Image

പ്രസീനയുടെ വിജയഗാഥ; പുത്രിയാണ് ഗുരു! (വിജയ് സി.എച്ച്)

Published on 11 March, 2024
പ്രസീനയുടെ വിജയഗാഥ; പുത്രിയാണ് ഗുരു! (വിജയ് സി.എച്ച്)

കുട്ടിക്കാലം തൊട്ടേ കണ്ടും കേട്ടും നാമെല്ലാവരും മാതാപിതാക്കളിൽ നിന്നു പലതും പഠിയ്ക്കുന്നു. പക്ഷേ, തിരിച്ചെന്തെങ്കിലും അവരെ അഭ്യസിപ്പിക്കുവാനുള്ള അവസരം അപൂർവമായി മാത്രമേ മക്കൾക്കു ലഭിക്കാറുള്ളൂ.
കോഴിക്കോട് കൊടുവള്ളിയിലെ പന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയും, 'ഹൃദയമർമരങ്ങൾ' എന്ന പ്രശസ്ത കവിതാപുസ്തകത്തിൻ്റെ ലേഖികയുമായ പ്രസീന അനൂപിനെ മോഹിനിയാട്ടച്ചുവടുകൾ അഭ്യസിപ്പിച്ചു ഈയിടെ അരങ്ങേറ്റിയത് അവരുടെ പതിനാറുകാരിയായ മകൾ സയനോരയാണ്. വ്യക്തം, പുതിയ ലോകം നമുക്കായ് കരുതിവച്ചിരിക്കുന്നത് ശാസ്ത്രവൈജ്ഞാനിക മേഖലയിൽ മാത്രമല്ല, കലാസാംസ്കാരിക വീഥിയിലും കുറേ പുതുമകൾ!


പുത്രി നൽകിയ നൃത്തപരിശീലം പൂർത്തിയാക്കി ഔപചാരിക രംഗപ്രവേശം ചെയ്തു അധികം നാൾ ആയില്ലെങ്കിലും, തുരുതുരാ നൃത്തവേദികൾ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന പ്രസീനയുടെ വിജയഗാഥ കലാസ്നേഹികൾക്കെല്ലാം ആവേശദായകമാണ്! നവാഗത നർത്തകിയുടെ വാക്കുകളിലൂടെ...


🟥 തമസ്കരിച്ചു, പക്ഷേ അണഞ്ഞില്ല
ശാസ്ത്രീയ നൃത്തശാഖകൾ കുഞ്ഞുന്നാൾ മുതൽ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ ഒരു നൃത്തവിദ്യാലയത്തിൽ ചേർന്നു പഠനം തുടങ്ങി. വളരെ ഉത്സാഹത്തോടെ മോഹിനിയാട്ടത്തിൻ്റെ പ്രാഥമിക പരിശീലനം തുടരുന്നതിനിടയിലാണ് ഒരു അപകടത്തൽ പെട്ടു അമ്മ പെട്ടെന്നു കിടപ്പു രോഗിയായി മാറിയത്. അമ്മയ്ക്കു തുടർച്ചയായ പരിചരണം ആവശ്യമായിരുന്നു. നൃത്തപഠനം ഉപേക്ഷിച്ചു അമ്മയുടെ കൂടെ ഇരിക്കേണ്ടിവന്നു. ഏതാനും മാസങ്ങൾ മാത്രം അഭ്യസിച്ചൊരു ഇഷ്ടകലയുടെ ഓർമയിൽ ഇനിയുള്ള കാലം ജീവിച്ചുകൊള്ളുകയെന്നു വിധി എന്നോടു മന്ത്രിച്ചു. വിവാഹ ശേഷം സാഹചര്യങ്ങൾക്കു മാറ്റമുണ്ടായെങ്കിലും, ഒരു മുതിർന്ന പെണ്ണ് നൃത്തം അഭ്യസിക്കാൻ പോകുന്നതിനോടു ഭത്തൃപിതാവിന് വിയോജിപ്പുണ്ടാകുമെന്നു അറിഞ്ഞതിനാൽ, എൻ്റെ മോഹം കുഴിച്ചുമൂടപ്പെട്ട അവസ്ഥയിൽ തന്നെ നിലകൊണ്ടു. അണുകുടുംബ സമ്പ്രദായം അത്ര പെട്ടെന്നു തഴച്ചുവളരുന്ന മണ്ണല്ലല്ലൊ ഇന്നും കേരളത്തിൽ! ശരി, എനിയ്ക്കു കഴിയാതെ പോയതു മകളിലൂടെ സാക്ഷാൽകരിക്കണമെന്ന ഉദ്ദേശ്യത്തോടെ സയനോരയെ നൃത്തവിദ്യാലയത്തിൽ ചേർത്തു. അന്നവൾക്ക് നാലു വയസ്സു മാത്രമേ പ്രായമായിരുള്ളൂ. സ്കൂൾ പഠിപ്പിനോടൊപ്പം മോഹിനിയാട്ട ചുവടുകളുമായി അവൾ മുന്നോട്ടു സഞ്ചരിച്ചു.


🟥 മകളുടെ 'ക്ലാസ്സിക്' ഓഫർ
ഓരോ ദിവസവും നൃത്ത ക്ലാസ്സു കഴിഞ്ഞു തിരിച്ചെത്തിയാൽ അന്നു പഠിച്ച പുതിയ ചുവടുകളും മുദ്രകളും മറ്റും ഞാൻ മകളോടു വിശദമായി ചോദിച്ചറിയാറുണ്ട്. നൃത്തവുമായി ഞാൻ കടുത്ത പ്രണയത്തിലാണെന്നു തിരിച്ചറിഞ്ഞ ഒരു നാളിൽ എന്നെ മോഹിനിയാട്ടം പഠിപ്പിക്കാമെന്നു സയനോര വളരെ യാദൃച്ഛികമായി എന്നോടു പറഞ്ഞു. ഭത്തൃപിതാവിൻ്റെ വേർപാടിനു അപ്പോഴേയ്ക്കും രണ്ടു വർഷം തികഞ്ഞിരുന്നു. മകൾ മുന്നോട്ടുവച്ചതു ഒരു 'ക്ലാസ്സിക്' ഓഫർ തന്നെയാണെന്ന് ഞാൻ തൽക്ഷണം തിരിച്ചറിഞ്ഞു. ഒരു ക്ലാസ്സിക് കല അഭ്യസിപ്പിക്കാമെന്ന ആശയം വളരെ കേഷ്വൽ ആയല്ലേ അവൾ മുന്നോട്ടുവച്ചത്!


🟥 നെൽകതിർ ഉലയും പോലെ...
മോഹിനിയാട്ട പരിശീലനം തുടങ്ങുവാൻ തീരുമാനിച്ചപ്പോൾ, ഈ നൃത്തശാഖയുടെ ഉള്ളറകൾ തുറന്നു കാണാനാണ് ഞാൻ ആദ്യം ശ്രമിച്ചത്. മകളോട് ഔപചാരികതയൊന്നും കൂടാതെ എല്ലാം ചോദിച്ചറിയാമല്ലൊ. നെൽകതിർ ഉലയും പോലെ ശരീരത്തെ ചലിപ്പിക്കണമെന്നും, അംഗചലനങ്ങളുടെ വശ്യതയും മനോഹാരിതയുമാണ് മോഹിനിയുടെ വിജയരഹസ്യമെന്നും അവൾ എടുത്തു പറഞ്ഞു. പത്തുപതിമൂന്നു വർഷത്തെ നൃത്ത പരിചയമുണ്ടല്ലൊ അവൾക്ക്. പ്രഗൽഭനായ ദിലീപ് മാഷാണ് മകളുടെ ഗുരു. "അമ്മ ശ്രമിയ്ക്കൂ, മോഹിനിയാട്ടം തീർച്ചയായും അമ്മയ്ക്കു വഴങ്ങും," സയനോരയ്ക്ക് ഉറപ്പുണ്ടായിരുന്നു. ആദ്യമായി ഞാൻ മോഹിനിയാട്ടം കണ്ടത് ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ, ഒരു കലോത്സവ വേദിയിൽ വച്ചായിരുന്നു. കേരളത്തിൻ്റെ തനതായ നൃത്തരൂപത്തിൻ്റെ കുലീനമായ വസ്ത്രധാരണ രീതിയാണ് അപ്പോഴെന്നെ ഏറ്റവുമധികം ആകർഷിച്ചത്. പിന്നീട് മറ്റൊരു വേദിയിൽ വീണ്ടും മോഹിനിയാട്ടം കാണാനിടയായി. അന്ന് ഞാൻ മുദ്രകളും, നൃത്തച്ചുവടുകളും, ചലനരീതികളും കൂടുതൽ ശ്രദ്ധിച്ചു. മോഹനമായ, തരംഗിതമായ, ഉജ്ജ്വലമായ ചലനങ്ങൾ! മോഹിനിയാട്ടത്തോടുള്ള ഇഷ്ടവും, അതു പഠിയ്ക്കാനുള്ള എൻ്റെ മോഹവും, ദിനംപ്രതി വർദ്ധിച്ചു വരുകയായിരുന്നു.

 


🟥 കണ്ണീർ പൊഴിച്ച ദിനങ്ങൾ
അധ്യാപനം കഴിഞ്ഞു ഞാനും, അധ്യയനം കഴിഞ്ഞു മകളും ഭവനത്തിൽ തിരിച്ചെത്തിയാൽ, സയനോര അധ്യാപികയും ഞാൻ അധ്യോതാവുമായി മാറും. നൃത്തച്ചുവടുകളോ മുദ്രകളോ നിശ്ചയമില്ലാതിരുന്ന ഞാൻ പരിശീലനത്തിൻ്റെ ആദ്യ നാളുകളിൽ വല്ലാതെ പാടുപെട്ടു. മറ്റുള്ളവർ നൃത്തം ചെയ്യുന്നതു ആസ്വദിച്ചിരുന്നു കാണുന്നതും, സ്വയമത് നിർവഹിക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നു അൽപം കഠിനമായ രീതിയിൽ തന്നെ ഞാൻ ഗ്രഹിക്കുകയായിരുന്നു. നൃത്തം ശരീരംകൊണ്ടു വരച്ചുകാട്ടുന്നൊരു ആവിഷ്കാരം. കൈകാലുകൾക്കു കുഞ്ഞുന്നാളിൽ ലഭ്യമായിരുന്ന വഴങ്ങലും അയവും രണ്ടു കുട്ടികൾക്കു ജന്മം നൽകിയ ഒരാളുടെ മേനിയിൽ നിന്നു പ്രതീക്ഷിക്കാമോ? മോഹിനിയാട്ട പഠനം ഉപേക്ഷിച്ചാലോയെന്നു പോലും പലതവണ ചിന്തിച്ചു. പക്ഷേ, മകൾ എൻ്റെയുള്ളിൽ നിരന്തരമായി ആവേശവും പ്രചോദനവും നിറച്ചു കൊണ്ടേയിരുന്നു. സയനോര മാതാവായും ഞാൻ പുത്രിയുമായി പരിവർത്തനം ചെയ്യപ്പെട്ട നാളുകളാണ് തുടർന്നെത്തിയത്! പല കുറി ഉരുവിട്ടതിനൊടുവിലും 'ഗുരു'വിൻ്റെ നടന നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ 'ശിഷ്യ'യ്ക്കു കൃത്യത പുലർത്താൻ കഴിയാതെ വന്നപ്പോൾ, എൻ്റെ പൊന്നുമോൾ എന്നോടു ദേഷ്യപ്പെട്ടു, വഴക്കിട്ടു, പലപ്പോഴും പിണങ്ങി മാറിനിന്നു. എന്നാൽ, പരിശീലനം പാതിവഴിയിൽ ഉപേക്ഷിച്ചു ശാന്തി അടയാൻ അവൾ തയ്യാറായിരുന്നില്ല. മാത്രവുമല്ല, കഠിന പ്രയത്നത്തിൽ കരഞ്ഞുപോയപ്പോഴൊക്കെ അവളെൻ്റെ കണ്ണീരൊപ്പി. ഒത്തിരി പ്രയത്നിച്ചു നേടേണ്ട കലയാണ് ശാസ്ത്രീയ നൃത്തമെന്നു ഞാൻ അനുഭവിച്ചറിയുകയായിരുന്നു. സർഗ പാതയിൽ നെയ്ത്തിരി വെട്ടമേന്തി ഭർത്താവ് അനൂപും, മകൻ ഷാരോണും ഇടത്തും വലത്തും വീര്യം നൽകി നിലകൊള്ളുമ്പോൾ ഞാനെന്തിനു പതറണം?


🟥 ജതിസ്വരത്തിൽ പിരിമുറുക്കം
സംഗീത സ്വരങ്ങളുടെയും, നൃത്ത ചലനങ്ങളുടെയും താളാത്മകമായ സംയോജനമാണ് ജതിസ്വരം. മോഹിനിയാട്ട അവതരണത്തിലെ രണ്ടാമത്തെ ഇനം. ഇത് ആദ്യത്തെ ഭാഗമായ ചൊൽക്കെട്ടിനു ശേഷമെത്തുന്നു. നർത്തകിയുടെ മെയ് വഴക്കമാണ് സ്വര-നാട്യ സമ്മേളനത്തിന് ഓജസ്സേകുന്നത്. നൃത്ത ചലനങ്ങളുടെ ചാരുതയും ആകർഷണീയതയും മേന്മയോടെ, സംഗീതസാന്ദ്രമായി കലാകാരി ആവിഷ്കരിക്കണം. ജതിസ്വരമാണ് ഞാൻ ആദ്യം പഠിച്ചത്. അതിൽ അടവുകളാണ് അധികം, അഭിനയം കുറച്ചേയുള്ളൂ. അടവുകളുടെ ഉൽകൃഷ്ടതയും സമ്പൂർണതയും നാട്യത്തിൽ കൊണ്ടുവരുന്നത് ഒരു മയമില്ലാത്ത വിഷയം തന്നെയായിരുന്നു. ജതിസ്വര പരിശീലന വേളയിലെ പരിമുറുക്കങ്ങൾ പലപ്പോഴും എന്നെയും മകളെയും കലഹിപ്പിച്ചു. ഓരോ അടവിലും കാൽ വെക്കേണ്ടത്, കൈ വെക്കേണ്ടത്, ധൃഷ്ടി പതിപ്പിക്കേണ്ടത്, ശരീരം ചലിപ്പിക്കേണ്ടത് മുതലായവയെല്ലാം ഒരോന്നോരോന്നായി എന്നെ അഭ്യസിപ്പിക്കാൻ എൻ്റെ കുട്ടി വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. എന്നിരുന്നാലും നിരാശപ്പെടാതെ മുന്നേറി, ജതിസ്വരവും വർണവും അവളെന്നെ പഠിപ്പിച്ചെടുത്തു. സ്തുതി ഗുരുവിനാണ്, ശിഷ്യയ്ക്കല്ല!


🟥 അരങ്ങേറ്റം
'ശരമേ ശരണ്യയിവളെ അശരണയാക്കുന്നതെന്തേ...' എന്നു തുടങ്ങുന്ന അർത്ഥപൂർണമായ കാവ്യത്തിനു ഗുരുവായൂരിലെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ മാസം ഞാൻ അരങ്ങേറ്റ നർത്തനമാടി. ആട്ടത്തിനൊടുവിൽ ഓടിച്ചെന്നു, തൻ്റെ വിദ്യാർത്ഥിയുടെ കന്നിപ്രകടനത്തിൽ സ്വയം ലയിച്ചുനിന്ന ഗുരുവിൻ്റെ ആനന്ദാശ്രുക്കളെല്ലാം ഞാൻ ഉമ്മകൾകൊണ്ടു ഒപ്പിയെടുത്തു. സയനോരയിന്ന് പ്ലസ് വൺ വിദ്യാർത്ഥി. അമ്മയോടൊപ്പമുള്ള അവളുടെ നൃത്ത അധ്യയന സപര്യ ഒമ്പതാം ക്ലാസ്സിൽ തുടങ്ങിയതല്ലേ!

രണ്ടു വർഷത്തിലേറെ കാലം അവൾ പെടാപാടുപെട്ടത് വെറുതെയായില്ലല്ലൊ. അവളുടെ അമ്മയിന്ന് ഏകദേശമൊരു നർത്തകി. എനിയ്ക്കിത് മുപ്പതു വർഷം ഒളിമങ്ങാതെ കാത്തുസൂക്ഷിച്ചുപോന്ന ഒരു സുന്ദര സ്വപ്നത്തിൻ്റെ സാക്ഷാൽകാരം! മകളേ, നന്ദി...

പ്രസീനയുടെ വിജയഗാഥ; പുത്രിയാണ് ഗുരു! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക