Image

പ്രണതോസ്മി ഗുരുവായു പുരേശം - 2 ( തിരികെ : പി. സീമ )

Published on 10 March, 2024
പ്രണതോസ്മി ഗുരുവായു പുരേശം - 2 ( തിരികെ : പി. സീമ )

"ഈ ആനക്കൊട്ടിലിൽ കേറിയാൽ  ആനക്കുട്ടികളെ കാണാം...വല്ലതും ഒക്കെ എഴുതാനും കിട്ടും..വാ സീമേ "

എന്ന്   ഒരു കൂട്ടുകാരി വിളിച്ചെങ്കിലും ചൂടാണ്  എന്ന് ഞാൻ ഉൾപ്പെടെ പറഞ്ഞു. എല്ലാരും ഒഴിഞ്ഞു മാറി പിന്നെ എന്തിനാ അവിടെ ഇറങ്ങിയത് എന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് ഒരു അന്യഭാഷക്കാരൻ   (അയാൾ പൂജാരിക്ക് വഴി കാണിക്കാൻ നിൽക്കാഞ്ഞത് നന്നായി ) വണ്ടി പാർക്കിംഗിനു കാശു ചോദിച്ചു വന്നത്.. അയാൾക്ക്‌ കാശു കൊടുത്തപ്പോൾ വെറുതെ ഇങ്ങനെ ഒരു വഴിപാട് വേണ്ടായിരുന്നു എന്ന് തോന്നി. ആരും ആനകളെ കാണാൻ  കേറാതെ പാർക്കിംഗ് ഫീ കൊടുക്കേണ്ടി വന്നില്ലേ.  അത് ഒരു ഉച്ചക്കിറുക്ക് പോലായി. മൂന്നാലു പേർ കോൺ ഐസ് ക്രീം കഴിച്ച കൂട്ടത്തിൽ ഞാനും ഒന്ന് വാങ്ങി. സ്പൂൺ ഇല്ലാതെ തിന്നിട്ടില്ലാത്തത് കൊണ്ടു കുറെ താഴെയും പോയി ..

 "എന്നെ ഇവിടെ കൊണ്ടു  വന്നു ചുമ്മാതെ ഇടാൻ വല്ല നേർച്ചയും ഉണ്ടാരുന്നോ പെണ്ണുങ്ങളെ "

എന്ന് വണ്ടി ചോദിച്ചപ്പോൾ   എല്ലാവരും പിന്നെയും വണ്ടിക്കകത്തേക്ക് കയറി. ഇനി കടൽത്തീരത്ത് പോയി പൊള്ളുന്ന പൂഴിയിൽ   തിരകളോടൊപ്പം  കടൽ കണ്ടു നൃത്തം ചെയ്യാം എന്ന  ആന മണ്ടത്തരം തോന്നാതെ എല്ലാരും സ്വന്തം ഇരിപ്പിടത്തിൽ പോയി പതിഞ്ഞിരുന്നു.

എന്റെ തൊട്ടു മുന്നിൽ ഇരുന്ന കൂട്ടുകാരി ഒരു   വെളുത്ത മാസ്ക് എടുത്ത്‌  വൃത്തിയായി ധരിച്ചു. ഈ അമ്പലത്തിലെ തിരക്കിൽ ഒന്നും മാസ്ക് വെക്കാതെ   തിരികെ മടങ്ങുന്ന നേരത്ത് മാസ്ക് വെയ്ക്കാൻ ഇവളോട്  മാത്രം കൃഷ്ണൻ പറഞ്ഞോ ആവോ എന്ന് ഞാൻ ചിന്തിച്ചു 

"ഉറങ്ങുമ്പോ വായ് പൊളിഞ്ഞിരിക്കും.. അത് ആരും കാണൂല്ലല്ലോ മാസ്ക് വെച്ചാൽ "
എന്ന് അവൾ തമാശയായി പറഞ്ഞു.  "ഒരു സിനിമ വെയ്ക്കട്ടെ" എന്ന് വണ്ടി ഓടിക്കുന്ന ആൾ ചോദിച്ചു.  അങ്ങനെ ."സോമന്റെ കൃതാവ് "എന്നൊരു സിനിമ ഇട്ടു.   വീട്ടിൽ ഇരുന്നു ഒ.ടി. ടി യിൽ കണ്ട ഒരോർമ്മയിൽ കൃതാവിലേക്കു നോക്കി ഇരുന്ന് ഞാൻ മെല്ലെ കണ്ണ് പൂട്ടി. വണ്ടി ശാന്തമായി അതിന്റെ യാത്ര തുടർന്നു.

ഇടയ്ക്കെപ്പോഴോ "അയ്യോ പൊത്തോ "എന്നൊരു നിലവിളി കേട്ടു   ഉറങ്ങിയവർ എല്ലാവരും കണ്ണുകൾ തുറന്നു.. സിനിമയിലെ വയറ്റാട്ടി തള്ളക്കു കടല തിന്നു ഗ്യാസ് കേറിയ ബഹളം ആയിരുന്നു. "ഓ   അത് ആ തള്ളയ്ക്കു ഗ്യാസ് കേറിയതല്ലേ" എന്നോർത്തു സമാധാനിച്ചപ്പോൾ ആണ് സിനിമയിലെ ഗർഭിണി പെണ്ണ് വീഴുന്ന ഒച്ച കേട്ടത്.. അത് കണ്ടാൽ പിന്നെ പെറ്റ പെണ്ണുങ്ങൾ ആരെങ്കിലും കണ്ണടയ്ക്കുമോ? അത്ര മേൽ ഭീകരമല്ലേ പ്രസവവേദന ഞങ്ങൾ ഒക്കെ അമ്മമാർ..

"മുക്കെടീ  പെണ്ണേ...മുക്കെടീ "
എന്ന് സിനിമയിലെ തള്ള ഗർജ്ജിക്കുന്നു. എല്ലാരും ഉറക്കം കളഞ്ഞു പെണ്ണ് മുക്കി പെറാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..അവൾക്കു വേണ്ടി മുക്കാൻ അവൾക്കല്ലേ പറ്റു.. നമുക്കാവില്ലല്ലോ....

അങ്ങനെ മുക്കി പ്രസവം കഴിഞ്ഞു സമാധാനിച്ചിരുന്നു യാത്ര തുടർന്നപ്പോൾ ആണ് മാസ്ക് വെച്ചിരുന്ന കൂട്ടുകാരി എണീറ്റു നിന്നത്..

"വയറു നിറയെ ഗ്യാസ് ആന്നു തോന്നണു.. എനിക്കിപ്പോ ഛർദിക്കണം വണ്ടി നിർത്താൻ പറ"

സിനിമയിലെ തള്ളയ്ക്കു ഗ്യാസ് കേറിയാൽ നമുക്കൊന്നുമില്ല. പക്ഷെ അത് കൂടെ  വണ്ടിയിൽ ഉള്ള ആൾക്കാകുമ്പോൾ പ്രശ്നം ആണ്..

പെട്ടെന്ന് ഞാൻ കർമ്മനിരതയായി. എന്റെ വെള്ളം കുപ്പി ഇട്ടിരുന്ന മഞ്ഞ കവർ എടുത്ത്‌ അവൾക്കു നീട്ടി.

"ഇന്നാ ഇതിലോട്ടു ഛർദിച്ചോ " അവൾ കൂടു വാങ്ങി കുനിഞ്ഞിരുന്നു. വാൾ വെക്കുന്ന ശബ്ദം കേട്ടില്ല. അല്പം കഴിഞ്ഞു  വണ്ടി നിർത്തി പുറത്ത് ഇറങ്ങിയിട്ട് കയറി വന്നു അവൾ പിൻസീറ്റിൽ കിടന്നു.

"സീമ ചേച്ചി ആ കൂടു തന്നത് വല്യ ഉപകാരം ആയി "എന്ന്  കിടക്കും മുൻപ് അവൾ പറഞ്ഞു. ഇനിയും കൂടുകൾ ഉണ്ട് എന്റെ ബാഗിൽ.. ഞാൻ ലോകത്തിന്റെ ഏത് അറ്റം വരെ ബസിൽ പോയാലും ഛർദിക്കില്ല എങ്കിലും മറ്റുള്ളവർക്കായി ഇത്തരം യാത്രകളിൽ കൂടുകൾ എടുക്കാറുണ്ട്. ഒരു പരോപകാരം അല്ലേ.

പിന്നീട്  ഞാനും ഇടത് വശത്തെ സീറ്റിലെ കൂട്ടുകാരിയും കൂടി ലോകകാര്യങ്ങൾ പലതും സംസാരിക്കുന്നതിനിടയിൽ വണ്ടി ഓടി പാഞ്ഞു ചെറുകര പാലത്തിൽ എത്തിയിരുന്നു..പാലം കടന്നപ്പോൾ നാട് എത്തിയ ഒരു ശാന്തി, സമാധാനം. അങ്ങനെ പമ്പ് ഹൌസ് വന്നു ഞങ്ങൾ മൂന്ന് പേരിൽ രണ്ടു പേർ നാരങ്ങാവെള്ളത്തിലും ഒരാൾ  ചൂട് ചായയിലും കുളിർന്നു.

അമ്പലപ്പറമ്പിലെത്തിയപ്പോൾ ചായ കുടിച്ച ചേച്ചി കാശ്  എടുത്തു എനിക്ക് നീട്ടി. വേണ്ടെന്നു പറഞ്ഞിട്ടും  നിർബന്ധിച്ചു തന്നപ്പോൾ ഞാൻ എന്റെ അയ്യാറെട്ട് ആശാനെ(പൊക്കമില്ലായ്മ ആണ് ആ പേരിന് കാരണം )ഓർമ്മിച്ചു.

"നിവർത്തി ഉണ്ടേൽ ആരോടും ഒരു ഗ്ലാസ്സ് ചായ പോലും വെറുതെ വാങ്ങി കുടിക്കരുത്.. നാളെ അതൊരു കടം ആയി ബാക്കി നിൽക്കും "എന്ന്.

ശരിയാണ്.. കടവും  അത് കൊണ്ടു പിന്നെ വന്നു ചേരാവുന്ന കടപ്പാടുകളും ഒരു പരിധിവരെ ഒഴിവാക്കണം. ഞങ്ങൾ തിരിച്ചെത്തുമ്പോൾ അമ്പലപ്പറമ്പിൽ കൃഷ്ണന്റെ നട തുറന്നിരുന്നില്ല എങ്കിലും ഞാൻ കേട്ടു ആ ശബ്ദം..

"അന്ന്   ചെക്കന്റെ കല്യാണത്തിന് നീ ഇവിടുന്നു പൂജിച്ചു കൊണ്ടു പോകാഞ്ഞ തുളസിമാല ഇന്ന് അവിടുന്നു വാങ്ങി കൊടുത്തു ല്ലേ.. എന്നാലും   വാടിപോയില്ലേ..അന്ന് സാരീം മറന്നില്ലേ...ഇന്ന് കാലും പൊള്ളീല്ലേ.. അങ്ങനെ വേണം.  ഓർത്തോ...എന്നോടുള്ള കടം നിനക്ക് ഒരിക്കലും തീരില്ല്യ ട്ടൊ.."

"സമ്മതിച്ചു...ഇങ്ങനെ ഒരു കുറുമ്പൻ കൃഷ്ണനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാ ട്ടോ ന്റെ ഗോശാല കൃഷ്ണാ... ഗുരുവായൂരപ്പാ....എന്നാലും നിയ്ക്കു നിന്നെ ഒരുപാട് ഇഷ്ടമാ ട്ടൊ.

സഹകരണ ബാങ്കിൽ പോകാൻ നേരത്ത് ഞാൻ നിന്നെ  കൂട്ട് വിളിക്കും.അപ്പോൾ വഴി കാണിച്ചു  തേരുമായി കൂടെ വരണം ട്ടൊ...അല്ലേൽ ഞാൻ വഴീൽ തട്ടിമുട്ടി വീണു  പടുകുഴീൽ പോകില്ലേ...പിന്നെ എന്നെ വലിച്ചു കയറ്റാൻ വലിയ വടം ഇട്ടാലും സാക്ഷാൽ ദേവേന്ദ്രൻ തന്നെ ഇറങ്ങി വന്നാലും പറ്റില്ല്യ എന്ന് നിനക്ക്   തന്നെ അറിയാല്ലോ...പിന്നെന്തിനാ ഞാൻ ഇനി കൂടുതൽ വിസ്തരിക്കുന്നത്..

സംഭവാമി യുഗേ യുഗേ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക