെൽ മറ്റ് ചിലർക്ക് അത് അൺകംഫർടബിളും.
ഒരു ലോംങ്ങ് വീക്കെൻഡ് അടിച്ചു പൊളിക്കാനായി വർഷങ്ങൾക്ക് മുൻപു എന്റെ ഒരു കൂട്ടുകാരിയും കുഞ്ഞും ഭർത്താവും കൂടി പോയി. ദൂരയാത്രക്ക് പോകുന്ന വഴി കാർ ആക്സിഡന്റ് ഉണ്ടായി. ബാക്സീറ്റിലിരുന്ന ആ സുഹ്യത്തിന്റെ ഭർത്താവിനു ഗുരുതരമായ പരിക്കുകൾ ഉണ്ടായി. ഭർത്താവിന്റെ ജീവൻ നഷ്ടമായി. കൂടെയുണ്ടായിരുന്നവർ സീറ്റ്ബെൽറ്റ് ഇട്ടതിനാൽ ജീവഹാനി ഉണ്ടായില്ല.. എല്ലാം നഷ്ടപ്പെട്ട് പോയപ്പോഴാണു "ആ സമയത്ത് സീറ്റ്ബെൽറ്റ് ഇട്ടിട്ടുണ്ടായിരുന്നെങ്കിൽ രക്ഷപെട്ടേനേ എന്ന ഡോക്ടറുടെ പറച്ചിലിൽ" നിന്നും സീറ്റ്ബെൽറ്റിടാതെ യാത്ര ചെയ്തതിന്റെ ദോഷം എന്താണെന്ന തിരിച്ചറിവ് ഉണ്ടായത്..പക്ഷേ, വൈകി വന്ന ആ തിരിച്ചറിവ് കൊണ്ട് , അനുഭവപാഠം കൊണ്ട് അവർക്ക് നഷ്ടമായത് ഒരു കുടുംബത്തിലെ നാഥനാണു, ഭാര്യക്ക് ഭർത്താവിനെയും മകൾക്ക് അച്ഛനെയും.മാതാപിതാവിനും മകനെയും..!
കുറച്ച് സാമാന്യബുദ്ധി പ്രയോഗിച്ചാൽ മുൻ കൂട്ടി കാണാവുന്ന,ഒഴിവാക്കാവുന്ന അപകടങ്ങൾ പോലും നമ്മൾ പലപ്പോഴുമവഗണിച്ച് തന്നെയല്ലേ കടന്നു പോകുന്നത്.. ആരോഗ്യം മുതൽ ജോലി വരെ താരതമ്യം ചെയ്താൽ ഈ അവഗണനാ മനോഭാവം കാണാൻ സാധിക്കും..
ആരോഗ്യത്തിനു ഹാനീകരമാണെന്ന് അറിഞ്ഞു കൊണ്ട് ( ഞാനുൾപ്പെടെ) നാം എന്തെല്ലാം ഭക്ഷണം കഴിക്കുന്നു. അറിവിന്റെ കുറവു കൊണ്ടാണു അതുചെയ്യുന്നതെന്നു ആർക്കും ന്യായീകരിക്കാനും ആകില്ല. അതിന്റെ ഉപയോഗം കൂടിയങ്ങ് മൂർദ്ധന്യഘട്ടത്തിലെത്തുമ്പോളാണു നമുക്കെല്ലാം തലയിൽ വെളിച്ചം കയറുക. പക്ഷേ അനുഭവം വന്ന് പാഠം പഠിച്ച് വരുമ്പോഴേക്കും നമ്മൾക്ക് സന്തോഷത്തോടെ അത് അനുഭവിക്കാനോ യോഗോം ഇല്ലാണ്ടാകും..അവനവന്റെ ശരീരം കേടുപാടു കൂടാതെ സൂക്ഷിക്കാൻ പോലും വിമുഖത കാണിക്കുന്ന നമ്മളെ കണ്ടല്ലേ നമ്മുടെ അടുത്ത തലമുറ വളരുന്നേ.. നമുക്കൊക്കെ അവരെ ഉപദേശിക്കാൻ പോലും അർഹതയില്ലാത്തവരായി തന്നെയാണു നമ്മളെ നാം അവർക്ക് മുന്നിൽ വരച്ച് കാട്ടുന്നത്..
കുടുംബം മുതൽ സോഷ്യൽമീഡിയയിൽ വരെ അപകടങ്ങൾ, ചതികൾ, തട്ടിപ്പുകൾ ഇവയൊക്കെ പതുങ്ങി ഇരിക്കുന്നുണ്ട് എന്നെല്ലാം അറിഞ്ഞിരുന്നിട്ടും പലരും ആ അപകടങ്ങളിൽ പെട്ട് പോകുന്നു. പലർക്കും ചതികൾ സംഭവിക്കുന്നു. ആ അപകടങ്ങൾ എന്തൊക്കെ ആണെന്ന് അറിഞ്ഞിരുന്നു കൊണ്ട് തന്നെ നാമൊക്കെ അതിനു തല വെച്ച് കൊടുക്കുന്നത് ഒന്നു കുറച്ചാൽ, നമ്മളിലെ സാമാന്യബുദ്ധിയെ ഒന്ന് ശ്രദ്ധിച്ച് ഉപയോഗിച്ചാൽ സന്തോഷം ഉണ്ടാകുന്ന എത്ര വീടുകൾ ഉണ്ടാകും.. ആ സന്തോഷം കൊണ്ട് സമൂഹത്തിൽ എത്രയെത്ര നല്ല കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകും. പലരും ശ്രദ്ധയില്ലാതെ പലതും ചെയ്തിട്ട് അവസാനമബദ്ധം പറ്റിയെന്നും പറഞ്ഞ് സങ്കടപ്പെടുന്നതിന്റെ പ്രധാന ഉത്തരവാദികൾ നമ്മളൊക്കെ തന്നെയാണു. എത്ര അനുഭവങൾ ഉണ്ടായാലും പാഠങ്ങൾ പഠിച്ചാലും വീണ്ടും അതേ തെറ്റ് തന്നെ ആവർത്തിച്ച് കൊണ്ടേയിരിക്കുന്ന ഇതിലൊന്നും പെടാതെ
വേറെ ചിലരുമുണ്ട്.അവർ നല്ലോണം ഒന്നും കരുതിയിരുന്നോളു എന്നു മാത്രം എഴുതുന്നു..
അനുഭവം ഗുരുവാണു.. കുറച്ച് സാമാന്യബുദ്ധിയുണ്ടേൽ അനുഭവമില്ലാതെ തന്നെ നമുക്കും നമ്മളുടെ തന്നെ ഗുരുവാകാം.. നമ്മളെപ്പറ്റി, നമ്മളെ നോക്കി പ്രതീക്ഷയോടെ സ്വപ്നം കാണുന്ന കുടുംബത്തെപ്പറ്റി ആഴത്തിൽ ഒന്ന് ചിന്തിക്കണമെന്നു മാത്രം.. അവരുടെ സന്തോഷം മായിക്കില്ല എന്ന ഒരു പ്രതിജ്ഞ ഹ്യദയത്തിൽ എപ്പോളും ഉണ്ടാകണമെന്ന് മാത്രം.. എല്ലാ പ്രിയകൂട്ടുകാർക്കും സന്തോഷം നിറഞ്ഞ നല്ലൊരു ദിനം ആശംസിച്ചു കൊള്ളുന്നു..
30. Get up and Stand up for your rights!
കവികളാണല്ലോ ഇപ്പോഴത്തെ താരങ്ങൾ. അതുകൊണ്ട് കേരളഗാനവും 2400 രൂപയെയും പറ്റിയുള്ള വാർത്തകൾ വായിച്ചപ്പോഴാണു ഇതേപ്പറ്റി ഒന്നെഴുതിയാലോ എന്ന് തോന്നിയത്. മറ്റ് കലാരൂപങ്ങൾക്ക് അതിപ്പോ ന്യത്തമായാലും മിമിക്രിയായാലും ഗാനമേളയായാലും തിങ്ങിക്കൂടുന്ന തരം ഒരു ആൾക്കൂട്ടം സാഹിത്യമേളകളിൽ പൊതുവേ കുറവാണു. അതു പോലെ തന്നെ അത്തരം കലാപരിപാടികൾക്ക് ഓരോരുത്തർക്കും കൊടുക്കേണ്ടുന്ന പണത്തിന്റെ കാര്യം ആണേലും കൂടുതൽ അല്ലാതെ ഒരിക്കലും കുറയാനും പോണില്ല. സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് അതിൽ വിരാജിക്കുന്നവർക്ക് മറ്റ് കലാകാരന്മാർക്ക് കിട്ടുന്ന പോലെ വേണ്ടത്ര ശ്രദ്ധ ഇവിടെയും അവർക്ക് കിട്ടുന്നത് ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഒന്നു രണ്ട് അനുഭവങ്ങളിലൂടെ മനസ്സിലായി സാഹിത്യമൊക്കെ പേരിനു വേണ്ടിയേ ഉള്ളൂ അല്ലാതെ അവർക്ക് ഒരു മെയിൻ വേദിയിൽ സാഹിത്യപരിപാടികൾ അവതരിപ്പിക്കാൻ കൊടുക്കാനോ നാട്ടിൽനിന്നുംവരുന്ന കവികളെ വേണ്ടത്ര രീതിയിൽ പരിഗണിക്കാനോ ആർക്കും താൽപ്പര്യമില്ല. പലർക്കും അവരെന്താണെഴുതുന്നത് എന്ന് പോലും അറിയുകയും ഇല്ല.
നാട്ടിൽ വച്ച് ഞാൻ ഒരു സാഹിത്യസമ്മേളനത്തിലോ അങ്ങനെ ഉള്ള പരിപാടികളിലോ ഒന്നും പങ്കെടുത്തിട്ടില്ല. ഇവിടെ ഒരു കൺവൻഷൻ ഉണ്ടെന്നും അതിൽ കേരളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ വരുന്നുവെന്നും കണ്ടാണു ഇവിടുത്തെ ഒരു വലിയ സംഘടനയുടെ കൺവൺഷനു ആദ്യമായി പോയത്.അതിനോടകം കിട്ടിയ കുറച്ച് എഴുത്തുസുഹ്യത്തുക്കളും ഉണ്ട് കൺവൻഷനു. അമേരിക്കയിൽ വന്നിട്ട് എല്ലാവരെയും കാണുവാനും പരിചയപ്പെടാനും കിട്ടണ ഒരവസരം. നാട്ടിൽ നിന്നും വന്ന എഴുത്തുകാരനെ കാണാൻ നല്ല തിരക്കായിരിക്കുമെന്നും ഒന്നു മിണ്ടാൻ കൂടി പറ്റില്ലായിരിക്കുമെന്ന ഒരു ധാരണയിൽ പോയ ഞാൻ ആകെ ഞെട്ടിപ്പോയിഅവിടെചെന്ന് കണ്ടപ്പോൾ. ആ കൺ വൻഷനു വന്ന രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയും പൊതിഞ്ഞ് ആളുകൾ ഫോട്ടോയ്ക്കും മിണ്ടാനും ആളാകാനും ഒക്കെ നിൽക്കുന്നു. അതിലും നേരെ വിപരീതമായിരുന്നു ആദ്യമായിയമേരിക്കയിൽ വരുന്ന അധികമാരെയും പരിചയമില്ലാത്ത ഒരെഴുത്തുകാരന്റെ അന്നത്തെ അവസ്ഥ. അങ്ങ് ദൂരെ മാറി ഒറ്റയ്ക്ക് ഫോണിൽ നോക്കിക്കൊണ്ട് എഴുത്തുകാരൻ ഇരിക്കുന്നു. സാഹിത്യത്തെ സ്നേഹിക്കുന്നവരായ ഞങ്ങൾ അങ്ങോട്ട് പോയി. അദ്ദേഹത്തോട് മിണ്ടി, അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ച് മിണ്ടി. പിന്നെ അദ്ദേഹത്തിനു ഒരു കമ്പനി കൊടുത്തവിടെ നിന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുത്തു കൊണ്ട് നിൽക്കുന്നത് കണ്ട് " ഇതാരാ" എന്ന് വന്ന് ചോദിച്ചവരും ഉണ്ട്. അതാണു സാഹിത്യത്തിനോടുള്ള സ്നേഹം..
സംഘാടകർക്ക് എഴുത്തുകാരുടെ കാര്യങ്ങൾ നോക്കാൻ നേരമില്ല. അവരെ ഫംങ്ങ്ഷനു നാട്ടിൽ നിന്നും വരുത്തുക എന്നതാണു ആകെയുള്ള ലക്ഷ്യം, അത് കഴിഞ്ഞാൽ അവർ ആരുടെയെങ്കിലും വീടുകളിലോ മറ്റോ അതിഥികളായി താമസിക്കും.. മുന്തിയ ഹോട്ടലുകളിലെ താമസം അവർക്ക് ഇല്ല, അത്ര തന്നെ.. എന്നാൽ ഇതേ ഫംങ്ഷനു സിനിമാക്കാർ വന്നാലോ ഹോട്ടലായി, അവരെ കൊണ്ടു വരാനുംകൊണ്ട് വിടാനും ആൾക്കാരായി, അവരെ ചുറ്റി നടന്ന് നാടു കാണിക്കാനും ഷോപ്പിങിനു കൊണ്ടു പോകാനും എന്നു വേണ്ടാ ആൾക്കാരോട് ആൾക്കാരായി അങ്ങനെ അങ്ങനെ ഏറെ തിരക്ക്. ചില സന്ദർഭങ്ങളിൽ സ്വന്തം കൈയിൽ നിന്നും കാശ് കൊടുത്തു വരെ വരുന്ന സിനിമാനടന്മാർക്ക് അവരുടെ കൈയാലെ അവാർഡ് നൽകുന്ന ആചാരം വരെ കാണാം. ആ കൺ വൻഷന്റെ മെയിൻ ഇവന്റായ ബാങ്ക്വറ്റിൽ പോലും നാട്ടിൽ നിന്നുംവന്ന എല്ലാ വിശിഷ്ടാതിഥികളെയും മെയിൻ സ്റ്റേജിൽ വിളിച്ച് പരിചയപ്പെടുത്തുന്ന ചടങ്ങിൽ പോലും നാട്ടിൽനിന്നും ഗസ്റ്റ് ആയി വന്ന ആ എഴുത്തുകാരന്റെ പേരു പോലും പറഞ്ഞതുമില്ല സ്റ്റേജിലേക്ക് വിളിച്ചതുമില്ല. അദ്ദേഹം ഞങ്ങൾക്കൊപ്പം ഒരു കാഴ്ചക്കാരനെപ്പോലെ ആ ബാങ്ക്വെറ്റ് ഹാളിൽ ഇരുന്നു.. മറ്റൊരു കൺവൻഷനിൽ ഇതു പോലെ തന്നെ ആരാലും പരിഗണന ലഭിക്കാതെ വേറെയൊരു എഴുത്തുകാരനെയും
കാണേണ്ടതായി വന്നു.ഞങ്ങൾക്ക് കവിതകൾ ഒന്നും വായിച്ചാൽ മനസ്സിലാകില്ല, അതുകൊണ്ട് വായിക്കാറേയില്ല എന്ന് അഭിമാനത്തോടെ പറയുന്നവരാണു പലരും. അതെന്തുമാകട്ടെ.. ഈ രണ്ട് അനുഭവങ്ങളിലൂടെ മനസ്സിലായി സാഹിത്യവിഭാഗം എപ്പോഴും പ്രാധാന്യത്തിൽ പിന്നിലാണെന്ന്..
കവികളെല്ലാം കവിത ഉൾപ്പെടെ എന്തും പ്രസിധീകരണങ്ങൾക്ക് ഫ്രീയായി ചെയ്ത് കൊടുക്കണമെന്നും അതാണു വഴക്കമെന്നും പറഞ്ഞ് വെയ്ക്കുന്ന എത്രയോ പേരുണ്ട്. ഒരിക്കലെങ്കിലും അവരുടെ സ്യഷ്ടികൾക്ക് അർഹിക്കുന്ന വേതനം ലഭിക്കുന്നുണ്ടോ?? മനസ്സറിഞ്ഞ് ആരെങ്കിലും കൊടുക്കുന്നുണ്ടോ?? ( ചിലർ കൊടുക്കുമെങ്കിലും ഭൂരിഭാഗവും ഒന്നും നൽകാതെ വാങ്ങിക്കൊണ്ട് പോകുന്നവരാണു). അതേ പറ്റി ചോദിച്ചാൽ പിന്നെ കോക്കസ് ആക്രമണവും അവരെ അടിച്ചമർത്താനുള്ള ശ്രമവും.. കവിത ചോദിച്ച് ഇങ്ങോട്ട് വന്നിട്ട് അത് ബുക്കിൽ വരുത്താൻ അങ്ങോട്ട് പൈസ കൊടുക്കണം എന്ന് പറയുന്നവരും പ്രിന്റ് ചെയ്ത സ്വന്തം ബുക്കിന്റെ റോയൽറ്റിയെ പറ്റി (ചെറിയ തുകയാണേൽ പോലും) അത് ചോദിച്ചാൽ ദേഷ്യപ്പെടുന്നവരും "അത് കിട്ടിയിട്ട് വേണോ ജീവിക്കാൻ എന്നൊരു കളിയാക്കലിലൂടെ" കൊടുക്കാതിരിക്കുന്നവരും ഒക്കെ ഉള്ള ലോകം തന്നെയാണു സാഹിത്യലോകം. പലരും നിലനിൽപ്പിനെ ഭയന്ന് മിണ്ടാത്തതു കൊണ്ട് ആരും അതറിയുന്നില്ല എന്ന് മാത്രം.. ഇതിലൂടൊക്കെ കടന്ന് പോകുന്നവർ ഇന്നും ഉണ്ട്..
ഒരു പരിപാടിക്ക് വേണ്ടി ഒരു സിനിമാനടിയെ ക്ഷണിച്ചാൽ അവർക്ക് മേക്കപ്പിനും ഹെയർ ഡ്രസ്സിങ്ങിനും പരിപാടിക്ക് വരുന്നതിനും കൂടി കൊടുക്കണം $500 എന്ന് പറഞ്ഞ ഒരു നടിയുടെ സ്ഥാനത്ത് ഒരു കവി അതാവശ്യപ്പെട്ടാൽ "ഓഹ്! പേപ്പറിൽ ഏതാണ്ടൊക്കെ കുത്തിക്കുറിക്കുന്ന അവർക്കെന്തിനാ അത്രയും കൊടുക്കുന്നെ" എന്ന് ചോദിക്കുന്നവരാണു ഭൂരിഭാഗം പേരും.. സംഘടനയോട് സ്വന്തമായി എഴുതി സമ്മാനം നേടിയ സ്യഷ്ടിക്ക് കിട്ടിയ അംഗീകാരം ( കാഷ് അവാർഡ്, റ്റ്രോഫി) പോലും ചോദിച്ചു വാങ്ങേണ്ട അവസ്ഥയുണ്ടായിട്ടുള്ളവരും ഇവിടെയുണ്ട്. അതൊക്കെയാണു സാഹിത്യം. ഇതൊക്കെ കണ്ടറിഞ്ഞ് സാഹിത്യത്തെ സ്നേഹിക്കുന്ന ഒരാൾ എന്നെങ്കിലും ഈ അവസ്ഥകൾക്ക് മാറ്റം കൊണ്ടുവരുമെന്ന് വിചാരിക്കാം.മറ്റ് കലാകാരന്മാർക്ക് കൊടുക്കുന്ന അത്രയെങ്കിലും പരിഗണന സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും ഭാവിയിൽ കൊടുക്കുമെന്ന് വെറുതേ ആശിക്കാം..
കവി പറഞ്ഞ 2400 എന്നത് ഒരു നമ്പരിനെക്കാൾ ഉപരി സാഹിത്യകാരന്മാർക്ക് മൊത്തമായി ഇനിയങ്ങോട്ട് ലഭിക്കേണ്ടുന്ന പരിഗണനയെ ചൂണ്ടിക്കാട്ടുന്ന ഒരു നവോത്ഥാനത്തിന്റെ മുന്നോടിയായിട്ടേ എനിക്ക് കാണാൻ പറ്റുന്നുള്ളു. അതൊരു വിലയല്ല മറ്റ് കലാകാരന്മാർക്ക് മുന്നിൽ അവഗണിക്കപ്പെടുന്ന സാഹിത്യവിഭാഗത്തിനെ മറക്കരുത് എന്ന ഓർമ്മപ്പെടുത്തലാണു. ചിലതൊക്കെ സംഭവിക്കണമെങ്കിൽ ഒരാളെങ്കിലും പ്രതികരിക്കണം. എപ്പോഴും വിപ്ലവം ഉണ്ടാകുന്നത് ഒരാളുടെ ഒച്ചപ്പാടിൽ നിന്നാണു. അതിനു ശേഷമാണു അതിലേക്ക് പലർ അണി ചേരുന്നത്. ഇത്തരത്തിൽ പ്രതികരിക്കുന്ന ഓരോ കവികളുടെയും വാക്കുകളുടെ മൂർച്ച അവരെയും അവരുടെ സാഹിത്യമേഖലയെയും മറ്റൊരു തലത്തിലേക്ക് എത്തിക്കുവാൻ സഹായിക്കട്ടെ. എല്ലാവർക്കും വഴങ്ങണ ഒന്നല്ല സാഹിത്യം. സാഹിത്യമത്ര എളുപ്പത്തിൽ ഉണ്ടാകുന്ന ഒന്നുമല്ല. അതിനായി ഒരുക്കേണ്ടുന്ന ചിന്താശക്തി, വായനാശക്തി, നിരീക്ഷണശക്തി ഇതൊക്കെ അവനവനിൽ നിന്നാണു ഉണ്ടാകേണ്ടത്. അതിൽ മറ്റൊരാളുടെ സംഭാവന ഒരിക്കലും കലർത്താൻ പറ്റില്ല. എന്റെ ചിന്തകളും ആ ഭാവനകളും ഒന്നും അല്ലലോ മറ്റൊരാളുടെ. എന്റെ എഴുത്ത്ശൈലിയും ന്റെ മാത്രം.
സാഹിത്യകാരന്മാരെ കളിയാക്കുന്ന, അവഗണിക്കുന്ന, അങ്ങേയറ്റം മോശമാക്കി ചിത്രീകരിക്കുന്നവരോട് പറയാൻ ഒന്ന് മാത്രം. ഓരോന്നിനുമതിന്റേതായ സത്തുണ്ട്. ആ ചിന്താ സത്തിനെയും അതെഴുതാൻ അവർ എടുക്കുന്ന പ്രയത്നത്തെയും അവർ അതിനായി മാറ്റി വയ്ക്കുന്ന സമയത്തെയും ബഹുമാനിക്കുക. കേരളസംസ്കാരത്തിന്റെ സാഹിത്യമൂല്യങ്ങളെ ഉയർത്തിക്കൊണ്ട് വരാനും അതിലേക്ക് പുതുതലമുറകളെ വാർത്തെടുക്കാനും ഇന്ന് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് പോലിരിക്കും നാളത്തെ അതിന്റെ ഭാവി.
വിലയിടുന്നതിൽ അല്ലാ, നമ്മളുടെ അവകാശങ്ങൾക്കായി പ്രതികരിക്കുമ്പോൾ ആ വിലയിടൽ ഒരിക്കൽ മറ്റ് കലാരൂപങ്ങൾക്കൊപ്പമെത്തും. പക്ഷാഭേദമില്ലാതെ ആകും..!
31. Love yourself !
നമ്മൾക്കു നമ്മൾ മാത്രമേ ഉള്ളു എന്ന് തിരിച്ചറിയുന്ന കുറെ നിമിഷങ്ങൾ നമ്മളുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും.. ആ നിമിഷങ്ങളിലാണു നാം ഒറ്റപ്പെടലിന്റെയും നിസഹയാവസ്ഥയുടെയും ഒക്കെ അർത്ഥം മനസ്സിലാക്കുക. സ്വന്തം സുഖങ്ങൾ തിരസ്കരിച്ച് എന്നുമെപ്പോഴും മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുന്ന നാം എല്ലാം വളരെ വൈകി മനസ്സിലാക്കുമ്പോൾ മനസ്സും ശരീരവും തളർന്ന് സങ്കടങ്ങളിൽ പെട്ട് ഉഴറുന്നുണ്ടാകാം.. ഒഴുക്കിയ വിയർപ്പിന്റെ ഉപ്പുരസത്തെക്കാൾ കൂടുതലായ് കണ്ണീരുപ്പിന്റെ രുചി അറിയുന്നതും അപ്പോൾ മാത്രമാണു.. തനിയെ വന്നു, തനിയെ പോകേണ്ട നമ്മൾക്ക് അന്നും ഇന്നും നമ്മൾ മാത്രമേ ഉള്ളൂ..കൂടെ നിൽക്കുന്നവരും, ചവിട്ടി നിൽക്കുന്ന മണ്ണും, പദവിയും, പ്രശസ്തിയും എല്ലാം ഉപേക്ഷിച്ച് ജീർണ്ണതയിലേക്ക് അലിയേണ്ട, പുഴുക്കളുടെ ഭക്ഷണം.. അല്ലെങ്കിൽ വൈദ്യുതി സ്ഫുരണങ്ങളേറ്റ് കരിയേണ്ട രൂപം. പലരും മനസ്സിലാക്കാൻ വൈകുന്ന പരമാർത്ഥം.. മൽസരങ്ങളും മതവും ജാതിയും വെറുപ്പും വിദ്വേഷവും എല്ലാം തീരുന്ന ഒരിടം..ആ യാത്ര അവസാനിക്കുന്നിടം വരെ എപ്പോഴും നമ്മൾക്ക് നമ്മൾ മാത്രം..ആ ചിന്തയോടെ നാം ജീവിക്കണം, മുന്നേറണം.. ശുഭദിനാശംസകൾ പ്രിയരേ..!
അവസാനിച്ചു.
Read also: https://emalayalee.com/writer/75